മാനദണ്ഡങ്ങൾ ലംഘിച്ച് തൊഴിലാളികളെ പിരിച്ചുവിട്ടു; പ്രതിഷേധിച്ചവർക്കുനേരെ കോൺഗ്രസ് മർദനം

തൊഴിലാളികളെ കോൺഗ്രസുകാർ കയ്യേറ്റംചെയ്യുന്നു
കാവുമന്ദം: കോൺഗ്രസിന്റെ പിൻവാതിൽ നിയമനത്തെ തുടർന്ന് വയനാട് കർലാട് തടാകത്തിൽ ജോലിനഷ്‌ടമായ തൊഴിലാളികളെ കയ്യേറ്റംചെയ്‌ത് കോൺഗ്രസ് ഗുണ്ടായിസം. മാനദണ്ഡങ്ങൾ ലംഘിച്ച് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിനെതിരെ വിനോദസഞ്ചാര കേന്ദ്രത്തിനുമുന്നിൽ പ്രതിഷേധിച്ച തൊഴിലാളികളെയും പിന്തുണ അറിയിച്ചെത്തിയ സിപിഐ എം പ്രവർത്തകരെയും മർദ്ദിച്ചു.പൊലീസിന്റെ സാന്നിധ്യത്തിലാണ് സംഘടിച്ചെത്തിയ ഇരുപത്തഞ്ചോളം ക്രിമിനലുകൾ സംഘർഷമുണ്ടാക്കിയത്.
ഞായർ രാവിലെ ജോലിക്കെത്തിയപ്പോൾ തങ്ങളെ പിരിച്ചുവിട്ടതറിഞ്ഞ് സമാധാനപരമായാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. വിനോദസഞ്ചാര കേന്ദ്രത്തിലെ മാനേജറുമായി ചർച്ച നടത്തുന്നതിനിടെ പ്രകോപനമൊന്നുമില്ലാതെ കോൺഗ്രസ് പ്രവർത്തകർ സംഘർഷം സൃഷ്‌ടിക്കുകയായിരുന്നു. സംഘർഷം ഉണ്ടാക്കിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അടിയന്തരമായി ജോലിയിൽ തിരിച്ചെടുക്കണമെന്നും തൊഴിലാളികൾ പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ഗാഗാറിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം സെയ്‌ത്, ജോബിസൺ ജെയിംസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ എൻ ഗോപിനാഥൻ, അനീഷ് കുമാർ, ലോക്കൽ സെക്രട്ടറി കെ ടി വിനോദ് എന്നിവർ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് തൊഴിലാളികളെ സന്ദർശിച്ചു.










0 comments