മനുഷ്യർക്ക് രണ്ട് ഉറക്കം ഉണ്ടായിരുന്നു, തുടർച്ചയായ ഉറക്കമെന്നത് ഒരാധുനിക ശീലം മാത്രമെന്ന് പഠനം


എൻ എ ബക്കർ
Published on Oct 29, 2025, 03:09 PM | 3 min read
തുടർച്ചയായ ഉറക്കം എന്നത് ഒരു ആധുനിക ശീലം മാത്രമാണ്. അത് മനുഷ്യ പരിണാമത്തിൽ തുടക്കംമുതലുള്ള ഒരു സ്വാഭാവിക രീതിയല്ല. പുലർച്ചെ മൂന്ന് മണിക്ക് ഉണർന്നു “എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?” എന്ന് പലരും ആശങ്കപ്പെടുന്നത് സാധാരണമാണ്. യാഥാർത്ഥത്തിൽ, അപ്പോൾ നാം അത്രയും ആഴത്തിലുള്ള മനുഷ്യാനുഭവം പിന്തുടരുകയാണെന്ന് പറയുന്നു ഡോ: ഡാരൻ റോഡ്സ്.
കോഗ്നിറ്റീവ് കമ്പ്യൂട്ടേഷണൽ ന്യൂറോ സയന്റിസ്റ്റും യുകെയിലെ കീലെ സർവകലാശാല എൻവയോൺമെന്റൽ ടെമ്പറൽ കോഗ്നിഷൻ ലാബിന്റെ തലവനുമാണ് ഡാരൻ റോഡ്സ്.
മനുഷ്യരുടെ ചരിത്രത്തിലെ ഭൂരിഭാഗം കാലത്തും തുടർച്ചയായ എട്ട് മണിക്കൂർ ഉറക്കം എന്നത് സാധാരണമായിരുന്നില്ല. പകരം, ആളുകൾ രാത്രി രണ്ടു ഘട്ടങ്ങളിലായാണ് ഉറങ്ങാറുണ്ടായിരുന്നത്. ഇവയെ സാധാരണയായി “ആദ്യ ഉറക്കം” (first sleep) എന്നും “രണ്ടാമത്തെ ഉറക്കം” (second sleep) എന്നും വിളിച്ചിരുന്നു.
ഓരോ ഘട്ടവും കുറച്ച് മണിക്കൂറുകൾ നീണ്ടുനിന്നു. അതിനിടയിൽ ഒരു മണിക്കൂറിലധികം നീണ്ട ഉണർവിന്റെ ഇടവേളയുമുണ്ടായിരുന്നു. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ചരിത്രരേഖകൾ കൂടി പഠിച്ചാണ് നിഗമനം ഉറപ്പിക്കുന്നത്. കുടുംബങ്ങൾ രാത്രി നേരത്തെ കിടക്കാൻ പോയി, അർദ്ധരാത്രിയോടെ ഉണർന്നു, പിന്നെ വീണ്ടും പുലർച്ചെ വരെ ഉറങ്ങി. ഇങ്ങനെയായിരുന്നു ക്രമം.
രണ്ട് ഉറക്കത്തിനും ഇടയിലെ ഇടവേള രാത്രികൾക്ക് വ്യക്തമായ ഒരു “മദ്ധ്യഭാഗം” നൽകിയിരുന്നു. ഇതുവഴി നീണ്ട ശൈത്യകാലം ഉള്ള രാജ്യങ്ങളിൽ രാത്രികളെ കുറച്ച് ചെറുതാക്കി കൈകാര്യം ചെയ്യാവുന്ന വിധം തോന്നിപ്പിച്ചു. ഇങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടിരുന്നതിലൂടെ സമയബോധം മാറിയിരിക്കാം.
ഡാരൻ റോഡ്സ്
ഇടവേളകൾ ക്രിയാത്മകമായി
ഇടവേള മൃതകാലമാകുന്നില്ല. അലസവും ഉറക്കിനെ കാത്തിരിക്കുന്നതും ആയിരുന്നില്ല. അത് ശ്രദ്ധയോടെ അനുഭവിക്കപ്പെടുന്ന സമയം തന്നെയായിരുന്നു മനുഷ്യർക്ക്.
