ad
Deshabhimani

ഭക്ഷണ ശീലം എങ്ങിനെയാണ് ? ഈ ബാക്ടീരിയകളെ നശിപ്പിച്ചാൽ പ്രമേഹവും അമിതവണ്ണവും ഫ്രീയായി കിട്ടും

pic
വെബ് ഡെസ്ക്

Published on Jul 26, 2026, 03:24 PM | 2 min read

ന്യൂഡൽഹി: രാജ്യത്ത് നഗര ജീവിത ശീലങ്ങൾക്കൊപ്പം പ്രമേഹം,അമിതവണ്ണം,രക്തസമ്മർദ്ദം എന്നിവ വർധിക്കുകയാണ്. ഇതിന് പിന്നിൽ പ്രധാനമായും ജനതിക ഘടങ്ങൾ ആണെന്ന ധാരണ അത്ര ശരിയല്ല. നഗര ജീവിതം നയിക്കുന്നവരുടെ ഭക്ഷണ അഭിരുചികൾക്ക് പ്രധാന പങ്കുണ്ട്. കേവലം പാരമ്പര്യ പാരമ്പര്യ ജനിതക ഘടകങ്ങളെ പഴി പറഞ്ഞ് ഒഴിയാനാവില്ല.


ലഖ്‌നൗവിലെ ബിർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ നീരജ് റായ്,ഷിക്കാഗോ സർവകലാശാലയിലെ മാനസ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് വർഷം നീണ്ട പഠനത്തിലെ വിവരങ്ങൾ പറയുന്നത് ഇക്കാര്യങ്ങളാണ്. പ്രശസ്തമായ 'ഗട്ട് മൈക്രോബ്സ്' മാഗസിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ മാറ്റത്തിനനുസരിച്ച് കുടലിൽ വസിക്കുന്ന ബാക്ടീരിയകളുടെ ഘടനയിലുണ്ടാകുന്ന വ്യതിയാനമാണ് (Gut Microbiome)പ്രമേഹം,അമിതവണ്ണം,രക്തസമ്മർദ്ദം എന്നീ രോഗങ്ങൾക്ക് പ്രധാന കാരണമാകുന്നത് എന്നതാണ് പ്രധാന കണ്ടെത്തൽ. ദക്ഷിണേഷ്യയിലെ ആദ്യത്തെ സമഗ്ര കുടൽ ബാക്ടീരിയ ഡാറ്റാബേസ് അടിസ്ഥാനമാക്കി തയ്യാറാക്കിയുള്ള പഠനമാണ്.


ജീവിതം പറിച്ചു നട്ടപ്പോൾ

നഷ്ടമായവയും കൂട്ടുകൂടിയവയും


നഗരങ്ങളിലേക്ക് മാറിയതോടെ ആളുകളുടെ കുടലിൽ ചില ബാക്ടീരിയകൾ പെരുകുകയും മറ്റു ചിലത് അപ്രത്യക്ഷമാവുകയും ചെയ്തിട്ടുള്ളതായി പഠനം കണ്ടെത്തി. ഭക്ഷണ രീതികളുടെ മാറ്റത്തോടെ സംഭവിച്ച ഈ പരിണാമം ഗുണകരമായ ഒരു ഫലമല്ല കൊണ്ടു വന്നത്.


ഗ്രാമീണരെ അപേക്ഷിച്ച് നഗരവാസികളുടെ കുടലിൽ മെഗാമോണാസ് ബാക്ടീരിയകൾ വളരെ ഉയർന്ന അളവിൽ കാണപ്പെട്ടു.അമിതവണ്ണം,രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് എന്നിവയ്ക്ക് കാരണമാകുന്ന കൊഴുപ്പ് ആഗിരണം ചെയ്യൽ പ്രക്രിയയുമായി ബന്ധമുള്ളതാണ് മെഗാമോണാസ് ബാക്ടീരിയ. പെട്ടെന്നുള്ള ഭക്ഷണരീതിയിലെ മാറ്റമാണ് ഇവയുടെ വളർച്ചയ്ക്ക് കാരണമായിട്ടുള്ളത്.


ഇവയുടെ എതിര്‍ ഫലങ്ങൾ ഉള്ളതാണ് ഹോൾഡെമനെല്ല ബാക്ടീരിയകൾ. നാരുകൾ അടങ്ങിയ പരമ്പരാഗത ഭക്ഷണം കഴിക്കുന്നതിലൂടെ കുടലിൽ ഉണ്ടാകുന്നതും പ്രമേഹത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നതുമായ ബാക്ടീരിയയാണിത്. നഗരവൽക്കരണത്തോടെ ഭൂരിഭാഗം ആളുകളിലും ഇത് നഷ്ടപ്പെട്ടു. എന്നാൽ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇതിന് അത്ര വലിയ നാശം സംഭവിച്ചിട്ടില്ല. കേരളത്തിൽ നിന്നുള്ളവർ നഗരങ്ങളിലേക്ക് കുടിയേറിയതിനു ശേഷവും പരമ്പരാഗത ഭക്ഷണരീതി നിലനിർത്തുന്നവരാണ്. അവരുടെ കുടലിൽ ഈ ബാക്ടീരിയയുടെ സാന്നിധ്യം ഇപ്പോഴും ഉണ്ട്. പക്ഷേ ഇവ നശിക്കുന്നത് രോഗങ്ങളെ വിളിച്ച് വരുത്തും.


