ഇങ്ങനെയൊക്കെ മതിയോ......

കഴിഞ്ഞ മെയ് മാസത്തിൽ യൂറോപ്പിലേക്ക് ഒരു യാത്ര പോയി. അന്നാണ് നമ്മുടെ നാട്ടിലെയും അവരുടെ നാട്ടിലെയും സ്ത്രീകളുടെ മുന്നേറ്റത്തിലെ ചില വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞത്. അതിന് പ്രധാന കാരണം അടുക്കളയിലെ വ്യത്യാസമായിരുന്നു. ആ വ്യത്യാസം സ്ത്രീയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.
ഉന്നത വിദ്യാഭ്യാസം നേടുന്നവരിൽ സ്ത്രീ, പുരുഷ നൊപ്പം തന്നെയാണ്. എന്നാൽ, തൊഴിൽ രംഗത്തേയ്ക്കും പൊതുരംഗത്തേയ്ക്കും സ്ത്രീയുടെ പ്രതിനിധ്യം ദേശീയ ശരാശരിയേക്കാൾ കുറയുന്നു.
അവൾക്കെന്നും അടുക്കളയുടെ ഉത്തരവാദിത്വമുണ്ട്. ആണും പെണ്ണും കൂട്ടുത്തരവാദിത്വത്തിൽ വീട്ടുജോലികൾ ചെയ്യുന്നില്ലെന്നല്ല. അത് വളരെ കുറവാണെന്നു മാത്രം. യാത്രയിൽ അന്വേഷിച്ചത് വികസിത രാജ്യങ്ങളിൽ സ്ത്രീയുടെ പൊതുവിടത്തിലെ സാന്നിധ്യമായിരുന്നു. സസ്യാഹാരിയായ എന്നെ സംബന്ധിച്ച് ഇഷ്ടഭക്ഷണം അന്വേഷിച്ച് വിദേശത്ത് നടക്കാനാവില്ല. കിട്ടുന്നത് കഴിക്കുക. ഭക്ഷണത്തിനായി സമയം കളയാതിരിക്കുക. പരമാവധി ആ നാടിനെ അറിയാൻ, കാഴ്ചകൾ കാണാൻ ശ്രമം. ഒപ്പമുണ്ടായിരുന്ന ഡോ.ടി എൻ സീമ ടീച്ചർക്കും അതേ അഭിപ്രായം.
പ്രഭാത ഭക്ഷണമായി ഹോട്ടലിൽ കണ്ടത് ബ്രഡ്, ബട്ടർ, ചീസ്, ജാം, യോഗർട്ട്, പഴങ്ങൾ, പാൽ, കോൺഫ്ലേക്, ജ്യൂസ്, വിവിധ മാംസം, പുഴുങ്ങിയ മുട്ട, കാപ്പി തുടങ്ങിയവ. ഉച്ചയ്ക്ക് പലപ്പോഴും ഒരു കഷ്ണം കേക്കും കാപ്പിയുമായിരുന്നു ഞങ്ങളുടെ ആഹാരം. വൈകിട്ട് ബർഗ്ഗർ, സാൻവിച്ച് എന്തെങ്കിലും.
യൂറോപ്പിൽ പൊതുവേ പ്രഭാത ഭക്ഷണത്തിനാണ് പ്രാധാന്യം. യോഗർട്ട് ഒക്കെ പല രുചികളിൽ പല പഴങ്ങൾ ചേർത്ത് കിട്ടിയിരുന്നു. ഉച്ചയ്ക്കും വൈകിട്ടും സാൻവിച്ച്, ബർഗർ, പേസ്റ്റ്ട്രി ഒക്കെയാണ്.
മേൽ പറഞ്ഞ ഭക്ഷണമൊക്കെയാണ് വീടുകളിലുമുള്ളത്. ഭക്ഷണം കഴിക്കുന്നതിന് അൽപം മുമ്പ് മാത്രം ഓവനിൽ ചൂടാക്കിയെടുക്കുന്നു. വളരെ ലളിതം. അപ്പോഴൊക്കെ ഞാൻ കേരളത്തെ കുറിച്ചോർത്തു.
നാളെ രാവിലെ കഴിക്കേണ്ട ഇഡ്ഢലിക്കും ദോശയ്ക്കും വേണ്ടി 24 മണിക്കൂർ മുമ്പേ അരിയും ഉഴുന്നും വെള്ളത്തിലിടുന്നു. ഉച്ച തിരിയുമ്പോൾ ആട്ടിവയ്‌ക്കുന്നു. പുളിച്ച് പൊങ്ങിയാൽ മാത്രം നന്നാവുന്ന ഭക്ഷണം. ഒരു നേരത്തെ ഭക്ഷണം അടുത്ത നേരത്തേക്ക് നമുക്ക് പറ്റുകയുമില്ല. നാലു നേരം നാലു രീതിയിലുള്ള ഭക്ഷണം.
യൂറോപ്പിലെ സ്ത്രീകൾ എന്തുകൊണ്ട് തുല്യനീതിയുള്ളവരും സ്വതന്ത്രകളുമാവുന്നു എന്ന്, എന്നും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അത് മനസ്സിലാക്കാൻ ഒരു വിദേശയാത്ര വേണ്ടി വന്നു. ഇത് വായിക്കുന്നവർ വിയോജിച്ചേക്കാം. പക്ഷേ, അടുക്കളയിൽ നിന്നാണ് യഥാർത്ഥ വിമോചനം തുടങ്ങുന്നതെന്ന് എനിക്ക് തോന്നുന്നു.
