ad
Deshabhimani

അസ്ഥിനുറുങ്ങുന്ന വേദനയിലും തളരാത്ത മനസ്

JISHA
avatar
സ്വാതി സുജാത
[email protected]

Published on Jun 21, 2026, 08:23 AM | 2 min read

ജനിച്ചപ്പോൾമുതൽ കൂടെ കൂട്ടിയ ശാരീരിക വെല്ലുവിളികളോട് പൊരുതി, സ്വന്തം അധ്വാനംകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന ഒരു പെൺകുട്ടിയുണ്ട് കണ്ണൂരിലെ ആലക്കോട്ട്; എം ആർ ജിഷ. "ഓസ്റ്റിയോജെനിസിസ് ഇംപെർഫെക്റ്റാ'എന്ന അസ്ഥിനുറുങ്ങുന്ന അപൂർവ രോഗബാധിതയായി ജനിച്ച ജിഷയ്ക്ക് നടക്കാനോ സ്വതന്ത്രമായി സഞ്ചരിക്കാനോ കഴിയില്ല. എന്നാൽ, നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകാൻ അവൾ തയ്യാറായിരുന്നില്ല.

വേദനയുടെ ലോകത്ത്‌ അവൾ വർണങ്ങളോട്‌ കൂട്ടുകൂടി. പതിയെ ആ ചിത്രങ്ങളായി അവളുടെ ലോകം. ഇന്ന്‌ പ്രതീക്ഷയുടെ പുതുവർണങ്ങൾ രചിക്കുകയാണ്‌ ജിഷ. ചിത്രരചനയ്‌ക്കൊപ്പം തയ്യലിലും കുടനിർമാണത്തിലും തന്റേതായ ഇടംകണ്ടെത്തി ഒരു കുടുംബത്തിന് തണലാവുകയാണ് ഈ നാൽപ്പതുകാരി.

"ഇങ്ങനെയൊരു അവസ്ഥ വന്നപ്പോൾ ആദ്യമൊക്കെ സങ്കടം തോന്നി. ഏതവസ്ഥയിലായാലും ജീവിക്കണമെന്ന തീരുമാനത്തിൽ മുന്നോട്ടുപോയി. വെറുതെ ജീവിച്ചുമരിക്കുന്നതിനേക്കാൾ ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യുന്നതുകൊണ്ടാണ്‌ ആരെങ്കിലുമൊക്കെ അറിയുന്നത്‌'– ജിഷ പറയുന്നു. പ്രതിപക്ഷനേതാവ്‌ പിണറായി വിജയന്റെ ഭാര്യ കമല വിജയന്റെ സഹായത്താൽ പൂർത്തിയായ വീട്ടിലാണ്‌ ജിഷയും കുടുംബവും താമസിക്കുന്നത്‌.


കുടുംബശ്രീ വഴിത്തിരിവ്


നന്നേ ചെറുപ്പത്തിലെ അച്ഛൻ ഉപേക്ഷിച്ചുപോയതോടെ ജിഷയുടെയും കുടുംബത്തിന്റെയും ജീവിതം പ്രതിസന്ധിയിലായി. ഒരു കൈത്തൊഴിൽ എന്നനിലയിലാണ്‌ 1999-ൽ കുടുംബശ്രീവഴി അമ്മ ഭാർഗവി കുടനിർമാണം പഠിക്കുന്നത്. അമ്മയെ പഠിപ്പിക്കാൻ വീട്ടിലെത്തിയ അധ്യാപകരിൽനിന്നാണ് ജിഷയും ഈ വിദ്യ ശ്രദ്ധയോടെ വശത്താക്കിയത്‌. പിന്നീട് അമ്മയ്ക്ക് ബാങ്കിൽ കലക്‌ഷൻ ഏജന്റായി ജോലി ലഭിച്ചെങ്കിലും ജിഷ കുടനിർമാണം കൈവിട്ടില്ല. 20 വർഷമായി ജിഷ കുടനിർമാണത്തിൽ സജീവമാണ്.

