പോളിയോ നിർമാർജ്ജന പദ്ധതി അഴിച്ചു പണിയാൻ കേന്ദ്ര സർക്കാർ

thalarvatham
avatar
എൻ എ ബക്കർ

Published on Aug 30, 2025, 02:58 PM | 5 min read

ലോകാരോഗ്യ സംഘടന നേതൃത്വം നൽകുന്ന രാജ്യത്തെ പോളിയോ നിർമാർജ്ജന പരിപാടി പൂർണ്ണമായും ആഭ്യന്തര ഏജൻസികൾക്ക് കീഴിലാക്കാൻ കേന്ദ്ര സർക്കാർ. രണ്ടു വർഷത്തിനകം പ്രവർത്തനങ്ങൾ തദ്ദേശ ഏജൻസികൾക്ക് കീഴിലേക്ക് പൂർണ്ണമായും മാറ്റുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് രാജ്യസഭാ ചോദ്യോത്തര വേളയിൽ നൽകിയ മറുപടിയിൽ 2027 മാർച്ചിനകം മാറ്റം പൂർത്തിയാക്കും എന്നറിയിച്ചു.


ഇതുവരെ, ഇന്ത്യയുടെ ദേശീയ പോളിയോ നിർമാർജ്ജന പരിപാടി (NPSP) ലോകാരോഗ്യ സംഘടന ആയിരുന്നു നയിച്ചത്.  ഐക്യരാഷ്ട്രസഭയുടെ കീഴിൽ ഈ ഏജൻസിയുമായുള്ള ശക്തമായ പങ്കാളിത്തത്തോടെ 2014 ൽ രാജ്യം പോളിയോ വിമുക്ത പദവി നേടി. ഈ പദ്ധതിയാണ് പൊളിച്ചെഴുതുന്നത്. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) നേതൃത്വം നൽകുന്ന ഇന്ത്യയുടെ സംയോജിത രോഗ നിരീക്ഷണ പരിപാടിക്ക് (IDSP) കീഴിലേക്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതാണ് പദ്ധതി.


ഇന്ത്യയിൽ പോളിയോ രോഗം നിർമ്മാർജ്ജനം ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ച 30 വർഷം പഴക്കമുള്ള സംയുക്ത പരിപാടിയാണ് മാറ്റുന്നത്. രാജ്യത്തിനകത്തെ ഏജൻസികളുടെ സഹായത്തോടെ ഇന്ത്യ കോവിഡ്-19 പാൻഡെമിക്കിനെ നേരിട്ടു. അതേ മാതൃകയിൽ പോളിയോ നിരീക്ഷണ പരിപാടി ഏറ്റെടുക്കാൻ ഈ സംവിധാനത്തിന് കഴിവുണ്ടെന്ന് അവകാശപ്പെടുന്നു.


polio


പ്രിൽ 1 മുതൽ ഇതിന് തുടക്കമിട്ടു. മനുഷ്യശക്തി, സാങ്കേതിക സഹായം, നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവയിൽ 30% കുറവ് വരുത്തി കഴിഞ്ഞു. 280 ൽ അധികം യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നത് 2025-26 ൽ 190 യൂണിറ്റായും 2026-27 ഓടെ 140 യൂണിറ്റായും കുറയ്ക്കും. ഓരോ കേന്ദ്രത്തിലും നാല് പേർ അടങ്ങുന്ന ടീമാണ് പ്രവർത്തന മേൽനോട്ടം നടത്തിയിരുന്നത്.


വായിലൂടെ നൽകുന്ന പ്രതിരോധ മരുന്ന് വിതരണമാണ് ഇതിൽ ഏറ്റവും ചിലവേറിയത്. കുത്തിവെപ്പ് മരുന്ന് മാത്രം നൽകാവുന്ന സാഹചര്യത്തിലേക്ക് രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജമായിട്ടുണ്ട് എന്നും വിലയിരുത്തുന്നു.


ധനകാര്യ മന്ത്രാലയത്തിലെ ചെലവുചുരുക്കൽ വിഭാഗം ആരോഗ്യ മന്ത്രാലയത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് കീഴിലെ NPSP (National Polio Surveillance Network) പ്രവർത്തനങ്ങൾ പിരിച്ചുവിടാൻ നിർദ്ദേശം നൽകിയിരുന്നു. നിലവിൽ 200-ലധികം യൂണിറ്റുകളുള്ള രാജ്യവ്യാപക ശൃംഖലയാണിത്. സംസ്ഥാന സർക്കാരുകൾ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന നിലയിലേക്കും പദ്ധതി ലക്ഷ്യം മാറുകയാണ്.


