എബോള രോഗനിർണയം ഇനി വേഗത്തിൽ; പുതിയ ടെസ്റ്റിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

എബോള വ്യാപനം തടയുന്നതിനായി ഭരണകൂടവും സഹായ ഏജൻസികളും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് | Photo Credit - REUTERS
ജനീവ : എബോളയ്ക്ക് കാരണമായ വൈറസ് കണ്ടെത്താനുള്ള ആദ്യത്തെ മോളിക്കുലാർ പരിശോധനാ കിറ്റിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആർസി), ഉഗാണ്ട എന്നിവിടങ്ങളിൽ അതിവേഗം പടരുന്ന എബോള രോഗബാധയ്ക്ക് കാരണമായ അപൂർവ്വ ഇനം ബുണ്ടിബുഗ്യോ വൈറസ് (BDBV) കണ്ടെത്തുന്നതിനുള്ള ടെസ്റ്റാണിത്.
ഷാങ്ഹായ് സീ ജെ ബയോ-ടെക് കമ്പനി വികസിപ്പിച്ച റിയൽ-ടൈം ആർടി-പിസിആർ (RT-PCR) കിറ്റിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവിൽ കോംഗോയിൽ പടർന്നുപിടിക്കുന്ന എബോള, ബുണ്ടിബുഗ്യോ വൈറസ് ബാധയായി മാറിയ പശ്ചാത്തലത്തിലാണ് ഈ വേഗത്തിലുള്ള നടപടി.
രോഗബാധിതരുടെ രക്ത സാമ്പിളുകളിൽ നിന്ന് വൈറസിന്റെ ജനിതക ഘടന നേരിട്ട് തിരിച്ചറിയാൻ സഹായിക്കുന്നതാണ് ഈ പുതിയ മോളിക്കുലാർ ടെസ്റ്റ്. എബോളയുടെ 'സയർ' വകഭേദങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന മുൻനിര പരിശോധനാ സംവിധാനങ്ങൾക്ക് ബുണ്ടിബുഗ്യോ വൈറസിനെ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇത് രോഗനിർണ്ണയം വൈകുന്നതിനും കൂടുതൽ ആളുകളിലേക്ക് രോഗം പകരുന്നതിനും കാരണമായി. പുതിയ കിറ്റുകൾ ലഭ്യമാകുന്നതോടെ വളരെ വേഗത്തിലും കൃത്യമായും അണുബാധ സ്ഥിരീകരിച്ച് രോഗികളെ ഉടനടി ഐസൊലേഷനിലേക്ക് മാറ്റാനും ആരോഗ്യ പ്രവർത്തകർക്ക് സാധിക്കും.
കോംഗോയിൽ ഇതിനകം 1,400ലധികം ആളുകളിൽ രോഗം സ്ഥിരീകരിക്കുകയും 430ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ബുണ്ടിബുഗ്യോ എബോള ബാധയ്ക്ക് നിലവിൽ ലൈസൻസുള്ള വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല. അതിനാൽ രോഗവ്യാപനം തടയുന്നതിൽ കൃത്യമായ പരിശോധനകൾ മാത്രമാണ് ഏക പോംവഴി. ആഫ്രിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനുമായി ചേർന്ന് ലബോറട്ടറി സൗകര്യങ്ങൾ വിപുലീകരിക്കാനും പ്രതിദിനം 2,000ലധികം പരിശോധനകൾ നടത്താനും ലോകാരോഗ്യ സംഘടന നിലവിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പുതിയ പരിശോധന കിറ്റുകൾ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലേക്ക് അതിവേഗം എത്തിക്കാൻ ഈ അടിയന്തര അനുമതിയിലൂടെ സാധിക്കും. അതോടൊപ്പം തന്നെ ബുണ്ടിബുഗ്യോ വൈറസിനെതിരെ ഫലപ്രദമായേക്കാവുന്ന 'റെംഡെസിവിർ' (Remdesivir), 'MBP134' എന്നീ ആന്റിവൈറൽ മരുന്നുകളുടെയും മോണോക്ലോണൽ ആന്റിബോഡികളുടെയും ക്ലിനിക്കൽ പരീക്ഷണങ്ങളും കോംഗോയിൽ ആരംഭിച്ചിട്ടുണ്ട്. രോഗനിർണ്ണയവും ചികിത്സാ പരീക്ഷണങ്ങളും ഒന്നിച്ച് കൊണ്ടുപോകുന്നതിലൂടെ നിലവിലെ പകർച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നാണ് ആഗോളതലത്തിൽ ആരോഗ്യ വിദഗ്ദ്ധരുടെ പ്രതീക്ഷ.










0 comments