print edition ‘വോട്ടറെ ദ്രോഹിക്കരുത്, പൗരത്വവുമായി ബന്ധിപ്പിക്കരുത് ’ ; സുഖ്ബീർ സിങ് സന്ധു

ന്യൂഡൽഹി
രാജ്യവ്യാപക വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) യിൽ തെരഞ്ഞെടുപ്പ് കമീഷന്‍ അംഗം സുഖ്ബീർ സിങ് സന്ധു ശക്തമായി വിയോജിച്ചെന്നവിവരം പുറത്ത്. എസ്‌ഐആറിന് ബിഹാറിൽ തുടക്കമിടാനുള്ള ഉത്തരവിന്റെ കരടിലാണ് അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തിയത്.
ജൂൺ 24ലെ കമീഷന്റെ ഉത്തരവ് അസാധാരണ ധൃതിയിലായിരുന്നെന്നും അംഗങ്ങൾ ഇതംഗീകരിച്ചത് വാട്‌സ്‌ആപ്പിലൂടെയാണെന്നുമാണ് വിവരം. എസ്‌ഐആറിനെ പൗരത്വവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പരാമർശങ്ങൾ അന്തിമ ഉത്തരവിൽ ഒഴിവായതും സന്ധുവിന്റെ എതിർപ്പിനെ തുടർന്നാണെന്നും ഇംഗ്ലീഷ് പത്രം റിപ്പോർട്ടുചെയ്‌തു.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറോ കമീഷന്‍ അംഗം സന്ധുവോ പ്രതികരിച്ചിട്ടില്ല. ‘യഥാർഥ വോട്ടർമാർ/പൗരർ, പ്രത്യേകിച്ച് വൃദ്ധർ, രോഗികൾ, ഭിന്നശേഷിക്കാർ, ദരിദ്രർ, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവർക്ക് ഉപദ്രവം അനുഭവപ്പെടുന്നില്ല, അവർക്ക് സഹായം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ശ്രദ്ധിക്കണം’ എന്നാണ് സന്ധു രേഖപ്പെടുത്തിയത്. വോട്ടർപ്പട്ടികയിൽ പേരുള്ളവർ അധികരേഖ നൽകണമെന്ന നിർദേശത്തോടുള്ള വിയോജിപ്പാണ് അതിലൂടെ പ്രകടമായത്.
സന്ധുവിന്റെ നിർദേശം അന്തിമ ഉത്തരവിലെ ഖണ്ഡിക 13ൽ പേരു പറയാതെ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘2025 ജൂലൈ 25ന് മുമ്പ് ഫോം സമർപ്പിച്ചില്ലെങ്കിൽ കരട് പട്ടികയിൽനിന്ന് പേര് നീക്കപ്പെടും. യഥാർഥ വോട്ടർമാർക്ക് ഉപദ്രവമാകാതിരിക്കാൻ വളണ്ടിയർമാരെ അടക്കം വിന്യസിച്ച് കഴിയുന്നിടത്തോളം സൗകര്യങ്ങൾ ഒരുക്കാൻ ശ്രദ്ധിക്കണം’ എന്നാണ് നിർദേശം.
കരട് ഉത്തരവിലെ 2.5, 2.6 എന്നീ ഖണ്ഡികളിൽ എസ്‌ഐആറിനെ പൗരത്വനിയമവുമായി ബന്ധിപ്പിക്കുന്ന പരാമർശങ്ങളുണ്ടായിരുന്നു.
‘ഭരണഘടനയും 1955ലെ പൗരത്വ നിയമവും അനുസരിച്ച് പൗരർ മാത്രമേ വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളുവെന്ന് ഉറപ്പാക്കാൻ കമീഷന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. 2004ൽ പൗരത്വ നിയമത്തിൽ കാര്യമായ ഭേദഗതി വരുത്തിയെങ്കിലും അതിനുശേഷം രാജ്യത്തുടനീളം തീവ്രമായ പരിഷ്‌കരണം നടത്തിയിട്ടില്ല’ എന്നതായിരുന്നു പരാമർശം. അന്തിമ ഉത്തരവിൽ ‘പൗരർ മാത്രമേ രജിസ്റ്റർ ചെയ്യുന്നുള്ളെന്ന് ഉറപ്പാക്കാൻ കമീഷന് ഭരണഘടനാപരമായ ബാധ്യതയുണ്ട് ’ എന്നാക്കി തിരുത്തി.
‘പൗരത്വം പരിശോധിക്കാൻ കമീഷന് അധികാരമില്ല’
തെരഞ്ഞെടുപ്പ് നടത്താൻ അധികാരപ്പെടുത്തുന്ന ഭരണഘടനാ അനുച്ഛേദം 324 ഉപയോഗിച്ച് മറ്റ് ഉപാധികൾ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷന് അവകാശമില്ലെന്ന് എസ്‌ഐആർ ചോദ്യംചെയ്‌തുള്ള ഹർജിക്കാർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.
കമീഷന് ഏകപക്ഷീയമായി പൗരത്വപരിശോധന നടത്താനാവില്ലെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ് പറഞ്ഞു. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവരാണ് ഹർജികൾ പരിഗണിക്കുന്നത്. പൗരത്വ പരിശോധന നടത്താൻ കേന്ദ്ര സർക്കാരിനും കോടതികൾക്കും ട്രൈബ്യൂണലുകൾക്കും മാത്രമാണ് അധികാരമെന്നും സിങ്‌വി പറഞ്ഞു. വോട്ടർമാരെ ഒഴിവാക്കുന്ന തരത്തിലാണ് എന്യൂമറേഷൻ ഫോമുകളുടെ രൂപകൽപ്പനയെന്ന് മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ വാദിച്ചു. സ്വേച്ഛാധിപതിയായി പലരും കമീഷനെ കാണുന്നുണ്ടെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞപ്പോൾ ചീഫ് ജസ്‌റ്റിസ് ഇടപെട്ടു. വാദങ്ങളിൽ ഉറച്ചുനിൽക്കാനും പ്രസ്‌താവനകൾ ഒഴിവാക്കാനും ചീഫ് ജസ്‌റ്റിസ് ഉപദേശിച്ചു. കേസ് വ്യാഴാഴ്‌ച വീണ്ടും കേൾക്കും.








0 comments