എജി ഓഫീസിൽ ഇല്ലാത്ത തസ്തികകളിൽ 15 നിയമനങ്ങൾക്ക് അനുമതി; എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനെയും ഒഴിവാക്കി

തിരുവനന്തപുരം: അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിൽ അംഗീകൃത തസ്തികകൾക്കു പുറമേ 15 ഓഫീസ് അറ്റൻഡന്റുമാരെ നിയമിക്കാൻ അനുമതി നൽകി നിയമവകുപ്പ്. നിയമനം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഇതോടെ പിൻവാതിൽ നിയമനത്തിന് വഴിയൊരുക്കുമെന്ന ആശങ്കയും ഉയർന്നു. നവംബർ 13നാണ് നിയമവകുപ്പ് ഉത്തരവിറക്കിയത്.
നിലവിൽ അനുവദിച്ചിട്ടുള്ള തസ്തികകൾക്കു പുറമേയാണ് 15 പേരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാൻ അനുമതി നൽകിയത്. എന്നാൽ ഇവരെ എങ്ങനെ തെരഞ്ഞെടുക്കണമെന്നോ നിയമനത്തിന് എന്ത് നടപടിക്രമം പാലിക്കണമെന്നോ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. സർക്കാർ ഓഫീസുകളിലെ ഇത്തരം നിയമനങ്ങൾക്ക് സാധാരണയായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള തെരഞ്ഞെടുപ്പാണ് നിർദേശിക്കാറുള്ളത്.
2025 സെപ്തംബറിൽ എജി ഓഫീസിൽ 33 ദിവസവേതന ജീവനക്കാരെ നിയമിക്കാൻ അനുമതി നൽകിയപ്പോൾ അംഗീകൃത തസ്തികകളിലെ ഒഴിവുകളിൽ മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിരുന്നു. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി മാത്രമായിരിക്കണം നിയമനമെന്നും ഉത്തരവിൽ നിഷ്കർഷിച്ചിരുന്നു. എന്നാൽ ഇത്തവണ ഈ രണ്ട് വ്യവസ്ഥകളും ഒഴിവാക്കിയാണ് ഉത്തരവ്.
എജി ഓഫീസിലെ ജോലിഭാരം വർധിച്ചതായി ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് ജനറൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമവകുപ്പിന്റെ നടപടി. ഒരുമാസം മുമ്പാണ് അധിക ജീവനക്കാരെ ആവശ്യപ്പെട്ട് കത്ത് നൽകിയത്. അംഗീകൃത തസ്തികകൾക്കു പുറമേ നിയമനത്തിന് അനുമതി നൽകുകയും തെരഞ്ഞെടുപ്പിന്റെ രീതി വ്യക്തമാക്കാതിരിക്കുകയും ചെയ്തതാണ് പുതിയ ഉത്തരവിലെ പ്രധാന പ്രശ്നം.








0 comments