'മരണത്തിലും അവശേഷിപ്പിക്കുന്ന ജീവന്റെ തുടിപ്പ്'; ഇന്ന് ലോക അവയവദാന ദിനം

ആലിൻ ഷെറിൻ
മരണശേഷവും മറ്റൊരാളിൽ ജീവിക്കുകയെന്നത് ഒരു വലിയ തിരഞ്ഞെടുപ്പാണ്. ജീവിച്ചിരിക്കുമ്പോൾ സ്വയമോ അല്ലെങ്കിൽ മരണശേഷം ബന്ധുക്കളുടെ സമ്മതത്തോടെയോ നടക്കുന്ന അവയവദാനം എന്ന മഹാദാനത്തിലൂടെയാണ് അത് സാധ്യമാകുന്നത്. അവയവദാനത്തിലൂടെ മറ്റൊരു ജീവൻ സംരക്ഷിക്കാൻ സമൂഹത്തിന് പ്രചോദനം നൽകുന്ന ഒട്ടേറെ അനുഭവങ്ങൾ നാം കാണാറുണ്ട്. അത്തരത്തിൽ അവയവദാനം നടത്തിയവരെ ഓർക്കാനും കൂടുതൽ പേരെ ഇതിലേക്ക് പ്രോത്സാഹപ്പിക്കാനുമായി വീണ്ടുമൊരു ദിനം കൂടി. ഇന്ന് ലോക അവയവ ദാന ദിനം.
നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (നോട്ടോ) ആണ് ഇന്ത്യയിൽ അവയവ, ടിഷ്യു ദാനങ്ങളും ട്രാൻസ്പ്ലാന്റേഷനുകളും ഏകോപിപ്പിക്കുന്നത്. അവയവ ദാനത്തിന് സന്നദ്ധത അറിയിച്ചിരിക്കുന്നവരുടെ വിവരങ്ങൾ നോട്ടോയാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തിൽ അവയവദാന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) ആണ്.
കേരളത്തിൽ 2012 മുതൽ 2026 വരെ ആകെ 1240 അവയവങ്ങളാണ് ദാനം ചെയ്തിട്ടുള്ളത്. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ദാനം ചെയ്യപ്പെട്ട അവയവം കിഡ്നിയാണ്. 737 കിഡ്നികളാണ് ഇതുവരെ കെ സോട്ടോവഴി ദാനം ചെയ്തിട്ടുള്ളത്. ഇതിനുപുറമേ, 346 കരൾ, 96 ഹൃദയം, 26 കൈകൾ, 23 പാൻക്രിയാസുകൾ, 6 ചെറുകുടൽ, 5 ജോടി ശ്വാസകോശങ്ങൾ, 1 വോക്കൽ കോഡ് എന്നിവയാണ് ഈ കാലയളവിൽ ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. 2026ൽ ഇതുവരെ മാത്രം 70 അവയവദാനങ്ങൾ നടന്നു.
വിടപറയും മുൻപ് നാല് പേർക്ക് പുതുജീവൻ പകർന്ന് കേരളത്തിന്റെ നൊമ്പരവും അഭിമാനവുമായി മാറിയ കുഞ്ഞ് മാലാഖ ആലിൻ ഷെറിൻ കേരള ജനതയ്ക്ക് എന്നും മാതൃകയാണ്. കേവലം 10 മാസം മാത്രം ഈ ഭൂമിയിൽ ജീവിച്ചിരുന്ന ആ കുഞ്ഞ്, മരണത്തിന് കീഴടങ്ങും മുൻപ് അവയവങ്ങൾ ദാനം ചെയ്ത് നാല് പേർക്കാണ് വെളിച്ചമായത്. അതുപോലെ തൃക്കടവൂർ സ്വദേശി അജിത്, കോട്ടക്കൽ സ്വദേശി വിഷ്ണു, വടക്കാഞ്ചേരി സ്വദേശി നവോമി, കണ്ണൂര്‍ സ്വദേശി അര്‍ജുൻ തുടങ്ങി എത്രയെത്രയാളുകൾ...
ഇവരെല്ലാം മരണത്തിലും മറ്റുള്ളവർക്ക് ജീവൻ പകുത്തുനൽകി യാത്രയായവരാണ്. മരണത്തിന് ശേഷം പുതുജീവനേകി മറ്റുള്ളവരിൽ ജീവിക്കാം എന്ന സന്ദേശമാണ് ഓരോ അവയവദാനവും നൽകുന്നത്. തെറ്റിദ്ധാരണകൾ ഒഴിവാക്കി അവയവദാനത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വളർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.










0 comments