മണിനാദം, രമണൻ, മാന്പഴം ഒറ്റപ്പുസ്‌തകമായി; ‘കതിർമ' പ്രകാശിപ്പിച്ചു

ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ദേശീയ കാവ്യോത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകം 'കതിർമ' ഡോ. എം ലീലാവതി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവിന് നൽകി പ്രകാശിപ്പിക്കുന്നു
കളമശേരി
ദേശീയ കാവ്യോത്സവത്തിന്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിദ്ധീകരിക്കുന്ന ‘കതിർമ' എഴുത്തുകാരി ഡോ. എം ലീലാവതി പ്രകാശിപ്പിച്ചു.
പി രാജീവ് പുസ്തകം ഏറ്റുവാങ്ങി. 1936ൽ പ്രസിദ്ധീകരിച്ച് 90 വർഷം പിന്നിടുന്ന ഇടപ്പള്ളി രാഘവൻപിള്ള എഴുതിയ ‘മണിനാദം’, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘രമണൻ’, വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘മാമ്പഴം’ എന്നീ കവിതകളാണ് ‘കതിർമ’ എന്നപേരിൽ ഒരു പുസ്തകമായി പുറത്തിറക്കിയത്.
മൂന്ന് കവിതകളെ ഏകോപിപ്പിച്ച് വാർഷികം സംഘടിപ്പിക്കുന്നത് സാഹിത്യത്തിൽ ആദ്യമായിരിക്കുമെന്ന് പുസ്‌തകം പ്രകാശിപ്പിച്ച് എം ലീലാവതി പറഞ്ഞു. മഹാരഥന്മാരായ മൂന്ന് നിരൂപകർ കവിതയെ വ്യക്തമായി നിരൂപണം ചെയ്തിട്ടുണ്ട്. വൈകാരികതയാണ് ഇൗ കവിതകളുടെ ആകർഷണമെന്നും എം ലീലാവതി പറഞ്ഞു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത അധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. എം തോമസ് മാത്യുവാണ് പുസ്തകം സമാഹരിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി സജീവ്, ജോയിന്റ് സെക്രട്ടറി രഥീഷ്‌കുമാർ കെ മാണിക്യമംഗലം, തൃക്കാക്കര കേസരി ബാലകൃഷ്ണപിള്ള വായനശാല സെക്രട്ടറി ജിനു തോമസ് എന്നിവർ സംസാരിച്ചു.
മൂന്ന് കവിതകളെക്കുറിച്ച് കേസരി ബാലകൃഷ്ണപിള്ള, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, പ്രൊഫ. എം എൻ വിജയൻ എന്നിവരുടെ പഠനങ്ങളും ഉൾപ്പെടുന്നതാണ് പുസ്തകം. രമണൻ, മാമ്പഴം, മണിനാദം എന്നീ കവിതകൾ 90 വർഷം പിന്നിടുന്നതിന്റെ പശ്ചാത്തലത്തിൽ സെപ്തംബർ 17, 18, 19 തീയതികളിൽ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിലാണ് ദേശീയ കാവ്യോത്സവം സംഘടിപ്പിക്കുന്നത്.










0 comments