Deshabhimani

അപസ്മാരം: രോഗത്തിന്റെ വേരുകൾ കണ്ടെത്താം കുരുന്നുകളുടെ ഭാവി സുരക്ഷിതമാക്കാം

Epilepsy in Children
avatar
ഡോ. കാർത്തിക

Published on Nov 16, 2026, 08:05 PM | 4 min read

അപസ്മാരം എന്നത് കേവലം ഒരു രോഗമല്ല മറിച്ച് വ്യത്യസ്ത കാരണങ്ങളാൽ തലച്ചോറിലുണ്ടാകുന്ന നാഡീവ്യൂഹ വ്യതിയാനങ്ങലാണ്. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞ് തുടർച്ചയായ അപസ്മാരത്തെ തുടർന്ന് ചികിത്സയ്ക്കെത്തുകയും വിശദമായ പരിശോധനകൾക്കൊടുവിൽ കുഞ്ഞിന് ബയോട്ടിനിഡേസ് ഡെഫിഷ്യൻസി (Biotinidase Deficiency) എന്ന അപൂർവ പാരമ്പര്യ ഉപാപചയ രോഗമാണെന്ന് (മെറ്റബോളിക് ഡിസോർഡർ) കണ്ടെത്തി. ഇതിന് പ്രതിവിധിയായി വേണ്ടിയിരുന്നത് ബയോട്ടിൻ എന്ന ലളിതമായ വിറ്റാമിൻ മാത്രമായിരുന്നു. കൃത്യസമയത്ത് രോഗകാരണം തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചതോടെ കുഞ്ഞിന്റെ അപസ്മാരം പൂർണ്ണമായും നിയന്ത്രണവിധേയമാവുകയും കുഞ്ഞ് സാധാരണ വളർച്ചയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.


അപസ്മാരത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന പരമ്പരാഗത ധാരണകൾക്കപ്പുറം രോഗത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഭവമാണിത്. ലക്ഷണങ്ങളെ താൽക്കാലികമായി അടിച്ചമർത്തുന്നതിന് പകരം, രോഗകാരണത്തെ കൃത്യമായി ചികിത്സിക്കുന്നതിലൂടെ അനേകം കുട്ടികൾക്ക് പൂർണ്ണമായ രോഗമുക്തിയും സാധാരണ ജീവിതവും നൽകാൻ ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് സാധിക്കുന്നുണ്ട്.


ചെറിയ ലക്ഷണങ്ങൾക്ക് പിന്നിലും വലിയ സൂചനകളുണ്ട്


ബോധം നഷ്ടപ്പെട്ട് കൈകാലുകൾ വലിഞ്ഞുമുറുകുന്നതും വായിൽ നിന്ന് നുരയും പതയും വരുന്നത് മാത്രമല്ല അപസ്മാരത്തിന്റെ ലക്ഷണം. കുട്ടികളിൽ ഇത് പലപ്പോഴും വളരെ സൂക്ഷ്മമായ മാറ്റങ്ങളായാണ് പ്രകടമാകുന്നത്.


കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് എല്ലാം നിർത്തി ഏതാനും നിമിഷങ്ങൾ ഒരു ദിശയിലേക്ക് തന്നെ തുറിച്ചുനോക്കിയിരിക്കുക (അബ്സെൻസ് സീഷർ), വിളിച്ചാൽ പ്രതികരിക്കാതിരിക്കുക, ഉറക്കത്തിൽ അസാധാരണമായ ചലനങ്ങൾ ഉണ്ടാകുക, ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രം ചെറിയ വിറയലോ വലിവോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം അപസ്മാരത്തിന്റെ ലക്ഷണങ്ങളാകാം. പലപ്പോഴും കുട്ടി ശ്രദ്ധിക്കാത്തതാണെന്നോ കളിയിൽ മുഴുകിയിരിക്കുന്നതാണെന്നോ കരുതി മാതാപിതാക്കൾ ഇത്തരം ലക്ഷണങ്ങൾ അവഗണിക്കാറുണ്ട്. എന്നാൽ ഇത്തരം നിസ്സാരമെന്ന് തോന്നുന്ന ചലനങ്ങൾ ആവർത്തിച്ചാൽ പീഡിയാട്രിക് ന്യൂറോളജിസ്റ്റിന്റെ സഹായം തേടേണ്ടത് അനിവാര്യമാണ്.


