ad
Deshabhimani

അമിതവണ്ണത്തിൽ രണ്ടാം സ്ഥാനം; ഇന്ത്യയിലെ കുട്ടികൾ ഗുരുതര ആരോഗ്യപ്രതിസന്ധി നേരിടുന്നുവെന്ന് റിപ്പോർട്ട്

OBESITY
വെബ് ഡെസ്ക്

Published on Mar 05, 2026, 11:11 AM | 2 min read

ഇന്ത്യയിലെ കുട്ടികൾക്കിടയിൽ അമിതഭാരവും അമിതവണ്ണവും വർധിക്കുന്നതായി വേൾഡ് ഒബിസിറ്റി അറ്റ്ലസ് റിപ്പോർട്ട്. ഇന്ത്യയിൽ അഞ്ച് മുതൽ ഒമ്പത് വയസ് വരെ പ്രായമുള്ള 15 ദശലക്ഷം കുട്ടികളും, 10 മുതൽ 19 വയസ് വരെ പ്രായമുള്ള 26 ദശലക്ഷത്തിലധികം കുട്ടികളും അമിതഭാരമോ അമിതവണ്ണമോ ഉള്ളവരാണെന്നാണ് റിപ്പോർട്ട്. ഉയർന്ന ബിഎംഐ ഉള്ള കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 2025ഓടെ കുട്ടികളിലെ അമിതവണ്ണം പകുതിയായി കുറയ്ക്കുക എന്ന ആഗോള ലക്ഷ്യം കൈവരിക്കുന്നതിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ പരാജയപ്പെട്ടു. ഇതോടെ ഈ സമയപരിധി 2030 ലേക്ക് നീട്ടിയിട്ടുണ്ട്.


ലോകമെമ്പാടുമുള്ള പത്ത് രാജ്യങ്ങളിലായി അഞ്ച് മുതൽ 19 വയസ് വരെ പ്രായമുള്ള 200 ദശലക്ഷത്തിലധികം സ്കൂൾ വിദ്യാർഥികൾ അമിതഭാരമോ അമിതവണ്ണമോ ഉള്ളവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2025 അവസാനത്തോടെ എട്ട് രാജ്യങ്ങളിൽ 10 ദശലക്ഷത്തിലധികം കുട്ടികൾ ഉയർന്ന ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ഉള്ളവരായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ഇതിൽ ചൈന, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെല്ലാം 10 ദശലക്ഷത്തിലധികം കുട്ടികൾ വീതം അമിതഭാരവും അമിതവണ്ണമുള്ളവരാണ്.


15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 13.4% പേർക്ക് ഉയർന്ന ബിഎംഐയും 4.2% പേർക്ക് ടൈപ്പ് 2 പ്രമേഹവുമുണ്ട്. വരുന്ന വർഷങ്ങളിൽ അമിതവണ്ണം മൂലം കുട്ടികളിൽ വിവിധ രോഗാവസ്ഥകൾ ഗണ്യമായി വർദ്ധിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2040-ഓടെ അമിത രക്തസമ്മർദമുള്ളവർ (Hypertension) 2.99 ദശലക്ഷത്തിൽ നിന്ന് 4.21 ദശലക്ഷമായും, പ്രമേഹ സാധ്യത (ഹൈപ്പർഗ്ലൈസീമിയ) 1.39 ദശലക്ഷത്തിൽ നിന്ന് 1.91 ദശലക്ഷമായും വർദ്ധിക്കും. കരൾ രോഗങ്ങൾ 8.39 ദശലക്ഷത്തിൽ നിന്ന് 11.88 ദശലക്ഷമായി ഉയരുമെന്നും കൊളസ്ട്രോൾ 4.39 ദശലക്ഷത്തിൽ നിന്ന് 6.07 ദശലക്ഷമായി ഉയരുമെന്നുമാണ് റിപ്പോർട്ട്.


കുട്ടികളിലെ അമിതഭാരത്തിന് പിന്നിലെ കാരണങ്ങൾ


  • 11നും 17നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിൽ 74% പേരും ആവശ്യത്തിന് ശാരീരിക വ്യായാമം ചെയ്യുന്നില്ല.

  • 6 മുതൽ 10 വയസ് വരെയുള്ള കുട്ടികൾ പ്രതിദിനം ശരാശരി 50 മില്ലി പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നു.

  • 1 മുതൽ 5 മാസം വരെ പ്രായമുള്ള ശിശുക്കളിൽ 32.6% പേർക്ക് ആവശ്യമായ മുലയൂട്ടൽ ലഭിക്കുന്നില്ല.

  • 35.5% സ്കൂൾ കുട്ടികൾക്ക് മാത്രമേ ഔദ്യോഗികമായ സ്കൂൾ ഭക്ഷണം ലഭ്യമാകുന്നുള്ളൂ.


ലോകമെമ്പാടുമുള്ള കുട്ടികളിൽ അഞ്ചിലൊന്ന് അതായത് 20.7% പേർ അമിതഭാരമുള്ളവരാണ്. 2010-ൽ ഇത് 14.6% ആയിരുന്നു. 2040-ഓടെ ലോകത്ത് 507 ദശലക്ഷം കുട്ടികൾ ഈ പ്രശ്നം നേരിടുമെന്ന് കരുതപ്പെടുന്നു. ചൈനയാണ് ഈ പട്ടികയിൽ ഒന്നാമത് (62 ദശലക്ഷം കുട്ടികൾ), മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്.


സർക്കാരുകൾ അടിയന്തിരമായി നടപ്പിലാക്കേണ്ട ചില നടപടികളും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുക, കുട്ടികളെ ലക്ഷ്യം വെച്ചുള്ള ജങ്ക് ഫുഡ് പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, സ്കൂളുകളിൽ ആരോഗ്യകരമായ ഭക്ഷണ നിലവാരം ഉറപ്പാക്കുക, ശാരീരിക വ്യായാമവും മുലയൂട്ടലും പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയാണ് റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home