ad
Deshabhimani

വിശപ്പിന്റെ വിലയറിയുന്നവർ പറയുന്നു തുടരണം ‘ഹൃദയപൂർവം’

കാസർകോട് ജനറൽ ആശുപത്രിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പൊതിച്ചോർ വിതരണംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 20, 2026, 03:00 AM | 1 min read

കാസർകോട്‌ ​‘നമ്മൾ ആശുപത്രിയിലാവുന്ന സമയത്തെക്കുറിച്ചൊന്ന്‌ ആലോചിച്ചുനോക്കണം. അപ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്‌. നല്ല ഭക്ഷണം ലഭിക്കുന്നതും അതു കൊടുക്കാൻ കഴിയുന്നതും എത്ര മഹത്തരമാണ്‌. അത്രയും ഇഷ്ടത്തോടെയും സന്തോഷത്തോടെയുമാണ്‌ പൊതിച്ചോറ്‌ നൽകുന്നത്‌. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതെങ്ങനെയാണ്‌ നമ്മൾ നിർത്തുക–’ കാസർകോട്‌ ജനറൽ ആശുപത്രിയിലേക്ക്‌ വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിന്റെ പങ്കിൽ രണ്ടുപൊതി അധികംനൽകുകയായിരുന്നു കഴിഞ്ഞദിവസം ഉദുമ തെക്കിൽ വില്ലേജിലെ മാച്ചിപ്പുറത്തെ ‘ദേവാലയം’ ഹ‍ൗസിൽ ബീന വിജയൻ. കഴിയാവുന്നിടത്തോളം കാലം പൊതിച്ചോറു നൽകുമെന്നും അവർ പറഞ്ഞു. പ്രത്യേക രാഷ്ട്രീയവിരോധംമൂത്ത്‌ നല്ലകാര്യങ്ങളെ അവസാനിപ്പിക്കാൻ അനുവദിക്കില്ലെന്ന്‌ അടിവരയിടുകയാണ്‌ വിശപ്പിന്റെ വിളിയറിയുന്ന മനുഷ്യരോരുത്തരും. ആശുപത്രി മതിൽക്കെട്ടിനകത്തേക്ക്‌ ഡിവൈഎഫ്‌ഐ എന്ന്‌ ആലേഖനംചെയ്‌ത, വെള്ളക്കൊടിപറത്തി ബാനറുംകെട്ടി ഒരു വണ്ടി കയറിവരുമ്പോൾ മനുഷ്യരുടെ മുഖത്തുണ്ടാവുന്ന വികാരവായ്‌പ്‌ പറഞ്ഞറിയിക്കാനാവാത്തതാണ്‌. പത്തുകൊല്ലത്തിനിടെ, പരസ്‌പരമറിയാത്ത മനുഷ്യർതമ്മിൽ ഉണ്ടാക്കിയെടുത്ത ഒരു ബന്ധമാണത്‌. തീയതിയറിഞ്ഞാൽ മേഖലാ കമ്മിറ്റി ഓരോ യൂണിറ്റുകളെയുമറിയിക്കുന്നതിൽ തുടങ്ങും ഒരുക്കം. എണ്ണം തിട്ടമാക്കി വീടുകൾ കയറിയിറങ്ങും ഡിവൈഎഫ്‌ഐ പ്രവർത്തകർ. ഒഴിച്ചുകറികൾക്കുള്ള കവറുകൾ കൈമാറും. പൊതിച്ചോർ എടുക്കുന്ന അന്ന്‌ രാവിലെവരെ നീളും പണികൾ. രണ്ടും മൂന്നും ദിവസംമുന്നേ വിവരമറിഞ്ഞതുമുതൽ വീടുകളിലും വലിയ ഒരുക്കമാണ്‌. കടയിൽച്ചെന്ന്‌ സാധനങ്ങൾ വാങ്ങുന്നതിൽതൊട്ട്‌ ഒരുത്സാഹമാണ്‌ പിന്നെ. ഒരു വിശേഷദിവസം വന്നെത്തിയതുപോലെയാണ്‌ കാര്യങ്ങൾ. സംഘടനാഭാരവാഹികളെന്നതുപോൽ ഉത്തരവാദിത്തത്തിൽ പെരുമാറും ഓരോ വീട്ടുകാരും. അപരനോടുള്ള സ്‌നേഹവും കരുതലും ഇലപ്പൊതികളിലാക്കുംവരെ അവർക്കാർക്കും മടുപ്പുണ്ടാകാറില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home