ad
Deshabhimani

സംഗീതരംഗത്ത് തുല്യതയും സുരക്ഷിതത്വവും ഇപ്പോഴും ആശങ്ക, സ്പോട്ടിഫൈ 'ഈക്വൽ' വേദിയിൽ തുറന്നടിച്ച് ഗായികമാര്‍

Equal
വെബ് ഡെസ്ക്

Published on Jun 02, 2026, 05:04 PM | 3 min read

ഗോള സംഗീതരംഗത്ത് സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്കും സുരക്ഷാപ്രശ്നങ്ങൾക്കും പരിഹാരം കാണുക എന്ന ലക്ഷ്യം മുൻനിര്‍ത്തി സ്പോട്ടിഫൈ ആരംഭിച്ച 'ഈക്വൽ' പദ്ധതി അഞ്ചാം വർഷത്തിലേക്ക്. മുംബൈയിൽ നടന്ന 'സ്പോട്ടിഫൈ ഈക്വൽ ഡേ' സമ്മേളനത്തിൽ സംഗീതരംഗത്തെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ചൂടൻ ചര്‍ച്ചയായി.


തങ്ങളുടെ കഴിവിലോ കലയിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ, ഈ രംഗത്ത് നിലനിൽക്കാൻ ബാഹ്യസൗന്ദര്യത്തിന് മുൻഗണന നൽകേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ച് പ്രമുഖ ഹിന്ദുസ്ഥാനി ഗായിക കൗശികി ചക്രവർത്തി ഉൾപ്പെടെയുള്ളവർ തുറന്നുപറഞ്ഞു. ഒരു വീഡിയോ ചിത്രീകരണത്തിനിടയിൽ, കൂടുതൽ കാഴ്ചക്കാരെ കിട്ടാനായി ഗ്ലാമറസ് ആയ വസ്ത്രം ധരിക്കാൻ തന്നോട് ആവശ്യപ്പെട്ട സംഭവം കൗശികി ചക്രവർത്തി ഓർത്തെടുത്തു.


"ഞാൻ അത് അപ്പടി നിരസിച്ചു. വലിയൊരു സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്നിട്ടുപോലും ഈ രംഗത്ത് എന്റേതായ ഒരിടം കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഇവിടെ പാരമ്പര്യം എന്നത് സാധാരണയായി അച്ഛനിൽ നിന്ന് മകനിലേക്കാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. എന്തുകൊണ്ടാണ് നമ്മൾ ഈ വ്യവസായത്തിൽ ഒരു 'മാതൃത്വത്തെ' കുറിച്ച് സംസാരിക്കാത്തത്" എന്ന് കൗശികി ചക്രവർത്തി ചോദിച്ചു.


ഷില്ലോങ്ങിൽ നിന്നുള്ള മേബ ഒഫീലിയ നാഗാലാൻഡിൽ നിന്നുള്ള ടെംസു ക്ലോവർ എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരികളും ഈ രംഗത്തെ പ്രാതിനിധ്യത്തിന്റെ കുറവിനെക്കുറിച്ച് സംസാരിച്ചു. പലർക്കും അർഹിച്ച ദൃശ്യപരതയോ അവസരങ്ങളോ ലഭിക്കുന്നില്ലെന്നും, പ്രാതിനിധ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും അവർ അടിവരയിട്ടു.


സ്റ്റുഡിയോകളിലും സ്റ്റേജുകളിലും സ്ത്രീകൾക്ക് സുരക്ഷിതവും പിന്തുണയുമുള്ള അന്തരീക്ഷം ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൗശികി ചക്രവർത്തി, മേഘ്‌ന ഭോഗ്ലെ, അനുഷ്ക നൈൻ എന്നിവർ സംസാരിച്ചു.


ആഗോള പ്ലാറ്റ്‌ഫോമുകളിൽ സ്ത്രീകൾക്ക് ലഭിക്കുന്ന ദൃശ്യപരത വരുംതലമുറയ്ക്ക് വലിയ പ്രചോദനമാകും. ഒരു കലാകാരി എന്നാൽ ഇങ്ങനെ മാത്രമായിരിക്കണം എന്ന മുൻവിധികൾ തകർക്കാൻ ഇത്തരം മുൻകൈകൾ സഹായിക്കും എന്ന് ഗായികയും കമ്പോസറുമായ രശ്മീത് കൗർ പ്രതീക്ഷ പങ്കുവെച്ചു.


രചനയിലും നിര്‍മ്മാണങ്ങളിലും

നാമമാത്ര പ്രാതിനിധ്യം


ഗാനരചയിതാക്കളിൽ 10 ശതമാനത്തിൽ താഴെയും മ്യൂസിക് പ്രൊഡ്യൂസർമാരിൽ വെറും 6 ശതമാനവും മാത്രമാണ് സ്ത്രീകൾ. സ്റ്റുഡിയോകളിലും സ്റ്റേജുകളിലും സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷിതത്വവും തുല്യ അവകാശവും ലഭിക്കുമ്പോൾ മാത്രമേ ഈ മേഖലകളിൽ മാറ്റം പൂർണ്ണമാകൂ എന്ന് ചര്‍ച്ചയിൽ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.


