സ്വപ്നങ്ങളിലും ചിന്തകളിലും നാടകം മാത്രം

ലത മോഹൻ
ജിഷ അഭിനയ
Published on Jan 04, 2025, 11:23 PM | 2 min read
‘നാടകം അതിജീവനകലയാണ്. അതാണ് ഞാൻ എന്നൊരാളെ മുന്നോട്ട് നയിക്കുന്നതും’. പാലക്കാട് തേങ്കുറുശി വിളയൻചാത്തന്നൂർ സ്വദേശിയായ നാടക പ്രവർത്തക ലത മോഹന്റെ വാക്കുകളിൽ നിറയുന്ന അഭിമാനം. തെളിയുന്ന പ്രതീക്ഷ. എന്നും സ്വപ്‌നങ്ങളിലും ചിന്തകളിലും നാടകംമാത്രം. കേരളം മുഴുവൻ നാടകാവതരണങ്ങളുമായി തുടർച്ചയായുള്ള സഞ്ചാരം. അതോടൊപ്പം നാടക ചർച്ചകൾ. ജീവിതത്തിലെ ഏതുപ്രതിസന്ധിയെയും മറികടക്കുന്നതും നാടകമെന്ന ചിന്തകൊണ്ടു മാത്രമെന്ന് ലത കൂട്ടിച്ചേർക്കുന്നു.
അരങ്ങിലേക്ക്
ഹൈസ്‌കൂൾ പഠനകാലത്ത് മംഗളം കലാസാംസ്കാരിക വേദിയിലൂടെ കലാരംഗത്തേക്ക് പ്രവേശനം. 1996 ൽ ‘ചണ്ഡാലഭിക്ഷുകി’ നാടകത്തിൽ ചണ്ഡാലികയായി അരങ്ങേറ്റം. 2012 മുതൽ നാടകരംഗത്ത് വീണ്ടും സജീവം. അക്ഷയ്കുമാർ സംവിധാനം ചെയ്ത നാടകത്തിൽ അഭിനയിച്ചു. പാലക്കാട് ടാപ്പ് നാടകവേദിയിലൂടെ നിരവധി നാടകങ്ങൾ അവതരിപ്പിച്ചു. 2013, 2016 വർഷങ്ങളിൽ കുടുംബശ്രീ സംസ്ഥാന നാടകമത്സരത്തിൽ രണ്ടു തവണ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ രംഗശ്രീ തിയറ്റർ ഗ്രൂപ്പിന്റെ രൂപീകരണത്തിലൂടെ ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചു.
രവി തൈക്കാടിന്റെ പരിശീലനത്തിൽ ആദ്യ തെരുവുനാടകം. പിന്നീട് ഇലക്‌ഷൻ പ്രചാരണം. ഗവ. ആരോഗ്യവകുപ്പ്, ശുചിത്വ മിഷൻ, എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി, കുടുംബശ്രീയുടെ രംഗശ്രീ എന്നിവയുടെ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ആയിരത്തഞ്ഞൂറിലധികം വേദികളിൽ തെരുവുനാടകങ്ങളിൽ പ്രധാന വേഷം ചെയ്തു.
രവി തൈക്കാടിന്റെ "കല്ലടിക്കോടൻ കരിനീലി’ എന്ന നാടകത്തിലൂടെ അമച്വർ നാടകരംഗത്തേക്ക് ചുവടുവയ്പ്.
കോങ്ങാട് നാടകസംഘത്തിന്റെ ‘ചേരള ചരിതം’ എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് ജീവിതത്തിന് വഴിഞ്ഞിരിവായത്. ഈ നാടകം ഇന്റർനാഷണൽ തിയറ്റർ ഫെസ്റ്റിവലിൽ അവതരിപ്പിച്ചു.
തുടർന്ന് അമച്വർ നാടകരംഗത്ത് ഒട്ടേറെ അവസരങ്ങൾ ലഭിച്ചു. തുടക്കമിട്ടത് ഇ എം എസ് മുളയൻകാവിലൂടെയാണ്. പിന്നെ ഇരുപതോളം നാടകങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു. കൊറോണക്കാലത്ത് നടന്ന ഓൺലൈൻ നാടകമത്സരങ്ങളിൽ ദേശീയ–--സംസ്ഥാന തലത്തിൽ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ നാലുതവണ നേടി.
സുരേഷ് നന്മ തൃശൂർ സംവിധാനം ചെയ്ത "പാപത്തറ’ എന്ന നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ നാടകത്തിന് ദേശീയ–- സംസ്ഥാന തലങ്ങളിൽ മികച്ച നാടകം, മികച്ച നടി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. പി ജെ ആന്റണി പുരസ്കാരവും ലഭിച്ചു. സുരേഷ് നന്മ സംവിധാനം ചെയ്ത ഒറ്റ വരിയിൽ ഇത്രമാത്രം, പന്തമേറിയ പെണ്ണുങ്ങൾ' എന്നീ നാടകങ്ങളിലെ അഭിനയത്തിനും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സൂപ്പർ ശരണ്യ, ഇടി മിന്നൽ കാറ്റ് എന്നിങ്ങനെ രണ്ട് സിനിമ, ഒട്ടേറെ ആൽബങ്ങൾ, ഷോർട്ട് ഫിലിമുകൾ എന്നിവയും ചെയ്തു. പന്തമേന്തിയ പെണ്ണുങ്ങൾ, ഞാൻ, കണ്ണാടി, ഒറ്റവരിയിൽ ഇത്രമാത്രം, ലേബർ റൂം, അപരാജിത, ഭഗവത് സന്നിധിയിൽ, സ്നീസ്, മാലതിക്ക് പറയാനുള്ളത്, അയഥാർഥം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. പെൺപാവ ആൻഡ് ഹൃദയ രേണു എന്ന ഷോർട്ട് ഫിലിമിലും പോയറ്റിക്കൽ മ്യൂസിക്കൽ വിഷ്വലൈസേഷനിലും സംവിധാന സഹായിയായി പ്രവർത്തിച്ചു.
വയനാട് ദുരന്തനിവാരണത്തിന്റെ ഭാഗമായി വയനാടിന് നാടകക്കാരുടെ കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ തൃശൂർ ഊരകം എച്ച്‌എച്ച് രവിവർമ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ഇതും നമ്മൾ അതിജീവിക്കും’ എന്ന നാടകത്തിന്റെ രചനയും സംവിധാനവും സുരേഷ് നന്മയോടൊപ്പം നിർവഹിച്ചു. ഇതേ നാടകത്തിൽ മുഖ്യവേഷത്തിൽ അരങ്ങിലെത്തി. നാടകത്തിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ഭർത്താവ് മോഹനൻ. ആര്യനാഥ്, ആര്യ എന്നിവരാണ് മക്കൾ. അസുഖത്തെ തുടർന്ന് ചികിത്സയിലുള്ള ലത മോഹന് ജീവിതം മുന്നോട്ട് നയിക്കാൻ നല്ല നാടകങ്ങളും വേദികളും കിട്ടിയേ മതിയാകൂ. അരങ്ങിലൂടെ തെളിയുന്ന ജീവിതപ്പച്ചയിൽ പ്രതീക്ഷയോടെ അവർ കാത്തിരിക്കുകയാണ്.









0 comments