കള്ളിക്കാട്‌ ടു യുഎൻ

un
avatar
ജിഷ അഭിനയ

Published on May 25, 2025, 12:50 AM | 3 min read

‘ജീവിതത്തിൽ കേട്ടിരിക്കാൻ ഒരാളുണ്ടാവുക എന്നതാണ്‌ ഏറ്റവും വലിയ ഭാഗ്യം. അതില്ലെങ്കിൽ പിന്നെ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. സങ്കടങ്ങൾ തോരാമഴപോലെ പറഞ്ഞുകൊണ്ടേയിരിക്കുക. ഒരുവേള ഉത്തരം നൽകാനായില്ലെങ്കിലും കൂട്ടിനൊരാൾ കേൾക്കാനുണ്ടായാൽമാത്രം മതി.’ ഡി ഒ രാധാലക്ഷ്മി, തിരുവനന്തപുരം കള്ളിക്കാട് ഗ്രാമത്തിൽ ജനിച്ച്‌ പിൽക്കാലത്ത്‌ ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യയെ പ്രതിനിധാനംചെയ്‌ത്‌ നാടിന്‌ അഭിമാനമായവൾ. ചേർത്തുപിടിക്കുന്ന കരങ്ങൾക്ക്‌ താങ്ങും തണലുമേകി അവരെ ജീവിതത്തിലേക്ക്‌ കൂട്ടിക്കൊണ്ട്‌ വരുമ്പോൾ കിട്ടുന്ന ഒരു പുഞ്ചിരി. അതു മതി, ജീവിതം സാർഥകമാകാനെന്ന വിശ്വാസമാണ്‌ മുന്നോട്ട്‌ നയിക്കുന്നതെന്ന്‌ രാധാലക്ഷ്‌മി പറയുന്നു.


ആ ചരിത്ര മുഹൂർത്തം

ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SUSTAINABLE DEVELOPMENT GOALS) വിലയിരുത്തുന്ന, ഏഷ്യ- പസഫിക് രാജ്യങ്ങളിലെ സർക്കാരുകളുടെയും സിവിൽ സൊസൈറ്റികളുടെയും അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യയിൽനിന്ന്‌ പങ്കെടുത്തു. 2023ൽ ബാങ്കോക്കിൽ നടന്ന ആ പരിപാടി ജീവിതത്തിലെ അഭിമാനാർഹമായ മുഹൂർത്തമായി കാണുന്നെന്ന്‌ രാധാലക്ഷ്‌മി പറയുന്നു.


സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി വിലയിരുത്തിക്കൊണ്ടുള്ള ചർച്ചകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും പാർശ്വവൽക്കരിക്കപ്പെട്ട ഇതര സമൂഹങ്ങളുടെയും പ്രശ്നങ്ങൾ ഐക്യരാഷ്‌ട്രസംഘടനയിൽ അവതരിപ്പിക്കാനായി. പല വികസനസൂചികകളിലും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലുമൊക്കെ മുന്നിലായിരിക്കുമ്പോഴും ലിംഗസമത്വത്തിൽ നാം വളരെ പിറകിലാണ്. ഏഷ്യ പസഫിക്കിലെ 146 രാജ്യങ്ങളിൽ ലിംഗസമത്വത്തിൽ 127–-ാം സ്ഥാനമാണ് ഇന്ത്യക്ക്, കേരളത്തിന്റെ അവസ്ഥയിലും വലിയ വ്യത്യാസമൊന്നും ഇല്ല. ഇപ്പോഴും തുല്യത എന്നത്‌ ഉപരിപ്ലവമായി തോന്നാറുണ്ട് എനിക്ക്. പലപ്പോഴും, അധികാര സ്ഥാനങ്ങളിലല്ല അധികാരത്തെ നിയന്ത്രിക്കുന്ന ഇടങ്ങളിൽ ‘ഞങ്ങൾ’ ഉണ്ടാകേണ്ടതുണ്ട്. അങ്ങനെ ഒരു കാലം അതിവിദൂരമല്ല. നമ്മൾ ഓരോ ദിവസവും നവീകരിക്കപ്പെടുകയാണല്ലോ. മുമ്പേ സഞ്ചരിച്ചവർ പൊരുതി നേടിയതാണ് നമ്മൾ ഇന്ന് സുഖകരമായി അനുഭവിക്കുന്നത്‌. ഒട്ടനവധി പരാജയപ്പെട്ട സമരങ്ങളുടെയും കൂടിച്ചേരലുകളുടെയുംകൂടി ഭാഗമാണ് ‘നമ്മൾ’ എന്നത്‌.


