സ്ഥിതിവിവരത്തിലെ പൊട്ടക്കണക്കുകൾ

editorial.
വെബ് ഡെസ്ക്

Published on Dec 01, 2025, 05:35 AM | 2 min read

സെപ്തംബറിൽ ഫ്രണ്ട്‌ലൈൻ ദ്വൈവാരികയിൽ സാമ്പത്തിക വിദഗ്ധൻ അശോക മോദി എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘മൊത്തം ആഭ്യന്തര പ്രചാരണം’ (ഗ്രോസ് ഡൊമസ്റ്റിക് പ്രൊപ്പഗാൻഡ–ജിഡിപി) എന്നായിരുന്നു. മൊത്തം ആഭ്യന്തരോൽപ്പാദന (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട് - –ജിഡിപി) വളർച്ചയെന്നുപറഞ്ഞ് കേന്ദ്ര സർക്കാർ പുറത്തുവിടുന്ന കണക്കുകൾ പ്രചാരണ തട്ടിപ്പാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു അത്. സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയിൽ കെട്ടുറപ്പില്ലാതെ, സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം ഒരു തരിപോലും മെച്ചപ്പെടാതെ, തൊഴിൽ, വരുമാനം, മൂലധന സമാഹരണം (നിക്ഷേപം), കയറ്റുമതി, ഉൽപ്പാദനം, സ്വകാര്യ ഉപഭോഗ ചെലവുകൾ എന്നീ മേഖലയിലൊന്നും കാര്യമായ ഒരു മുന്നേറ്റവുമില്ലാതെ ജിഡിപി വർധനയെന്ന കള്ളക്കണക്കു പറഞ്ഞ് അവകാശവാദങ്ങളുടെ പെരുമ്പറ കൊട്ടുന്നതിനെ പരിഹസിച്ചാണ് അങ്ങനെ എഴുതിയത്. ആഭ്യന്തരോൽപ്പാദന വളർച്ച പെരുപ്പിച്ച് കാണിക്കുന്നതാണെന്ന് മറ്റ് ഒട്ടേറെ സാമ്പത്തിക വിദഗ്ധരും നേരത്തെ പറഞ്ഞിട്ടുണ്ട്. സ്ഥിതിവിവരത്തിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം മുന്നേതന്നെ രാജിവയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ, ദേശീയ സ്ഥിതിവിവരക്കണക്കുകൾ സംബന്ധിച്ച് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൂടി പരിഗണിച്ചാൽ സമ്പദ്‌വ്യവസ്ഥയെ മുൻനിർത്തി ഇന്ത്യ പ്രസിദ്ധീകരിക്കുന്നത് പൊട്ടക്കണക്കുകളാണെന്ന് ഒരിക്കൽക്കൂടി വെളിപ്പെടുകയാണ്. അത്രമേൽ അവിശ്വസനീയമാണ് നമ്മുടെ സ്ഥിതിവിവരക്കണക്കുകൾ എന്നു ചുരുക്കം. ഇന്ത്യയുടെ കണക്കെടുപ്പ് രീതികളെ ഏറ്റവും താഴ്‌ന്ന ഗ്രേഡിങ്ങായ ‘സി' നിലവാരത്തിലേക്ക് ഐഎംഎഫ് താഴ്‌ത്തി. ഇന്ത്യൻ സ്ഥിതിവിവരം നിരവധി ന്യൂനതകളുള്ളതാണെന്നും ഇതിന്റെ ആധികാരികത സംശയാസ്പദമാണെന്നും ഐഎംഎഫ് വാർഷിക റിവ്യൂ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഐഎംഎഫിന്റെ ഈ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, നടപ്പു ധനവർഷത്തിലെ രണ്ടാം പാദത്തിൽ (ജൂലൈ–സെപ്തംബർ) ജിഡിപി 8. 2 ശതമാനം വളർച്ച നേടിയതായി സ്ഥിതിവിവര മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുവെന്നതാണ് വിരോധാഭാസം. ഒന്നാംപാദത്തിൽ എട്ടു ശതമാനമായിരുന്നതാണ് രണ്ടാം പാദത്തിൽ 8.2 ലേക്ക് കുതിച്ചതെന്ന് പറയുന്ന മന്ത്രാലയം കഴിഞ്ഞ ആറുപാദങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചയാണിതെന്നും അവകാശപ്പെട്ടിട്ടുണ്ട്. 2023-–24ൽ 6.5 ശതമാനം 2024-–25 ൽ 6.2 എന്നീ നിരക്കിൽ ഇന്ത്യ വളർച്ച കൈവരിച്ചു എന്ന വാദത്തെ ഐഎംഎഫ് തള്ളുന്ന പശ്ചാത്തലത്തിൽപ്പോലും ഒരു പരിശോധനയുമില്ലാതെ പുതിയ കണക്കുകൾ തിടുക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. 2011-–12 അടിസ്ഥാന വർഷമായി എടുത്തിരിക്കുന്നത് ഒട്ടും കാലാനുസൃതമല്ലെന്ന് ഐഎംഎഫ് പറയുന്നു. വിലക്കയറ്റനിരക്ക് (പണപ്പെരുപ്പം) കണക്കാക്കുന്നതിലും ഒട്ടേറെ അപാകതകളുണ്ട്. അതുപോലെ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചലനത്തിൽ നിർണായക പ്രാധാന്യമുള്ള അനൗപചാരിക മേഖലയിലെ (അസംഘടിത) ശരിയായ കണക്കെടുപ്പൊന്നും നടക്കുന്നേയില്ല. അതായത് കേന്ദ്ര സർക്കാർ അടിക്കടി പുറത്തുവിടുന്ന സ്ഥിതിവിവര കണക്കുകൾ സമ്പദ്‌വ്യവസ്ഥയുടെ യഥാർഥചിത്രം വരച്ചുകാട്ടുന്നതല്ല. ഊതിവീർപ്പിച്ച ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമനുമെല്ലാം ‘ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുന്നു, സൂപ്പർ പവറാകുന്നു, വികസിത ഭാരതത്തിലേക്ക് കുതിക്കുന്നു’ എന്നൊക്കെ ദിവസേന പെരുമ്പറ കൊട്ടുന്നത്.