സ്ത്രീ അടുക്കളയിൽ നിന്ന് സ്വതന്ത്രയായാലേ ശരിയായ സ്ത്രീ വിമോചനത്തിലേക്ക് അവളെത്തൂ. കേരളാവസ്ഥയിൽ നാലുനേരം നാലു രീതിയിൽ വെച്ചുണ്ടാക്കി വിളമ്പേണ്ട ബാധ്യത ഇന്നും സ്ത്രീക്കാണ്. കൈപ്പുണ്യത്തിന്റെ പേരാണ് അതിന് മറ.
അതിൽ വീണുപോകുന്നു പെണ്ണുങ്ങൾ. താൻ അടുക്കളയിൽ കയറിയില്ലെങ്കിൽ ആകാശമിടിഞ്ഞു വീഴുമെന്ന് കരുതുന്നു. അരയ്ക്കാനും അലക്കാനും വെള്ളം വലിക്കാനും യന്ത്രങ്ങൾ കൂടിയില്ലായിരുന്നെങ്കിൽ നമ്മുടെ സ്ത്രീകൾ ഇന്നത്തേക്കാലത്ത് ജോലിയ്ക്കു പോകുന്നതുകൂടി നടക്കാതെ പോയേനേ. സഹായിക്കുന്ന പുരുഷന്മാരുണ്ട്. ഉണ്ടാവാം. പക്ഷേ, എത്രമാത്രം എന്ന ചോദ്യമുണ്ട്. അവിടെയും സഹായമാണ്, പങ്കിടലല്ല.
എത്ര സ്ത്രീകൾ ഇന്ന് ജോലി കഴിഞ്ഞ് വിനോദത്തിനായി പുറത്ത് ചെലവഴിക്കുന്നുണ്ട് ഒരു ദിവസം. അപൂർവം. ജോലി കഴിഞ്ഞാൽ വീട്. വീട് കഴിഞ്ഞാൽ ജോലി സ്ഥലം. ഇതാണ് ഇന്നും മലയാളി സ്ത്രീയുടെ ലോകം.
യഥാർത്ഥത്തിൽ സർഗ്ഗാത്മകതയില്ലാത്ത ഒരു സ്ത്രീയുമില്ല. പക്ഷേ, കണ്ടെത്താൻ പറ്റുന്നില്ല. നേരമില്ല ആർക്കും . സർഗ്ഗാത്മകത മുഴുവൻ പാചകത്തിലും വൃത്തിയാക്കലിലുമാണ്. സൃഷ്ടികർമ്മം എന്നത് കാലാകാലങ്ങളായി കുഞ്ഞുങ്ങളെ പ്രസവിച്ച് വളർത്തുന്നതും. അടുക്കളയിൽ ഗ്യാസ് സ്റ്റൗവിന്റെ ബർണറിലാണ് പലരും സൂര്യോദയം കാണുന്നത്.
ഞങ്ങൾ മൂന്നു പെൺകുട്ടികളായിരുന്നത് കൊണ്ട് പെണ്ണാണ് എന്ന വേർതിരിവൊന്നും കൂടാതെയാണ് വളർന്നത്. ചെറുപ്രായം മുതൽ കടയിൽ പോകുന്നതും മറ്റും ശീലിച്ചിട്ടുണ്ട്. പുറത്തേക്കിറങ്ങി.
പൊതുവിടത്തേക്കുള്ള സഞ്ചാരം ആരും തടഞ്ഞില്ലെന്നു മാത്രമല്ല, അത് അത്യാവശ്യവുമായിരുന്നു. എന്നിട്ടും സഹപാഠികളായ ആൺകുട്ടികളോടെനിക്ക് കടുത്ത അസൂയ തോന്നി. കവലയിലേക്ക് പോകുന്ന വഴിയിലെ പാലത്തിന്റെ കൈവരിയിൽ അവർ എല്ലാ വൈകുന്നേരങ്ങളും ചെലവിട്ടു. ലോകകാര്യങ്ങളും നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും അവർ പങ്കുവെച്ചു. വഴിയേ പോയ പെൺകുട്ടികളെ അവർ കമൻറടിച്ചു -എന്നെയടക്കം. പാഠ്യപദ്ധതിയനുസരിച്ച് പഠിക്കാൻ പെൺകുട്ടികൾ മിടുക്കികളായിരുന്നെങ്കിലും ലോകവിവരത്തിന്റെ കാര്യത്തിൽ പിന്നിലായിരുന്നു - ഇന്നും. എന്നിട്ടുമെപ്പോഴും പാലത്തിന്റെ കൈവരിയിൽ ഇരുന്ന് വർത്തമാനം പറയാനും നിലാവുള്ള രാത്രിയിൽ പുഴയോരത്തെ പാറയിൽ പോയിരുന്ന് ആകാശം കാണാനും, വീടിന് പിന്നിലെ പാറയിൽ പോയി കിടന്ന് സ്വപ്നം കാണാനും ഞാൻ കൊതിച്ചു. സോഷ്യൽ മീഡിയയുടെ വരവോടെ ഫേസ് ബുക്ക് പാലത്തിന്റെ കൈവരിയിലെനിക്കിരിക്കാനായി. അതേപോലെ അനേകം പെൺകുട്ടികൾക്ക് ... എന്നാലും യഥാർത്ഥ പൊതുവിടം ഇന്നും ഞങ്ങൾക്കന്യമാണ്. ആകാശം കാണുന്നതും നക്ഷത്രമെണ്ണുന്നതും ഞങ്ങൾ അടുക്കളത്തിരക്കിൽ പെട്ടാണ്. എത്ര സർഗാത്മകതയാണ് അടുക്കളയിൽ വേവുന്ന വിഭവം മാത്രമായി മാറുന്നത്.
ദയവു ചെയ്ത് ഞങ്ങളെയൊന്ന് കാണണേ....









0 comments