അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പീഡനത്തിന് ഇരയായ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിജീവിതയെ ചാനലുകളിലൂടെ നിരന്തരം അധിക്ഷേപിച്ചതിനും വ്യക്തിവിരങ്ങൾ വെളിപ്പെടുത്തിയതിനുമാണ് രാഹുൽ ഈശ്വറിനെ സൈബർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
അതിജീവിതയ്ക്ക് നേരെ നടക്കുന്ന ആസൂത്രിത സൈബർ ആക്രമണങ്ങൾക്കെതിരെ പൊലീസ് കർശന നടപടിയിലേക്ക് നീങ്ങുകയാണ്. അതിജീവിതയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെ സൈബർ പൊലിസ് കേസെടുത്തിട്ടുണ്ട്. അതിജീവിതയ്ക്ക് നേരെ കോൺഗ്രസ് സൈബർ ടീമിന്റെ ഭാഗത്ത് നിന്ന് ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്, സന്ദിപ് വാര്യർ നാലാം പ്രതിയും, രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. ആറാം പ്രതി പാലക്കാട് സ്വദേശിയായ വ്ലോഗറാണ്. കേസിൽ കൂടുതൽ പേരെ പ്രതിചേർത്ത് കസ്റ്റഡിയിലെടുക്കും.
ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ വകുപ്പുകൾ ചേര്‍ത്താണ് പൊലീസ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ഇവര്‍ക്കെതിരെ ചുമത്തി. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. അതിജീവിതയുടെ ചിത്രം സന്ദീപിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷം സന്ദീപ് ചിത്രം നീക്കം ചെയ്തത് ആസൂത്രിതമാണെന്നാണ് സംശയിക്കുന്നത്. പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് സൈബർ ടീമുകൾ സന്ദീപിന്റെ അക്കൗണ്ടില്‍ കയറി ചിത്രം കൈക്കലാക്കി.
അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചാൽ കർശന നടപടി വരുമെന്ന് പൊലീസ് വ്യക്തമാക്കി. സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. അപമാനിക്കുന്നവരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും.








0 comments