ad
Deshabhimani

അൾട്രാ പ്രൊസസ്‍ഡ് ഭക്ഷണങ്ങളോട് ആസക്തി കൂടുതലുണ്ടോ ? അത് മനസിന്റെ ദുര്‍ബലത കാരണമല്ലെന്ന് ഗവേഷകര്‍

UPF
വെബ് ഡെസ്ക്

Published on Jun 05, 2026, 02:46 PM | 2 min read

ഓക്‌ലൻഡ്: അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ മനുഷ്യന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകളെ ചൂഷണം ചെയ്യുന്ന കോർപ്പറേറ്റ് തന്ത്രമെന്ന് പഠനം. യുപിഎഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇത്തരം ഭക്ഷണപാനീയങ്ങളുടെ അമിത ഉപയോഗവും അവയോടുള്ള അടിമത്തവും കേവലം വ്യക്തിപരമായ താൽപ്പര്യമോ തെരഞ്ഞെടുപ്പോ അല്ല. മറിച്ച് മനുഷ്യന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകളെ ചൂഷണം ചെയ്യുന്നതിനായി വൻകിട കമ്പനികൾ മനഃപൂർവ്വം രൂപകൽപ്പന ചെയ്ത ഒന്നാണെന്ന് പുതിയ ഗവേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തരം ഭക്ഷണങ്ങളോടുള്ള ആസക്തി അതിന്റെ ഉത്പാദകര്‍ തന്നെ ബോധപൂര്‍വ്വവും ആസൂത്രിതവുമായി നിര്‍മ്മിച്ചെടുക്കുന്നതാണ്.


ശീതളപാനീയങ്ങൾ, പാക്കറ്റ് ലഘുഭക്ഷണങ്ങൾ, റെഡി-ടു-ഈറ്റ് മീലുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ മനുഷ്യനിൽ കൃത്രിമമായ ആസക്തി സൃഷ്ടിക്കുന്ന രീതിയിലാണ് വിപണിയിലെത്തിക്കുന്നത്. സൂപ്പർമാർക്കറ്റുകളിലെ പാക്കേജ്ഡ് ഭക്ഷണങ്ങളിൽ 70 ശതമാനത്തോളം അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളാണ് കൈയടക്കിയിരിക്കുന്നത്. കുറഞ്ഞ ചിലവിലുള്ള ചേരുവകളും വിവിധ തരം ഫ്ലേവറുകളും ചേർത്താണ് അന്താരാഷ്ട്ര കോർപ്പറേഷനുകൾ ഇവ നിർമ്മിക്കുന്നത്. ഫ്ലേവറുകൾ തന്നെ ആസക്തിയെ ലക്ഷ്യമാക്കുന്നു. ശീതളപാനീയങ്ങൾ, പാക്കറ്റ് ലഘുഭക്ഷണങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ എങ്ങനെയാണ് മനുഷ്യനെ ഇതിന് അടിമയാക്കുന്നത് എന്ന് ഓക്‌ലൻഡ് സർവകലാശാലയിലെ ഗവേഷകർ വിശദീകരിക്കുന്നു.


തലച്ചോറിനെ അടിമയാക്കുന്ന

'റിവാർഡ് സിസ്റ്റം'


കൊഴുപ്പും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും കൃത്യമായ അളവിൽ ചേർത്താണ് ഇത്തരം ചില ഭക്ഷണങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. ഇത് കഴിക്കുന്നതിലൂടെ തലച്ചോറിലെ 'റിവാർഡ് സിസ്റ്റം' ഉത്തേജിപ്പിക്കപ്പെടുകയും, ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നതിന് സമാനമായ ഡോപമിൻ ഉത്പാദനം വഴി മനുഷ്യരിൽ കടുത്ത അടിമത്തം ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ സ്വാഭാവികമായ 'വയർ നിറഞ്ഞു' എന്ന സിഗ്നലുകളെ (Satiety Signals) മറികടക്കാൻ ഈ ചേരുവകൾക്ക് സാധിക്കും. അതായത് ശരീത്തിന് മതി എന്നായാലും ആളുകൾ ആവശ്യത്തിലധികം ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കപ്പെടുന്നു.