കാലാവസ്ഥാ വ്യതിയാനംപോലും സ്ത്രീകളെ എത്രത്തോളം ബാധിക്കുന്നെന്നും പഠനാർഹമാണ്‌. പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിലെ സ്ത്രീകളെ ഉൾപ്പെടുത്തിയാണ് അത്തരത്തിൽ ഒരു പഠനം നടത്തിയത്‌. 2030 ആകുമ്പോഴേക്കും രാജ്യത്തെ കാർബൺ അളവ് എത്രത്തോളം ആകുമെന്നുള്ളതും ഇതിനോടനുബന്ധിച്ച്‌ പഠനവിഷയമാക്കേണ്ടതുണ്ട്‌.


അനുഭവങ്ങൾ, ആൾക്കൂട്ടങ്ങൾ

ഒരിക്കൽ ഒരു കസ്‌റ്റഡിമരണ കേസുണ്ടായി. ഇതറിഞ്ഞ അയാളുടെ ഭാര്യ ആത്മഹത്യക്ക്‌ മുതിർന്നു. തക്കസമയത്ത്‌ ഇടപെട്ട്‌ അവരെ ജീവിതത്തിലേക്ക്‌ മടക്കികൊണ്ടുവരാനായി. അതിനുശേഷം ആ സ്‌ത്രീ എന്നും സ്‌നേഹത്തോടെ ഫെബ്രുവരി 26ന് അവരുടെ മകളുടെ ജന്മദിനത്തിന്‌ വീട്ടിലേക്ക്‌ ക്ഷണിക്കും. വർഷങ്ങളോളം അതു തുടർന്നു. പിന്നീട്‌ ആ മകൾക്ക്‌ കുഞ്ഞ്‌ ജനിച്ചപ്പോൾ ആ പിറന്നാളിനും എന്നെ വിളിച്ചു. ഇങ്ങനെ സ്‌നേഹംകൊണ്ട്‌ മൂടുന്ന എത്രയോ പേർ എനിക്ക്‌ ചുറ്റും. ജീവിതത്തിലെ വലിയ സന്തോഷമായി, അംഗീകാരമായി ഇതിനെ കാണുന്നു.


മറ്റൊരിക്കൽ ഒരു കുഞ്ഞു പറഞ്ഞു, ‘എന്റെ പാവ പോയെന്ന്‌’. നാടും വീടും തകർന്ന്‌ കിടക്കുമ്പോഴും അവളെ സംബന്ധിച്ച ഏറ്റവും വലിയ ആധി ആ ‘പാവ’ നഷ്‌ടമായതായിരുന്നു. ആ സങ്കടം ഏറ്റെടുക്കാൻ അവിടെ ആരുമില്ലായിരുന്നു. പ്രകൃതി ദുരന്തത്തിൽ തന്റെ കളിപ്പാവ നഷ്‌ടമായ സങ്കടമാണ്‌ അവൾ പങ്കുവച്ചത്‌. ഉടൻതന്നെ ടോയ്‌സ്‌ കലക്‌ഷൻ ആരംഭിച്ച്‌ കുട്ടികൾക്ക്‌ വിതരണം ചെയ്യാൻ ആരംഭിച്ചു. അങ്ങനെയും ചില കുഞ്ഞു, വലിയ അനുഭവങ്ങൾ. കൊറോണയ്‌ക്കുശേഷം തൊഴിൽ നഷ്ടപ്പെട്ട സ്ത്രീകൾക്കായി പ്രവർത്തിച്ചു. അവർക്ക്‌ ചെറുതും വലുതുമായ നിരവധി ജോലികൾ നൽകാൻ പരിശ്രമിച്ചു. ആ ജോലിയിൽനിന്ന്‌ ശമ്പളം ലഭിക്കുമ്പോൾ അവർ നമ്മളെ വിളിക്കും. സ്‌നേഹം പങ്കിടും.


ഒരു ആദിവാസി ഗ്രാമത്തിൽ ലൈവ്‌ലിഹുഡ്‌ പ്രോജക്‌ടിന്റെ ഭാഗമായി ഞാൻ സംസാരിച്ചു. എന്നാൽ, മൂന്നാം ദിവസമായപ്പോഴേക്കും അവർ നമ്മളോട്‌ സംസാരിക്കുന്നത്‌ കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ്‌. ഓരോ ദിവസം കഴിയുന്തോറും അവർക്ക്‌ നമ്മളിലുള്ള വിശ്വാസം വർധിക്കും. അവർ കൂടുതൽ അവരെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടേയിരിക്കും. വികസനമെന്ന് പറഞ്ഞത് മറ്റാർക്കോ ഉള്ളതാണെന്ന തോന്നലാണ്‌ നമ്മെ കീഴടക്കിയിരിക്കുന്നത്‌. ബുദ്ധിയുടെയോ ശക്തിയുടെയോ അറിവിന്റെയോ അഭാവം കൊണ്ടല്ല ഇത് സംഭവിക്കുന്നത്. നിലനിൽക്കുന്ന സംവിധാനങ്ങളിൽനിന്ന് എത്രമാത്രം അകലെയാണ് അല്ലെങ്കിൽ ആ സംവിധാനങ്ങൾ എത്രമാത്രം ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതും ചിന്തിക്കേണ്ട കാര്യമാണ്.


