ad
Deshabhimani

പടപ്പാട്ടുകളുടെ കൂട്ടുകാരി

pk medinin.png
വെബ് ഡെസ്ക്

Published on Jul 12, 2025, 10:24 PM | 4 min read

കോട്ടയം തിരുനക്കര മൈതാനിയിൽ ജനസാഗരത്തെ സാക്ഷിയാക്കി ഒരു പതിനഞ്ചുകാരി ഉറച്ച ശബ്‌ദത്തിൽ പാടി,  
‘‘നരവേട്ടക്കാർ എംഎസ്‌പിക്കാർ
അച്ചുത പാപ്പാളി ഓ എം ഖാദർ
നാടാർ രാമൻകുട്ടികൾ മന്നാടി
ഒന്നും തല പൊക്കില്ലിവിടെ’’
പൊലീസ് മേധാവികളുടെ പേരെടുത്ത് പരിഹസിക്കുന്ന പാട്ട്‌. ഭരണകൂടത്തിന്റെ കള്ളി വെളിച്ചത്താക്കുന്ന വരികൾ ജനക്കൂട്ടം ഏറ്റുപാടി. ആ യോഗം കഴിഞ്ഞ് താമസസ്ഥലമായ കോട്ടയം ഭാസിയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ രാത്രി 11ന്‌ അറസ്റ്റു ചെയ്തുകൊണ്ടുപോയി ലോക്കപ്പിലിട്ടു. ആ പാട്ട് നിരോധിച്ചു. പിറ്റേ ദിവസം ഒരു പൊലീസ് ഓഫീസറുടെ മുമ്പിൽ അവളെ ഹാജരാക്കി. മർദകവീരരായ പൊലീസുകാരെക്കുറിച്ച് അവൾ പാടിയ പാട്ട് അയാൾ പാടിച്ചു. പാടിത്തീർന്നയുടൻ പൊലീസ് ഓഫീസർ ചാടിയെണീറ്റ് "നിനക്ക് ഞങ്ങളുടെ പേരൊക്കെ അറിയാമല്ലോ. ഇല്ലേ' എന്നു ചോദിച്ച് കരണത്താഞ്ഞടിച്ചു. അന്ന് വൈകിട്ട്‌ നാലു മണിക്ക് പട്ടാളവണ്ടിയിൽ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി. പ്രായപൂർത്തിയാകാത്തതുകൊണ്ട് കേസ് ചാർജ് ചെയ്തില്ല. പിറ്റേന്ന് കോടതിയിൽ കൈകെട്ടി നിന്ന് കോടതിയെ അനാദരിച്ചതിന് 500 രൂപ പിഴ ചുമത്തി. പക്ഷേ, കോട്ടയത്തെ പാർടി സഖാക്കൾ പിരിവിട്ട് ആ തുക അടച്ചുതീർത്ത് അവളെ മോചിപ്പിച്ചു. അവൾ പി കെ മേദിനി എന്ന കമ്യൂണിസ്റ്റ്‌.
ജന്മിത്തത്തിനും അധികാര പ്രമത്തതയ്‌ക്കുമെതിരെ പാട്ടും കഥയും കലയും ആയുധമാക്കിയ കേരളത്തിന്റെ പടപ്പാട്ടുകാരി. വയസ്സ്‌ 92 കഴിയുന്നു. എങ്കിലും ആ ശബ്‌ദത്തിന്‌ പതർച്ചയില്ല. അതുമാത്രമല്ല, തിയറ്ററിലെത്താൻ പോകുന്ന ‘വീരവണക്കം’ എന്ന സിനിമയിലും അഭിനയിച്ചുകഴിഞ്ഞു. പന്ത്രണ്ടാം വയസ്സിൽ പുന്നപ്ര വയലാർ സമരകാലത്തെ പടപ്പാട്ടുകാരിയായിരുന്നു മേദിനി. ചൂഷണങ്ങൾക്കും അനീതിക്കും എതിരെയുള്ള പോരാട്ടങ്ങൾക്ക് സംഗീതം ശക്തമായ ഉപകരണമാണെന്ന് അവർ അന്നേ തിരിച്ചറിഞ്ഞു.