എന്താണ് എപ്പിലെപ്റ്റിക്‌ ഓറ? അപസ്മാരം വരുന്നതിന് മുൻപുള്ള മുന്നറിയിപ്പ്


അപസ്മാരം പൂർണ്ണരൂപത്തിൽ പ്രകടമാകുന്നതിന് തൊട്ടുമുൻപ് തലച്ചോറിലെ ഒരു പ്രത്യേക ഭാഗത്തുണ്ടാകുന്ന വൈദ്യുത വ്യതിയാനങ്ങൾ മൂലം രോഗിക്ക് അനുഭവപ്പെടുന്ന അസാധാരണമായ ശാരീരികമോ മാനസികമോ ആയ അനുഭവങ്ങളെയാണ് വൈദ്യശാസ്ത്രത്തിൽ എപ്പിലെപ്റ്റിക്‌ ഓറ (Epileptic Aura) എന്ന് വിളിക്കുന്നത്. ഇതൊരു മുന്നറിയിപ്പ് സൂചന മാത്രമല്ല മറിച്ച് തലച്ചോറിലെ ഒരു ചെറിയ ഭാഗത്ത് ആരംഭിക്കുന്ന ഫോക്കൽ സീഷറിന്റെ പ്രാരംഭ ഘട്ടം തന്നെയാണ്.


കുട്ടികളിൽ എപ്പിലെപ്റ്റിക്‌ ഓറ തിരിച്ചറിയുന്നത് രോഗനിർണ്ണയത്തിലും സുരക്ഷയിലും ഏറെ പ്രധാനമാണ്. തലച്ചോറിന്റെ ഏത് ഭാഗത്താണ് വൈദ്യുത വ്യതിയാനം സംഭവിക്കുന്നത് എന്നതിനനുസരിച്ച് ഓറയുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം:


വയറ്റിൽ നിന്നുള്ള അസ്വസ്ഥതകൾ (എപിഗാസ്ട്രിക് ഓറ): വയറ്റിൽ നിന്ന് എന്തോ മുകളിലേക്ക് കയറിവരുന്നതുപോലെയുള്ള തോന്നൽ, പെട്ടെന്നുള്ള ഓക്കാനം അല്ലെങ്കിൽ വയറുവേദന. കുട്ടികളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഓറയാണിത്.


കാഴ്ചയിലെയും കേൾവിയിലെയും മാറ്റങ്ങൾ (വിഷ്വൽ-ഓഡിറ്റോറി ഓറ ): കണ്ണിന് മുൻപിൽ മിന്നൽ പോലെയുള്ള പ്രകാശം കാണുക, നിറമുള്ള പൊട്ടുകൾ കാണുക, കാഴ്ച മങ്ങുക അല്ലെങ്കിൽ ചെവിയിൽ മൂളലോ വിചിത്രമായ ശബ്ദങ്ങളോ കേൾക്കുക.


മണവും രുചിയും: ചുറ്റുപാടും ഇല്ലാത്ത പ്രത്യേക ഗന്ധം അനുഭവപ്പെടുക അല്ലെങ്കിൽ വായിൽ ലോഹത്തിന്റെയോ കയ്പ്പിന്റെയോ രുചി തോന്നുക.


മാനസികവും വൈകാരികവുമായ മാറ്റങ്ങൾ: പെട്ടെന്ന് അകാരണമായ ഭയം തോന്നുക, പരിഭ്രാന്തി, മുൻപ് കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ മുൻപ് കണ്ടതുപോലെ തോന്നുന്ന അവസ്ഥ അല്ലെങ്കിൽ പരിചിതമായ കാര്യങ്ങൾ അപരിചിതമായി തോന്നുന്ന അവസ്ഥ.


ശാരീരിക തരിപ്പ്: ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് സൂചി കൊണ്ട് കുത്തുന്നതുപോലെയുള്ള തരിപ്പോ മരവിപ്പോ അനുഭവപ്പെടുക.


