ad
Deshabhimani

print edition സെഹർ ഹാഷ്‌മിയുടെ ബുള്ളറ്റ്‌ യാത്ര; മനസ്സിടറുന്നവരെ തേടി

Hasmi

സെഹർ ഹാഷ്‌മി

avatar
അഭിരാമി ഇ

Published on Sep 20, 2026, 01:30 AM | 2 min read

മാനസികാരോഗ്യം സംബന്ധിച്ച ചർച്ചകൾ സജീവമായ കാലമാണിത്‌. സംഘർഷങ്ങളും പിരിമുറുക്കങ്ങളും നിറഞ്ഞ ജീവിതം എങ്ങനെ മുന്നോട്ട്‌ കൊണ്ടുപോകുമെന്ന ആശങ്ക പുതുതലമുറയുടെ വേവലാതികളിലൊന്നാണ്‌. ആ വിഷയം കേന്ദ്രീകരിച്ച്‌ അഖിലേന്ത്യ സംവാദയാത്ര നടത്തുകയാണ്‌ സാമൂഹ്യപ്രവർത്തക സെഹർ ഹാഷ്‌മി.


നാടകപ്രതിഭ സഫ്‌ദർ ഹാഷ്‌മിയുടെ മരുമകളും മെന്റൽ ഹെൽത്ത്‌ ആക്ടിവിസ്റ്റും ഫാഷൻ സ്റ്റൈലിസ്റ്റും മോട്ടിവേഷണൽ സ്പീക്കറുമാണ്‌ സെഹർ. മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ഒരാൾതന്നെ ബോധവൽക്കരണത്തിനായി ബുള്ളറ്റുമെടുത്തിറങ്ങി. "ബിയോണ്ട് ദ ഹൊറൈസൺ- എ റൈഡ് ഫോർ റെസിലിയൻസ്’ എന്ന പേരിലുള്ള സെഹറിന്റെ ബുള്ളറ്റ്‌ യാത്ര ഇ‍ൗമാസം ഒന്പതുമുതൽ 18 വരെയാണ്‌ കേരളത്തിൽ പര്യടനം നടത്തിയത്‌.

ആരാണ് സെഹർ ഹാഷ്‌മി

തെരുവുനാടകാവതരണത്തിനിടെ അക്രമികൾ കൊലപ്പെടുത്തിയ നാടകപ്രവർത്തകൻ സഫ്‌ദർ ഹാഷ്‌മിയുടെ അനന്തരവളാണ് സെഹർ. സഫ്‌ദർ ഹാഷ്‌മിയുടെ സഹോദരി ശബ്‌നം ഹാഷ്‌മിയുടെയും ഗൗഹർ റാസയുടെയും ദത്തുപുത്രി. മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ച സെഹറിനെ മാതാപിതാക്കൾ ഉപേക്ഷിച്ചതാണ്‌. അവിടെനിന്നാണ്‌ ദത്തെടുക്കുന്നത്‌. ഭയവും വൈകാരിക ബുദ്ധിമുട്ടുകളും ദേഷ്യവുമെല്ലാം ചെറിയ പ്രായത്തിൽത്തന്നെ സെഹർ പ്രകടിപ്പിച്ചിരുന്നു.


കുട്ടിയായിരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളായിരിക്കുമെന്ന് രക്ഷിതാക്കൾ വിശ്വസിച്ചു. എന്നാൽ, കൗമാരപ്രായത്തിൽ എത്തുമ്പോൾ മാനസികപ്രശ്നങ്ങൾ കൂടുതലായി പ്രകടമാകാൻ തുടങ്ങി. സ്കൂളിൽനിന്നുണ്ടായ അവഗണന, കളിയാക്കൽ, ഒറ്റപ്പെടൽ തുടങ്ങിയവ തനിക്ക് വലിയ മാനസികസമ്മർദം സൃഷ്ടിച്ചിട്ടുണ്ടെന്ന് സെഹർ പറയുന്നുണ്ട്.


