സാവിത്രി ഫൂലെ വിടപറഞ്ഞിട്ട് 128 വര്‍ഷം

സാവിത്രി ഫൂലെ: ഇന്ത്യന്‍ ഫെമിനിസത്തിന്‍റെ പ്രയോക്താവ്

savitri
avatar
രാജേഷ് കെ എരുമേലി

Published on Mar 10, 2025, 03:58 PM | 3 min read

ത്തൊമ്പതാം നൂറ്റാണ്ട് ലോകത്തെന്നപോലെ ഇന്ത്യയിലും വലിയ മാറ്റങ്ങളുടെ കാലമായിരുന്നു. പുതിയ ചിന്തയുടെയും ഉണര്‍വിന്‍റെയും ഭാഗമായി നവോത്ഥാന പ്രസ്ഥാനങ്ങളും അത്തരം ചിന്താധാരകളും സജീവമായി. ബംഗാളില്‍ രാജാറാം മോഹന്‍റോയിയും കേരളത്തില്‍ നാരായണഗുരുവും അയ്യന്‍കാളിയും പൊയ്കയില്‍ കുമാരഗുരുവും നവ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ മഹാരാഷ്ട്രയില്‍ ജ്യോതിറാവു ഫൂലെയാണ് പുരോഗമന ചിന്താധാരക്ക് തുടക്കമിടുന്നത്. ഒരു പ്രസ്ഥാനം തന്നെ അദ്ദേഹം ആരംഭിച്ചു.


അതിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഇന്ത്യന്‍ ഫെമിനിസത്തിന്‍റെ മാതാവ് എന്നു വിളിക്കുന്ന സാവിത്രി ഫൂലെ. 2020 മാര്‍ച്ച് പത്തിന് സാവിത്രി ഫൂലെ വിടപറഞ്ഞിട്ട് 128 വര്‍ഷം തികഞ്ഞു. പൊതുസമൂഹത്തില്‍നിന്നും ബഹിഷ്കൃതരാക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കും സ്ത്രീ കള്‍ക്കും പ്രത്യേകിച്ച് ദലിത് വനിതകള്‍ക്ക് വഴികാട്ടിയായ നവോത്ഥാന നക്ഷത്രമാണ് സാവിത്രി ഫൂലെ. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ദീര്‍ഘദൃഷ്ടിയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സാവിത്രി ഫൂലെ നടപ്പാക്കിയത്. ഇന്ത്യന്‍ നവോത്ഥാന ചരിത്രം എന്നാല്‍ സാവിത്രിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടില്ല. സാവിത്രി ഫൂലെയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ് ഉയരാന്‍ കാരണമായി. ഇന്ത്യയിലെ ആദ്യത്തെ വനിതാ ടീച്ചറെന്ന് സാവിത്രി ഫൂലെയെ വിളിക്കുന്നത് അതുകൊണ്ടാണ്. ഉയര്‍ന്ന സമുദായത്തിലുള്ളവര്‍ നടത്തിയിരുന്ന സ്കൂളുകളില്‍ അക്കാലത്ത് അധസ്ഥിത സമൂഹത്തിലെ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചരുന്നില്ല. മാത്രമല്ല ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടും അവര്‍ക്ക് വിരോധവുമായിരുന്നു. ഇത്തരം തീഷ്ണമായ ജീവിതാനുഭവങ്ങളാണ് സാമൂഹിക മാറ്റത്തിന്‍റെ പ്രക്രീയയിലേയ്ക്ക് സാവിത്രിയെ നയിച്ചത്.


മഹാരാഷ്ട്രയിലെ നവോത്ഥാന ചരിത്രം പരിശോധിച്ചാല്‍ ഫൂലെയെയും സാവിത്രി ഫൂലെയെയും വേറിട്ടു നിര്‍ത്തി പഠിക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും പഠിക്കാവുന്ന സ്കൂള്‍ എന്ന സങ്കല്‍പ്പത്തിലാണ് ഇരുവരും സ്കൂള്‍ സ്ഥാപിക്കുന്നത്. ഫൂലെയുടെ നേതൃത്വത്തില്‍ ആരംഭിച്ച സത്യശോധക് സമാജ് എന്ന പ്രസ്ഥാനമാണ് ഇത്തരം പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സമഗ്രമായ സാമൂഹിക മാറ്റം ലക്ഷ്യംവെച്ച് ആരംഭിച്ച പ്രസ്ഥാനത്തിന്‍റെ മുന്‍നിരയില്‍ ധൈര്യത്തോടെ മുന്നേറാന്‍ സാവിത്രി ഫൂലെക്ക് കഴിഞ്ഞു. ഇന്ത്യയിലെ എല്ലാത്തരം മുന്നേറ്റങ്ങളിലും സ്ത്രീകളുടെ പങ്ക് വളരെ പ്രധാനമാണ്. സ്വാതന്ത്ര്യ സമരത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ആദിവാസി വിഭാഗത്തിലെ സാന്താള്‍ സ്ത്രീകളുടേതുള്‍പ്പെടെയുള്ള ചെറുത്തുനില്‍പ് കണ്ടെത്താന്‍ കഴിയും. ഇന്ത്യന്‍ നവോത്ഥാന ചരിത്രത്തിലെ സ്ത്രീ മുന്നേറ്റങ്ങളെക്കുറിച്ചും കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല.


