ആത്മസംഘര്‍ഷങ്ങളുടെ എഴുത്ത്

ശ്രീദേവി എസ് കെ [email protected]
Published on Mar 16, 2025, 09:03 AM | 4 min read
കഥാകാരി വി കെ ദീപ കുട്ടികളുടെ മനസ്സ് തുറക്കുകയാണ്, ''നീലാംബരി സി, IVബി'' എന്ന പ്രഥമ ബാലസാഹിത്യ നോവലിലൂടെ. നീലുവെന്ന കുട്ടിയുടെ ജീവിതത്തിലൂടെ വിരിയുന്ന നോവൽ പ്രകൃതിയും മാനുഷിക മൂല്യങ്ങളും കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന കണ്ടെത്തൽ കൂടിയായി മാറുന്നു. കുട്ടികൾക്ക് തെളിഞ്ഞ ആകാശം തുറന്നുകൊടുക്കുന്ന നോവൽ. വെങ്ങാലൂർ എഎംഎൽപി സ്കൂൾ അധ്യാപികയും ദേശാഭിമാനി പുരസ്കാര ജേതാവുമായ വി കെ ദീപ സംസാരിക്കുന്നു
ബാലസാഹിത്യം
ഒരുപാടുകാലത്തെ ആഗ്രഹമാണ് കുട്ടികൾക്കുവേണ്ടി എഴുതുകയെന്നത്. അത് ഏറ്റവും ശ്രമകരമായ ഒന്നാണെന്ന് അനുഭവിച്ചറിഞ്ഞു. നാലാം ക്ലാസുകാരിയായ നീലാംബരിയുടെ ജീവിതത്തിലെ ചില ദിവസങ്ങളും അനുഭവങ്ങളുമാണ് ''നീലാംബരി സി, IVബി'' എന്ന ബാലസാഹിത്യ നോവലിലുള്ളത്. പല സ്കൂളുകളിലെയും കുട്ടികൾ ഈ നോവൽ വായിച്ച് അഭിപ്രായം അറിയിച്ചു. വലിയ സന്തോഷമായിരുന്നു. കുഞ്ഞുങ്ങളുടെ അധ്യാപികയായതിനാൽ മറ്റൊരാളുടെ ഇടപെടലുകളില്ലാതെ, സ്വന്തമായി വായിക്കാൻ കഴിയുന്ന ഒരു പുസ്തകമെന്നനിലയ്ക്കാണ് അത് ചെയ്തത്.
ഭാഷാ പ്രേമം
വായനയ്ക്കുള്ള അവസരങ്ങൾ മാതാപിതാക്കളും അധ്യാപകരും ഉണ്ടാക്കി കൊടുക്കുമ്പോഴാണ് കുട്ടികൾക്ക് വായന വരുന്നത്. ബാലസാഹിത്യങ്ങളുടെ വായനയിലൂടെയാണ് അവർ സാഹിത്യത്തിലേക്ക് അടുക്കുന്നത്. ചില ടെക്നിക്കുകളിലൂടെ അവരെ അതിലേക്ക് ആനയിക്കണം. ഭാഷാപരമായി അധ്യാപകർ വളരെയധികം സഹായിക്കണം. അവരുടെ ഭാഷ നമ്മൾ എത്രത്തോളം നന്നാക്കാൻ ശ്രമിക്കുന്നു എന്നതനുസരിച്ചാണ് കുട്ടികൾ ഭാഷാശേഷി നേടുന്നത്. സ്വന്തമായി ഭാഷാശേഷിയുള്ള ഒരുപാട് കുട്ടികളുണ്ട്. ആരും സഹായിക്കാതെ അവർക്ക് വായനയുണ്ട്. അല്ലാത്ത കുട്ടികൾക്ക് നല്ല ഭാഷ പരിചയപ്പെടുത്തി കൊടുക്കാൻ, ഭാഷയുടെ ഉപയോഗം മനസ്സിലാക്കി കൊടുക്കാൻ ധാരാളം പുസ്തകങ്ങൾ ക്ലാസിൽ വായിക്കണം.
