ആ പെരുമഴയിൽ നനയാതെ

ജിഷ അഭിനയ
Published on Jan 11, 2025, 11:06 PM | 3 min read
‘സങ്കടപ്പെരുമഴയിലാണ്. കൺനിറയെ കണ്ണീർ കുതിർന്ന് നിൽക്കുമ്പോഴും വീഴാതെ എന്നും കാത്തുവയ്‌ക്കുന്നത് അരങ്ങിലെ ഓർമകൾ. നമ്മൾ നാടകക്കാർ അരങ്ങിലെ കാൽവയ്‌പിനെക്കുറിച്ച് എപ്പോഴും ഓർക്കും, പറയും. പക്ഷേ, ഞാൻ ഇപ്പോൾ ഏറെ ഭയക്കുന്നത് എന്റെ കാലുകളെയാണ്. അങ്ങനെയൊന്ന് ഉണ്ടോയെന്നുപോലും തോന്നാത്തവിധം മരവിച്ച അവസ്ഥ. 18 കീമോതെറാപ്പി, 20 റേഡിയേഷൻ എന്നിവയുടെ സമ്മാനം.’ കണ്ണൂർ ഇരിട്ടി വീർപ്പാട് സ്വദേശിനി നന്ദിനി ശിവൻ (72) എന്ന നടി ബ്രസ്റ്റ് ക്യാൻസർ ചികിത്സയുടെ ദുരിതദിനങ്ങൾ തള്ളിനീക്കുകയാണ്. ആരെങ്കിലും സഹായവുമായെത്തുമെന്ന പ്രതീക്ഷയിലാണ് അവർ.
അരങ്ങിലേക്ക്
ഒമ്പതാം വയസ്സിൽ നാടകങ്ങളിൽ ബാലനടിയായാണ് തുടക്കം. കുട്ടിക്കാലംമുതൽ പാട്ടിലും അഭിനയത്തിലുമൊക്കെ വലിയ ഇഷ്‌ടമായിരുന്നു. അച്ഛന് ആശാരിപ്പണിയും അമ്മയ്‌ക്ക് വീട്ടുപണിയുമായിരുന്നു. ഞങ്ങൾ പത്തുമക്കളാണ്. സഹോദരങ്ങൾക്ക് നാടകത്തോട് താൽപ്പര്യമുണ്ട്. അവർ പോകുമ്പോൾ ഒപ്പം കൊണ്ടുപോകും. വായനശാലയിൽനിന്ന് ഏതെങ്കിലും നാടകപുസ്‌തകം കൊണ്ടുവരും. എല്ലാവരും കൂട്ടം ചേർന്നിരുന്ന് വായിക്കും. പിന്നെ അഭിനയിക്കും. ഓണത്തിനും ക്രിസ്‌മസിനുമൊക്കെയാണ് പ്രധാന പരിപാടികൾ. അക്കൂട്ടത്തിൽ എല്ലാവരും പറഞ്ഞു നന്ദിനിക്ക് മറ്റുള്ളവരെ അനുകരിക്കാൻ കഴിവുണ്ടെന്ന്. അങ്ങനെയാണ് നാടകത്തിലേക്കു വഴിതെളിഞ്ഞത്. സഹോദരന് കൂലിപ്പണിയാണെങ്കിലും ആ പൈസകൊണ്ട് കഥാപ്രസംഗം പഠിക്കാൻ വിടുമായിരുന്നു. നാട്ടിലെ മിക്ക പരിപാടികളിലും എന്റെ കഥാപ്രസംഗം ഉറപ്പായിരുന്നു.
കുഞ്ഞിപ്പെണ്ണിന്റെ വലിയ കഥ
‘ഒട്ടകവും സൂചിക്കുഴലും’ എന്ന നാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. 12 വയസ്സുമുതൽ മുതിർന്ന സ്‌ത്രീകഥാപാത്രങ്ങൾ അഭിനയിച്ചു. അക്കാലത്ത് നാടകനടിമാരെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണല്ലോ. സി എൽ ജോസിന്റെ നാടകങ്ങൾക്കായിരുന്നു വലിയ ഡിമാൻഡ്. അദ്ദേഹത്തിന്റെ ഭൂരിഭാഗം നാടകങ്ങളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. നാടകം കളിച്ചാൽ പൈസ കിട്ടുമെന്ന് എനിക്കറിയില്ലായിരുന്നു. പത്താം ക്ലാസ് വരെയേ പഠിക്കാനായുള്ളൂ. ആദ്യമായി കിട്ടിയ അഞ്ച് രൂപയാണ് പ്രതിഫലം. പിന്നെ നാടകം കളിച്ചതിന് സമ്മാനമായി ബ്ലൗസ് പീസ് വാങ്ങി തന്നിട്ടുണ്ട്. ‘കലയും ചങ്ങലയും’ എന്ന സി എൽ ജോസിന്റെ നാടകമായിരുന്നു അത്. ഒരു വായനശാല ഉദ്‌ഘാടനത്തിലെ നാടകാവതരണത്തിനായിരുന്നു ആ സമ്മാനം. അന്ന് കിട്ടുന്ന വലിയ സമ്മാനങ്ങൾ ഇതൊക്കെയാണ്. അന്നൊക്കെ നാടകത്തോടുള്ള ആവേശംകൊണ്ട് രണ്ടു മണിക്കൂർ മതി ഒരു സ്‌ക്രിപ്‌റ്റ് മുഴുവൻ കാണാതെ പഠിക്കും.