1853ല്‍ ഇരുവരും ചേര്‍ന്ന് വിദ്യാഭ്യാസ സൊസൈറ്റി രൂപീകരിച്ചു. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസം ലക്ഷ്യമാക്കിയാണ് സൊസൈറ്റി രൂപീകരിച്ചത്. സ്ഥാപനത്തിനു ചുറ്റുമുള്ള വില്ലേജിലെ എല്ലാവരും ഇവിടെ വന്നു പഠനം ആരംഭിച്ചു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കായി സാവിത്രിയുടെ നേതൃത്വത്തില്‍ ഒരു അഭയകേന്ദ്രം 1854ല്‍ ആരംഭിച്ചത് ഒരു ചരിത്ര സംഭവമായിരുന്നു. അനാഥരാക്കപ്പെട്ട സ്ത്രീകളെല്ലാം ഇവിടേയ്ക്ക് വന്നുകൊണ്ടോയിരുന്നു. എല്ലാ വിഭാഗം സ്ത്രീകളും ഇവിടെ സുരക്ഷിതരായി ജീവിച്ചു. ഇവരുടെ ദൈനന്തിന കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം നിരവധി സ്ത്രീകളെ വിവാഹം കഴിച്ച് അയപ്പിക്കുന്നതിനും സാവിത്രി ഫൂലെ നേതൃത്വം നല്‍കി. സ്ത്രീകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിന്‍റെ ഭാഗമായി അവരെ വിദ്യ അഭ്യസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സാവിത്രി ഫൂലെ നടപ്പാക്കിയത്. അതിനായി ആരംഭിച്ച സ്കൂളില്‍ വ്യത്യസ്തമായ അദ്ധ്യാപന രീതി നടപ്പാക്കാനും അവര്‍ക്ക് കഴിഞ്ഞു. ആശയം പ്രസംഗിക്കുക മാത്രമല്ല പ്രവൃത്തിയിലൂടെ തെളിയിക്കേണ്ടതാണ് എന്ന തിരിച്ചറിവ് സാവിത്രിക്കുണ്ടായിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായി പുതിയ കാഴ്ചപ്പാടുകള്‍ അവതരപ്പിച്ചതിനാലാണ് ഇന്ത്യന്‍ ഫെമിനിസത്തിന്‍റെ മാതാവ് എന്ന് സാവിത്രി ഫൂലെയെ വിളിക്കുന്നത്. സാവിത്രിയുടെ സാമൂഹിക പ്രവര്‍ത്തനത്തിനു വലിയ എതിപ്പാണ് അക്കാലത്ത് നേരിടേണ്ടി വന്നത്.


മഹാരാഷ്ട്രയിലെ ചെറിയ ഗ്രാമമായ നൈഗോണില്‍ 1831 ജനുവരി മൂന്നിനാണ് സാവിത്രി ഭായി ജ്യോതി റാവു ഫൂലെയെന്ന സാവിത്രി ഫൂലെ ജനിച്ചത്. വളരെ ചെറുപ്പത്തില്‍തന്നെ അറിവ് സമ്പാദിക്കാനുള്ള അഗാധമായ ആഗ്രഹം സാവിത്രി ഫൂലെയ്ക്കുണ്ടായിരുന്നു. 1840ലാണ് ഫൂലെയെ വിവാഹം കഴിക്കുന്നത്. ഇത് ഇരുവരുടെയും സാംസ്കാരിക സാമൂഹിക പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. ഒരു ക്രിസ്ത്യന്‍ മിഷനറി എഴുതിയ പുസ്തകം തന്‍റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഉല്‍സാഹം നല്‍കുകയായിരുന്നു. ഫൂലെയുടെ നവ ചിന്തകള്‍ വായിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തത് സാവിത്രി ഫൂലെയായിരുന്നു. ടീച്ചറാകാനുള്ള യോഗ്യത നേടിയ സാവിത്രി ഫൂലെ അതിനെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള സേവനമാക്കി മാറ്റി. സ്ത്രീകളുടെ വിദ്യാഭ്യാസവും അവരുടെ സാമൂഹിക ഉന്നമനവും സാമൂഹിക മാറ്റത്തില്‍ പ്രധാനമാണെന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങള്‍ തിരിച്ചറിയുന്നതുതന്നെ ഇവരുടെ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു.


പൊതു കിണറില്‍നിന്ന് വെള്ളമെടുക്കുന്നത് എല്ലാ മനുഷ്യരുടെയും അവകാശമാണെന്നും അത് നേടിയെടുക്കാന്‍ എല്ലാവരും ഒത്തുചേരണമെന്ന ആഹ്വാനവുമായി മഹാരാഷ്ട്രയില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചതിന്‍റെ നേതൃനിരയില്‍ നില്‍ക്കാന്‍ സാവിത്രി ഫൂലെയ്ക്ക് കഴിഞ്ഞു. തന്റെ ജീവിതകാലം മുഴുവന്‍ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ് സാവിത്രി നടത്തിയത്. ഒപ്പം മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. 1897 മാര്‍ച്ച് പത്തിന് ലോകത്തോടു വിട പറയുമ്പോള്‍ നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ ആ പേര് സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home