print edition അരുണാചലിലെ തനി മലയാളി


അഖില ബാലകൃഷ്ണൻ
Published on Sep 20, 2026, 01:30 AM | 2 min read
മേഘങ്ങളും കോടയും തൊട്ടുരുമ്മിനിൽക്കുന്ന മലനിരകൾ. താഴ്‌വാരങ്ങളിൽ പച്ചപ്പരവതാനി വിരിച്ചപോലെയുള്ള ചോളപ്പാടങ്ങളും വാഴത്തോട്ടങ്ങളും. പശ്ചാത്തലത്തിൽ ഒരു ഗ്രാമം. കുറച്ച് കുട്ടികൾമാത്രം പഠിക്കുന്ന ചെറിയ സ്കൂൾ. അവിടെ താമസിച്ചുപഠിപ്പിക്കുന്ന അധ്യാപകൻ. സ്വപ്നമോ സിനിമയോ നോവലിന്റെ തുടക്കമോ അല്ല.
അങ്ങ്, വടക്കുകിഴക്ക് അരുണാചലിലെ ഒരു ഗ്രാമത്തിൽ മലയാളി അധ്യാപകന്റെ ജീവിതവും ആഘോഷവുമാണ് കഴിഞ്ഞ ഓണക്കാലത്ത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. വടക്കുകിഴക്കൻ ഗ്രാമീണസൗന്ദര്യത്തിൽ ഭാഷയ്ക്കും അതിർത്തിക്കുമപ്പുറം മലയാളം സിനിമാപാട്ടുകൾക്ക് ചുവടുവയ്ക്കുന്ന കുഞ്ഞുങ്ങൾക്കൊപ്പം മലപ്പുറം അരീക്കൽ സ്വദേശി അഷ്‌ഖർ സംസാരിക്കുന്നു.
അങ്ങ് വടക്കുകിഴക്കേ അറ്റത്ത് ടിബറ്റിനോട് ചേർന്ന് അരുണാചലിന്റെ അങ്ങേയറ്റത്തെ ജില്ലയാണ് ഷിയോമി. പുറംലോകവുമായി അധികം ബന്ധമില്ലാത്ത ഇവിടത്തെ മലയോരഗ്രാമമാണ് കാരോ.
കൃഷി ചെയ്ത് ഉപജീവനം നയിക്കുന്ന നൂറിൽ താഴെമാത്രമുള്ള ആദി, ബൊകാർ ഗോത്രവിഭാഗത്തിലുള്ളവരാണ് താമസിക്കുന്നത്. വൈദ്യുതിയും ഇന്റർനെറ്റും ഇല്ലാത്ത ഇവിടത്തെ എൻഎസ്‌സിബിഎവി ഗവ. റസിഡൻഷ്യൽ സ്കൂളിൽ രണ്ടുവർഷംമുമ്പാണ് അധ്യാപകനായി അഷ്‌ഖർ എത്തുന്നത്. സമീപഗ്രാമങ്ങളിൽനിന്നുള്ള കുട്ടികളുൾപ്പെടെ 102 പേരാണ് ഇവിടെ പഠിക്കുന്നത്. 62 കുട്ടികളും അധ്യാപകരും ഹോസ്റ്റലിൽ താമസിക്കുന്നു. പ്രാദേശികഭാഷകൾ സംസാരിക്കുന്നുണ്ടെങ്കിലും ലിപിയില്ല.
ഹിന്ദിയാണ് പ്രധാന ഭാഷ. ഗവ. സ്കൂളുകളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഒരു എൻജിഒയുടെ ഭാഗമായാണ് ഇവിടെയെത്തുന്നത്. എൻജിഒയുടെ അഞ്ച് അധ്യാപകരും പ്രാദേശിക അധ്യാപകരുമുണ്ട്. ഓണത്തെപ്പറ്റി പറഞ്ഞപ്പോൾ ഇവർക്കെല്ലാം ആവേശമായി. നാട്ടിൽനിന്ന് മുണ്ടൊക്കെ ഓർഡർ ചെയ്തു. മുണ്ടുകിട്ടാത്തവർ പരമ്പരാഗതവേഷം ധരിച്ചെത്തി. ഓണക്കളികൾ, സദ്യ, സാമ്പാർ, രസം, പപ്പടം, ചിപ്സ്, പായസം എല്ലാം ഉണ്ടായിരുന്നു. പറ്റുന്ന രീതിയിൽ യൂട്യൂബൊക്കെ നോക്കിയാണ് സദ്യയുണ്ടാക്കിയത്.