കഥയിലെ ജീവൽ സ്പന്ദനങ്ങൾ
ആശയത്തെ മനോഹരമാക്കാൻ പറ്റിയ കോൺസെപ്റ്റാണ് ഞാനെടുക്കാറ്. പരീക്ഷണാത്മക കഥകൾക്ക് അത്ര പരിഗണന കൊടുക്കാറില്ല. വായനക്കാരിൽ എത്തിക്കേണ്ട ആശയങ്ങൾക്ക് അല്ലെങ്കിൽ ഭാവനകൾക്ക് പറ്റുന്ന ആഖ്യാനം രൂപപ്പെടുത്താനാണ് ശ്രമിക്കാറ്. കഥാഗതി മനസ്സിൽ വരുമ്പോൾ അതിനൊരു അന്ത്യവും ഉണ്ടായിവരും. നമ്മളെ ഞെട്ടിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന അല്ലെങ്കിൽ വായനക്കാർക്ക് വിട്ടുകൊടുക്കുന്ന ഒന്നായി മാറിവരും. ആർട്ടിഫിഷ്യലായി ശ്രമിച്ചാൽ ചിലപ്പോൾ പരാജയപ്പെട്ടു പോകും. എന്നെ സംബന്ധിച്ചിടത്തോളം ഒരു കഥ തരുമോയെന്ന് ചോദിച്ചാൽ എഴുതാൻ സാധിക്കാത്ത ഒരാളാണ്. മനസ്സിൽ കഥയും കഥാപാത്രങ്ങളും രൂപപ്പെട്ടുവന്ന് അവയോട് സംവദിച്ച് അവരെ മനസ്സിൽ ഇട്ടുനടന്ന് അവരും ഞാനും ഒന്നായിത്തീരുന്ന സമയത്തുമാത്രം പുറത്തേക്ക് വരുന്ന ഒന്നാണ് എനിക്ക് കഥ. പ്ലാൻ ചെയ്ത് വാർത്തെടുക്കുന്ന ഒന്നല്ല.
കൂട്ടിക്കാലത്ത് വായിച്ചത്
ബാലസാഹിത്യകൃതികളായിരുന്നു ആദ്യ വായനകൾ. കഥകളോടായിരുന്നു കമ്പം. വലുതായപ്പോഴും അത് തുടർന്നു. പിന്നെ നോവലുകളിലേക്കെത്തി. വൈജ്ഞാനിക മേഖലകളിലേക്കും ചരിത്ര,- ശാസ്ത്രഗ്രന്ഥങ്ങളിലേക്കും ലേഖനങ്ങളിലേക്കുമൊക്കെ വായന വളർന്നു.
എഴുത്തിടത്തിന്റെ പ്രസക്തി
വിർജനിയാ വൂൾഫ് പറയുന്നത് ഒരു സ്ത്രീക്ക് സ്വന്തമായി ഒരു എഴുത്തിടവും ഒപ്പം കൈയിൽ കാശും വേണമെന്നാണ്. രണ്ടും ആവശ്യമാണ്. എഴുത്തിടമില്ലാത്ത ഒരുപാട് എഴുത്തുകാർ നമുക്കിടയിലുണ്ട്. ഒരു എഴുത്തുകാരിയുടെ കുറിപ്പ് മുമ്പ് വായിച്ചത് ഓർക്കുന്നു-, ബാത്റൂമിൽ ബക്കറ്റിൽ വെള്ളം തുറന്നിട്ട് മറ്റൊരു ബക്കറ്റ് കമഴ്‌ത്തിവച്ച് അതിലിരുന്നാണ് ഞാൻ സ്വസ്ഥമായി എഴുതാറ്. ബാത്റൂമുകൾ ഒക്കെയാണ് സ്ത്രീയുടെ എഴുത്തിടം. വീട് നിരന്തരം സ്ത്രീയെ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. വീടുമാറി പുരുഷന്മാർ ചെയ്യുന്നതുപോലെ റൂമെടുത്തിരുന്ന് എഴുതുകയെന്നത് എപ്പോഴും പ്രാക്ടിക്കലല്ല. അതിനെയൊക്കെ മറികടന്ന് എഴുതുന്നവർ വളരെ കുറച്ചേയുള്ളൂ. ഒരു സ്ത്രീ എഴുതുന്നത് വീടും കുടുംബവും മറ്റ് കാര്യങ്ങളുമൊക്കെ തലയിൽ ഏറ്റിവച്ചിട്ടാണ്.
