ചെറുക്കും, അടിമയാകാനില്ല : മഡുറോ

print edition ജനകീയ പ്രതിരോധമുയർത്തി വെനസ്വേല

Us Venezuela Conflict
വെബ് ഡെസ്ക്

Published on Dec 03, 2025, 04:21 AM | 1 min read


കരാക്കസ്‌

ഭീഷണികളും സമ്മർദതന്ത്രങ്ങളുമായി അമേരിക്ക വരിഞ്ഞുമുറുക്കുന്നതിനിടെ ജനകീയ പ്രതിരോധമുയർത്തി വെനസ്വേല. പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോ രാജ്യം വിടണമെന്ന യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണിക്ക്‌ പിന്നാലെ പ്രസിഡന്റിന്‌ ഐക്യദാർഢ്യവുമായി പതിനായിരങ്ങൾ തെരുവിലിറങ്ങി. സമാധാനമാണ്‌ തങ്ങൾക്കുവേണ്ടതെന്നും അതിനായി അടിമകളാകാൻ ഒരുക്കമല്ലെന്നും അവർ പ്രഖ്യാപിച്ചു. റാലിയെ മഡുറോ അഭിവാദ്യം ചെയ്‌തു. മിറാഫ്‌ളോറസ് കൊട്ടാരത്തിനുപുറത്ത് വെനസ്വേലൻ പതാകകളുമായാണ്‌ ബഹുജനങ്ങളും ബൊളിവേറിയൻ കമ്യൂണിറ്റി ക‍ൗൺസിൽ അംഗങ്ങളും തടിച്ചുകൂടിയത്‌.


അതിനിടെ വെനസ്വേലക്കെതിരായ നിലവിലുള്ള നീക്കങ്ങളെയും തുടർ നടപടികളെയും കുറിച്ച് ചർച്ച ചെയ്യാൻ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ് ദേശീയ സുരക്ഷാ സംഘവുമായി കൂടിക്കാഴ്‌ച നടത്തി. വേണ്ടിവന്നാൽ വെനസ്വേലയിൽ കരയാക്രമണത്തിനും മടിക്കില്ലെന്ന്‌ ട്രംപ്‌ നേരത്തെ പരസ്യമായി പറഞ്ഞിട്ടുണ്ട്‌. വെനസ്വേലയെ ഒറ്റപ്പെടുത്തുന്ന സമ്മർദതന്ത്രങ്ങളും പ്രകോപനങ്ങളുമാണ്‌ ഇപ്പോൾ. മഡുറോയുമായി ഫോണിൽ സംസാരിച്ചെന്ന്‌ ട്രംപ്‌ പറഞ്ഞെങ്കിലും വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.


ചെറുക്കും, അടിമയാകാനില്ല : മഡുറോ

വെനസ്വേല സമാധാനം ആഗ്രഹിക്കുന്നുവെങ്കിലും പരമാധികാരം, സ്വാതന്ത്ര്യം, സമത്വം എന്നിവ അടയറവച്ചുള്ള സമാധാനം ആഗ്രഹിക്കുന്നില്ലെന്ന്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോ പറഞ്ഞു. ഒരടിമയോ ഏതെങ്കിലും രാജ്യത്തിന്റെ കോളനിയോ ആകാൻ വെനസ്വേല ഒരുക്കമല്ല. വെനസ്വേലയിലെ ജനങ്ങളോടാണ്‌ വിശ്വാസവും കടപ്പാടും.


ഞങ്ങൾ അമേരിക്കയുടെ 22 ആഴ്‌ചത്തെ ആക്രമണം സഹിച്ചു. ഇത്തരം പരീക്ഷണങ്ങൾ വെനസ്വേലയിലെ ജനങ്ങളെ കൂടുതൽ കരുത്തരാക്കിയെന്നും മഡുറോ പറഞ്ഞു.

വെനസ്വേലയ്‌ക്കുചുറ്റം 15000 സൈനികരെയും നിരവധി യുദ്ധക്കപ്പലുകളും വിന്യസിച്ചിരിക്കുകയാണ്‌. വെനസ്വേലയ്‌ക്ക്‌ ചുറ്റുമുള്ള വ്യോമാതിർത്തി അടിച്ചിടുമെന്ന്‌ ട്രംപ്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. നിരവധി വ്യോമയാന കന്പനികൾ വെനസ്വേലയിലേക്കുള്ള സർവീസും റദ്ദാക്കി. അമേരിക്കൻ സൈനികർ സെപ്തംബർ മുതൽ കരീബിയൻ, പസിഫിക് മേഖലകളിൽ ബോട്ടുകൾക്കുനേരെ നിരന്തരം വെടിയുതിർത്തു. 21 ആക്രമണങ്ങളിൽ കുറഞ്ഞത് 83 പേർ കൊല്ലപ്പെട്ടു. ഏതാക്രമണങ്ങളെയും രാജ്യം ഒറ്റക്കെട്ടായി ചെറുക്കും –മഡുറോ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home