ബദൽ പദ്ധതിയില്ലാത്ത മാറ്റത്തിൽ ആശങ്ക


ന്ത്യയിലെ പോളിയോ നിർമാർജന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി WHO യുടെ NPSP 1997-ൽ ആണ് ആരംഭിച്ചത്. പോളിയോ നിരീക്ഷണത്തോടൊപ്പം ഇതിന് കീഴിൽ മീസിൽസ്-റുബെല്ല നിരീക്ഷണം, വാക്സിൻ പ്രതിരോധം ആവശ്യമായ രോഗ നിരീക്ഷണം, ഇന്ത്യയുടെ പതിവ് രോഗപ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കൽ, രോഗപ്രതിരോധ കവറേജിന്റെ സമാന്തര നിരീക്ഷണം എന്നിവ നിർവ്വഹിച്ചു വന്നു.


പോളിയോയ്ക്കും മീസിൽസ്, റുബെല്ല പോലുള്ള മറ്റ് രോഗങ്ങൾക്കും എതിരെയുള്ള നിരീക്ഷണവും പ്രതിരോധവും ദുർബലപ്പെടുത്തുമെന്ന ആശങ്ക പരക്കെയുണ്ട്. പ്രത്യേകിച്ച് പ്രതിരോധ പ്രവർത്തനങ്ങളുടെ വൈപുല്യം കണക്കിലെടുക്കുമ്പോൾ. പോളിയോ പുനരുജ്ജീവനം തടയുന്നതിനും നിരീക്ഷണ നിലവാരം നിലനിർത്തുന്നതിനും ഐഡിഎസ്പിക്ക് ശക്തമായ ധനസഹായവും പരിശീലനവും മുൻകൂട്ടി നൽകണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെടുന്നു.


2011 വരെ പ്രതിവർഷം 100 കോടി ഓറൽ പോളിയോ വാക്സിൻ (OPV) ഡോസുകൾ 17.2 കോടി കുട്ടികൾക്ക് 20 ലക്ഷം വാക്സിനേറ്റർമാർ വഴി നൽകി. ശക്തമായ നിരീക്ഷണവും മൈക്രോ-പ്ലാനിംഗും വഴി കൂട്ടായ്മയിലൂടെ വിജയം കൈവരിച്ചു.


polio


ന്ത്യ ഇപ്പോൾ പോളിയോ വിമുക്തമാണ്. ഭാവി ഭീഷണി സൂചകങ്ങളും ഇപ്പോൾ അനുകൂലമാണ്. എന്നാൽ രാജ്യത്ത് 750 ജില്ലകളുള്ളതിൽ 120-125 ജില്ലകൾ (20-25%) ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി ലിസ്റ്റ് ചെയ്തതായുണ്ട്. ഇവിടെ പോളിയോ നിരീക്ഷണ സൂചകങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമല്ല. മണിപ്പൂരിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, യുപി, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി ജില്ലകളിൽ വിപുലമായ പ്രവർത്തനം നിർദ്ദേശിക്കപ്പെട്ടിരുന്നു.


2011 മുതൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ പോളിയോ വിമുക്തമായി  നിലനിർത്താൻ കഴിഞ്ഞു. 2014 ൽ WHO ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു.


അയൽ രാജ്യങ്ങളിൽ ഇപ്പോഴും രോഗ വ്യാപനം


നുഷ്യർ ഉന്മൂലനം ചെയ്ത ഒരേയൊരു രോഗം വസൂരിയാണ്. ലോകം പോളിയോ തുടച്ചുനീക്കുന്നതിന് വളരെ അടുത്താണ്. അതേ സമയം വൈൽഡ് പോളിയോ വൈറസ് മൂലമുണ്ടാകുന്ന കേസുകളുടെ വർദ്ധനവ് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും കാണുന്നു. ശിശുക്കളിലും കൊച്ചുകുട്ടികളിലും പക്ഷാഘാതത്തിനും മരണത്തിനും പോലും കാരണമാകുന്ന രോഗമാണ്.


പോളിയോ വാക്സിനേഷനെ പിന്തുണയ്ക്കുന്ന യുഎസ്എഐഡി ( United States Agency for International Development) കരാറുകളിലെ വെട്ടിക്കുറയ്ക്കൽ ഈ രാജ്യങ്ങൾക്ക് തിരിച്ചടിയായിരുന്നു.


അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ വാക്സിനേഷൻ കാമ്പെയ്‌നുകളും ധന സഹായവും ഉണ്ടായിരുന്നിട്ടും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇതുവരെ രോഗവ്യാപനം തടയാൻ കഴിഞ്ഞിട്ടില്ല. 2024-ൽ, പാകിസ്ഥാനിൽ 74 കേസ് ഉണ്ടായി. അതേസമയം അഫ്ഗാനിസ്ഥാനിൽ 24 പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ വർഷം ഇതുവരെ പാകിസ്ഥാൻ 6 കേസുകളും അഫ്ഗാനിസ്ഥാനിൽ 1 കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


കഴിഞ്ഞ വർഷം പാകിസ്ഥാനിൽ പോളിയോ കേസുകളിൽ പകുതിയിലധികവും വാക്സിനുകളുടെ രണ്ട് പതിപ്പുകളുടെയും ഒരു ഡോസ് പോലും ലഭിക്കാത്ത കുട്ടികളിൽ നിന്നാണ്. ബാക്കി 45% വാക്സിനുകളുടെ ഒരു പതിപ്പ് പോലും ലഭിക്കാത്ത കുട്ടികളായിരുന്നു.

ഗ്ലോബൽ പോളിയോ നിർമ്മാർജ്ജന സംരംഭത്തിന്റെ ഇൻഡിപെൻഡന്റ് മോണിറ്ററിംഗ് ബോർഡിന്റെ 2024 സെപ്റ്റംബറിലെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം നാല് ദശലക്ഷത്തിലധികം പാകിസ്ഥാൻ കുട്ടികൾക്ക് വാക്സിനേഷൻ ലഭിച്ചില്ല.


യുഎസ്എഐഡി നിർത്തലാക്കുന്നതോടെ പോളിയോ വീണ്ടും ഉയർന്നുവരുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മാർച്ച് മധ്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. 1961 മുതൽ നിലവിലുള്ള പദ്ധതിയാണ്. ഇതര രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്ക ജിഡിപിയുടെ .02 ശതമാനം മാത്രമാണ് ഇതിന് ചിലവഴിച്ചിരുന്നത്.


അവിശ്വാസം ഉണ്ടാക്കിയതും ഉണ്ടായതും


പാകിസ്ഥാന്റെ ചില ഭാഗങ്ങളിലും അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലും ഇപ്പോഴും വാക്സിൻ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമെന്ന് ചിലർ കരുതുന്നു. ചിലർ വാക്സിനുകൾ പാശ്ചാത്യ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിശ്വസിക്കുന്നു. 2011-ൽ ഒസാമ ബിൻ ലാദനെ തിരയുന്നതിനായി ഒരു വാക്സിൻ കാമ്പെയ്‌നിന്റെ മറവിൽ സിഐഎ പ്രവർത്തിച്ചതിനുശേഷം സഹായ പ്രവർത്തകരുടെ അവിശ്വാസം വളർന്നു.


മുൻകാലങ്ങളിൽ, അഫ്ഗാനിസ്ഥാനും പാകിസ്ഥാനും വൈറസിനെ ഉന്മൂലനം ചെയ്യുന്നതിന് അടുത്തെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡോ ജാഫാരി പറയുന്നു. എന്നാൽ രണ്ട് രാജ്യങ്ങളുടെയും വാക്സിൻ കാമ്പെയ്‌നുകൾ എതിർ ദിശകളിലായി. അതിനാൽ പോളിയോ കാമ്പയിൻ എത്താത്ത ഇടങ്ങൾ നിലനിൽക്കുകയും ഇത് രാജ്യങ്ങൾക്കിടയിൽ വ്യാപിക്കുകയും ചെയ്തു.


polio


വാക്സിൻ വിശദാംശങ്ങൾ:


OPV: ദുർബലമാക്കിയ പോളിയോ വൈറസ് (ടൈപ്പ് 1, 2, 3) അടങ്ങിയതാണ്, വായ വഴി (2 തുള്ളി) നൽകുന്നു. കുറഞ്ഞ ചെലവ്, എളുപ്പത്തിൽ നൽകാവുന്നത്, കമ്മ്യൂണിറ്റി വ്യാപനം തടയുന്നതിനുള്ള ഗട്ട് ഇമ്മ്യൂണിറ്റി എന്നിവ ഇതിന്റെ നേട്ടങ്ങളാണ്. എന്നാൽ, 27 ലക്ഷം ഡോസിൽ ഒരാൾക്ക് Vaccine-Associated Paralytic Polio (VAPP) അല്ലെങ്കിൽ Vaccine-Derived Poliovirus (VDPV) എന്ന അപൂർവ സാധ്യതയുണ്ട്.


