മാര്‍ച്ച് 3, ലോക കേള്‍വി ദിനം
കുട്ടികളില്‍ കേള്‍വി പരിമിതി വര്‍ധിക്കുന്നുവെന്ന് വിദഗ്ദര്‍

പ്രതീകാത്മക ചിത്രം
മാര്‍ച്ച് 3, ലോക കേള്‍വി ദിനം
കുട്ടികളില്‍ കേള്‍വി പിരിമിതി വര്‍ധിച്ച് വരുന്നതായി പഠനങ്ങള്‍. ലോകത്ത് 1.5 ബില്യണ്‍ ആളുകള്‍ കേള്‍വി കുറവ് അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഇതില്‍ ഭൂരിഭാഗം കുട്ടികളിലാണ് കണ്ടെത്തുന്നതെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ താഴെ തട്ടില്‍ നിന്നും കുട്ടികളില്‍ രോഗനിര്‍ണ്ണയം സജ്ജമാക്കേണ്ടതാണ്.
തദ്ദേശസ്ഥാപനങ്ങളും സ്കൂളുകളും കേന്ദ്രീകരിച്ച് കുട്ടികളിലെ വളർച്ചാ ഘട്ടങ്ങൾ വിശകലനം ചെയ്‌ത് ചെറുപ്രായത്തിൽ കുട്ടികളിലെ പരിമിതി കണ്ടെത്താനുള്ള ഏര്‍ലി ഡിറ്റക്ഷന്‍ സെന്‍റര്‍, (Early Detection Centre ) ആവശ്യമായ ഇടപെടൽ നടത്തുന്നതിനായുള്ള ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ സെന്‍റര്‍ ( Early Intervention Centre) എല്ലാ ഇടപെടലുകളും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ഇത്തരം സെന്‍ററുകള്‍ വര്‍ധിപ്പിക്കണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
ഓരോ കുട്ടിക്കും കേള്‍വി പരിചരണം ആവശ്യമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് 2026 ലെ കേള്‍വി ദിനത്തില്‍ സമൂഹത്തില്‍ നിന്ന് ക്സാസ്മുറികളിലേയ്ക്ക് എന്ന ആപ്ത വാക്യം ലോകാരോഗ്യ സംഘടന അവതരിപ്പിച്ചത്. ഇതിന് ഉതകുന്ന പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിന് തന്നെ മികച്ച മാതൃക സൃഷ്ടിക്കുകയാണെന്ന് കോഴിക്കോട് ഗവ. മെഡിക്കൽകോളേജ് ഓഡിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ സമീര്‍ പൂതേരി പറഞ്ഞു.
വേള്‍ഡ് ഹീയറിംഗ് ഫോറത്തില്‍ ഇന്ത്യയില്‍ തന്നെ അംഗത്വം ഉള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. കുട്ടികളില്‍ വര്‍ധിച്ചു വരുന്ന കേള്‍വി പരിമിതിയെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന പദ്ധതികളാണ് കേരളത്തെ ഒന്നാമത് എത്തിക്കുന്നതും. അതില്‍ പ്രധാനമാണ് ശ്രുതി തരംഗം പദ്ധതി.
എന്താണ് ശ്രുതി തരംഗം പദ്ധതി ?
ജന്മനാ കേൾവിക്കുറവും സംസാരശേഷിയില്ലാത്തതുമായ കുട്ടികൾക്ക് ശസ്ത്രക്രിയയിലൂടെ കേൾവിയും സംസാരശേഷിയും തിരികെ നൽകുക എന്നതാണ് ശ്രുതി തരംഗം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ കോക്ലിയർ ഇംപ്ലാന്റ് ഉപകരണം, ശസ്ത്രക്രിയ, കൂടാതെ 2 വർഷത്തെ ഓഡിറ്ററി വെർബൽ ഹാബിലിറ്റേഷൻ (Speech Therapy) എന്നിവ സൗജന്യമായി നൽകുകയും ചെയ്യുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശ്രുതി തരംഗം പദ്ധതിയിലൂടെ ഇതുവരെ 3 വയസില്‍ താഴെയുള്ള 514 ഓളം കുട്ടികള്‍ക്കാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ശസ്ത്രക്രിയ നടത്തിയതെന്ന നേട്ടവും കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വന്തമാക്കി.
കുട്ടികളില്‍ കേള്‍വിക്കുറവ് ജനിതകമോ ?
50 ശതമാനം കുട്ടികള്‍ ജന്മനാ ശ്രവണ ശേഷി നഷ്ടപ്പെടുന്നുവെങ്കില്‍ 50 ശതമാനം ഒരു കാരണവും കൂടാതെ കേള്‍വി ശക്തി നഷ്ടപ്പെടുന്നു, ഇഡിയോപതി എന്നാണ് ഈ അവസ്ഥയെ സൂചിപ്പിക്കുന്നത്.
ലോകത്ത് കേള്‍വി പരിമിതരുടെ എണ്ണം വര്‍ധിക്കുന്നുവോ ?
