വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ


ഡോ. ജേക്കബ് ജോർജ്
Published on Mar 13, 2025, 11:06 AM | 2 min read
എല്ലാ വർഷവും മാർച്ച് 13 ലോക വൃക്ക ദിനമായി ആചരിക്കുന്നു. ഈ വർഷത്തെ വിഷയത്തിൽ മൂന്ന് പ്രധാന സന്ദേശങ്ങളാണുള്ളത്.
1. നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ?
2. മുൻകൂട്ടിയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം.
3. വൃക്കകളെ സംരക്ഷിക്കുക.
ഈ സന്ദേശങ്ങൾ അർത്ഥപൂർവ്വമാണ്. കാരണം, നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളിൽ വൃക്കകളും ഉൾപ്പെടുന്നു. വൃക്കകൾക്ക് തകരാറ് സംഭവിച്ചാൽ അത് ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ വൃക്കകളുടെ ചികിത്സ വിലയേറിയതാണ്.
നമ്മുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ എന്ന ചോദ്യത്തിന് ഒരു പ്രധാന പ്രശ്‌നമുണ്ട്. 75 ശതമാനം വൃക്ക തകരാർ സംഭവിച്ച ശേഷം മാത്രമാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. അതിനാൽ വൃക്കാരോഗ്യം നിർണ്ണയിക്കുന്നതിൽ രോഗലക്ഷണങ്ങൾ പ്രധാന പങ്കു വഹിക്കുന്നില്ല. വൃക്ക തകരാർ വരാൻ സാദ്ധ്യത കൂടുതൽ ഉള്ളവരിൽ മുൻകൂട്ടി ചില പരിശോധനകൾ ചെയ്യേണ്ടതായിട്ടുണ്ട്.
വൃക്ക തകരാർ വരാൻ സാദ്ധ്യതയുള്ളവർ ആരൊക്കെ?
· പ്രമേഹ രോഗികൾ/ Diabetes mellitus ഉള്ള 40 ശതമാനം രോഗികൾക്ക് വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്.
· അമിത രക്തസമ്മർദ്ദം ഉള്ളവരിൽ.
· Glomerular Nephritis ബാധിച്ചവർക്ക് അല്ലെങ്കിൽ മൂത്രത്തിൽ രക്തമയം, പ്രോട്ടീനൂറിയ വന്നവർക്ക് ഭാവിയിൽ വൃക്ക തകരാർ വരാൻ സാദ്ധ്യത കൂടുതലാണ്.
· കുട്ടികളിൽ മൂത്രശ്രയയിൽ അണുബാധ ഉണ്ടായാൽ ഭാവിയിൽ വൃക്ക തകരാറിന് സാദ്ധ്യത കൂടുതലാണ്.
· മൂത്രശ്രയയിൽ കല്ലുകൾ ഉള്ളവർക്കും ഭാവിയിൽ വൃക്ക രോഗം വരാനുള്ള സാദ്ധ്യത കൂടുന്നു.
· വൃക്കകളിൽ മുഴ ഉള്ളവർക്കും പാരമ്പര്യമായി വൃക്ക തകരാർ ഉള്ളവർക്കും അമിതവണ്ണം ഉള്ളവർക്കും ഭാവിയിൽ വൃക്ക രോഗ സാദ്ധ്യത കൂടുതലാണ്.
ഈ ആൾക്കാരിൽ മുൻകൂട്ടിയുള്ള പരിശോധനകളിലൂടെ മുമ്പേ തന്നെ രോഗനിർണ്ണയം നടത്താൻ സാധിക്കുന്നു. ഇവരിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി ആദ്യഘട്ടത്തിൽ തന്നെ രോഗനിർണ്ണയം നടത്തേണ്ടത് അനിവാര്യമാണ്.
മുൻകൂട്ടിയുള്ള രോഗനിർണ്ണയം എങ്ങനെ?
