രക്ഷാകരങ്ങളുമായി സാഗർബന്ധു
print edition മഴ, ചുഴലിക്കാറ്റ് ; 3 രാജ്യങ്ങളില്‍ മരിച്ചത് 1300 പേർ

ശ്രീലങ്കയിലെ പ്രളയബാധിത പ്രദേശത്തുനിന്ന് ഗര്‍ഭിണിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്ന എന്‍ഡിആര്‍എഫ് സംഘം
ജക്കാർത്ത
ആഞ്ഞടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും ഇൻഡോനേഷ്യയിലും ശ്രീലങ്കയിലും തായ്‌ലൻഡിലുമായി മരിച്ചത് 1300 മനുഷ്യർ. നിരവധി വീടുകളും റോഡുകളും പാലങ്ങളുംതകർന്നു. എണ്ണൂറിലേറെപ്പേരെ വെള്ളപ്പൊക്കത്തിൽ കാണാതായി. ലക്ഷങ്ങൾ ഷെൽട്ടറുകളിൽ അഭയംതേടി.
ഇൻഡോനേഷ്യയിൽ 703 പേരും 410 പേർ ശ്രീലങ്കയിലും 181 പേർ തായ്‌ലൻഡിലും മരിച്ചു. ഇൻഡോനേഷ്യയിൽ സുമാത്ര ദ്വീപിലാണ് കനത്ത നാശമുണ്ടായത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പാടെ തകർന്നു.
ശ്രീലങ്കയിൽ ദിത്വ ചുഴലിക്കാറ്റാണ് ദുരിതം സൃഷ്‌ടിച്ചത്. രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ നടപടികളും തുടരുകയാണ്. 2.75 ലക്ഷം കുട്ടികളെ പ്രളയം പ്രതികൂലമായി ബാധിച്ചെന്ന് യുണിസെഫ് റിപ്പോർട്ടിൽ പറയുന്നു. രക്ഷാപ്രവർത്തനത്തിന് ഇന്ത്യ നേതൃപരമായ പങ്കുവഹിച്ചെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു. തായ്‌ലൻഡിലും വെള്ളപ്പൊക്കം കനത്ത നാശം വിതച്ചു. ദുരിതബാധിതർക്ക് ഭക്ഷണം നൽകുന്നതിനായി പൊതു അടുക്കള സ്ഥാപിക്കുമെന്ന് തായ്‌ലൻഡ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രക്ഷാകരങ്ങളുമായി സാഗർബന്ധു
ശ്രീലങ്കയിലെ പ്രളയബാധിത പ്രദേശത്തുനിന്നും ഒന്പതുമാസം ഗർഭിണിയായ യുവതിയെ ഇന്ത്യൻ ദുരന്ത നിവാരണ സേന സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി അടിയന്തര വൈദ്യസഹായം നൽകി. പുട്ടലം ജില്ലയിലെ യുവതിയെയാണ് രക്ഷിച്ചതെന്ന് ഇന്ത്യൻ ഹൈക്കമീഷൻ സമൂഹമാധ്യമത്തിൽ കുറിച്ചു.ഇന്ത്യൻ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ശ്രീലങ്കയിൽ ഓപ്പറേഷൻ സാഗർബന്ധു എന്നപേരിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പുട്ടലത്തെ പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 800 പേർക്ക് ഭക്ഷണവും അവശ്യവസ്‌തുക്കളും എത്തിച്ചു.
ഗന്തുനയ്‌ക്കടുത്തുള്ള വിദൂരമേഖലയിൽനിന്ന് ഗുരുതരമായി പരിക്കേറ്റ നാല് പേരെ രക്ഷിച്ച് അടിയന്തര വൈദ്യസഹായത്തിനായി റിവിസാണ്ടയിലേക്ക് കൊണ്ടുപോയി. ബദുള്ളയിൽ കാണാതായവർക്കായുള്ള തിരച്ചിലിലും ഇന്ത്യൻ ദുരന്തനിവാരണ സംഘം സജീവം.
ഇന്ത്യൻ നാവികസേനയുടെ കപ്പലായ ഐഎൻഎസ് സുകന്യ ട്രിങ്കോമലിയിലെത്തിച്ച ദുരിതാശ്വാസ സാമഗ്രികൾ ശ്രീലങ്കൻ വ്യോമസേനക്ക് കൈമാറി. ഇവ കിഴക്കൻ പ്രവിശ്യയിലെ ദുരിതബാധിതർക്ക് വിതരണംചെയ്‌തു.








0 comments