കർഷകർ ഈ സമയത്ത് മൃഗങ്ങളെ നോക്കാൻ പോയിരുന്നു. മറ്റു ചിലർ കിടക്കയിൽ തന്നെ ഇരുന്ന് ആ ദിനം കണ്ട സ്വപ്നങ്ങളെക്കുറിച്ച് പ്രാർത്ഥിക്കുകയോ ആലോചിക്കുകയോ ചെയ്തിരുന്നു. വ്യാവസായിക മേഖലകളിൽ രേഖപ്പെടുത്തിയ കത്തുകളും ഡയറികളും പരിശോധിക്കുമ്പോൾ വ്യത്യസ്ത ചിത്രമാണ്. പ്രാചീനകാലത്ത് ഈ നിശബ്ദ മണിക്കൂറുകൾ വായിക്കാൻ അല്ലെങ്കിൽ എഴുതാൻ ഉപയോഗിച്ചു. അല്ലെങ്കിൽ കുടുംബാംഗങ്ങളുമായോ അയൽവാസികളുമായോ ശബ്ദരഹിതമായി സൗഹൃദം പങ്കുവെയ്ക്കാൻ. കലയും നൃത്തവും പഠിക്കാൻ ഒക്കെ പ്രയോജനപ്പെടുത്തപ്പെട്ടു. പല ദമ്പതികളും ഈ മദ്ധ്യരാത്രി ഉണർവ്വിനെ രതിനേരമാക്കിയും പ്രയോജനപ്പെടുത്തി.
പ്രാചീന ഗ്രീക്ക് കവിയും ഹോമറും റോമൻ കവി വിർജിലും അവരുടെ കൃതികളിൽ “ആദ്യ ഉറക്കം അവസാനിപ്പിക്കുന്ന ഒരു മണിക്കൂർ” എന്ന് ഈ ഇടവേളയെ കുറിച്ച് വ്യക്തമായ സൂചനകൾ നൽകുന്നു.
എങ്ങനെ നാം ‘രണ്ടാമത്തെ ഉറക്കം’ നഷ്ടപ്പെടുത്തി
രണ്ടാമത്തെ ഉറക്കത്തിന്റെ നഷ്ടം കഴിഞ്ഞ 200 വർഷത്തിനകം സംഭവിച്ചതാണ്. വ്യാപകമായ സാമൂഹ്യപരിവർത്തനങ്ങളുടെ ഫലമായാണത്. അതിൽ മനുഷ്യൻ കൃത്രിമ പ്രകാശം ഉപയോഗിച്ച് തുടങ്ങിയതും ഉൾപ്പെടുന്നു. 1700-ലും 1800-ലും തുടക്കത്തിൽ എണ്ണദീപങ്ങൾ, പിന്നീടു ഗ്യാസ് ലൈറ്റുകൾ, അവസാനം വൈദ്യുതി എന്നിങ്ങനെ പുതുമകൾ രാത്രിയെ കൂടുതൽ ഉപയോഗയോഗ്യമായ തെളിഞ്ഞ സമയം ആക്കി മാറ്റി. സന്ധ്യാ സമയത്ത് ഇരുൾ മൂടുന്ന ഉടനെ ഉറങ്ങുന്നതിന് പകരം പ്രകാശത്തിനടിയിൽ വൈകിട്ട് കൂടുതൽ സമയം ചെലവഴിച്ചു.
ജീവശാസ്ത്രപരമായി, രാത്രിയിൽ ഇരുട്ടിന് പകരം വെളിച്ചം വന്നതോടെ നമ്മുടെ ആന്തരിക ജൈവ ഘടികാരത്തെ (സർക്കേഡിയൻ റിതം) അത് മാറ്റി. കുറച്ച് മണിക്കൂറുകളുടെ ഉറക്കത്തിനുശേഷം ഉണരാനുള്ള ശരീരപ്രവണത കുറക്കുകയും ചെയ്തു.