പോസ്റ്റ് കാർഡിലെ അവാർഡ്
1970, പീലാത്തോസ് എന്ന നാടകം. നെല്ലിക്കോട് ഭാസ്‌കരന്റെ വീട്ടിലാണ് റിഹേഴ്‌സൽ. ജയശങ്കർ ആയിരുന്നു രചന. സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടകമത്സരത്തിൽ ആ നാടകത്തിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. നാടകം കഴിഞ്ഞ് അന്ന് വീട്ടിൽ പോയ ഞാൻ പിറ്റേന്ന് പത്രത്തിൽ എന്റെ പേരുണ്ടെന്ന് വായനശാലയിലെ ആൾക്കാർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. എനിക്ക് സമ്മാനമുണ്ടെന്ന്. രണ്ടു ദിവസത്തിനകം ഒരു പോസ്റ്റ്‌കാർഡിൽ ജയശങ്കറിന്റെ കത്തുവന്നു. അവാർഡായി കിട്ടിയ ട്രോഫി നെല്ലിക്കോടിന്റെ വീട്ടിലുണ്ട്, പോയി എടുക്കു എന്ന്. അന്നെനിക്ക് 17 വയസ്സേയുള്ളൂ. എങ്ങനെ പോയി വാങ്ങാനാണ്. പിന്നീട് കാലങ്ങൾക്കുശേഷം എപ്പോഴോ കോഴിക്കോട് പോയപ്പോഴാണ് ആ ട്രോഫി വാങ്ങിയത്. പ്രാദേശികമായി നിരവധി അവാർഡുകൾ കിട്ടിയിട്ടുണ്ട്. പക്ഷേ, അന്നതൊന്നും സൂക്ഷിച്ച് വയ്‌ക്കാൻപോലും ഒരിടമില്ല. അവാർഡ് കിട്ടുന്ന ദിവസങ്ങളിൽ അത് വീടിന്റെ ഉമ്മറത്ത് വയ്‌ക്കും. പിന്നെ സൂക്ഷിക്കാനിടമില്ലാതെ തട്ടിയും മുട്ടിയും. ഇതിനിടയിൽ ഇരിട്ടിയിലേക്ക് താമസം മാറി. ശിവനുമായുള്ള വിവാഹം. അപ്പോഴും നാടകം തുടർന്നു.
ബി പി മൊയ്‌തീന്റെ കൂടെയും നാലോ അഞ്ചോ നാടകങ്ങളിൽ അഭിനയിച്ചു. മുക്കം കേരള കലാമന്ദിർ അവതരിപ്പിച്ച ‘ഡോക്ടർ’ എന്ന നാടകത്തിൽ സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഡോക്‌ടർ സിനിമ നാടകമായപ്പോൾ അന്ന് ജനങ്ങളെല്ലാം വലിയ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. അന്ന് മുക്കത്ത് വന്നുവേണം റിഹേഴ്‌സൽ ചെയ്യാൻ. പക്ഷേ, നാടകത്തോടുള്ള ഇഷ്‌ടംകൊണ്ട് ദൂരവും സമയവും ഒന്നും നോക്കില്ല. ചിലപ്പോൾ 12ഉം 15ഉം കിലോമീറ്റർവരെ നടന്നിട്ടുണ്ട്.
വടകര വരദ, കോഴിക്കോട് സഭ, കോഴിക്കോട് സൂര്യശ്രീ എന്നിങ്ങനെ നിരവധി സമിതികളിൽ അഭിനയിച്ചു.2017ലാണ് ബ്രസ്റ്റ് ക്യാൻസർ കണ്ടെത്തിയത്. ഒരെണ്ണം ഭാഗികമായി നീക്കം ചെയ്‌തു. ഇപ്പോഴും മരുന്ന് കഴിക്കണം. മരുന്നിനുതന്നെ വലിയ തുക മാസം വേണം. ഭർത്താവ് ശിവൻ ഹൃദയസംബന്ധമായ ചികിത്സയിലാണ്. സ്വന്തമായി ഒരു നല്ല വീട് വേണമെന്ന് വലിയ ആഗ്രഹമുണ്ട്. ബിന്ദു, ബിജു, ബീന, ബിനോയ് എന്നിങ്ങനെ നാല് മക്കൾ. ബിന്ദുവും ബീനയും അഭിനയിക്കും.
ചില സമയത്ത് ഉറക്കെ ഒന്നു കരയാൻ തോന്നും. കണ്ണുകളിലും ചിന്തകളിലും വേദന നിറയും. സങ്കടം ഒലിച്ചിറങ്ങും. ആരോടെങ്കിലുമൊക്കെ ഒന്നു മിണ്ടാൻ കൊതിതോന്നും. അകത്തും പുറത്തും ദുരിതങ്ങളുടെ പെരുമഴ കനത്തുപെയ്യുമ്പോൾ എന്തുചെയ്യാൻ.









0 comments