ലങ്ക പ്രീമിയർ ലീഗ് ഒത്തുകളി വിവാദം; മുൻ ഇന്ത്യൻ അണ്ടർ 19 താരം മൻജോത് കൽറയെ ജൂലൈ 31 വരെ റിമാൻഡ് ചെയ്തു

ലങ്ക പ്രീമിയർ ലീഗ് ടീമായ ജാഫ്ന കിംഗ്‌സിന്റെ സഹ ഉടമ മൻജോത് കാൽറയെ കൊളംബോയിലെ കോടതിയിൽ ഹാജരാകാനായി കൊണ്ടുപോകുന്നു| Photo Credit:AFP
കൊളംബോ: 2026 ലങ്ക പ്രീമിയർ ലീഗിലെ ഒത്തുകളി വിവാദ കേസുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ അണ്ടർ-19 താരം മൻജോത് കൽറയെ കൊളംബോ മജിസ്ട്രേറ്റ് കോടതി ജൂലൈ 31 വരെ റിമാൻഡ് ചെയ്തു. ജാഫ്ന കിംഗ്സ് ഫ്രാഞ്ചൈസിയുടെ സഹ ഉടമയായ കാൽറയെ ജൂലൈ 16-നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ടൂർണമെന്റിൽ കളിക്കുന്ന ഭാനുക രാജപക്സെ, ദുനിത് വെല്ലാലാഗെ, അവിഷ്ക ഫെർണാണ്ടോ എന്നീ താരങ്ങളെ ഒത്തുകളിക്ക് പ്രേരിപ്പിക്കാൻ കൽറ ശ്രമിച്ചെന്നാണ് ആരോപണം. മത്സരഫലത്തെ സ്വാധീനിക്കാൻ 30,000 യുഎസ് ഡോളറിലധികം വാഗ്ദാനം ചെയ്തതായും ഇതിന്റെ ഫോൺ സംഭാഷണങ്ങളും വീഡിയോ തെളിവുകളും കൈവശമുണ്ടെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി.
താരങ്ങൾ വിവരം സ്പോർട്സ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനെ അറിയിക്കുകയും, അവരുടെ നിർദ്ദേശപ്രകാരം കൽറയുമായി പണത്തെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. പണവുമായി എത്തിയപ്പോൾ കാൽറയും മറ്റൊരു വ്യക്തിയും പോലീസിന്റെ പിടിയിലാകുകയായിരുന്നു.
അതേസമയം, ആരോപണങ്ങൾ കൽറയുടെ അഭിഭാഷകർ നിഷേധിച്ചു. താൻ നിരപരാധിയാണെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും കൽറ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യൻ കായികരംഗത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ എപ്പോഴും പ്രതിജ്ഞാബദ്ധനായ താൻ, നിയമപരമായ നടപടികളിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാഫ്ന കിംഗ്സും ഗാലെ ഗാലന്റ്സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപാണ് കൽറയുടെ അറസ്റ്റ് വാർത്ത പുറത്തുവന്നത്. ഈ മത്സരത്തിൽ ജാഫ്ന കിംഗ്സ് പരാജയപ്പെട്ടിരുന്നു.











0 comments