ഇവർ കൂടുതലും പുഴുങ്ങിയിട്ടുള്ള ഭക്ഷണമാണ് കഴിക്കാറ്. നമ്മുടെ രുചിയും അവർക്ക് ഇഷ്ടപ്പെട്ടു. ചുറ്റുമുള്ള പൂവൊക്കെ പറിച്ചെടുത്ത് പൂക്കളവും സെറ്റാക്കി. ഒരു കുട്ടിയെക്കൊണ്ട് മാവേലിവേഷവും കെട്ടിച്ചു. ഭാഷ അറിയില്ലെങ്കിലും പാട്ടിന്റെ താളത്തിനൊപ്പം അവരും കൂടി. പൊതുവേ ബോളിവുഡ് പാട്ടുകൾക്കും പ്രാദേശികപാട്ടുകൾക്കുമൊക്കെയാണ് ഡാൻസ് ചെയ്യാറുള്ളത്. നമ്മുടെ സ്റ്റെപ്പൊക്കെ ഇവർക്ക് കൗതുകമായിരുന്നു. ഡാൻസ് വീഡിയോ വൈറലായതോടെ കേക്ക് മുറിച്ച് ഞങ്ങൾ ആഘോഷിച്ചു.
ഷിയോമിയിലെ മലയാളിജീവിതം
തൊട്ടടുത്ത നഗരത്തിലെത്തി തിരിച്ച് ഇവിടെയെത്താൻ ഏകദേശം ഒരുദിവസം വേണ്ടിവരും. ഗതാഗതസൗകര്യങ്ങളില്ല. അങ്ങോട്ടും ഇങ്ങോട്ടും ടാറ്റാ സുമോ സർവീസ് നടത്തുന്നുണ്ട്; അതിലാണ് യാത്ര. പാഴ്‌സലുകൾക്ക് പ്രത്യേകം പണം നൽകണം. ഒരു സാധനം വാങ്ങുന്നതിലും ഇരട്ടി ചെലവാണ് ഇവിടെയെത്തിക്കാൻ. ഗ്രാമത്തിൽ റെസ്റ്റോറന്റോ മറ്റു കടകളോ എന്തിന് ബാർബർ ഷോപ്പുപോലും ഇല്ല. ഇവർക്കുവേണ്ട ചോളവും പച്ചക്കറികളും വീടുകളിൽത്തന്നെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. നെറ്റ്‌വർക്ക് കിട്ടാനും നല്ല ബുദ്ധിമുട്ടാണ്. ഇടയ്ക്ക് രണ്ടുദിവസത്തേക്കൊക്കെ നെറ്റ്‌വർക്ക് പൂർണമായും നഷ്ടപ്പെടും. ജനസംഖ്യ കുറവായതുകൊണ്ടും പിന്നെ നാടുവിട്ട് മറ്റു ബന്ധങ്ങളില്ലാത്തതുകൊണ്ടും സ്കൂളിൽ ആദ്യം കുട്ടികൾ നന്നേ കുറവായിരുന്നു. മറ്റു നാടുകളെക്കുറിച്ചും അവരുടെ ആഘോഷങ്ങളെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ഓണവും മലയാളവുമൊക്കെ പരിചയപ്പെടുത്തിയത്.
ഇനിയും ദൂരം മുന്നോട്ട്
കാരോയിലെത്തുംമുമ്പ് ജമ്മു കശ്‌മീരിലും അഷ്‌ഖർ ജോലി ചെയ്തിട്ടുണ്ട്. പിജി പഠനം പഞ്ചാബ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലായിരുന്നു. യാത്രകളോടുള്ള ഇഷ്ടമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മനസ്സിനോട് ചേർത്തത്. ഷില്ലോങ്ങിൽ എംഎഡ് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. സൺബേർഡ് ട്രസ്റ്റ് ഇന്ത്യ എന്ന സന്നദ്ധസംഘടനയുമായുള്ള പ്രവർത്തനമാണ് കാരോയിലേക്കുള്ള വഴിതുറന്നത്. വ്യത്യസ്തതകൾക്കിടയിലും ചേർത്തുനിർത്തി പകരുന്ന സ്നേഹമാണ് ഇവിടെ പിടിച്ചുനിർത്തുന്നത്. വീഡിയോ വൈറലായതോടെ വീട്ടുകാർക്കും നാട്ടുകാർക്കുമൊക്കെ അഭിമാനമാണ്. എല്ലാ പിന്തുണയും അവരെല്ലാം നൽകുന്നുണ്ട്.









0 comments