സ്ത്രീക്ക് ഒരു മുറി മറ്റാരുമുണ്ടാക്കി കൊടുക്കില്ല. അവനവൻ തന്നെ ഉണ്ടാക്കി എടുക്കേണ്ടതാണത്. അതിനായി ഫൈറ്റ് ചെയ്യുകയും കിട്ടാതിരിക്കുകയും ചെയ്യും. എന്റെ എഴുത്തുമുറി ഞാൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പുറത്തേക്ക് തുറന്ന ജനാലകളും ഒരു എഴുത്തുമേശയും ലൈബ്രറിയും --എന്റെതുമാത്രമായ ഒരു പ്രൈവറ്റ് സ്പേസ്. അതുപോലെ ഇഷ്ടമുള്ളവ വാങ്ങാൻ, പുസ്തകങ്ങൾ വാങ്ങാൻ ഒക്കെ സാമ്പത്തിക സ്വാശ്രയത്വം വേണം. ടൈം മാനേജ്മെന്റ് ശരിയാണെങ്കിൽ എഴുത്ത് നമ്മോടൊപ്പം നിൽക്കും. കിച്ചനിൽ എത്ര സമയം ചെലവാക്കണമെന്നുള്ളത് നമ്മൾ തീരുമാനിക്കണം. അതിനുശേഷം പുറത്തു കടക്കണം. സമയം തികയുന്നില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ വീട്ടുജോലികൾക്ക് സഹായിക്കാനായി ഒരാളിനെ വച്ചു. ഇപ്പോൾ എഴുതാനും വായിക്കാനും യാത്രകൾക്കും ധാരാളം സമയം കിട്ടുന്നുണ്ട്.
സർഗാത്മക സംഘർഷം
ഏറ്റവും തിരക്കുള്ള സമയമായിരിക്കും ഒരു കഥ വരുന്നത്. സ്വസ്ഥമായിരുന്ന് ആലോചിച്ചിരിക്കാനോ എഴുതാനോ നമുക്ക് സമയം കിട്ടില്ല. ഏറ്റവും സ്വസ്ഥമായിരിക്കുമ്പോൾ കഥ വരികയുമില്ല. ഇതിന്റെ രണ്ടിന്റെയും ഇടയിൽ ഒരു സർഗസൃഷ്ടി നടത്തുമ്പോൾ നമുക്ക് ബുദ്ധിമുട്ടുണ്ടാവും. തിരക്കുള്ളപ്പോൾ മനസ്സിൽ കഥ നിറയുകയും അതെഴുതേണ്ടി വരികയും ചെയ്യുമ്പോൾ സംഘർഷം അനുഭവിക്കും. ചില കഥകൾ എഴുതുമ്പോൾ അതിലെ കഥാപാത്രമായി മാറിയിട്ടുണ്ട്. കരയുകയും സന്തോഷിക്കുകയും ചെയ്യും. ഞാൻ അവരായി മാറും. ആത്മാവ് കൊണ്ടാണ് എഴുതുന്നത്. സ്വാഭാവികമായും അതിന്റെ സംഘർഷങ്ങൾ ഉണ്ടാവും. ഒരു കഥയിൽ ഞാൻ പറഞ്ഞപോലെ, ‘ഇത്രത്തോളം ദൈവികത്വം നിറഞ്ഞതും ഇത്രത്തോളം പൈശാചികത്വം നിറഞ്ഞതുമായ ഒരു പണി വേറെയില്ല’. രണ്ടും ഒരേ അളവിൽ നിൽക്കുന്ന ഒന്നാണ് എഴുത്ത്. അത് ആന്തരികമായി സംതൃപ്തി തരുന്ന ദൈവികമായ പ്രവൃത്തി പോലെ ഫീൽ ചെയ്യും. എന്നാൽ ഒരു പിശാചിനെപോലെ നമ്മുടെ ഉള്ളിൽ കടന്ന് അതിൽ കുരുക്കിയിട്ട് നമ്മളെ നശിപ്പിച്ച് കളയും. എഴുത്ത് അത്തരം ഒരു സംഗതിയാണ്. അതിലൂടെ കടന്നുപോകുമ്പോൾ ഒരുപാട് ആത്മസംഘർഷങ്ങൾ ഉണ്ടാകും. വിചാരിക്കുംപോലെ എഴുതാൻ സാധിച്ചില്ലെങ്കിലോ, സമയം തികഞ്ഞില്ലെങ്കിലോ, വിചാരിച്ച എൻഡിങ് ആയില്ലെങ്കിലോ, നമ്മൾ ഉദ്ദേശിക്കുന്ന രീതിയിലേക്ക് കഥ വന്നില്ലെങ്കിലോ ഒരുപാട് ബുദ്ധിമുട്ടുകൾ തോന്നും.