റോമാ നഗരം വെന്തെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയുടെ സുഖം കെടുത്താൻ മുതിരേണ്ടതില്ലെന്നമട്ടിൽ പ്രവർത്തിച്ചവരെ ചരിത്രം പരതിയാൽ കണ്ടെത്താനാകും. ഇന്ത്യയുടെ ഔദ്യോഗിക ഏജൻസികളും അങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടിവരും. അതുകൊണ്ടാണല്ലോ, ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാതെ ജനകോടികൾ പരക്കംപായുന്ന രാജ്യം, വൻ സാമ്പത്തികവളർച്ച കൈവരിക്കുന്നു എന്ന കണക്കുകൾ വരുന്നത്. 2024 ജൂലൈയിൽ സാമ്പത്തിക മാധ്യമ പ്രവർത്തകൻ മാർട്ടിൻ വുൾഫ് ‘ഫിനാൻഷ്യൽ ടൈംസി’ൽ എഴുതിയ ലേഖനത്തിൽ പറയുന്നത്, ഐഎംഎഫിന്റെ വികസിത രാജ്യങ്ങളുടെ ( Advanced Countries ) പട്ടികയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നത് ഗ്രീസാണെന്നാണ്. 2047 ഓടെയെങ്കിലും, ഇന്ത്യക്ക് ഗ്രീസിനൊപ്പം പ്രതിശീർഷ ആഭ്യന്തരോൽപ്പാദനം നേടണമെങ്കിൽ പ്രതിവർഷം ശരാശരി 7.5 ശതമാനം യഥാർഥ വളർച്ചനിരക്ക് നേടണമെന്ന് വുൾഫ് പറയുന്നു. സ്ഥിതിവിവരത്തിലെ തട്ടിപ്പുകളെല്ലാം മാറ്റിനിർത്തി പരിശോധിച്ചാൽ ഇന്ത്യയുടെ യഥാർഥ വളർച്ചനിരക്ക് 4.5 ശതമാനത്തിന് ചുറ്റും കറങ്ങുകയാണ്. അപ്പോൾ, സൂപ്പർ പവർ, മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്നൊക്കെ അവകാശപ്പെടുന്നതിൽ ഒരർഥവുമില്ലെന്ന് വ്യക്തം. എല്ലാം വെറും വാചകക്കസർത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home