ആകെ ചേര്‍ന്നത് 16,060 പേര്‍ , ഇതില്‍ 41 ശതമാനവും ഉപേക്ഷിച്ചു
print edition ആര്‍ക്ക് വേണം പിഎം ഇന്റേൺഷിപ് ; മുഖംതിരിച്ച് യുവജനങ്ങള്‍

ന്യൂഡല്‍ഹി
അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടിപേര്‍ക്ക് തൊഴില്‍വാഗ്‌ദാനംചെയ്‌ത് കൊട്ടിഘോഷിച്ച് കേന്ദ്രം പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇന്റേൺഷിപ് പദ്ധതി യുവജനങ്ങൾ തള്ളിക്കളഞ്ഞെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ കണക്കുകള്‍. സ്വകാര്യ കമ്പനികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഇന്റേണ്‍ഷിപ്പിന് ലഭിച്ച അപേക്ഷകളില്‍നിന്ന് രണ്ടുഘട്ടമായി 52,600 പേര്‍ക്ക് അവസരം വാഗ്‌ദാനംചെയ്‌ത് കത്തയച്ചു. എന്നാല്‍ 16,060 പേര്‍ മാത്രമാണ് ( 3൦ ശതമാനം) ഇന്റേൺഷിപ്പ് ചെയ്യാന്‍ അതത് കമ്പനികളില്‍ ചേര്‍ന്നതെന്ന് കോർപറേറ്റ്കാര്യ സഹമന്ത്രി ഹർഷ് മൽഹോത്ര ലോക്‌സഭയെ മറുപടിയിൽ അറിയിച്ചു. ചേര്‍ന്നവരില്‍ 41 ശതമാനം പേരും (6,618 പേര്‍) 12 മാസത്തേക്കുള്ള ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കുംമുമ്പേ ഉപേക്ഷിച്ചു. ഇന്റേണ്‍ഷിപ് പദ്ധതി പൂര്‍ത്തിയാക്കിയവരില്‍ ഇതുവരെ ആകെ 95 പേരെ മാത്രമാണ് കമ്പനികള്‍ സ്ഥിരജോലിക്ക് എടുത്തതെന്നും മന്ത്രി അറിയിച്ചു.
വിദൂര സ്ഥലങ്ങളിൽ ജോലിക്ക് പോകേണ്ടിവരുന്നതും ലഭിച്ച ജോലിയോടുള്ള താല്പര്യക്കുറവും ഒരു വര്‍ഷം നീണ്ട കാലയളവുമാണ് കൊഴിഞ്ഞുപോക്കിന് കാരണമെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. ഇന്റേണ്‍ഷിപ് പദ്ധതിക്ക് 2025- –26 കാലയളവില്‍ 10,831 കോടി രൂപ അനുവദിച്ചതില്‍ 73.72 കോടി രൂപ മാത്രമാണ് സെപ്തംബർ 30 വരെ മന്ത്രാലയം വിനിയോഗിച്ചത്. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം 2024 ഒക്ടോബർ മൂന്നിനാണ് പദ്ധതി തുടങ്ങിയത്. ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നായിരുന്നു കൂടുതല്‍ അപേക്ഷകര്‍.








0 comments