വാനമ്പാടി
മേദിനിയുടേത്‌ സാധാരണ ശബ്ദമായിരുന്നില്ല. വിപ്ലവത്തിന്റെ തീവ്രതയും പോരാട്ടവീര്യവും ഒരുപോലെ ആവാഹിച്ചതായിരുന്നു. ആ പാട്ടുകൾ കേരളമാകെ അലയടിച്ചു. ആദ്യമായി മൈക്കിൽ പാടിയത് വൈക്കം ടി വി പുരത്താണ്. ടി വി തോമസ്, ആർ സുഗതൻ, കെ ആർ ഗൗരിയമ്മ തുടങ്ങിയ സമരസഖാക്കൾക്ക് നൽകിയ സ്വീകരണ യോഗത്തിൽ.  “യോഗത്തിന് പി കെ മേദിനിയുടെ പാട്ടും ഉച്ചഭാഷിണിയും ഉണ്ടായിരിക്കുന്നതാണ്”എന്ന അറിയിപ്പ് അക്കാലത്ത് ആലപ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും തൊഴിലാളി യൂണിയനുകളുടെ നോട്ടീസുകളിൽ പതിവായി. പുന്നപ്ര -വയലാർ സമരത്തിന്റെ  25–--ാം വാർഷികത്തോടനുബന്ധിച്ച് 1971-ൽ കണിയാപുരം രാമചന്ദ്രൻ രചിച്ച "റെഡ് സല്യൂട്ട്" എന്ന വിപ്ലവഗാനം ഉൾപ്പെടെ നിരവധി ഗാനങ്ങൾ ആയിരക്കണക്കിന് വേദികളിൽ പാടി ജനലക്ഷങ്ങളെ ആവേശത്തിലാഴ്ത്തിയ മേദിനി, നാടകരംഗത്തും സജീവമായിരുന്നു.
സഖാവ്‌ പി കൃഷ്‌ണപിള്ള
1933-ൽ ആലപ്പുഴയിലെ ചീരഞ്ചിറയിൽ കങ്കാളിയുടെയും പാപ്പിയുടെയും പന്ത്രണ്ട്‌ മക്കളിൽ ഇളയവളാണ്‌ പി കെ മേദിനി. ആലപ്പുഴയിലെ പ്രധാന നാടക സംഘത്തിന്റെ നേതാവും തിരക്കഥാകൃത്തുമായിരുന്ന പി കെ ശാരംഗപാണിയുടെ സഹോദരി. മറ്റൊരു സഹോദരൻ പി കെ ബാവ തിരുവിതാംകൂർ കയർ തൊഴിലാളി യൂണിയൻ നേതാവായിരിക്കെ 1938ൽ ജയിൽ മർദനത്തെതുടർന്ന് രോഗബാധിതനായി മരിച്ചു. സ്കൂൾ ഫീസ് അടയ്‌ക്കാനാകാത്തതിനാൽ മേദിനിക്ക്‌ ആറാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. എട്ടാം വയസ്സിലാണ്‌ ആദ്യമായി ഒരു പൊതുയോഗത്തിൽ പാടിയത്, കുട്ടനാട്ടിലെ കർഷകത്തൊഴിലാളി യൂണിയന്റെ വാർഷിക പരിപാടിയിൽ. അയൽവീട്ടിൽ ഒളിവിൽ കഴിഞ്ഞയാൾ ഒരുദിവസം ഒരു പുസ്‌തകക്കെട്ട്‌ മറ്റൊരാൾക്ക്‌ നൽകാൻ ഏൽപ്പിച്ചു. പത്തുവയസ്സുകാരി മേദിനി അത്‌ സന്തോഷത്തോടെ നിർവഹിച്ചു. ഒരാഴ്ചയ്ക്കുശേഷം അയൽക്കാരന്റെ വീട്ടിലുണ്ടായിരുന്നയാൾ പാമ്പുകടിയേറ്റ് മരിച്ചു. അത്‌ സഖാവ്‌ പി കൃഷ്ണപിള്ളയായിരുന്നു. അതേക്കുറിച്ച്‌ ഓർക്കുമ്പോൾ മേദിനിയുടെ കണ്ണുകളിലെ സന്തോഷം മായുന്നു. നവോത്ഥാന പ്രസ്ഥാന പ്രവർത്തകയായിരുന്ന കാളിക്കുട്ടി ആശാട്ടി, പുന്നപ്ര -വയലാർ സമരത്തിൽ ജയിൽവാസം അനുഭവിച്ച തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ നേതാവ് കെ മീനാക്ഷി, 11 മാസം ഒളിവുജീവിതവും പിന്നെ ലോക്കപ്പിലും കിടക്കേണ്ടി വന്ന വിപ്ലവഗായിക എ കെ അനസൂയ എന്നിവരായിരുന്നു മേദിനിയെ പൊതുപ്രവർത്തനരംഗത്തേക്ക് കൊണ്ടുവന്നത്‌.