സ്ത്രീകൾ
സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള അടിമ വംശമാണ് സ്ത്രീകളെന്ന് ഞാൻ ഒരു കഥയിൽ പറഞ്ഞിട്ടുണ്ട്. ചില മുന്നേറ്റങ്ങൾക്കപ്പുറം നമ്മൾ എന്തുമാത്രം സ്വതന്ത്രരാണെന്ന് നമ്മൾ തന്നെ ചിന്തിക്കേണ്ടതായിട്ടുണ്ട്. പക്ഷേ വലിയൊരു മാറ്റം, ''എന്റെ ഇഷ്ടത്തിന് ഞാൻ വിവാഹം കഴിക്കുന്നു, എന്റെ ഇഷ്ടത്തിന് ഞാൻ യാത്രകൾ പോകുന്നു, എന്റെ ഇഷ്ടത്തിന് പഠിക്കുന്നു'' എന്ന കൺസെപ്റ്റിലേക്കും തുറന്ന സൗഹൃദങ്ങളിലേക്കും സ്ത്രീ-പുരുഷ ബന്ധങ്ങളിലേക്കും സൗഹൃദങ്ങളിലേക്കും ഒക്കെ പുതിയ തലമുറ എത്തുന്നുണ്ട്. അവർ കുറച്ചുകൂടി വിശാലമായി ചിന്തിക്കുന്നുണ്ട്.നമുക്ക് സ്പേസ് വേണമെന്ന് പറയാൻ ചെറുപ്പത്തിൽ തന്നെ നമ്മളെക്കാൾ ധൈര്യം അവർക്ക് വന്നിട്ടുണ്ട്.
പ്രായപൂർത്തി എത്തുന്നതിനുമുമ്പ് തന്നെ കല്യാണത്തിലേക്ക് നയിക്കപ്പെട്ട ഒരുപാട് സാഹചര്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതിനൊക്കെ ഒരുപാട് മാറ്റം വന്നു. ഇപ്പോൾ ''വിവാഹം വേണ്ടപ്പോൾ ഞാൻ പറയാം'' എന്നൊരു നിലപാടെടുക്കാൻ തയ്യാറുള്ള ഒരു തലമുറയുണ്ട്. വിവാഹത്തിന് പയ്യൻ വന്ന് പെണ്ണിന്റെ വീട് കാണും. പക്ഷേ, പെണ്ണ് താൻ സ്ഥിരമായി നിൽക്കുന്ന ഭർത്താവിന്റെ വീട് അപ്പോഴും കാണുന്നില്ല. അവളുടെ ജീവിതകാലം മുഴുവൻ ചെലവഴിക്കേണ്ടി വരുന്ന വീടാണെന്നോർക്കണം! വിവാഹശേഷം അവൾ അങ്ങോട്ട് പോകുന്ന ഒരു സിസ്റ്റമാണ് സമൂഹത്തിൽ. അപ്പോൾ തീർച്ചയായും അവൾ ആ വീടും പരിസരവും കാണേണ്ടതല്ലേ? കല്യാണത്തിന് മുമ്പ് 80 ശതമാനം പെൺകുട്ടികളും അത് കാണുന്നില്ല. ഉത്തരേന്ത്യയിലെ മെഹന്തി കല്യാണമൊക്കെ ഇങ്ങോട്ട് കൊണ്ടുവരുന്നതിന് പകരം ഇത്തരം മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത്.
