സ്വപ്‌നങ്ങളെ നൃത്തം ചെയ്യാൻ പഠിപ്പിച്ചൊരാൾ

rejani
avatar
ജിഷ അഭിനയ

Published on Mar 23, 2025, 08:13 AM | 3 min read

ആകാശംമുട്ടെ ഉയർന്നു പറക്കണം, ഒരു പക്ഷിയെന്നോണം. പിന്നെയീ ഭൂമിയിൽ നൃത്തം ചെയ്യണം. ഒരു കുഞ്ഞിനെ കണക്കേ നൃത്തം, എല്ലാം മറന്ന നൃത്തം. കണ്ണൂർ ധർമടം സ്വദേശി രജനി മേലൂർ നാടക അരങ്ങിൽ തിളങ്ങി നിൽക്കേയാണ്‌ പൊടുന്നനേയുണ്ടായ വാഹനാപകടം. വലതുകാൽ മുറിച്ചുമാറ്റിയെങ്കിലും കൃത്രിമ കാൽവച്ച്‌ അഭിനയിച്ചത്‌ മൂവായിരത്തിലേറെ നാടകങ്ങൾ. ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണ്‌ രജനി. എന്നാൽ, അടുത്തിടെ വന്ന സ്‌ട്രോക്കിൽ വലതുകൈയും കാലും തളർന്നു. മാനസികമായി ഏറെ തകർന്നുപോയ ദിനങ്ങൾ. ഒരു കാൽ അടർത്തി മാറ്റിയപ്പോഴും തളരാതെ പിടിച്ചുനിന്നു. എന്നാലിപ്പോൾമാത്രം മനസ്സ്‌ വല്ലാതെയിടറുന്നു.

ദുരന്തദിനം

1994 ഡിസംബർ 23നാണ്‌ എല്ലാ സ്വപ്‌നങ്ങളും തച്ചുടച്ച അപകടം. വടകര വരദയുടെ ‘ഇരുട്ടിന്റെ ആത്മാവ്’ നാടകം കളിക്കാൻ പോവുകയായിരുന്നു. എം ടി വാസുദേവൻ നായരുടെ കഥയ്‌ക്ക്‌ പുരുഷൻ കടലുണ്ടി രംഗാവിഷ്‌കാരം ഒരുക്കിയ നാടകത്തിൽ നാണിയെന്ന കുശുമ്പുകാരിയെയാണ്‌ അവതരിപ്പിച്ചിരുന്നത്‌. പയ്യന്നൂരിലെ നാടകം കഴിഞ്ഞ് അടുത്ത ദിവസം പേരാമ്പ്രയിൽ എത്തണം. ഇതിനിടെ ഒരു ദിവസം വീട്ടിൽ ചെലവഴിക്കാമല്ലോയെന്ന്‌ കരുതി നാടകവണ്ടിയിൽ നിന്നിറങ്ങി മേലൂരിലെ വീട്ടിലേക്ക് പോയി. പിറ്റേ ദിവസം പേരാമ്പ്രയ്‌ക്ക് പോകാൻ ബസ്‌ കയറി. പൊടുന്നനേ ബസിലേക്ക് ലോറി പാഞ്ഞു കയറി. മാഹിക്ക് സമീപം കുഞ്ഞിപ്പള്ളിയിലായിരുന്നു അപകടം. നിരവധിപേർക്ക്‌ പരിക്കേറ്റു. രജനിയുടെ കാൽ അറ്റ് തൂങ്ങി. ആരൊക്കെയോ ചേർന്ന്‌ ആശുപത്രിയിലെത്തിച്ചു. ഒരു ആഴ്‌ചയ്‌ക്കുശേഷം ഡോക്‌ടർ രാമചന്ദ്രൻ പറഞ്ഞു, കാൽ മുറിച്ചുമാറ്റണമെന്ന്‌. പഴുപ്പ്‌ വ്യാപിച്ചിട്ടുണ്ട്‌. എട്ടാം ദിവസം വലതു കാൽമുട്ടിന്‌ താഴേക്ക്‌ മുറിച്ചുമാറ്റി. 52 ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു.

കാലില്ലാതെ നടക്കേണ്ടി വന്ന ആ ദിനങ്ങൾ. പിന്നീട്‌ ക്രച്ചസ്‌ ഉപയോഗിച്ചു തുടങ്ങി. 1995ലാണ്‌ കൃത്രിമ കാൽവച്ചത്‌. എന്നാൽ, പഴുപ്പ്‌ ബാധിച്ച്‌ കാലിൽ വലിയ മുറിവായി. വീണ്ടും ചികിത്സയുടെ ദിനങ്ങൾ. അപ്പോഴും മനസ്സിൽ നാടകം മാത്രമായിരുന്നു. വീണ്ടും അഭിനയരംഗത്തേക്ക്‌ വരണമെന്ന മോഹംകൊണ്ട്‌ നാടകസമിതിയെ സമീപിച്ചു. കഠിനമായി റിഹേഴ്‌സൽ നടത്തി, ഒരുക്കങ്ങൾ പൂർത്തിയാക്കിയെങ്കിലും പിന്നീട്‌ അവർക്ക്‌ എന്തോ താൽപ്പര്യമില്ലെന്ന്‌ തോന്നി. ഏറെ വേദനയോടെ അവിടെ നിന്നിറങ്ങി. അരങ്ങെന്ന സ്വപ്‌നത്തെയാണവർ തച്ചുടച്ചത്‌. വാശിയോടെ വീണ്ടും മറ്റൊരു സമിതിയിൽ എത്തി. വടകര സ്നേഹയുടെ ‘സഹജൻ’ എന്ന നാടകത്തിൽ അമ്മയായി അഭിനയിച്ചു. മണിക്കൂറുകൾ നിന്നുകൊണ്ട്‌ അഭിനയിക്കുമ്പോൾ വേദന. തളരാതെ പിടിച്ചുനിന്നു. ചിലപ്പോൾ കാൽ മുറിഞ്ഞ്‌ ചോര വരും. പിന്നെ ഇടയ്‌ക്കെല്ലാം പനി വരും. പക്ഷേ, അതൊന്നും മനസ്സിനെ ബാധിക്കില്ല. ഇത്‌ എന്റെ അന്നവും സ്വപ്‌നവുമാണ്‌. അരങ്ങ്‌, അരങ്ങ്‌മാത്രം.