· മൂത്രത്തിൽ പ്രോട്ടീനിന്റെ അംശം കൂടുന്നത് വൃക്ക തകരാറിന്റെ ആദ്യലക്ഷണമാണ്. മിക്ക ലാബുകളിലും Dipstick അല്ലെങ്കിൽ Heat and Acetic acid പരിശോധനയിലൂടെയാണ് പ്രോട്ടീനൂറിയ കണ്ടുപിടിക്കുന്നത്. എന്നാൽ ഒരു ദിവസത്തെ മൂത്രത്തിൽ 300mg ൽ കൂടുതൽ ആണെങ്കിൽ മാത്രമാണ് ഈ പരിശോധനകൾ പോസിറ്റീവ് ആകുന്നത്. ഇതുകൂടാതെ മൂത്രത്തിൽ ചെറിയ അളവിലുള്ള പ്രോട്ടീനിന്റെ അംശം അറിയുന്നതിനായി മൈക്രോആൽബുമിൻ പരിശോധന നടത്താവുന്നതാണ്.
· മൈക്രോസ്‌കോപ്പിന്റെ സഹായത്തോടുകൂടി മൂത്രത്തിൽ രക്തമോ പഴുപ്പോ ഉണ്ടോയെന്ന് മനസ്സിലാക്കാം. വൃക്ക രോഗം 50% ത്തിൽ കൂടുതൽ ഉണ്ടെങ്കിൽ രക്ത പരിശോധനയിൽ യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ് കൂടുതലായിരിക്കും.
· ഈ അവസ്ഥയ്ക്ക് മുമ്പായി Estimated Glomerular Filtration Rate (EGFR) മൂല്യനിർണ്ണയത്തിലൂടെ വൃക്കരോഗം മുൻകൂട്ടി കണ്ടുപിടിക്കാൻ സാധിക്കുന്നു.
· വയറിന്റെ അൾട്രാസൗണ്ട് സ്‌കാൻ, ബയോപ്‌സി എന്നീ പരിശോധനകളിലൂടെ വൃക്ക തകരാർ മുൻകൂട്ടി കണ്ടുപിടിക്കാൻ സാധിക്കുന്നു.
വൃക്ക തകരാർ മുൻകൂട്ടി കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യം എന്ത്?
വൃക്ക തകരാർ മുൻകൂട്ടി കണ്ടുപിടിക്കുന്നതിലൂടെ രോഗം മൂർച്ഛിക്കുന്നത് തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കാം.
· രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കുക.
· പ്രോട്ടീനൂറിയ ഉള്ളവരിൽ രക്തസമ്മർദ്ദം 125/75mmHg ൽ താഴെ നിലനിർത്തുന്നതാണ് ഉചിതം. ചിലപ്പോൾ ഇതിനായി രണ്ടോ മൂന്നോ മരുന്നുകൾ ആവശ്യമായി വന്നേക്കാം.
· പ്രമേഹ രോഗികളിൽ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രണ വിധേയമാക്കുക.
· പ്രോട്ടീനൂറിയ കുറയ്ക്കാൻ മരുന്നുകളുടെ ആവശ്യം വേണ്ടിവരും.
· ആഹാരത്തിൽ ഉപ്പ്, ചുവന്ന മാംസം എന്നിവ നിയന്ത്രിക്കുക.
ചില തരത്തിലുള്ള വൃക്ക രോഗങ്ങൾ ഉദാഹരണത്തിന്, Glomerulo nephritis, SLE, Vasculitis എന്നിവയ്ക്ക് Immuno Suppressant മരുന്നുകൾ ഫലപ്രദമായിരിക്കും. വൃക്ക തകരാർ ള്ളവരിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തേണ്ടത് രോഗം മൂർച്ഛിക്കുന്നത് തടയാൻ അനിവാര്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധിവരെ രോഗപ്രതിരോധവും രോഗം മൂർച്ഛിക്കുന്നത് തടയാനും സാധിക്കുന്നു.










0 comments