വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞിട്ട് 35 വർഷം, ഇപ്പോഴും ഹെൽത്ത് ഡബിൾ ഓക്കേ; സയൻസിന് നന്ദി


ജിഷ്ണു മധു
Published on Sep 19, 2025, 04:33 PM | 2 min read
തിരുവനന്തപുരം: "എന്റെ ബയോളജിക്കൽ ജനന തീയതി 1962 ജൂലൈ 12 ആണ്. എന്നാൽ അതിലും വിശേഷപ്പെട്ടതാണ് എനിക്ക് 1990സെപ്റ്റംബർ 18 , ഞാൻ പുനർജനിച്ചതായി വിശ്വസിക്കുന്ന ദിവസം. 35 വർഷം തികയുന്നു വൃക്ക മാറ്റിവെക്കൽ 'ശസ്ത്രക്രിയ' നടന്നിട്ട്. അന്നും ഇന്നും സയൻസിൽ വിശ്വസിക്കുന്നു"- കൂത്താട്ടുകുളം സ്വദേശിയും കൃഷിവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ കെ മോഹനൻ പറയുമ്പോൾ മുഖത്തിന്നും തിളക്കം.
"കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ നടന്ന ശാസ്ത്രക്രിയയിലെ ഡോണർ അമ്മയായിരുന്നു. പ്രതിസന്ധിയിൽ കൈയ്യൊഴിയാതെ അമ്മയായ തങ്കമ്മയുടെ വൃക്ക മകന് നൽകിയെങ്കിലും ശ്രമം വിഫലമായി. അധികം വൈകാതെ പൊരുത്തപ്പെടാത്ത നിലയിലായി ആരോഗ്യം. കോഴിക്കോട് രാമനാട്ടുകര കൃഷി ഭവനിൽ ജോലിചെയ്‌തു വരുന്നതിനിടയിലായിരുന്നു രണ്ടാമത്തെ ശസ്ത്രക്രിയ. കൃത്യമായി പറഞ്ഞാൽ 35 വർഷം മുൻപ് ഇതേ ദിവസം ചെന്നൈ ഗസ്റ്റ് ഹോസ്പിറ്റലിൽ. തമിഴ്നാട് സ്വദേശിനിയായിരുന്നു ഡോണർ.
എനിക്കായി വളരെയധികം കഷ്ടപാടുകൾ സഹിച്ച് കൂടെ നിന്നവർ ബന്ധുമിത്രാദികൾ മാത്രമല്ല ഒരിക്കലും കാണുകയോ ബന്ധപ്പെടുകയോ ചെയ്യാത്ത അനേകരും ഉണ്ട്. എന്നെ ചികിത്സിച്ച, പരിചരിച്ച വിവിധ ആതുരാലയങ്ങളിലെ ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരും അനുബന്ധ ജോലിക്കാരുമുണ്ട്. നിങ്ങളുടെ ആനുഗ്രഹത്താൽ വിജയത്താൽ മാത്രം ഇത് പറയാൻ ഇപ്പോൾ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ.
അടുത്ത ദിനങ്ങളിൽ രണ്ടു കുട്ടികൾ കൊട്ടാരക്കരയിലെ ഐസക് ജോർജ്, നെടുമ്പാശ്ശേരിയിലെ ബിൽജിത്ത് എന്നിവർ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഏറെ ദു:ഖകരമായ വാർത്ത ലോകമാകെ അറിഞ്ഞതാണ്. കടുത്ത ദു:ഖത്തിനിടയിലും ആ രണ്ടു കുട്ടികളുടേയും വീട്ടുകാരെടുത്ത അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന തീരുമാനത്തിലൂടെ അവയവദാതാക്കൾക്കായി കാത്തിരുന്ന 12ഓളം രോഗികൾക്ക് ആശ്വാസം ലഭ്യമാകാനിടയായി. ഇതിനു നിമിത്തമായതിലൂടെ മറ്റൊരു വലിയ മാറ്റം സമൂഹത്തിലാകെ നടപ്പാക്കാനായി എന്നതും ജീവിച്ചിരുന്നപ്പേൾ ചെയ്ത സേവനങ്ങൾക്കപ്പുറം മരണാനന്തരം ആ കുട്ടികൾക്ക് ചെയ്യാനായി എന്നതും പ്രധാനപ്പെട്ടതാണ്. സമീപ ദിവസങ്ങളിൽ അവയവദാന സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തവരുടെ എണ്ണം 500-ൽ അധികമായി എന്നത് വലിയ ഒരു മാറ്റം തന്നെയാണ്. സമൂഹം ആ രണ്ടു കുടുംബങ്ങൾക്കായി നൽകിയ ആദരവായി കാണാവുന്ന സമീപനമാണിത്"- കെ മോഹനൻ പറഞ്ഞു.