ആദ്യമൊക്കെ തനിയെ നിർമിച്ച് കുറച്ച്‌ കുടകൾമാത്രമാണ് വിറ്റിരുന്നത്. പിന്നീട് ശാരീരികവെല്ലുവിളികൾ നേരിടുന്നവരുടെ കൂട്ടായ്മയായ "ഫ്ലൈ' എന്ന സംഘടന ജിഷയ്ക്ക് താങ്ങായി. സംഘടന നൽകുന്ന അസംസ്‌കൃതവസ്‌തുക്കൾ ഉപയോഗിച്ച് കുടകൾ തുന്നി വിൽക്കുമ്പോൾ കൂലിയും കമീഷനുമായി ((((90 വരെ)))) ജിഷയ്ക്ക് ലഭിക്കുന്നു.
JISHAജിഷ വരച്ച ചിത്രം

​കുടനിർമാണം മാത്രമല്ല ജിഷയുടെ മേഖല. മികച്ച രീതിയിൽ ചിത്രങ്ങൾ വരയ്ക്കാനും തയ്യൽജോലി ചെയ്യാനും ജിഷയ്ക്കറിയാം. തുണി വാങ്ങി നൈറ്റികളും ഫ്രോക്കുകളും തയ്ച്ച് വിൽക്കുന്നതിലൂടെയും ജിഷ വരുമാനം കണ്ടെത്തുന്നുണ്ട്. അയ്യായിരത്തിലധികം ചിത്രങ്ങൾ ജിഷ വരച്ചിട്ടുണ്ട്‌. തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റിവലിലടക്കം ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്‌. കഞ്ഞികുടിച്ച്‌ പോകാനുള്ള വക തന്റെ അധ്വാനത്തിലൂടെ ലഭിക്കുന്നുണ്ടെന്ന് ജിഷ അഭിമാനത്തോടെ പറയുന്നു.


തോൽക്കാത്ത മനസ്സ്

​പ്രിന്റ് കുട, കളർ കുട, കറുത്ത കുട, കുട്ടികൾക്കുള്ള ചെറിയ കുടകൾ എന്നിങ്ങനെ വൈവിധ്യമാർന്ന കുടകൾ ജിഷയുടെ ശേഖരത്തിലുണ്ട്‌. ഇതിൽ ആളുകൾക്ക് പ്രിയം പ്രിന്റ് കുടകളോടാണ്. 360 മുതൽ 480 രൂപവരെ വിലവരുന്ന ഈ കുടകൾക്ക് മികച്ച ഗുണമേന്മയുണ്ട്. ഒരു കുട നിർമിക്കാൻ രണ്ടോ മൂന്നോ മണിക്കൂറെടുക്കും. പുറംവേദനയും പേശികളുടെ തളർച്ചയും ശരീരത്തെ തളർത്തുമ്പോഴും ഒരുദിവസം പരമാവധി മൂന്നു കുടകൾവരെ ജിഷ പൂർത്തിയാക്കും. വേദനകളോട് പൊരുതി ജിഷ നെയ്യുന്ന ആ മൂന്നു കുടകൾ കേവലം ഉൽപ്പന്നങ്ങളല്ല, തോറ്റുകൊടുക്കില്ലെന്ന ഒരു പെൺമനസ്സിന്റെ പ്രഖ്യാപനമാണ്. ഒരുവർഷം 750 കുടകൾവരെ ജിഷ വിറ്റഴിച്ചിട്ടുണ്ട്.


കാലത്തിനൊപ്പം മാറിയ വിപണി


​പണ്ട് നാട്ടുകാരും സുഹൃത്തുക്കളും മാത്രമായിരുന്നു കുടകൾ വാങ്ങിയിരുന്നതെങ്കിൽ, ഇന്ന് ജിഷയുടെ വിപണി ഡിജിറ്റലാണ്. "ജിഷ ആലക്കോട്' എന്ന പേരിൽ യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ അവൾ തന്റെ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു. ജിഷയുടെ കുടകളുടെ ഭംഗിയും ഫിനിഷിങ്ങും കണ്ട് ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ആളുകൾ ഓൺലൈൻവഴി ഓർഡർ നൽകുന്നു. ഗൂഗിൾ പേ വഴി പണം സ്വീകരിച്ച് കൊറിയർവഴിയാണ് ജിഷ കുടകൾ ഉപയോക്താക്കളിൽ എത്തിക്കുന്നത്.

അമ്മ ഭാർഗവിയും ടാക്സി ഡ്രൈവറായ അനിയൻ ജിതിനും ജിഷയുടെ എല്ലാ വേദനകളിലും അവളുടെ സ്വപ്‌നങ്ങൾക്ക് ചിറകായി ഒപ്പമുണ്ട്. തളർത്താൻ നോക്കിയ അസുഖത്തെയും ഒടുങ്ങാത്ത വേദനകളെയും തന്റെ ആത്മവിശ്വാസംകൊണ്ട് തോൽപ്പിച്ച ജിഷ, ജീവിതത്തിൽ പ്രതിസന്ധികൾ കണ്ട് തളരുന്ന ഏതൊരാൾക്കും മുന്നോട്ടുനടക്കാനുള്ള വലിയൊരു വെളിച്ചമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home