Deshabhimani

print edition ആരോഗ്യത്തിന് കുറുക്കുവഴികളില്ല

a
വെബ് ഡെസ്ക്

Published on Oct 04, 2026, 02:12 AM | 2 min read

തിരക്കേറിയ ജീവിതം നമ്മെ പല അഡ്‌ജസ്‌റ്റുമെന്റുകൾക്കും പ്രേരിപ്പിക്കും. മിക്കവാറും ഭക്ഷണകാര്യത്തിലായിരിക്കും അത്‌ ഏറ്റവും കൂടുതൽ പ്രതിഫലിക്കുക. പ്രായഭേദമന്യേ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഭക്ഷണരീതിയിൽ ചില്ലറ മാറ്റംവരുത്തി ആരോഗ്യവാന്മാരായിരിക്കാം. സ്ഥിരം കഴിക്കുന്നതിനോടൊപ്പം ചിലതുകൂടി ചേർത്തും അളവിൽ വ്യത്യാസം വരുത്തിയും എളുപ്പത്തിൽ ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കാം. കൂടുതൽ സമയവും അധിക ചെലവും ആവശ്യമില്ലാതെ തന്നെ അത്‌ പാലിക്കാനാകും. പ്രമുഖ ഡയറ്റിഷ്യൻ പി എം ആര്യ സംസാരിക്കുന്നു


​ജോലിസമയത്തിനനുസരിച്ച് 
ഡയറ്റ് പ്ലാൻ

​

പലപ്പോഴും ജോലി ആരംഭിച്ച് മണിക്കൂറുകൾക്കുശേഷം മാത്രമാണ് തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കാൻ അവസരം ലഭിക്കുന്നത്. ജോലി ചെയ്യുമ്പോൾ നമ്മുടെ ശരീരവും തലച്ചോറും നന്നായി പ്രവർത്തിക്കുന്നുണ്ട്. നിർത്താതെ പ്രവർത്തിക്കുന്ന യന്ത്രങ്ങളിൽ ഇന്ധനം ഇല്ലാതെ വരുന്നതുപോലെയുള്ള അവസ്ഥയാണ് മനുഷ്യശരീരത്തിനും ഉണ്ടാകുക. ജോലി ആരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടാലും അത്‌ ചെയ്യാനുള്ള ഇന്ധനം ലഭിക്കാതിരുന്ന അവസ്ഥ. ഒരാളുടെ ശരീരത്തിനാവശ്യമായ കലോറിയുടെ 30 ശതമാനത്തോളം പ്രാതലായി നമ്മൾ കഴിച്ചിരിക്കണം. എന്നാൽ, അത് പലപ്പോഴും ഒഴിവാക്കുകയോ വളരെ വൈകി കഴിക്കുകയോ ആണ് ജോലിക്ക് പോകുന്നവർ ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ ശരീരംതന്നെ ഒരു അതിജീവന പാതയിലേക്ക് മാറും. മുമ്പ്‌ കഴിച്ച ഭക്ഷണം അടുത്ത തവണ കഴിക്കുന്നതുവരെ ശരീരത്തിന് പ്രവർത്തിക്കാനായി ഉപയോഗിക്കപ്പെടുമ്പോൾ അത് പോഷകക്കുറവിലേക്ക് ശരീരത്തെ കൊണ്ടെത്തിക്കും. അതിനാൽ ഭക്ഷണത്തിന്റെ അളവ് കൂടുന്നതുകൊണ്ട് ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കില്ല. അത് കൃത്യസമയത്ത് കഴിക്കുന്നതിലാണ് കാര്യം.


പിരിമുറുക്കവും ഭക്ഷണക്രമവും

​

നിലവിലെ സാമൂഹിക സാഹചര്യത്തിൽ എല്ലാവർക്കും കൃത്യസമയം പാലിച്ച് ഭക്ഷണം കഴിക്കാൻ സാധിക്കില്ല. രാത്രി ഏഴിന്‌ ഭക്ഷണം കഴിച്ച് 10ന്‌ ഉറങ്ങുന്ന നിലയിലല്ല ഇന്നത്തെ ജീവിതസാഹചര്യങ്ങൾ. നമ്മുടെ ശരീരത്തിനുവേണ്ടി നമുക്ക് തന്നെ ഒരു സമയക്രമം സൃഷ്ടിക്കാം. ശരീരത്തിനാവശ്യമായ സമയത്ത് പോഷകങ്ങളെത്തിക്കാൻ സാധിക്കാതെ വരുന്നതും മാനസിക പിരിമുറുക്കമുണ്ടാക്കാനിടയാകും. ഇത്തരം സാഹചര്യത്തിൽ ഒരുപാട് ഭക്ഷണം കഴിക്കുന്നവരെ കാണാം. ഇവരുടെ പോഷകക്കുറവ് മൂലമാണ് വികാരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർ ഭക്ഷണം കഴിക്കുന്നത്. പോഷകക്കുറവ് ഇവരിൽ മാനസിക സമ്മർദമാണ് ഉണ്ടാക്കുക. തുടർന്ന് കൂടുതൽ ഭക്ഷണം കഴിക്കുന്ന രീതി പ്രതിഫലിക്കും. കൃത്യസമയം പാലിക്കാൻ കഴിയാത്ത ജീവിതക്രമം ഉള്ളവർ എപ്പോഴും പെട്ടെന്ന് കഴിക്കാൻ കഴിയുന്ന തരത്തിൽ പഴങ്ങളോ ധാന്യങ്ങളോ കൈയിൽ കരുതണം. മില്ലറ്റ് പോലുള്ളവ വിശപ്പിനെ നിയന്ത്രിക്കാനും കൃത്യമായ പോഷകം ശരീരത്തിലെത്തിക്കാനും സഹായിക്കും.