കൃഷി ഓഫീസറായി ജോലിയിൽ പ്രവേശിച്ച മോഹനൻ എറണാകുളം അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടറായി 2018 ൽ വിരമിച്ചു. കിലയുടെ റിസോർസ്പേഴ്സണായും വിജ്ഞാനം കേരളം പദ്ധതിയുടെ ഭാഗമായും സജീവമാണ് ഇപ്പോഴും പ്രവർത്തനം.
സംസ്ഥാനത്തുനിന്നുള്ള അവയവ പ്രതിജ്ഞാ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ വൻ വർധനവുണ്ട്. മസ്‌തിഷ്‌ക മരണത്തിനുശേഷം രണ്ട് വിജയകരമായ അവയവദാനങ്ങൾ നടന്ന് നാലുദിവസത്തിനുള്ളിൽ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ വെബ്‌സൈറ്റിൽ അഞ്ഞൂറിലധികം രജിസ്ട്രേഷനുകൾ ലഭിച്ചു. 30നും 45നും ഇടയിൽ പ്രായമായവരാണ് ഏറ്റവുമധികം രജിസ്‌റ്റർ ചെയ്‌തത്. തിരുവനന്തപുരത്തും കൊച്ചിയിലും മസ്തിഷ്കമരണം സംഭവിച്ചവരിൽനിന്ന് അവയവങ്ങൾ ശേഖരിച്ച് സെപ്‌തംബർ 11നും 13നും കൊച്ചിയിൽ തുടർച്ചയായി രണ്ട് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ഇത് ജനങ്ങളിലുണ്ടാക്കിയ അവബോധമാണ് അവയവദാനത്തിന് കൂടുതൽ ആളുകൾക്ക് പ്രേരണയായത്. ഏറ്റവും കൂടുതൽ അവയവദാന പ്രതിജ്ഞാ രജിസ്ട്രേഷൻ നടന്നത് സെപ്‌തംബർ 12നാണ്. 193 പേരാണ് രജിസ്‌റ്റർ ചെയ്‌തത്. ആദ്യ ശസ്‌ത്രക്രിയ നടക്കുന്ന 11നുമുന്പുള്ള ദിവസങ്ങളിൽ ഇത് നാമമാത്രമായിരുന്നു. 11ന് 60 രജിസ്‌ട്രേഷൻ നടന്നു. 13ന് 180ഉം 14ന് 63ഉം 15ന് 56ഉം 16ന് 71ഉം 17ന് 71ഉം പേർ രജിസ്‌ട്രേഷൻ നടത്തി.
അടുത്തിടെ നടന്ന രണ്ട് അവയവമാറ്റ ശസ്ത്രക്രിയകളും ഒന്നിലധികം അവയവദാനങ്ങളും സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടാകണമെന്ന് കേരള സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ സോട്ടോ) ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് പറഞ്ഞു. ഇതുവരെ 7877 രജിസ്‌ട്രേഷനുകളാണ് സംസ്ഥാനത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ വെബ്‌സൈറ്റിൽ ആധാർ നമ്പർ കൊടുത്ത് അപേക്ഷ പൂരിപ്പിച്ച് ആർക്കും അവയവദാനത്തിന് രജിസ്‌റ്റർ ചെയ്യാം.









0 comments