ഓറയുടെ പ്രാധാന്യം: മുതിർന്ന കുട്ടികൾക്ക് തങ്ങൾക്ക് അനുഭവപ്പെടുന്ന ഈ മാറ്റങ്ങൾ മാതാപിതാക്കളോട് പറഞ്ഞു മനസ്സിലാക്കാൻ സാധിക്കും. ഇത്തരം മുന്നറിയിപ്പ് ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ തന്നെ കുട്ടിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും കിടത്താനും സാധിക്കുന്നതിലൂടെ ബോധക്ഷയം സംഭവിച്ച് വീണുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാകും. കൂടാതെ തലച്ചോറിന്റെ ഏത് ഭാഗത്താണ് രോഗത്തിന്റെ ഉറവിടമെന്ന് കൃത്യമായി കണ്ടെത്താനും ഡോക്ടർക്ക് ഇത് സഹായകമാകും.


കൃത്യമായ രോഗനിർണ്ണയം: പരിശോധനകളുടെ പ്രാധാന്യം


അപസ്മാര ചികിത്സയുടെ വിജയം കൃത്യമായ രോഗനിർണ്ണയത്തിലാണ് അടങ്ങിയിരിക്കുന്നത്. രോഗം ആരംഭിച്ച പ്രായം, ആക്രമണങ്ങളുടെ സ്വഭാവം, കുട്ടിയുടെ വളർച്ചാ ഘട്ടങ്ങൾ, കുടുംബത്തിലെ രോഗചരിത്രം എന്നിവ വിശദമായി വിലയിരുത്തിയ ശേഷമാണ് പരിശോധനകൾ നിശ്ചയിക്കുന്നത്. അപസ്മാരത്തിന്റെ തരം തിരിച്ചറിയാൻ ഇ.ഇ.ജി പരിശോധനയും, തലച്ചോറിലെ ഘടനാപരമായ വ്യത്യാസങ്ങൾ, മുറിവുകളുടെ പാടുകൾ, മുഴകൾ എന്നിവ സൂക്ഷ്മമായി പരിശോധിക്കാൻ എം.ആർ.ഐ സ്കാനും, ഇതോടൊപ്പം പാരമ്പര്യമായോ ജീനുകളിലെ വ്യതിയാനം മൂലമോ ഉണ്ടാകുന്ന അപസ്മാരങ്ങൾ കണ്ടെത്തുന്നതിനായി ജനിതക പരിശോധനകളും ശരീരത്തിലെ ഉപാപചയ പ്രക്രിയകളിലെ തകരാറുകളും എൻസൈമുകളുടെ കുറവും തിരിച്ചറിയുന്നതിനായി മെറ്റബോളിക് പരിശോധനകളിലൂടെ കണ്ടെത്താം.


ഓരോ കുട്ടിക്കും അനുയോജ്യമായ ചികിത്സ ഉറപ്പാക്കുന്നതിനായി പ്രിസിഷൻ മെഡിസിൻ


എല്ലാ കുട്ടികൾക്കും ഒരേ മരുന്ന് നൽകുന്ന രീതിയിൽ നിന്ന് മാറി ഓരോ കുട്ടിയിലെയും രോഗത്തിന് പിന്നിലുള്ള കൃത്യമായ ജനിതകമോ ഉപാപചയപരമോ ആയ കാരണം കണ്ടെത്തി അതിനനുസരിച്ച് ചികിത്സ നിശ്ചയിക്കുന്ന പ്രിസിഷൻ മെഡിസിൻ വൈദ്യശാസ്ത്രത്തിൽ ഇന്ന് പീഡിയാട്രിക് ന്യൂറോളജിയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.


വിറ്റാമിൻ ചികിത്സകൾ: ബയോട്ടിനിഡേസ് ഡെഫിഷ്യൻസി ഉള്ളവർക്ക് ബയോട്ടിൻ, പിരിഡോക്സിൻ ഡിപ്പൻഡന്റ് എപ്പിലെപ്സി (Pyridoxine-dependent epilepsy) ഉള്ളവർക്ക് വിറ്റാമിൻ ബി-6 എന്നിവ നൽകുന്നതിലൂടെ സാധാരണ അപസ്മാര മരുന്നുകളില്ലാതെ തന്നെ രോഗം പൂർണ്ണമായി നിയന്ത്രിക്കാം.


പ്രത്യേക ഭക്ഷണക്രമം: ജി.എൽ.ഉ.ടി-1 ഡെഫിഷ്യൻസി പോലുള്ള അവസ്ഥകളിൽ തലച്ചോറിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നതിനായി കീറ്റോജെനിക് ഡയറ്റ് പ്രധാന ചികിത്സയായി നൽകുന്നു.


