ഹീറ്റ് സ്‌ട്രോക്കിനെ കരുതിയിരിക്കണം

ഡോ. ബിനു ബ്രൈറ്റ്
Published on Mar 23, 2025, 08:20 AM | 1 min read
വേനൽ കടുക്കുകയാണ്. വർധിച്ചുവരുന്ന താപനില പല ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഏറ്റവും അപകടകാരിയാണ് സൂര്യാഘാതം അഥവാ ഹീറ്റ് സ്‌ട്രോക്ക്. അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരാവസ്ഥയിലേക്ക് എത്തും.അന്തരീക്ഷ താപം ഒരുപരിധിക്കപ്പുറം ഉയരുകയും ശരീരത്തിലെ താപനിയന്ത്രണസംവിധാനങ്ങൾ തകരാറിലാകുകയും ചെയ്യുന്ന അവസ്ഥയാണ് ഹീറ്റ് സ്‌ട്രോക്ക്. ഇത് പലപ്പോഴും വർധിച്ച ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലകറക്കം, ഓക്കാനം, ആശയക്കുഴപ്പം, ചൂടുള്ളതും വരണ്ടതുമായ ചർമം, പേശികളുടെ കോച്ചിപ്പിടിത്തം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആരംഭിക്കുന്നത്. ഗുരുതരമായ സാഹചര്യങ്ങളിൽ, അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും അബോധാവസ്ഥ, അല്ലെങ്കിൽ മരണത്തിലേക്കും നയിച്ചേക്കാം. കൊടുംചൂടിൽ ആരെങ്കിലും വിചിത്രമായി പെരുമാറുന്നത് അല്ലെങ്കിൽ വളരെ ക്ഷീണിതനായി കാണപ്പെടുന്നത് എല്ലാം ഹീറ്റ് സ്‌ട്രോക്കിന്റെ ലക്ഷണമാകാം.
സുരക്ഷിതരാകാം
ഒരു ദിവസം കുറഞ്ഞത് രണ്ടര മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ദാഹിച്ചില്ലെങ്കിൽപ്പോലും പതിവായി വെള്ളം കുടിക്കുക. നിർജലീകരണത്തിനു കാരണമാകുന്ന മദ്യവും കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കുക.
സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി പരിമിതപ്പെടുത്തുക. ചൂട് കൂടുതലുള്ള സമയങ്ങളിൽ (പകൽ 10 മുതൽ 3 വരെ) കൂടുതൽ ജാഗ്രത വേണം. പകൽ 11നും മൂന്നിനും ഇടയിൽ തുറസ്സായ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സൂര്യാഘാതത്തിന് സാധ്യത ഏറെയാണ്. പുറത്തിറങ്ങുമ്പോൾ അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങളും തൊപ്പിയും ധരിക്കുക അല്ലെങ്കിൽ കുട ഉപയോഗിക്കുക. ആയാസകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കുക.- വ്യായാമങ്ങൾ, പുറത്തെ ജോലികൾ, കായിക വിനോദങ്ങൾ എന്നിവ അതിരാവിലെയോ വൈകിട്ടോ ആക്കുക.
കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ഹൃദ്‌രോഗമുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.
എന്തുചെയ്യണം
ആർക്കെങ്കിലും ഹീറ്റ് സ്‌ട്രോക്ക് ഉണ്ടെന്ന് സംശയമുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം. ആഘാതമേറ്റയാളെ ഉടൻതന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റി ശരീരം പച്ചവെള്ളത്തിലോ തണുത്ത വെള്ളത്തിലോ തുടയ്ക്കുക. അവരുടെ ശരീരത്തിൽ നനഞ്ഞ ടവലുകൾകൊണ്ട് പൊതിയുകയോ അല്ലെങ്കിൽ ഐസ് പായ്ക്കുകൾ വയ്ക്കുകയോ ചെയ്യാം.
അബോധാവസ്ഥയിലല്ലെങ്കിൽ ധാരാളം വെള്ളം കുടിക്കാൻ നൽകുക. സഹായം എത്തുന്നതുവരെ അവരുടെ അവസ്ഥ നിരീക്ഷിക്കുക.
(തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ എമർജൻസി മെഡിസിൻ കൺസൽട്ടന്റാണ്
ലേഖകൻ)










0 comments