​

അരിയാഹാരം ഒഴിവാക്കാതെയുള്ള ആരോഗ്യകരമായ ഡയറ്റ്

​

കേരളത്തിൽ ഏറ്റവും പ്രധാനം അരിയാഹാരമാണ്. അത് മാറ്റിനിർത്തി ഒരുദിവസം അപൂർവമാണെന്നുതന്നെ പറയാം. എന്നാൽ അത് ഉൾപ്പെടുത്തി കൃത്യമായ പോഷകങ്ങൾ തീൻമേശയിലെത്തിക്കാൻ സാധിക്കും. രാവിലെ ഇഡലിയോ ദോശയോ കഴിക്കുന്നതിനൊപ്പം കൃത്യമായ അളവിൽ പഴമോ പച്ചക്കറികളോ ചേർക്കാം. കൂടെ ഒരു പുഴുങ്ങിയ മുട്ടകൂടി ഉൾപ്പെടുത്തിയാൽ ബാലൻസ്ഡ് ഡയറ്റ് ആയി. ചെറിയ വ്യത്യാസത്തിലൂടെ തന്നെ നമ്മൾ കഴിക്കുന്ന പോഷകങ്ങളുടെ അളവിൽ വലിയ മാറ്റമുണ്ടാക്കാൻ സാധിക്കും. പ്രാതൽ കഴിച്ച് മൂന്ന് മണിക്കൂറിനു ശേഷം പഴവർഗത്തിൽപ്പെട്ട എന്തെങ്കിലും കഴിക്കുന്നത് ശരീരത്തിനാവശ്യമായ ഇന്ധനം നിലനിർത്താൻ സഹായിക്കും. ഒരു പഴമായാലും ആപ്പിൾ ആയാലും മതി. ഉച്ചഭക്ഷണത്തിൽ ചോറ് ഒഴിവാക്കാതെ തന്നെ അൽപ്പം സാലഡ് കൂടെ ഭക്ഷണത്തിൽ ചേർക്കാം. നമ്മൾ സ്ഥിരം കഴിക്കുന്ന കറികളോടൊപ്പം ഈ സാലഡ് കൂടിയാകുമ്പോൾ കൃത്യമായി പോഷകങ്ങൾ ലഭിക്കും. സലാഡാണ് ആദ്യം കഴിക്കുന്നതെങ്കിൽ പിന്നീട് കഴിക്കുന്ന ചോറിന്റെ അളവ് കുറയ്ക്കാനും ഇത് സഹായകമാകും. പയർ വർഗങ്ങളോ മീനോ ചിക്കനോകൂടി ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താം. അത്താഴം പരമാവധി നേരത്തെ കഴിക്കാനും ശ്രദ്ധിക്കണം. ഉറങ്ങുന്നതിന്‌ മൂന്ന് മണിക്കൂർ മുമ്പ്‌ അത്താഴം കഴിക്കുന്നതാണ് ശരീരത്തിന് ഏറ്റവും ഉചിതം.

​

ഭാരം കൂട്ടാനും കുറയ്‌ക്കാനും

​

വണ്ണം കുറയ്ക്കുന്നവരെപ്പോലെതന്നെ വണ്ണം കൂട്ടുന്നവർക്കും കുറുക്കുവഴികൾ ഒന്നുമില്ല. വലിച്ചുവാരി കഴിക്കുന്നത് അനാരോഗ്യകരമായ ഭക്ഷണരീതിയാണ്. അതിലൂടെ ഉദ്ദേശിക്കുന്നതുപോലെയുള്ള മാറ്റം ശരീരത്തിൽ ഉണ്ടാക്കാൻ സാധിക്കില്ല. കഴിക്കുന്ന കലോറികളിൽ കൃത്യമായി ശ്രദ്ധയുണ്ടാകണം. ശരീരം ചെയ്യുന്ന അധ്വാനത്തിനനുസരിച്ച് മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളു. സാധാരണ കഴിക്കുന്നതിൽനിന്ന് 300 മുതൽ 500 കലോറി കൂടുതൽ നൽകി കൃത്യമായ വ്യായാമവും ചെയ്താൽ ശരാശരി ആരോഗ്യകരമായ ശരീരം സൃഷ്ടിക്കാൻ സാധിക്കും. ചോറ് പോലുള്ളവ ഒരുപാട് കഴിക്കുന്നതിലൂടെ ജീവിതശൈലി രോഗങ്ങളായിരിക്കും ഫലം. പോഷകങ്ങൾ കൂടുതൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതാണ് ശരീരഭാരം കൂട്ടാൻ ഏറ്റവും നല്ല വഴി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home