Deshabhimani

print edition അഗ്നിസാക്ഷിയുടെ അമ്പതാണ്ടുകൾ

agnisakshi
avatar
​ഡോ. സന്ധ്യ ജെ നായർ

Published on Nov 15, 2026, 07:50 AM | 2 min read

സ്ത്രീയുടെ സ്വത്വാന്വേഷണം, പുരുഷാധിപത്യം, ജാതിവ്യവസ്ഥ, നമ്പൂതിരി സമുദായത്തിന്റെ സാമൂഹികപരിവർത്തനം, അധികാരബന്ധങ്ങൾ, ആത്മീയത, രാഷ്ട്രീയകർതൃത്വം, വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ കേരളത്തിലെ സാമൂഹിക - സാമുദായിക നവോത്ഥാനത്തെയും ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെയും അടിസ്ഥാനമാക്കി രചിക്കപ്പെട്ട നോവലാണ് ലളിതാംബിക അന്തർജനത്തിന്റെ ‘അഗ്നിസാക്ഷി'. അന്പതാണ്ടുകൾ പൂർത്തിയാകുന്പോഴും അഗ്നിസാക്ഷി എന്ന നോവൽ ഉയർത്തിയ ചിന്തകൾ പ്രസക്തമാണ്‌.


ഇല്ലത്തെ തേതിയായും ദേവകി മാനമ്പള്ളിയെന്ന ആക്ടിവിസ്റ്റായും ദേവി ബഹൻ എന്ന ഗാന്ധിശിഷ്യയായും സുമിത്രാനന്ദ യോഗിനിയായുമെല്ലാം നോവലിൽ നിറഞ്ഞ സ്‌ത്രീയുടെ ജീവിതമാണ്‌ അഗ്നിസാക്ഷി. സ്ത്രീയുടെ ശരീരത്തിനും മനസ്സിനും നിരന്തരമായ പീഡനങ്ങൾ ഏൽപ്പിച്ചിരുന്ന മനുഷ്യത്വരഹിതമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിളിച്ചുപറയുന്നതിനൊപ്പം കുടുംബം എന്ന ആണധികാര ചട്ടക്കൂടിൽ സ്ത്രീക്ക് സ്ത്രീവിരുദ്ധത എങ്ങനെ നടത്തിയെടുക്കാം എന്നതിന്റെയും തെളിവാണ് അഗ്നിസാക്ഷി.


കേരളസമൂഹത്തിലെ ഉയർന്ന ശ്രേണിയിൽ ഉൾപ്പെട്ടിരുന്നവരായിട്ടും ലിംഗപരമായും സാമ്പത്തികപരമായും അവർ അനുഭവിക്കേണ്ടി വന്ന അടിച്ചമർത്തലുകൾ ഒട്ടനവധിയായിരുന്നു. ഉയർന്ന ജാതിയിൽപ്പെട്ട സ്ത്രീയും കീഴാളാവസ്ഥ അനുഭവിക്കുന്ന സ്ത്രീയും ഒരേ രീതിയിലാണോ അടിച്ചമർത്തപ്പെടുന്നതെന്ന് ചിന്തിച്ചാൽ, നിലനിൽപ്പിനുവേണ്ടിയുള്ള രണ്ട്‌ സമരങ്ങളെ കാണാം. ഒന്ന്, ബാഹ്യത്തിൽ തുടങ്ങി ആന്തരികമാകുമ്പോൾ, മറ്റൊന്ന് ഉള്ളിൽ തുടങ്ങി പുറത്തേക്ക് എത്തുന്നു.

​

​ധാർമികതയുടെയും നീതിയുടെയും നീക്കുപോക്കുകൾ

​

പുരുഷൻ വ്യക്തിപരമായി നല്ലവനും സ്നേഹമുള്ളവനും ദയയുള്ളവനും ധാർമികബോധമുള്ളവനുമായിരിക്കുമ്പോഴും എങ്ങനെയാണ് പുരുഷാധിപത്യത്തിന്റെ ചട്ടുകമാവുക എന്നത് നിരന്തരം ഉന്നയിക്കപ്പെടുന്ന ചോദ്യമാണ്. ഈ വൈരുധ്യത്തെ വളരെ സൂക്ഷ്‌മമായി ഉണ്ണി നമ്പൂതിരിയിലൂടെ അന്തർജനം അവതരിപ്പിക്കുന്നു. വ്യക്തി എത്ര നല്ലവനായിരുന്നാലും അയാളെ ഉൾക്കൊള്ളുന്ന സമൂഹത്തിലെ അധികാരഘടനകളെ തിരുത്താൻ തയ്യാറാകാതെ സ്വയം ഇരയായി മാറുന്ന അവസ്ഥയാണത്.


വ്യക്തിപരമായ ധാർമികതയും സാമൂഹികമായ അധികാരഘടനകളോടുള്ള വിധേയത്വവും തമ്മിലുള്ള സങ്കീർണമായ ബന്ധത്തെ വെളിവാക്കുന്ന കഥാപാത്രമാണ് ഉണ്ണി നമ്പൂതിരിയുടേത്. വ്യക്തിപരമായി സ്നേഹവും സഹാനുഭൂതിയും ആത്മാർഥതയും പുലർത്തുന്ന വ്യക്തിയാണെങ്കിലും പുരുഷാധിപത്യപരമായ സാമൂഹികമൂല്യങ്ങളെ വിമർശനാത്മകമായി ചോദ്യംചെയ്യാൻ അദ്ദേഹത്തിന് കഴിയുന്നില്ല.