മരുന്നുകളുടെ കൃത്യമായ തിരഞ്ഞെടുപ്പ്: എസ്.സി.എൻ-1.എ ജീനുമായി ബന്ധപ്പെട്ട ഡ്രാവെറ്റ് സിൻഡ്രോം പോലുള്ള രോഗങ്ങളിൽ ചില പ്രത്യേക അപസ്മാര മരുന്നുകൾ രോഗം വർദ്ധിപ്പിക്കാൻ ഇടയാക്കും. ജനിതക പരിശോധനയിലൂടെ ഇത് നേരത്തെ തിരിച്ചറിയുന്നത് വഴി അനുയോജ്യമല്ലാത്ത മരുന്നുകൾ ഒഴിവാക്കാനും ശരിയായ ചികിത്സ നൽകാനും സാധിക്കും.



അപസ്മാരാക്രമണം ഉണ്ടായാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ


കുട്ടിക്ക് അപസ്മാര ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ പരിഭ്രാന്തരാകാതെ ശാസ്ത്രീയമായ പ്രഥമശുശ്രൂഷ നൽകേണ്ടതുണ്ട്:


കുട്ടിയെ സുരക്ഷിതമായി കിടത്തുക.


ഉമിനീരോ ഛർദ്ദിലോ ശ്വാസകോശത്തിലേക്ക് കയറാതിരിക്കാൻ കുട്ടിയെ ഒരു വശത്തേക്ക് ചരിച്ചു കിടത്തുക.


സീഷർ എത്ര മിനിറ്റ് നീണ്ടുനിൽക്കുന്നു എന്ന് നോക്കി കൃത്യമായി കുറിച്ചുവയ്ക്കുക.


ചെയ്യരുതാത്ത കാര്യങ്ങൾ: പല്ലുകൾ കടിക്കാതിരിക്കാൻ വായിൽ സ്പൂണോ തുണിയോ തിരുകാതെയും കൈകാലുകൾ ബലമായി പിടിച്ചു നിർത്താനും ശ്രമിക്കരുത്. കൂടാതെ ബോധം പൂർണ്ണമായി തെളിയുന്നത് വരെ വെള്ളമോ മരുന്നുകളോ നൽകരുത്.


ശ്രദ്ധിക്കുക: സീഷർ 5 മിനിറ്റിലധികം നീണ്ടുനിൽക്കുക, ഒരു വിറയൽ കഴിഞ്ഞ് ബോധം തെളിയുന്നതിന് മുൻപ് അടുത്തത് ഉണ്ടാകുക അല്ലെങ്കിൽ ശ്വാസതടസ്സം അനുഭവപ്പെടുക എന്നിവയുണ്ടായാൽ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടണം.


സാമൂഹിക പിന്തുണയും തുടർപരിചരണവും


അപസ്മാരം എന്നത് കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു ന്യൂറൽരോഗം മാത്രമാണ്. അപസ്മാരമുള്ള കുട്ടികളെ സ്കൂളിൽ നിന്നോ കളികളിൽ നിന്നോ മാറ്റിനിർത്തുന്നത് അവരുടെ ആത്മവിശ്വാസത്തെയും മാനസിക വളർച്ചയെയും പ്രതികൂലമായി ബാധിക്കും.


ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ സ്വയം നിർത്തുന്നതും അളവിൽ മാറ്റം വരുത്തുന്നതും അപകടകരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം. കൃത്യമായ ഉറക്കം, സമയബന്ധിതമായ മരുന്ന് സേവനം, അധ്യാപകരുടെയും മാതാപിതാക്കളുടെയും കരുതൽ എന്നിവയുണ്ടെങ്കിൽ അപസ്മാരമുള്ള കുട്ടികൾക്കും മറ്റെല്ലാ കുട്ടികളെയും പോലെ പഠിക്കാനും വളരാനും ഉയരങ്ങൾ കീഴടക്കാനും സാധിക്കും. അപസ്മാരം ഒരു കുട്ടികൾക്ക് ശരിയായ ചികിത്സയിലൂടെ അതിജീവിക്കാൻ കഴിയുന്ന ഒരു ആരോഗ്യസാഹചര്യം മാത്രമാണ്.



തയ്യാറാക്കിയത്


ഡോ. കാർത്തിക

പീഡിയാട്രിക് ന്യൂറോളജിസ്റ്റ്

ആസ്റ്റർ മിംസ് കണ്ണൂർ




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home