പാഷനാണ് പ്രൊഫഷൻ

എന്താണ്‌ പാഷൻ എന്ന്‌ ചോദിച്ചാൽ എന്റെ പ്രൊഫഷൻതന്നെയാണെന്ന്‌ ഉറപ്പിച്ച്‌ പറയാം. അത്രമേൽ ജനങ്ങളുമായി ഇടപെട്ട്‌ നിൽക്കുന്നു. അവരുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനും അവരിലൊരാളായി മാറാനും ശ്രമിക്കുന്നു. സെറാ ഫൗണ്ടേഷൻ എന്ന പേരിൽ ഇപ്പോൾ സംഘടന പ്രവർത്തിപ്പിക്കുന്നു. 20 വർഷമായി സാമൂഹ്യസേവനരംഗത്ത്‌ പ്രവർത്തിക്കുന്നു. 2006–- 2009വരെ പ്രിവന്റിങ്‌ ടോർച്ചർ ഇൻ ഇന്ത്യ (Preventing Torture in India) എന്ന പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിച്ചു. തുടർന്ന് റൈറ്റ്‌സ്‌ ( RIGHTS) എന്ന ഓർഗനൈസേഷന്റെ ഭാഗമായി. പതിനൊന്ന്‌ വർഷമായി എൻസിഡിഎച്ച്‌ആർ (NCDHR _ national campain on dalit human rights) ന്റെ ഭാഗമായി പല പ്രോജക്ടുകൾ ചെയ്യുന്നു. ഡിസാസ്റ്റർ റിസ്ക് റിഡക്‌ഷനിൽ (ഡിആർആർ) പഠനം നടത്തുന്നു. ദുരന്തസമയങ്ങളിൽ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുക എന്നതും മറ്റൊരു ലക്ഷ്യമാണ്‌. ഇതിനായി നിരന്തരം പ്രവർത്തിക്കുന്നു.


സാമ്പത്തിക സാമൂഹ്യ അവകാശങ്ങളിൽ ഇടപെട്ട്‌ നിരീക്ഷിക്കുന്നുണ്ട്‌. 14 ജില്ലയിലും ഇതിൽ പ്രവർത്തനമുണ്ട്. സ്ത്രീകളുടെ അവകാശം, വിദ്യാഭ്യാസം, ആരോഗ്യം, ആദിവാസി, മത്സ്യത്തൊഴിലാളി സ്ത്രീകളുടെ പ്രശ്‌നങ്ങൾ എന്നിവയും പഠനവിധേയമാക്കാറുണ്ട്‌. അതിക്രമങ്ങൾക്കിരയാകുന്ന സ്‌ത്രീകൾക്ക്‌ ആവശ്യമായ നിയമസഹായം നൽകുന്നു. അവർക്ക്‌ നിയമസഹായത്തോടൊപ്പം മാനസികമായ പിന്തുണകൂടി ആവശ്യമാണ്‌. ഇത്‌ ഒറ്റ കാഴ്‌ചയിൽമാത്രം നടക്കില്ല. ചിലപ്പോൾ മാസങ്ങളോളം അവരെ കേട്ട്‌, അവരിലൊരാളായി മാറണം. ആ സമയങ്ങളിൽ ചിലപ്പോൾ നമുക്കും മാനസികമായ സമ്മർദങ്ങൾ തോന്നിയേക്കാം. പക്ഷേ, അതെല്ലാം മാറ്റിവച്ച്‌ അവരുടെ കൂടെ കൂടി കൂട്ടുകാരിയായി മാറണം. അത്തരത്തിൽ എത്രയോ അനുഭവങ്ങൾ. ഭർത്താവ്‌ അജീഷും മകൾ ആർദ്രയുമടങ്ങുന്നതാണ്‌ കുടുംബം.


അവാർഡുകൾ

സി സുബ്രഹ്മണ്യം നാഷണൽ അവാർഡ്, നാഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പുരസ്കാരം, പൂവച്ചൽ ഖാദർ അവാർഡ്, ഹാൻഡി ക്രാഫ്റ്റ് കമീഷണറേറ്റ് ആദരം, വനിത മാഗസിൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home