പശ്ചിമ ബംഗാളിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; മൃതദേഹം കണ്ടെത്തിയത് കുളത്തിൽ നിന്ന്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ പെൺകുട്ടിയുടെ വീടിന് സമീപത്തുള്ള കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള ബരുയിപൂരിലാണ് സംഭവം. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ പ്രകോപിതരായ നാട്ടുകാർ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ റോഡുകളും റെയിൽവേ ട്രാക്കുകളും ഉപരോധിച്ചു.
ഇത് തടയാന്‍ ശ്രമിച്ച പൊലീസിനും കേന്ദ്ര അർദ്ധസൈനിക വിഭാഗത്തിനും നേരെ നാട്ടുകാർ കല്ലെറിഞ്ഞു. കല്ലേറിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും, ഗുരുതരമായി പരിക്കേറ്റ ഒരു ഉദ്യോഗസ്ഥനെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് സൗത്ത് ബംഗാൾ റേഞ്ച് ഐ ജി കങ്കർ പ്രസാദ് ബറൂയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. കുറ്റവാളികളായ ആരെയും വെറുതെ വിടില്ലെന്നും എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഐജി വ്യക്തമാക്കി.











0 comments