ഉറങ്ങുന്നതിനു മുൻപ് ലഭിക്കുന്ന സാധാരണ ‘റൂം ലൈറ്റ്’ മെലാറ്റോണിൻ എന്ന ഉറക്കഹോർമോണിന്റെ ഉൽപാദനം തടയുകയും വൈകിപ്പിക്കുകയും ചെയ്യുന്നു — അതുവഴി ഉറക്കം പിന്നോട്ടുപോകുന്നു.
വ്യാവസായിക വിപ്ലവം ജീവനോപാധികളെ മാത്രമല്ല നമുടെ ഉറക്കശൈലിയെയും മാറ്റിമറിച്ചു. ഫാക്ടറി ഷെഡ്യൂളുകളാണ് ഒറ്റയടി വിശ്രമം പ്രോത്സാഹിപ്പിച്ചത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, എട്ട് മണിക്കൂർ തുടർച്ചയായ ഉറക്കം എന്ന ആശയം നൂറുകണക്കിന് വർഷങ്ങൾ നിലനിന്നിരുന്ന ‘രണ്ടുഘട്ട ഉറക്കരീതിയെ’ പൂർണ്ണമായും മാറ്റിമറിക്കയായിരുന്നു.

വൈദ്യുതിയില്ലാത്ത മഡഗാസ്കറിലെ ഒരു കാർഷിക സമൂഹത്തെക്കുറിച്ചുള്ള 2017 ലെ പഠനത്തിൽ, അവിടുത്തെ ജനങ്ങൾ ഇന്നും പ്രധാനമായും രണ്ട് ഘട്ടങ്ങളിലായി ഉറങ്ങുകയും മദ്ധ്യരാത്രിയോടെ എഴുന്നേൽക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി.
അതിശൈത്യം നിലനിൽക്കുന്ന സ്ഥലങ്ങളിൽ വൈകിയെത്തുന്ന ബലഹീനമായ പ്രഭാത വെളിച്ചം സർക്കേഡിയൻ സംതുലനം നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കുന്നു.രാവിലത്തെ പ്രകാശം ഉണർവ്വാണ്. അതിൽ നീലപ്രകാശത്തിന്റെ അളവ് കൂടുതലായിരിക്കും അത് ശരീരത്തിലെ കോർട്ടിസോൾ ഉത്പാദനം ഉത്തേജിപ്പിക്കുകയും മെലാറ്റോണിൻ സംതുലിതപ്പെടുത്തുകയും ചെയ്യുന്ന ഏറ്റവും ഫലപ്രദമായ തരംഗദൈർഘ്യമാണ്.
ഉറക്കമില്ലായ്മയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട്
ചെറുതായി ഉണരൽ സാധാരണമാണെന്ന് പഠനം പറയുന്നു. അത് സാധാരണയായി ഉറക്കഘട്ടങ്ങൾ മാറുമ്പോഴോ, വ്യക്തമായ സ്വപ്നങ്ങൾ അനുഭവപ്പെടുന്ന ഉറക്കത്തിന് തൊട്ടോ സംഭവിക്കാറുണ്ട്. അതിനെ നാം എങ്ങനെ കാണുന്നു എന്നതാണ് പ്രശ്നം. മസ്തിഷ്‌കത്തിന്റെ സമയബോധം ഇളവുള്ളതാണ്
ഉൾക്കണ്ഠ, മടുപ്പ്, അല്ലെങ്കിൽ കുറഞ്ഞ പ്രകാശം ഇവയെല്ലാം സമയത്തെ നീണ്ടതായി തോന്നിപ്പിക്കുന്നു. അതേസമയം, ശ്രദ്ധയും ശാന്തതയും സമയത്തെ ചുരുങ്ങിയതായി അനുഭവപ്പെടുത്തുന്നു.