ഈ ഭക്ഷണങ്ങൾ ഏറ്റവും രുചികരവും ലാഭകരവുമാണെന്ന തോന്നൽ ഉണ്ടാക്കുന്ന രീതിയിലാണ് ഇവയുടെ പരസ്യങ്ങളും മാർക്കറ്റിംഗും രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് കുട്ടികളെയും സാധാരണക്കാരെയുമാണ് കമ്പനികൾ ഇതിനായി ലക്ഷ്യമിടുന്നത്. അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ സ്ഥിരമായ ഉപയോഗം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകിടം മറിക്കുന്നു.

UPF 2

അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, വിഷാദം എന്നിവയ്ക്ക് ഇത് നേരിട്ട് കാരണമാകുന്നു. ന്യൂസിലാൻഡിൽ സംഭവിക്കുന്ന അകാല മരണങ്ങളിൽ 18 ശതമാനത്തിനും കാരണം ഇത്തരം മോശം ഭക്ഷണരീതിയാണെന്ന് ഓക്‌ലൻഡ് സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.


ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ കൗമാരക്കാരുടെ തലച്ചോറ് നിർമ്മാണത്തിലിരിക്കുന്ന ഒരു ഹൈവേ പോലെയാണ്. വികാരങ്ങളെ നിയന്ത്രിക്കുന്ന 'ലിംബിക് സിസ്റ്റം' (Limbic System) ഈ പ്രായത്തിൽ അതിവേഗം പ്രവർത്തിക്കുന്നു. എന്നാൽ വിവേചനബുദ്ധിയും ആത്മനിയന്ത്രണവും കൈകാര്യം ചെയ്യുന്ന 'പ്രീ-ഫ്രണ്ടൽ കോർട്ടെക്സ്' (Pre-frontal cortex) പൂർണ്ണമായി വികസിച്ചിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ വിവേകപൂർവ്വം ചിന്തിക്കാനും പരസ്യങ്ങളുടെ ലോകത്തെ ചതിക്കുഴികളിൽ നിന്ന് സ്വയം പിന്മാറാനും അവർക്ക് സാധിക്കുന്നില്ല. ഇത്തരം ഭക്ഷണങ്ങൾക്ക് അടിമയാകുന്നവരെ പലപ്പോഴും ഡിജിറ്റൽ മീഡിയ വഴി സ്വാധീനിക്കുന്നു.


കർശനമായ നിയന്ത്രണങ്ങൾ അനിവാര്യം


ഭക്ഷണ ശീലങ്ങൾ മാറ്റാൻ വ്യക്തികളെ ഉപദേശിക്കുന്നതുകൊണ്ട് മാത്രം ഈ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഇതിനായി സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണ്. ഇത്തരം ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുക. കുട്ടികളെ ലക്ഷ്യമിട്ടുള്ള ആകർഷകമായ പരസ്യങ്ങൾക്ക് കർശന വിലക്ക് ഏർപ്പെടുത്തുക. പാക്കറ്റുകളുടെ മുൻവശത്ത് തന്നെ ആരോഗ്യപരമായ ദോഷങ്ങൾ വ്യക്തമാക്കുന്ന മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കുക.

വ്യക്തികളുടെ ആരോഗ്യത്തെക്കാൾ കോർപ്പറേറ്റ് ലാഭത്തിന് മുൻഗണന നൽകുന്ന വിപണന രീതിക്കെതിരെ നിയമനിർമ്മാണങ്ങളിലൂടെ പ്രതിരോധം തീര്‍ക്കുക എന്നും ആവശ്യപ്പെടുന്നു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home