വെറുമൊരു പ്രചാരണത്തിനപ്പുറം സ്ത്രീകൾക്ക് സംഗീത വ്യവസായത്തിൽ സുരക്ഷിതമായ തൊഴിലിടവും തുല്യഅവസരങ്ങളും ഒരുക്കുകയാണ് ഈക്വൽ പദ്ധതിയുടെ ലക്ഷ്യം. മുംബൈയിൽ നടന്ന 'സ്പോട്ടിഫൈ ഈക്വൽ ഡേ' യിൽ ഇന്ത്യൻ സംഗീതരംഗത്തെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള യുഗോവ് സർവേ റിപ്പോർട്ടും പ്രസിദ്ധപ്പെടുത്തി.


റിപ്പോര്‍ട് പ്രകാരം 56% സ്ത്രീകൾ തങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയായി ചൂണ്ടിക്കാണിക്കുന്നത് സുരക്ഷിതവും ഉൾക്കൊള്ളൽ മനോഭാവമുള്ളതുമായ തൊഴിലിടത്തിന്റെ അഭാവമാണ്. ഇവരിൽ തന്നെ 40% സ്ത്രീകൾക്ക് കരിയറിൽ ശരിയായ മാർഗ്ഗനിർദ്ദേശമോ പിന്തുണയോ ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ടു. 61% പേർ ഈ രംഗത്തെ നേതൃസ്ഥാനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു.


സംഗീതരംഗത്ത് സ്ത്രീകൾക്ക് കേവലം അവസരങ്ങൾ ലഭിക്കുന്നതിനപ്പുറം, അവർക്ക് ഭയമില്ലാതെ ജോലി ചെയ്യാനുള്ള സുരക്ഷിതത്വവും, കരിയറിൽ വളരാൻ സഹായിക്കുന്ന പിന്തുണയും, വ്യവസായത്തിൽ തുല്യമായ സ്വാധീനവും ആവശ്യമാണെന്നാണ് യുഗോവ് റിപ്പോർട്ട് അടിവരയിടുന്നത്.


'ഈക്വൽ' പദ്ധതിയും മാറി

വിവേചനം വിഷയമായി


തുടക്കത്തിൽ പ്ലേലിസ്റ്റുകളിലൂടെയും പരസ്യങ്ങളിലൂടെയും വനിതാ കലാകാരന്മാർക്ക് ദൃശ്യപരത നൽകുക എന്നതായിരുന്നു സ്പോട്ടിഫൈയുടെ ലക്ഷ്യം. എന്നാൽ ഇപ്പോൾ അതിൽ നിന്നും മാറി കൂടുതൽ വിശാലമായ മേഖലകളിലേക്ക് മാറ്റങ്ങൾ വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്ത്രീകലാകാരര്‍ക്ക് സ്വന്തം കരിയറിലും വരുമാനത്തിലും പൂർണ്ണ നിയന്ത്രണം ലഭിക്കുന്നതിനായി സോങ്‌റൈറ്റിംഗ് ക്യാമ്പുകൾ, മാസ്റ്റർക്ലാസുകൾ, ഫിനാൻഷ്യൽ വർക്ക്‌ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു.


അർജന്റീന, ടോക്കിയോ, പാരീസ്, ന്യൂയോർക്ക് ഉൾപ്പെടെ 2026-ൽ ഈ അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച ലോകത്തിലെ ഒമ്പത് പ്രമുഖ നഗരങ്ങളിൽ ഒന്നായിരുന്നു മുംബൈയിലെ ഇക്വൽ വേദി.


കേൾവിക്കാര്‍ ഇപ്പോഴും പുറത്തുനിന്ന്


ഈ പദ്ധതിയുടെ ഭാഗമായ സ്ത്രീകളുടെ പാട്ടുകൾ കേൾക്കുന്നവരിൽ 59 ശതമാനവും വിദേശരാജ്യങ്ങളിൽ നിന്നുള്ളവരാണ്.

ബിൽബോർഡ് ഹോട്ട് 100 ചാർട്ടുകളിൽ സ്ത്രീകളുടെ പങ്കാളിത്തം 20%-ൽ നിന്ന് 35% ആയി ഉയർന്നിട്ടുണ്ട്.


2021-ൽ ആരംഭിച്ച 'ഈക്വൽ' പദ്ധതി ഇതുവരെ 40-ലധികം വിപണികളിലായി 1400-ലധികം വനിതാ അംബാസഡർമാരെ പിന്തുണച്ചിട്ടുണ്ടെന്ന് സ്പോട്ടിഫൈയുടെ ഗ്ലോബൽ മ്യൂസിക് പ്രോഗ്രാം മേധാവി ബെൽ അസ്തിരിയ വ്യക്തമാക്കി. ഈ കലാകാരികളുടെ പാട്ടുകൾ സ്പോട്ടിഫൈയിൽ മാത്രം 5000 കോടിയിലധികം തവണയാണ് ആളുകൾ കേട്ടത്.

അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേവലം പാട്ടുകൾക്കപ്പുറം, കലാകാരികളുടെ ജീവിതവും പോരാട്ടങ്ങളും ചർച്ച ചെയ്യുന്നതിനായി 'Spotify EQUAL: The Podcast' എന്ന പേരിൽ ഒരു പുതിയ വീഡിയോ പോഡ്‌കാസ്റ്റ് പരമ്പരയും സ്പോട്ടിഫൈ പ്രഖ്യാപിച്ചു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home