ഇനി സെഹറിനെ പഠിപ്പിക്കാനാകില്ലെന്ന് പറഞ്ഞ അധ്യാപകരോടും സെഹറിനെ ഇത്തരത്തിലുള്ള സ്കൂളുകളിൽ അല്ല പഠിപ്പിക്കേണ്ടതെന്നു പറഞ്ഞ അധ്യാപകരോടും ഈ സ്കൂളിൽത്തന്നെ അവളെ ഇരുത്തണമെന്നും അവൾക്ക് അതിനുള്ള അവകാശമുണ്ടെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ സെഹറിനോടൊപ്പം ചേർന്നുനിന്നു. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോഡറും ഡിപ്രഷനും അനുഭവിച്ചപ്പോൾ രക്ഷിതാക്കളുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും പിന്തുണയോടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു എന്ന് അഭിമാനത്തോടെതന്നെയാണ് അവർ തുറന്നുപറയുന്നത്.


ആദ്യയാത്ര ഡൽഹിമുതൽ കശ്മീർവരെ​


2025ൽ ഡൽഹിമുതൽ കശ്മീർവരെ മോട്ടോർസൈക്കിളിൽ സഞ്ചരിച്ച് ‘ബ്രേക്കിങ്‌ ദ സ്റ്റിഗ്മ: വൺ മൈൽ അറ്റ് എ ടൈം’ എന്ന ക്യാമ്പയിനുമായി സെഹർ കടന്നുവന്നു. ഇപ്പോൾ നടത്തുന്നത് രണ്ടാമത്തെ യാത്രയാണ്. സെഹർ ട്രസ്റ്റിയായ ‘ക്യാമ്പയിൻ പെഹ്‌ചാൻ’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ‘ബിയോൺ‌ഡ് ദ ഹൊറൈസൺ’ ക്യാമ്പയിൻ. രാജ്യത്തെ അന്പതിലധികം നഗരങ്ങളും നൂറിലധികം സ്കൂളുകളും കോളേജുകളും സന്ദർശിച്ച് മാനസികാരോഗ്യത്തെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്ന ദൗത്യത്തിലാണ് സെഹർ.


മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ നേരിടുന്നവരോട് ‘നിങ്ങൾ ഒറ്റയ്ക്കല്ല' എന്ന സന്ദേശം കൈമാറുക എന്നതും സമൂഹത്തിൽ ഇതിനെ സംബന്ധിച്ച് കൃത്യമായ ഒരു അവബോധം സൃഷ്ടിക്കുക എന്നതുമാണ് ലക്ഷ്യം. കേരളത്തിൽ ഈ യാത്രയുടെ സംഘാടനം കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും യുവസമിതിയുമായിരുന്നു. ഒന്പതു ജില്ലകളിലായി 18 കേന്ദ്രങ്ങളിൽ സ്വീകരണവും സംവാദവും ഒരുക്കി.


നാടകപ്രവർത്തക സണ്ണി ലൊച്ചാവ്, വിദ്യാഭ്യാസപ്രവർത്തക ഫർഹത് ഖാൻ, രാകേഷ് സൈനി, സംരംഭക സമീറ അഷ്റോഫ്, അമിത് യാദവ്, ഹസീബ് എന്നിവരാണ്‌ മറ്റ്‌ അംഗങ്ങൾ. ഈ യാത്ര വിജയകരമാകുന്നത് ഓരോ ഇടത്തെയും ഇത്തരത്തിലുള്ള സാമൂഹ്യപ്രവർത്തകരുടെയും പൊതുപ്രവർത്തകരുടെയും ജനങ്ങളുടെയുമെല്ലാം പങ്കാളിത്തംകൊണ്ടുതന്നെയാണ്.


കോഴിക്കോട് ജില്ലയിൽ നടന്ന യാത്രയിൽ മുഴുവൻസമയവും സെഹറിനോടൊപ്പം ചെലവഴിക്കാൻ ലേഖികയ്ക്ക്‌ സാധിച്ചിട്ടുണ്ട്. സെഹറിന്റെ ജീവിതാനുഭവങ്ങൾ കേൾക്കാനും സംശയങ്ങൾ പങ്കുവയ്ക്കാനും നിരവധി ആളുകളാണ് ഒത്തുചേരുന്നത്. ​മാനസികാരോഗ്യപ്രതിസന്ധി നേരിടുന്നവരെ ചേർത്തുപിടിക്കാനും അവർ ‘ഒറ്റയ്ക്കല്ല’ എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനുമായുള്ള കൂട്ടായ ശ്രമമാണ്‌ സെഹർ ഹാഷ്‌മിയുടെ ബുള്ളറ്റ്‌ യാത്ര.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home