ഒളിവ് ജീവിതം
കമ്യൂണിസ്റ്റ് പാർടിക്ക് നിരോധനം കൽപ്പിച്ച 1940-കളുടെ അന്ത്യത്തിൽ പട്ടാളത്തിന്റെ ആക്രമണത്തിൽ മേദിനിയുടെ വീട് തകർന്നു. സഹോദരൻ ബാവയെ ഇരുട്ടറയിലാക്കി. കളർക്കോട്, തുറവൂർ പ്രദേശങ്ങളിലെ ഒളിവുജീവിതകാലത്ത് ഷർട്ടും മുണ്ടുമുടുത്ത് നീളമുള്ള മുടി കെട്ടിവച്ച്, ആൺ വേഷത്തിലാണ് മേദിനി  കഴിഞ്ഞത്. രാത്രിയിൽ രഹസ്യമായി കുളത്തിൽ കുളിക്കും. കുളിച്ചശേഷം  മുടിയുണക്കാനായി നിന്നത് ഒരാൾ കണ്ട് വിവരം നാട്ടിൽ ചർച്ചയായി. പിന്നീട് കൊച്ചിയിലെ ഇടപ്പള്ളിയിൽ ചേച്ചി വസുമതിയുടെ വീട്ടിൽ കുറച്ചു നാൾ ഒളിവുജീവിതം. പാർടി നിരോധനം പിൻവലിച്ചതിനുശേഷം വീണ്ടും അവർ തിരിച്ചെത്തി.
1948-ൽ കോട്ടയം തിരുനക്കര മൈതാനിയിൽവച്ച് മേദിനിയെ അറസ്റ്റ് ചെയ്തു. അന്ന് 15 വയസ്സുണ്ടായിരുന്ന മേദിനിയുടെ പേരിൽ ചുമത്തിയ കുറ്റം, നിരോധിക്കപ്പെട്ട വിപ്ലവഗാനങ്ങൾ പാടി എന്നതായിരുന്നു. തിരുനക്കരയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനു മുന്നിൽ വച്ച് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രനെ അനുസ്മരിക്കുന്ന ഒരു ഗാനം ആലപിച്ചതിനാണ് അറസ്റ്റിലായത്.
"പൊലിഞ്ഞു നീചരാൽ
നിൻ ജീവിതം ഹാ
ധീര യോദ്ധാവേ’
എന്ന ആ വിപ്ലവ ഗാനം വൈക്കം ചന്ദ്രശേഖരൻ നായരാണ് രചിച്ചത്‌.
