ad
Deshabhimani

കോംഗോയിൽ എബോളയ്ക്ക് തടയിടാൻ പുതിയ മരുന്ന് പരീക്ഷണം; പ്രതീക്ഷയോടെ ലോകം

ebola
വെബ് ഡെസ്ക്

Published on Jul 05, 2026, 07:16 PM | 1 min read

ബുനിയ : ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ പടർന്നുപിടിക്കുന്ന എബോള വ്യാപനത്തിന് തടയിടാൻ ലക്ഷ്യമിട്ടുള്ള പുതിയ മരുന്ന് പരീക്ഷണങ്ങൾക്ക് തുടക്കമായി. ജൂലൈ ആദ്യവാരത്തോടെ ആരംഭിച്ച ഈ പഠനം, രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രങ്ങളിലുള്ള ജനങ്ങളിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കിഴക്കൻ കോംഗോയിലെ ഇതൂരി പ്രവിശ്യയിലുള്ള ബുനിയ ഇവാഞ്ചലിക്കൽ മെഡിക്കൽ സെന്ററിലാണ് ഗവേഷണങ്ങൾ നടക്കുന്നത്.


എബോളയ്ക്ക് കാരണമാകുന്ന വൈറസുകളിൽ താരതമ്യേന അപൂർവമായ ബുന്ദിബുഗ്യോ വകഭേദമാണ് ഇവിടെ പടരുന്നത്. നിലവിൽ ഇതിന് പ്രത്യേക വാക്സിനുകളോ കൃത്യമായ ചികിത്സകളോ ലഭ്യമല്ല. ഇതുവരെ 1400ലധികം ആളുകൾക്ക് രോഗം ബാധിക്കുകയും 438 പേർ മരണപ്പെടുകയും ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.


ആന്റിവൈറൽ മരുന്നായ 'റെംഡിസിവിർ', പരീക്ഷണാത്മക ആന്റിബോഡി ചികിത്സയായ 'MBP134' എന്നിവയോ അല്ലെങ്കിൽ ഇവ രണ്ടും ചേർത്തുള്ള കൂട്ടുമരുന്നുകളോ രോഗികളിൽ എത്രത്തോളം ഫലപ്രദമാണെന്നാണ് ഈ പഠനത്തിലൂടെ വിലയിരുത്തുന്നത്. ചികിത്സ തുടങ്ങി 28 ദിവസത്തെ അതിജീവന നിരക്ക് നിരീക്ഷിച്ചായിരിക്കും മരുന്നിന്റെ ഫലപ്രാപ്തി വിലയിരുത്തുകയെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. കോംഗോയുടെ നാഷണൽ ബയോമെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, ആന്റ്‌വെർപ്പിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെഡിസിൻ തുടങ്ങിയ അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരീക്ഷണം നടക്കുന്നത്.


ആദ്യഘട്ടത്തിൽ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലുള്ള രോഗികളിലാണ് പരീക്ഷണം നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, രോഗികളുമായി സമ്പർക്കമുള്ളവർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ളവരിലേക്കും പരീക്ഷണം വ്യാപിപ്പിക്കുമെന്ന് ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എമർജൻസി വിഭാഗം മേധാവി പ്രൊഫസർ യാപ് ബൂം വ്യക്തമാക്കി.


ജനങ്ങൾക്കിടയിലെ അവിശ്വാസവും സംഘർഷബാധിത പ്രദേശങ്ങളിലെ സുരക്ഷാപ്രശ്നങ്ങളും ആരോഗ്യപ്രവർത്തകർ നേരിടുന്ന ആക്രമണങ്ങളും നിലവിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. എബോള വ്യാപനത്തിൽ നാലിൽ മൂന്ന് മരണങ്ങളും സംഭവിക്കുന്നത് ആരോഗ്യകേന്ദ്രങ്ങൾക്ക് പുറത്താണെന്ന് കോംഗോ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ഇൻസിഡന്റ് മാനേജർ പിയറി അകിനിമലി വ്യക്തമാക്കി. എങ്കിലും ഈ പുതിയ മരുന്ന് പരീക്ഷണം മാരകമായ പകർച്ചവ്യാധിയെ നിയന്ത്രണത്തിലാക്കാൻ സഹായിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ആരോഗ്യലോകം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home