മുമ്പ് മധ്യരാത്രിയിൽ എഴുന്നേറ്റ് ചെറുജോലിയോ കൂട്ടാളിയുമായുള്ള സംഭാഷണമോ നടത്തിയിരുന്നു. അപ്പോൾ മൂന്ന് മണിക്ക് ഉണർന്നാലും സമയം പ്രശ്നമല്ലാതായി തോന്നും.
ഉറക്കമില്ലായ്മയ്‌ക്കായുള്ള കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT-I) 20 മിനിറ്റിലധികം കിടക്കയിൽ ഉണർന്നുകിടക്കുകയാണെങ്കിൽ, മങ്ങിയ വെളിച്ചത്തിൽ വായന പോലുള്ള ശാന്തമായ പ്രവർത്തനം ചെയ്യാനും, ഉറക്കം തോന്നുമ്പോൾ മാത്രം തിരിച്ചുപോകാനും ഉപദേശിക്കുകയാണ് ചെയ്യുന്നത്. ഉറങ്ങാനാകാതെ ബുദ്ധിമുട്ടുമ്പോൾ ഘടികാരം മൂടുകയും സമയത്തെ അളക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും ഒരു തന്ത്രമാണ്.
വെളിച്ചവും സമയ ബോധവും ഉറക്കവും
പ്രകാശം മനുഷ്യശരീരത്തിന്റെ ആന്തരിക ഘടികാരത്തെ (circadian rhythm) ക്രമപ്പെടുത്തുന്ന ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ്. സമയത്തിന്റെ ഒഴുക്ക് എത്ര വേഗത്തിൽ അനുഭവപ്പെടുന്നു എന്നതും പ്രകാശ തീവ്രതയാൽ സ്വാധീനിക്കപ്പെടുന്നു.
ശീതകാലത്തോ കൃത്രിമ പ്രകാശത്തിൽ കൂടുതലായി സമയം ചെലവഴിക്കുന്നതോ മൂലം ഈ സ്വാഭാവിക സൂചനകൾ മങ്ങുമ്പോൾ, നമ്മുടെ ശരീരവും മനസ്സും വഴിതെറ്റാറുണ്ട്.
ഉയർന്ന അക്ഷാംശപ്രദേശങ്ങളിലെ താമസക്കാർക്കും പരമ്പരാഗത വർഗ്ഗങ്ങൾക്കും ഇത്തരം പ്രകാശ ചക്രങ്ങളോട് മികച്ച രീതിയിൽ പൊരുത്തപ്പെടുന്നു. ഐസ്‌ലാൻഡിലെ ജനങ്ങളും കാനഡയിലേക്ക് കുടിയേറിയ അവരുടെ സന്തതികളും സംബന്ധിച്ച 1993-ലെ പഠനം കാണിച്ചുപോലെ, ഈ ജനവിഭാഗങ്ങൾക്ക് ശീതകാലത്ത് Seasonal Affective Disorder (SAD) വളരെ കുറവാണ്. ശാസ്ത്രജ്ഞർ ഇതിന് ജനിത ജന്യഘടകങ്ങളും കാരണമാകാമെന്ന് നിരീക്ഷിക്കുന്നു.
Keele സർവകലാശാലയിലെ Environmental Temporal Cognition Lab നടത്തിയ പരീക്ഷണങ്ങൾ പ്രകാശം, മനോഭാവം, സമയബോധം എന്നിവ തമ്മിലുള്ള ശക്തമായ ബന്ധം തെളിയിക്കുന്നു.
360-ഡിഗ്രി വർച്ച്വൽ റിയാലിറ്റിയിൽ യുകെയും സ്വീഡനും ഉള്ള രംഗങ്ങൾ താരതമ്യം ചെയ്തപ്പോൾ, മങ്ങിയ പ്രകാശമുള്ള വൈകുന്നേര ദൃശ്യങ്ങളിൽ സമയം നീളുന്നതായി പങ്കാളികൾക്ക് തോന്നിയപ്പോൾ, തെളിച്ചമുള്ള പകൽദൃശ്യങ്ങളിൽ സമയം കുറവായി തോന്നിയിരുന്നു.









0 comments