rejani

2020 ‘പറയിപെറ്റ പന്തിരുകുലം’ നാടകം കളിക്കുന്ന സമയത്തായിരുന്നു കോവിഡ് പടർന്നത്‌. അക്കാലത്ത് ജീവിതം വളരെ പ്രയാസമായിരുന്നു. പിന്നെയും നാടകത്തിലെത്തി. നിഷ്കളങ്കൻ, മൂക നർത്തകൻ, സ്വന്തം സ്നേഹിതൻ, കരിങ്കുരങ്ങ്, കടത്തനാട്ടമ്മ, പാവം മനുഷ്യൻ തുടങ്ങി നിരവധി നാടകങ്ങളിൽ അഭിനയിച്ചു. 2023ൽ കോഴിക്കോട്‌ രംഗമിത്രയുടെ ‘പണ്ട്‌ രണ്ട്‌ കൂട്ടുകാരികൾ’ ആണ്‌ അവസാനമായി അഭിനയിച്ച നാടകം. ട്രെയിനിൽനിന്ന്‌ വീണ്‌ പരിക്കേറ്റിട്ടും നാടകം കളിക്കാൻ പോയി. മറ്റൊരിക്കൽ അച്‌ഛൻ കെ ആർ ദാമുവിന്റെ മൃതദേഹം ചിതയിലേക്ക്‌ എടുത്തയുടൻ പോയത്‌ നാടകം കളിക്കാനായിരുന്നു. അങ്ങനെ എത്രയെത്ര നാടക ഓർമകൾ.

പുരസ്‌കാരങ്ങൾ

2007ൽ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചു. അശോകൻ കതിരൂർ സ്‌മാരക പുരസ്‌കാരം, ചെന്നൈ മലയാളി മഹിളാ അസോസിയേഷന്റെ കാവാലം സ്‌മാരക നാടക പുരസ്‌കാരം എന്നിങ്ങനെ ഒട്ടേറെ അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2020ൽ സമഗ്ര സംഭാവനയ്ക്കായി കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. നാടകത്തിൽ അഭിനയിച്ചു കിട്ടിയ പണംകൊണ്ട് സ്വന്തമായി ഒരു വീട് വച്ചു. അതാണ്‌ ഏക സമ്പാദ്യവും.

ഒരു വർഷം മുമ്പ് സ്ട്രോക്ക് വന്നു തീരെ വയ്യാതായി. വലതു കൈയും കാലും തളർന്നു. ഇപ്പോൾ ചെറിയ മാറ്റം വന്നുതുടങ്ങി. ഒരു നടിക്ക്‌ ശരീരവും ശബ്‌ദവുമില്ലെങ്കിൽ പിന്നെന്തിനാകും. ആ ചിന്തയിൽ വല്ലാതെ തകർന്നു. പക്ഷേ, ഇപ്പോൾ വന്ന മാറ്റം പ്രതീക്ഷ നൽകുന്നതാണ്‌.

അരങ്ങിലേക്ക്‌

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ നാടകത്തിൽ എത്തിച്ചത് സഹോദരൻ രമേശനാണ്. പാലയാട് കൈരളി തിയറ്റേഴ്സിന്റെ ‘കണ്ണുനീർ മുത്തുകളിലൂടെ’യാണ്‌ തുടക്കം. പിന്നെയും നാടകങ്ങളിൽ അഭിനയിച്ചു. തുടർന്ന്‌ സുകുമാരനുമായുള്ള വിവാഹം.

40 വർഷത്തിലേറെയായി അമേച്വർ–-പ്രൊഫഷണൽ നാടകരംഗത്ത്‌ പ്രവർത്തിക്കുന്നു. വയ്യാതായ ഒരു ഘട്ടത്തിൽ ഇനി നാടകമൊന്നും കഴിയില്ലെന്ന് തോന്നിയിരുന്നു. പക്ഷേ, എന്നും നാടകം തന്നെയായിരുന്നു മനസ്സിൽ. പാർടി പ്രവർത്തകർ ജോലി നൽകാമെന്ന് അറിയിച്ചെങ്കിലും നാടകത്തോടുള്ള ഇഷ്ടംകൊണ്ട് മറ്റു ജോലികൾ ഉപേക്ഷിച്ചു. പരസഹായം ഇല്ലാതെ ഓരോ വേദിയിലും ഓടിനടന്ന്‌ അഭിനയിച്ചു. സെപ്തംബറിൽ കാലില്ലാതായിട്ട് 30 വർഷമാകും. ഭർത്താവും സുഖമില്ലാത്തയാളാണ്‌. മകൾ ഹർഷ വിവാഹിതയാണ്‌.

‘ഇത്രയും സഹിച്ചില്ലേ... ഇനിയും ഇതെല്ലാം മറികടക്കാനാകുമെന്നേ... അല്ലാതെന്ത്‌...’ സ്വപ്‌നങ്ങളും പ്രതീക്ഷകളും അവിടൊരരങ്ങ്‌ കൂട്ടുമ്പോൾ രജനി മെല്ലെ ചിരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home