മാതൃഭൂമിയുടെ വ്യാജവാർത്തയ്ക്കെതിരെ നിയമനടപടി; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം ബി രാജേഷ്

തിരുവനന്തപുരം: വ്യാജവാർത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രത്തിനെതിരെ നിയമനടപടിയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം ബി രാജേഷ് വക്കീൽ നോട്ടീസ് അയച്ചു. മാതൃഭൂമി ദിനപത്രം, പത്രാധിപർ, പ്രിന്റർ, പബ്ലിഷർ എന്നിവർക്കും വ്യാജവാർത്തയ്ക്ക് അടിസ്ഥാനമായ വാർത്താക്കുറിപ്പ് വിതരണം ചെയ്ത ആർ എസ് ശശികുമാറിനുമെതിരെയാണ് നോട്ടീസ്. ഹൈക്കോടതി അഭിഭാഷകൻ എം സി ആഷിയാണ് നോട്ടീസ് അയച്ചത്.
വക്കീൽ നോട്ടീസിന് മറുപടി ലഭിച്ചശേഷം തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് എം ബി രാജേഷ് ഫെയ്‌സ്ബുക്കിൽ അറിയിച്ചു. സിവിൽ കേസിനൊപ്പം ക്രിമിനൽ അപകീർത്തി കേസും ഫയൽ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
ആർ എസ് ശശികുമാർ സ്വന്തം പേരിൽ വിതരണം ചെയ്ത വാർത്താക്കുറിപ്പ് മറ്റു പത്രങ്ങളൊന്നും പ്രസിദ്ധീകരിച്ചിരുന്നില്ല. മാതൃഭൂമി മാത്രമാണ് സ്വന്തം ഉത്തരവാദിത്വത്തിൽ ഇത് പ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താക്കുറിപ്പിലും മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയിലും പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വസ്തുതാവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മാതൃഭൂമി തുടർച്ചയായി രണ്ടുതവണ വാർത്ത പ്രസിദ്ധീകരിച്ചു. ഇതേത്തുടർന്നാണ് മാതൃഭൂമിക്കും വാർത്താക്കുറിപ്പ് നൽകിയ ആർ എസ് ശശികുമാറിനുമെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും എം ബി രാജേഷ് വ്യക്തമാക്കി.








0 comments