പാരമ്പര്യത്തോടും കുടുംബത്തിലെ മുതിർന്നവരോടുമുള്ള വിധേയത്വം അദ്ദേഹത്തിന്റെ ധാർമികബോധത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. അതിനാൽ തേതിയുടെ സ്വയം നിർണയത്തിനും വ്യക്തിത്വസാക്ഷാൽക്കാരത്തിനുമുള്ള ആഗ്രഹത്തെ അംഗീകരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെടുന്നു.

​

തേടലിന്റെ തുടർച്ച

​

അധികാരം, ജാതി, സ്വാതന്ത്ര്യം, സ്ത്രീത്വം എന്ന തലങ്ങളിൽനിന്ന് മാറിയാൽ അഗ്നിസാക്ഷിയെ കാണാൻ കഴിയുന്ന മനോഹരമായ തലം അതിലെ മനഃശാസ്ത്രപരമായ വായനയാണ്. ആ വായനയിൽ സ്ത്രീപക്ഷവും പുരുഷപക്ഷവും ഇല്ല, അധികാരത്തിന്റെയും നീതിനിഷേധത്തിന്റെയും ഇടനാഴികളില്ല, മനസ്സുമാത്രമേയുള്ളൂ. ആഗ്രഹങ്ങളുടെ പിറകെ പോകുന്ന, സ്നേഹിക്കപ്പെടാൻ, അംഗീകരിക്കപ്പെടാൻ വെമ്പുന്ന മനസ്സ്‌, കുറ്റബോധങ്ങളിൽപ്പെടുന്ന മനസ്സ്‌, ശാന്തി തേടുന്ന മനസ്സ്‌.


ആരോ എന്നോ പഠിപ്പിച്ച കീഴ്‌വഴക്കങ്ങളെ പിന്തുടരുമ്പോഴും അവനവനുവേണ്ടി ‘ഒരൽപ്പം’ എന്നാഗ്രഹിക്കുന്ന മനസ്സ്‌. ഓരോ ജീവിതവും ഓരോ തേടലാണ്. ഉചിതമായതിനെ കണ്ടെത്തുമ്പോൾ ആ തേടൽ തീരും. പക്ഷേ, എത്രപേർക്കാണ് അത്തരമൊരു പൂർണതയിലേക്ക് എത്താനാവുക. ‘ആരും ആരെയും സ്നേഹിക്കുന്നില്ല, അവനവനെയല്ലാതെ' എന്ന വാക്കുകൾ ഇത്തരമൊരു വേദനയിൽനിന്ന് പുറത്തേക്ക്‌ വരുന്നതാണ്. അഗ്നിസാക്ഷിയിൽ ആന്തരികസംഘട്ടനത്തിന്റെ ഇത്തരം പല ഇടങ്ങളും കാണാം.


ആത്യന്തികമായി ഉള്ളുലയ്ക്കുന്ന വേദനയിലൂടെയാകാം അവരിൽ പലരും കടന്നുപോയിട്ടുണ്ടാവുക. നീട്ടിയ കൈകൾ ചേർത്തുപിടിക്കാൻ അടുത്ത ജന്മംവരെ കാത്തിരിക്കാമെന്ന ഉള്ളുലച്ചിലിലൂടെയാകും അവരെല്ലാം രംഗത്തുനിന്ന് വിടവാങ്ങിയിട്ടുണ്ടാവുക. നിയന്ത്രണങ്ങളും പരിമിതികളും നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള മനുഷ്യന്റെ ആന്തരികമായ അഭിലാഷത്തെ സ്വജീവിതംകൊണ്ട് അടയാളപ്പെടുത്തിയിട്ടും സമുദായ സേവനത്തിലൂടെ ദേശസ്നേഹത്തിലേക്ക് എത്തിയിട്ടും, എവിടെയാണ് തനിക്ക്‌ സ്വയം സമർപ്പിക്കാനാവുക എന്ന തേടൽ അവസാനിക്കുമ്പോൾ തേതിക്കുട്ടി സുമിത്രാനന്ദയാകുന്നു,- യോഗിനിയാകുന്നു; തങ്കം കർമചോദനകളുടെ സത്യത്തിൽനിന്ന് മോചനമില്ലെന്നു തിരിച്ചറിഞ്ഞ്‌ തീർഥാടകയാകുന്നു, എല്ലാം നേരത്തേയറിഞ്ഞ ഉണ്ണിക്ക്‌ സ്വയം സമർപ്പിക്കാനാകുന്നു.

​

ഹിമവാനിൽനിന്ന് പുറപ്പെട്ട ഗംഗയ്ക്ക്‌ ഒരു തിരിച്ചുപോക്കില്ലാത്തതുപോലെ ജീവിതം അനിശ്ചിതത്വത്തിന്റെയും യാദൃച്ഛികതയുടെയും തുടർച്ചയാകുന്നു. "അഗ്നയേ ഇദം ന മമ', അഗ്നി- വിശപ്പിന്റെ, വെളിച്ചത്തിന്റെ, വികാസത്തിന്റെ, ചൂടിന്റെ പ്രതീകമാണ്, സങ്കൽപ്പമാണ്. ഹൃദയത്തിൽ അഗ്നി ജ്വലിക്കുന്നവരെ കൊത്തിവലിക്കുന്ന കഴുകന്മാർ ഇന്നും നിലനിൽക്കുമ്പോൾ അഗ്നിയിൽ സ്ഫുടം ചെയ്തെടുക്കപ്പെട്ട ഒരു സ്ത്രീയുടെയും അവരെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയവരുടെയും കഥയ്ക്ക് എന്നും കാലികപ്രസക്തിയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home