ഈ ബാക്ടീരിയകൾ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ഭാഗികമായി ലഭിക്കാറുണ്ടെങ്കിലും, നമ്മൾ കഴിക്കുന്ന ഭക്ഷണവും ജീവിക്കുന്ന അന്തരീക്ഷവുമാണ് ഇവയുടെ ഘടന നിർണ്ണയിക്കുന്നത്. നമ്മൾ കഴിക്കുന്ന ആഹാരം ദഹിപ്പിക്കാനും, പ്രതിരോധശേഷി നിലനിർത്താനും, ഉപാപചയ പ്രവർത്തനങ്ങൾ (Metabolism) ക്രമീകരിക്കാനും ഇവ അത്യാവശ്യമാണ്. മനുഷ്യന്റെ കുടലിൽ കോടിക്കണക്കിന് ബാക്ടീരിയകൾ, ഫംഗസുകൾ എന്നിങ്ങനെ സൂക്ഷാണുക്കൾ ജീവിക്കുന്നുണ്ട്. ഒരാളുടെ ശരീരത്തിൽ ഏകദേശം ഒരു കിലോഗ്രാം വരെയുണ്ടാകും ഇവ.


മെഗാമോണാസും ഹോൾഡെമനെല്ലയും

ഇന്ത്യയിലെയും ശ്രീലങ്കയിലെയും 10സമൂഹങ്ങളിൽ നിന്നുള്ള 575മുതിർന്ന വ്യക്തികളുടെ കുടലിലെ ബാക്ടീരിയകളുടെ ജീൻ പ്രൊഫൈലിംഗ് നടത്തിയാണ് ശാസ്ത്രജ്ഞർ നിഗമനത്തിലെത്തിയത്. ഒരേ വംശപരമ്പരയിൽ പെട്ടവരും എന്നാൽ ഗ്രാമങ്ങളിലും കാടുകളിലും തുടരുന്നവരും,നഗരങ്ങളിലേക്ക് കുടിയേറി സംസ്കരിച്ച ഭക്ഷണം കഴിക്കാൻ തുടങ്ങിയവരുമായ ആളുകളെ ജോഡികളാക്കിയാണ് പരിശോധിച്ചത്. മെഗാമോണാസും ഹോൾഡെമനെല്ലയും അവരുടെ ശരീരത്തിനകത്ത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നന്വേഷിച്ചു.


പ്രാചീന മനുഷ്യരുടെ കുടൽ ബാക്ടീരിയകളുടെ പ്രത്യേകതകൾ മനസ്സിലാക്കാൻ ദക്ഷിണേഷ്യയിലെ ഏറ്റവും പഴക്കമേറിയ വേട്ടയാടി ജീവിക്കുന്ന സമൂഹമായ ശ്രീലങ്കയിലെ 'വേദ'വിഭാഗത്തെയും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. വലിയ റേഞ്ചിൽ താരതമ്യം ചെയ്താണ് നിഗമനങ്ങൾ സ്വരൂപിച്ചത്.


വർധിച്ചുവരുന്ന പ്രമേഹ ഭീഷണി


ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ പ്രമേഹബാധിതരുടെ എണ്ണം വളരെ വേഗമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് നിലവിൽ 8.98കോടി മുതിർന്ന പ്രമേഹ രോഗികളുണ്ട്.ചൈനയ്ക്ക് ശേഷം ലോകത്ത് രണ്ടാം സ്ഥാനത്താണിത്. ലോകത്തെ ആകെ പ്രമേഹ രോഗികളിൽ 7ൽ ഒരാൾ ഇന്ത്യക്കാരനാണ്. 2050ഓടെ ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം 75%വർധിച്ച് 15.67കോടിയാകും.


നിലവിൽ രാജ്യത്തെ 43%പ്രമേഹ രോഗികളും രോഗനിർണയം നടത്തപ്പെടാത്തവരാണ്. അവര്‍ പലപ്പോഴും രോഗം അറിയാതെ ജീവിക്കയും മരിക്കയും ചെയ്യുന്നു. ലോകമെമ്പാടും 58.9കോടി മുതിർന്നവർ പ്രമേഹബാധിതരാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home