ലോകത്ത് 1.5 ബില്യണ്‍ ആളുകള്‍ കേള്‍വി കുറവ് അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2050 ഓടെ 2.5 ബില്യണ്‍ ആയി ഉയരുമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. അതായത് അഞ്ചില്‍ ഒരാള്‍ കേള്‍വി കുറവ് അനുഭവിക്കുന്നു, വര്‍ഷങ്ങള്‍ മുന്‍പോട്ട് പോകുന്തോറും നാലില്‍ ഒരാള്‍ക്ക് കേള്‍വി നഷ്ടമാകുന്നുവെന്ന് സാരം.
ഓരോ കുട്ടിക്കും കേള്‍വി പരിചരണം ആവശ്യമാണെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടികളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേള്‍വി കുറവ് കൊണ്ട് ഒരു കുട്ടിയുടെയും പഠനം പാതിവഴിയില്‍ മുടങ്ങരുത്, സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടരുത് എന്ന ആശയമാണ് സമൂഹത്തില്‍ നിന്ന് ക്ലാസ്മുറികളിലേയ്ക്ക് എന്ന ആപ്ത വാക്യത്തിലേയ്ക്ക് ഡബ്ല്യുഎച്ച്ഒ യെ എത്തിച്ചത്.
കുട്ടികളിലെ കേള്‍വി പരിമിതി തുടക്കത്തിലെ തിരിച്ചറിയുന്നത് എങ്ങനെ ?
ജനിച്ചു വീഴുന്ന കുട്ടികളിലെ കേള്‍വി വൈകല്യം തിരിച്ചറിയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ന്യൂ ബോണ്‍ ഹീയറിംഗ് സ്ക്രീനിംഗ് പദ്ധതി. നിലവില്‍ 63 സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. മാസത്തില്‍ 50 പ്രസവം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലാണ് ന്യൂ ബോണ്‍ ഹീയറിംഗ് സ്ക്രീനിംഗ് പദ്ധതി സജ്ജമാക്കിയിട്ടുള്ളത്.
എന്താണ് ന്യൂ ബോണ്‍ ഹീയറിംഗ് സ്ക്രീനിംഗ് പദ്ധതി ?
ജനിച്ചു വീഴുന്ന കുട്ടികളിലെ കേള്‍വി വൈകല്യം തിരിച്ചറിയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി. സുവര്‍ണ്ണ ലിപിയില്‍ ഈ പദ്ധതിക്ക് നല്‍കിയിരിക്കുന്ന ആവിഷ്കരണം 1,3,6 എന്നാണ്.
* കുട്ടി ജനിച്ച് വീണ് ഒരു മാസത്തിനുള്ളില്‍ കേള്‍വി പരിശോധന നടത്തണം
* 3 മാസത്തിനുള്ളില്‍ രോഗ നിര്‍ണ്ണയം നടത്തണം
* 6 മാസത്തിനുള്ളില്‍ രോഗ ചികിത്സ നടത്തണം
ഇതാണ് 1,3,6 കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകാരോഗ്യ സംഘടന മുന്നോട്ട് വെയ്ക്കുന്ന ആശയം കൂടിയാണ് ഇത്. ഇത് കേരളത്തില്‍ നടപ്പിലാക്കി വരികയാണ്. അതാണ് ന്യൂ ബോണ്‍ ഹീയറിംഗ് സ്ക്രീനിംഗ് പദ്ധതി. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിച്ച് വീഴുന്ന കുട്ടിക്ക് സ്ക്രീനിംഗ് നടത്തുന്നതിന്‍റെ ആവശ്യകതയും ഇതുതന്നെയാണ്. ഇത്തരത്തില്‍ രോഗ നിര്‍ണ്ണയത്തിനായി കേരളാ സര്‍ക്കാര്‍ സംസ്ഥാനത്തെ 14 ജില്ലാ ആശുപത്രികളിലും, മെഡിക്കല്‍ കോളേജുകളിലും ബേറ (Brainstem Evoked Response Audiometry, BERA) എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ നിര്‍ണ്ണയം കുട്ടി ജനിച്ച് 3 മാസത്തിനുള്ളില്‍ തന്നെ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്.
ഈ നിര്‍ണ്ണയത്തില്‍ മരുന്ന് കൊണ്ട് മറികടക്കാന്‍ സാധിക്കുന്നതും സാധിക്കാത്തതുമായ കേള്‍വി കുറവ് ഉണ്ടാകാം. ആന്തര കര്‍വ്വത്തെ ബാധിക്കുന്നവര്‍ക്ക് കേള്‍വി സഹായി ആവശ്യമായി വരുന്നു. ഈ കേള്‍വി സഹായികള്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ബിഎസ് കെ (Rashtriya Bal Swasthya Karyakram, RBSK) എല്ലാ ജില്ലാ ആശുപത്രികളിലും സൗജന്യമായി നല്‍കി വരുന്നു.
എന്നാല്‍ ഈ മെഷീനില്‍ ഉപയോഗിച്ചിട്ടും ഫലപ്രദമല്ലാത്ത കുട്ടികളിലാണ് കോക്ലിയർ ഇംപ്ലാന്റ് എന്ന ശസ്ത്രക്രിയ നടത്തി വരുന്നത്. പുറമെ, 8 മുതല്‍ 10 ലക്ഷം രൂപ വരെ ചെലവ് വരുന്ന രോഗ നിര്‍ണ്ണയ, ചികിത്സയ്ക്ക് ആണ് സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിയില്‍ സൗജന്യമായി ചെയ്തു കൊടുക്കുന്നത്.








0 comments