IPV ആമുഖം: 2015 മുതൽ, ഇനാക്ടിവേറ്റഡ് പോളിയോ വാക്സിൻ (IPV), നിർജ്ജീവമാക്കപ്പെട്ട പോളിയോ വൈറസ് അടങ്ങിയ ഇൻജക്ഷൻ വാക്സിൻ, യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിൽ (UIP) ഉൾപ്പെടുത്തി. OPV-യുടെ ടൈപ്പ് 2 വൈറസിന്റെ VDPV അപകടം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. IPV-ന് VAPP/VDPV അപകടമില്ല, രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾക്ക് അനുയോജ്യമാണ്.

 

പോളിയോ ഡ്രോപ്സ് വിതരണം


ഇന്ത്യയിലെ പോളിയോ ഡ്രോപ്സ് വിതരണം പ്രധാനമായും പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം വഴിയാണ് നടപ്പാക്കുന്നത്. 1995-ൽ ആരംഭിച്ച ഈ പദ്ധതി 5 വയസ്സിന് താഴെയുള്ള കുട്ടികളിൽ പോളിയോമൈലൈറ്റിസ് ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നു. ഓറൽ പോളിയോ വാക്സിൻ (OPV) (രണ്ട് തുള്ളി ഡോസ്) നാഷണൽ ഇമ്മ്യൂണൈസേഷൻ ഡേയ്സ് (NIDs), സബ്-നാഷണൽ ഇമ്മ്യൂണൈസേഷൻ ഡേയ്സ് (SNIDs) എന്നിവയിൽ നൽകുന്നു.


പ്രോഗ്രാം ഘടന


NIDs: വർഷത്തിൽ രണ്ട് തവണ നടക്കുന്നു, 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും വാക്സിനേറ്റ് ചെയ്യാൻ ലക്ഷ്യമിടുന്നു. ഏകദേശം 17.2 കോടി കുട്ടികളെ 23 ലക്ഷം വാക്സിനേറ്റർമാർ 20.9 കോടി വീടുകളിൽ എത്തി വാക്സിനേറ്റ് ചെയ്യുന്നു.


SNIDs: ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള സംസ്ഥാനങ്ങളിൽ നടക്കുന്നു, ഓരോ ക്യാമ്പെയിനിലും 7 കോടിയിലധികം കുട്ടികളെ ലക്ഷ്യമിടുന്നു. മോശം ശുചിത്വം, ഉയർന്ന ജനസാന്ദ്രത, കുറഞ്ഞ റൂട്ടിൻ ഇമ്മ്യൂണൈസേഷൻ നിരക്ക് എന്നിവ ഇവിടെ വെല്ലുവിളികളാണ്.


ബൂത്ത് & വീടുകൾ സന്ദർശനം: "പോളിയോ ഞായർ" ദിനത്തിൽ വാക്സിനേഷൻ ബൂത്തുകൾ സ്ഥാപിക്കുന്നു, തുടർന്ന് തിങ്കൾ മുതൽ വ്യാഴം വരെ വീടുകൾ സന്ദർശിച്ച് വാക്സിനേഷൻ ഉറപ്പാക്കുന്നു. വാക്സിനേഷൻ കഴിഞ്ഞ കുട്ടികളുടെ ഇടത് ചെറുവിരലിൽ മായാത്ത മഷി അടയാളപ്പെടുത്തുന്നു.


ട്രാൻസിറ്റ് വാക്സിനേഷൻ: ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അതിർത്തികൾ തുടങ്ങിയ ട്രാൻസിറ്റ് പോയിന്റുകളിൽ വാക്സിനേഷൻ നടത്തുന്നു.

OPV: ജനനസമയത്ത്, 6 ആഴ്ച, 10 ആഴ്ച, 14 ആഴ്ച, ബൂസ്റ്റർ ഡോസുകൾ 16–24 മാസത്തിലും 5–6 വയസ്സിലും.


IPV: 6 ആഴ്ചയിലും 14 ആഴ്ചയിലും രണ്ട് ഫ്രാക്ഷണൽ ഡോസുകൾ, പെതുവായ ഇമ്മ്യൂണൈസേഷനിൽ ഉൾപ്പെടുത്തി.

 

നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവയുമായുള്ള അതിർത്തി ദുർബലമായതിനാൽ പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഭൂവിഭാഗങ്ങളിൽ നിന്നു വരെ 'വൈൽഡ് പോളിയോ' ഭീഷണി ഇന്ത്യയ്ക്ക് മേൽ നിലനിൽക്കുന്നുണ്ട്. പോളിയോ ഭീഷണിയിൽ എട്ട് ഹൈ റിസ്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്നതാണ് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും.

 





deshabhimani section

Related News

View More
0 comments
Sort by

Home