ad
Deshabhimani

വിദ്യാർഥികളുടെ ശബ്ദം മുഴങ്ങുന്നു; എസ്‌എഫ്‌ഐ നേതാക്കൾക്ക് അഭിവാദ്യവുമായി പിണറായി വിജയൻ

pinarayi sfi.jpg
വെബ് ഡെസ്ക്

Published on Jul 19, 2026, 03:57 PM | 1 min read

തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ നിരാഹാര സമരം നടത്തുന്ന എസ്‌എഫ്‌ഐ നേതാക്കൾക്ക് അഭിവാദ്യവുമായി പിണറായി വിജയൻ. എത്രയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും സംഘപരിവാറിന്റെയും മോദി സർക്കാരിന്റെയും ഏകാധിപത്യ ഭരണത്തിന് കീഴടങ്ങില്ലെന്ന വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഉറച്ച ശബ്ദമാണ് ഇന്ന് രാജ്യത്ത് ഉച്ചത്തിൽ മുഴങ്ങുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.


അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജിയും ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷും ജന്തർ മന്തറിലെ നിരാഹാര സമരത്തിൽ പങ്കുചേർന്നുകൊണ്ട് നൽകുന്ന സന്ദേശം ജനാധിപത്യത്തിനായി പൊരുതുന്ന എല്ലാവർക്കും ആവേശം പകരുന്നതാണ്. നാളെയുടെ ഇന്ത്യയെ വാർത്തെടുക്കുന്ന ശക്തിയാണ് നമ്മുടെ വിദ്യാർഥികൾ. അവരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ഭാവിക്കും നേരെ ഒരു സർക്കാരും പുറംതിരിഞ്ഞ് നിൽക്കരുത്. വിദ്യാർഥികളുടെ ശബ്ദം കേൾക്കുന്ന, സംവദിക്കുന്ന, പരിഹാരം കണ്ടെത്തുന്ന സമീപനമാണ് നാടിന് ആവശ്യം. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമായി പോരാടുന്ന എല്ലാ വിദ്യാർഥികൾക്കും ഐക്യദാർഢ്യവും പിന്തുണയും അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.


വാങ്‌ചുക്കിനെ വിട്ടുകിട്ടുംവരെ നിരാഹാരമിരിക്കുമെന്നാണ്‌ എസ്എഫഐ പ്രഖ്യാപനം. ഡൽഹി ജന്തർമന്തറിലെ എസ്‌എഫ്‌ഐയുടെ സമരകേന്ദ്രമായ ‘ക്രാന്തി കോർണറി’ലാണ്‌ നിരാഹാരം അനുഷ്ഠിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലുണ്ടായ വീഴ്‌ചയുടെ ധാർമിക ഉത്തരവാദിത്വം കേന്ദ്രസർക്കാർ ഏറ്റെടുക്കുക‍‍‍, വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക‍‍, എൻടിഎ പിരിച്ചുവിടുക എന്ന മുദ്രാവാക്യങ്ങളും എസ്‌എഫ്‌ഐ ഉയർത്തുന്നുണ്ട്‌. വാങ്‌ചുക്കിന്‌ ഐക്യദാർഢ്യം അറിയിച്ചുകൊണ്ട്‌ രാജ്യവ്യാപകമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും ഘടകങ്ങളോട്‌ എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.


‘ഇന്ത്യയുടെ ഭാവിയെ രക്ഷിച്ചെടുക്കുന്നതിനുള്ള സമരമാണിത്‌. പൊലീസ്‌ ഏതുവിധേന അടിച്ചമർത്താൻ ശ്രമിച്ചാലും ഒരിഞ്ച്‌ പിന്നോട്ട്‌ പോകില്ല. രാജ്യത്താകമാനം നൂറുകണക്കിന്‌ ക്രാന്തി കോർണറുകൾ ആരംഭിക്കാൻ എസ്‌എഫ്‌ഐ തീരുമാനമെടുത്തിട്ടുണ്ട്‌. ഇവിടങ്ങളിൽ അനിശ്ചിതകാല സമരം ആരംഭിക്കും. മറ്റ്‌ വിദ്യാർഥി, ബഹുജന സംഘടനകളും അണിചേരുമെന്ന്‌ പ്രതീക്ഷിക്കുന്നു. ശക്തമായി മുന്നോട്ട്‌ പോകും.’– ആദർശ്‌ എം സജി പറഞ്ഞു.


‘ജ‍ൂലൈ പതിനെട്ടിന്‌ രാവിലെ നടന്നത്‌ അഗീകരിക്കാൻ കഴിയാത്ത കാര്യമാണ്‌. സമാധാനപരമായി നിരാഹാരമിരുന്ന, അനങ്ങാൻ പോലും കഴിയാതിരുന്ന, നിശബ്‌ദതയിലൂടെ നീതി ആവശ്യപ്പെട്ട മനുഷ്യനെ തട്ടിക്കൊണ്ടുപോയി. ഒരു വാങ്‌ചുക്കിനെ തടഞ്ഞാൽ, ലക്ഷക്കണക്കിനാളുകൾ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ മുന്നോട്ടുവരും.’– ഐഷി ഘോഷ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home