ad
Deshabhimani

ശക്തമായ പാസ്‌പോർട്ടിൽ യുഎഇ രണ്ടാമത്‌

uae passport
വെബ് ഡെസ്ക്

Published on Jul 26, 2026, 03:52 PM | 1 min read

ദുബായ് : ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിൽ രണ്ടാം സ്ഥാനത്തെത്തി യുഎഇ. ആഗോള പാസ്‌പോർട്ട് റാങ്കിങ്ങായ ഹെൻലി പാസ്‌പോർട്ട് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് നേട്ടം. ​ഐഎടിഎ ഡാറ്റയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടിക പ്രകാരം, 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാവുന്ന സിംഗപ്പൂരാണ്‌ ഒന്നാംസ്ഥാനത്ത്‌. 188 രാജ്യങ്ങളിലേക്ക് വിസരഹിതമോ എളുപ്പത്തിലുള്ള പ്രവേശനമോ ലഭിക്കുന്ന യുഎഇ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു.


2006-ൽ വെറും 35 രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു യുഎഇ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശിക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ 153 പുതിയ രാജ്യങ്ങളുമായി വിസ ഇളവ് കരാറുകൾ ഉൾപ്പെടെ വിവിധ നയതന്ത്ര നീക്കങ്ങൾ വിജയകരമായി നടപ്പാക്കിയതോടെയാണ് യുഎഇയുടെ കുതിപ്പ്. ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിന്റെ ചരിത്രത്തിൽ ഒരു രാജ്യം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണിതെന്ന് റിപ്പോർട്ടിലുണ്ട്‌.


അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, സാമ്പത്തിക സഹകരണം വിപുലീകരിക്കൽ, വിദേശ നിക്ഷേപം ആകർഷിക്കുന്ന നയങ്ങൾ എന്നിവയാണ് യുഎഇയുടെ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി രാജ്യങ്ങളുടെ പാസ്‌പോർട്ട് കരുത്തിൽ ഇടിവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2006-ൽ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്ക നിലവിൽ 180 രാജ്യങ്ങളിലേക്കുള്ള പ്രവേശനവുമായി പത്താം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടു. യുകെ ആറാം സ്ഥാനത്താണ്. 186 രാജ്യങ്ങളിലേക്ക്‌ വിസ രഹിത പ്രവേശനമുള്ള ബെൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ ഉൾപ്പെടെ 11 രാജ്യങ്ങളാണ്‌ മ‍ൂന്നാംസ്ഥാനത്ത്‌. അഫ്ഗാനിസ്ഥാൻ (22 രാജ്യങ്ങൾ), സിറിയ (26), ഇറാഖ് (29) എന്നിവയാണ്‌ പട്ടികയിൽ ഏറ്റവും പിന്നിൽ.


വ്യാപാരം, നിക്ഷേപം, ആഗോള പ്രതിഭകളെ ആകർഷിക്കൽ എന്നീ മേഖലകളിൽ യുഎഇ കൈവരിച്ച മുന്നേറ്റമാണ് നേട്ടത്തിന് വഴിയൊരുക്കിയത്‌. ഗൾഫ് മേഖലയിലെ സ്ഥിരതയും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ലോകോത്തര ബിസിനസ് കേന്ദ്രമെന്ന നിലയിലുള്ള വളർച്ചയും യുഎഇയെ ആഗോള പൗരന്മാരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാക്കി മാറ്റുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home