നാടകം
തകഴി ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്ത "തൊഴിലാളി കലാസാംസ്കാരിക കേന്ദ്ര'ത്തിന്റെ പ്രവർത്തകരായിരുന്നു മേദിനിയുടെ  സഹോദരങ്ങളായ ശാരംഗപാണിയും ബാവയും. ആ സംഘടന നിരോധിക്കപ്പെട്ടപ്പോഴാണ് "ജനാധിപത്യ കലാകേന്ദ്രം' തുടങ്ങിയത്.  ഉണ്ണിയാർച്ച, കണ്ണപ്പനുണ്ണി, ആരോമലുണ്ണി, മാനിഷാദ ഇങ്ങനെ നിരവധി സിനിമകളുടെ തിരക്കഥാകൃത്താണ് പി കെ ശാരംഗപാണി. 1950കളിൽ കമ്യൂണിസ്റ്റ് പാർടി നിരോധിച്ചിരുന്ന സമയത്ത് മേദിനിയും ശാരംഗ പാണിയും അടക്കമുള്ള കലാപ്രവർത്തകർ ചേർന്ന്‌ ഒരുപാട് നാടകങ്ങൾ നടത്തി. കായംകുളം പീപ്പിൾസ് തിയറ്റർ സാരഥി സി ജി ഗോപിനാഥിന്റെ നാടകങ്ങളിൽ മേദിനി അഭിനയിച്ചു. എറണാകുളം പ്രതിഭ ആർട്സ് ക്ലബ് അവതരിപ്പിച്ച പി ജെ ആന്റണിയുടെ "ഇൻക്വിലാബിന്റെ മക്കൾ' പി കെ മേദിനി അഭിനയിച്ച പ്രധാനപ്പെട്ട നാടകമാണ്. അതിലെ റോസി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുനൂറോളം വേദികളിൽ കെടാമംഗലം സദാനന്ദനോടൊത്ത് "സന്ദേശം" എന്ന നാടകത്തിലും പി ജെ ആന്റണിയോടൊപ്പം "ഇങ്ക്വിലാബിന്റെ മക്ക’ളിലും വേഷമിട്ടു.
സിനിമ
അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത "വസന്തത്തിന്റെ കനൽ വഴികൾ' എന്ന സിനിമയിൽ 81-ാം വയസ്സിൽ നായികാവേഷം ചെയ്‌തു. ആ സിനിമയിലെ സംഗീതസംവിധായികയും പിന്നണി ഗായികയും പി കെ മേദിനിയാണ്‌. ഈ സിനിമയിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട ‘വീരവണക്കം’ എന്ന തമിഴ് സിനിമ ഉടൻ തിയറ്ററുകളിലേക്കെത്തും. അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമുദ്രക്കനിയും ഭരതുമൊക്കെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി കെ മേദിനിയുടെ ചെറുപ്പകാലം സുരഭി ലക്ഷ്മിയാണ് അഭിനയിക്കുന്നത്. വസന്തത്തിന്റെ കനൽ വഴികൾ എന്ന ചിത്രത്തിലെ ചില ഭാഗങ്ങൾ ഈ സിനിമയിൽ ഫ്ലാഷ് ബാക്കായി കാണിക്കുന്നുമുണ്ട്. 97 വയസ്സുള്ള ചിരുത എന്ന വിപ്ലവ ഗായികയായി പി കെ മേദിനിയും അഭിനയിക്കുന്നു.
തൃശൂർ സമത പ്രസിദ്ധീകരിച്ച് ഡോ. ടി ഗീനാകുമാരി എഴുതിയ വിപ്ലവ വഴിയിലെ വാനമ്പാടി എന്ന പുസ്തകം പി കെ മേദിനിയെക്കുറിച്ചാണ്. ഒ എൻ വി കുറുപ്പാണ് അവതാരിക. മേദിനി എന്ന പടപ്പാട്ടുകാരി ധീരമായി സഞ്ചരിച്ച പോരാട്ടവീഥികളെ അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
തൊണ്ണൂറ്റിരണ്ടാം വയസ്സിലും ആ ശബ്ദം പതറുന്നില്ല. ജന്മിമാരുടെയും മുതലാളിമാരുടെയും കൈവശമായിരുന്ന വോട്ടവകാശം സാധാരണക്കാരിലേക്കെത്തിക്കാൻ അവർ നടത്തിയ പോരാട്ടങ്ങളും അതിനായി അനുഭവിച്ച ജയിൽവാസവുമെല്ലാം പറയുമ്പോൾ വാക്കുകളിൽ വീര്യം നിറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home