കോളേജുകാലത്ത് വിവാഹിത
അച്ഛൻ മിലിട്ടറിയിൽ ആയിരുന്നു, അമ്മ ടീച്ചറും. എല്ലാത്തരത്തിലും സ്വാതന്ത്ര്യമുള്ള ഫാമിലിയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥന്റെ വിവാഹ ആലോചന വന്നപ്പോൾ എന്തിനാണ് അത് ഉപേക്ഷിക്കുന്നത് എന്നൊരു ചോദ്യം ബന്ധുക്കൾക്ക്. ആ പ്രഷറിനെ അതിജീവിക്കാൻ വീട്ടുകാർക്ക് സാധിച്ചില്ല. 18–-ാം വയസ്സിൽ ടിടിസി കഴിഞ്ഞ ഉടൻ ആദ്യചോയ്സ് പഠനം ആയിരുന്നില്ല. കല്യാണത്തിലേക്കാണ് നയിക്കപ്പെട്ടത്. കോളേജിൽ പോകേണ്ട പ്രായത്തിൽ നമ്മളറിയാത്ത ഒരു വീട്ടിൽ ചെന്ന് അവിടുത്തെ ജോലികൾ ചെയ്ത് ജീവിക്കുകയാണ്. ഞാനും എന്റെ കുഞ്ഞും ഒരുമിച്ചാണ് വളർന്നത്. പ്രസവം കഴിഞ്ഞ് അധികമാവും മുമ്പേ ഡിഗ്രി എക്സാം എഴുതേണ്ടി വന്ന അവസ്ഥ. ആ എക്സാം എഴുതുമ്പോൾ പ്രസവത്തിന്റെ അരിഷ്ടതകൾമൂലം ഒന്നു നിവർന്നുനിൽക്കാൻ പോലും സാധിച്ചില്ല. അന്ന് എന്നെ പിന്തുണച്ചതും പഠിക്കാൻ സഹായിച്ചതും മഞ്ചേരി എൻഎസ്എസ് കോളേജ് ചരിത്ര അധ്യാപികയായ വിജയലക്ഷ്മി ടീച്ചറാണ്. പലപ്പോഴും സ്കൂൾ വിട്ട് നേരെ ടീച്ചറുടെ വീട്ടിലേക്ക് പോയി പഠനം കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് കുഞ്ഞിന്റെയടുത്ത് എത്തിയത്.
രചനാതന്ത്രങ്ങൾ
പ്രത്യേകിച്ച് ഒരു രചനാതന്ത്രമൊന്നുമില്ല. ഒടുവിൽ മാതൃഭൂമിയിൽ വന്ന ‘ആനിയും മരിയയും അത്തിമറ്റത്തെ വീടും’ എന്ന കഥയിൽ ഞാൻ ആനിയുടെ ഡയറിക്കുറിപ്പുകൾ പോലെയാണ് കഥയെഴുതിയത്. ചിലപ്പോൾ കഥയിൽ നമ്മൾ അവസാനം പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ആദ്യം പറഞ്ഞുപോകാറുണ്ട്. അങ്ങനെയൊക്കെയുള്ള ചില ടെക്നിക്കുകൾ ഉപയോഗിക്കാറുണ്ട്. എന്റേതായ രീതിയിൽ എഴുതിപ്പോകുന്നു, സ്വയം എഡിറ്റിങ്ങിന് വിധേയമാകുന്നു. പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ഞാനും എഡിറ്ററും മാത്രമായിരിക്കും എന്റെ കഥ വായിക്കുന്നത്.










0 comments