കുട്ടികളിലെ പ്രമേഹം: ആശങ്കകൾ, പരിഹാരങ്ങൾ

DIABETIES IN CHILDREN
avatar
ഡോ. നിഷ ഭവാനി

Published on Aug 06, 2025, 07:19 PM | 3 min read

ഒരു കാലത്ത് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കിയിരുന്ന ഒന്നാണ് കുട്ടികളിലെ പ്രമേഹം. ഇന്ന് ലോകമാകെ തന്നെ ഈ രോഗത്തിൻ്റെ വളർച്ചയിൽ അമ്പരന്ന് നിൽക്കുമ്പോൾ കേരളത്തിൻ്റെ അവസ്ഥയും വ്യത്യസ്തമല്ല. സാക്ഷരതയിലും ആരോഗ്യ അവബോധത്തിലും മുന്നിലുള്ള കേരളത്തിലും കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ടൈപ്പ് 2 പ്രമേഹവും ഇന്ന് കുട്ടികളിൽ കാണാൻ തുടങ്ങിയിട്ടുണ്ട്. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളും, മാറിയ ആഹാര ശീലങ്ങളും, ശരീരം അനങ്ങിയുള്ള പ്രവർത്തികളും, കളികളും കുറഞ്ഞതും ഇതിന് കാരണമായിട്ടുണ്ട്.


ടൈപ്പ് 1 പ്രമേഹം സ്വന്തം ശരീരം തന്നെ അതിലെ ഇൻസുലിൻ ഉൽപാദകരായ പാൻക്രിയാസിലെ സെല്ലുകളെ ആക്രമിക്കുന്ന ഓട്ടോ ഇമ്യൂൺ അവസ്ഥയുടെ ഭാഗമാണ്. എന്നാൽ ഇതിന്റെ വ്യക്തമായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശരീരത്തിൽ ഇൻസുലിൽ ഉല്പാദിപ്പിക്കപ്പെടാത്തതിനാൽ ഗുളികകൾ കൊണ്ടുള്ള ചികിത്സ സാധ്യമല്ല. ഈ കുട്ടികൾക്ക് ജീവിത കാലം മുഴുവൻ ഇൻസുലിൻ ഇഞ്ചക്ഷൻ രൂപത്തിൽ ആവശ്യമായി വരുന്നു. കേരളത്തിൽ ഒരു വയസ്സ് പ്രായമുള്ള കുട്ടികളിൽ പോലും ഈ അസുഖം ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.


ടൈപ്പ് 2 പ്രമേഹം ജീവിത ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അടുത്തിടെ നടന്ന പഠനങ്ങൾ നമ്മുടെ കുട്ടികളിലെ പൊണ്ണത്തടിയും, ആരോഗ്യമില്ലായ്മയും കൂടി വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രോസസ്സ് ചെയ്ത ആഹാരവും, കൃത്രിമ മധുരം നിറഞ്ഞ കോളകളും, ഡിജിറ്റൽ ആസക്തിയും തന്മൂലമുളള വ്യായാമം ഇല്ലായ്മയും ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു.


കുട്ടികളായത് കൊണ്ടുതന്നെ ഇവരിലെ ലക്ഷണങ്ങൾ പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, അതിയായ ദാഹം, അമിത ക്ഷീണം, പെട്ടന്നുള്ള ഭാരം കുറയൽ അമിത വിശപ്പ് ഇവയൊക്കെയാണ് കുട്ടികളിൽ നമ്മൾ ശ്രദ്ധിക്കേണ്ടുന്ന ലക്ഷണങ്ങൾ.


ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾ ചിലപ്പോളൊക്കെ ഡയബറ്റിക് കീറ്റോഅസിഡോസിസ് എന്ന ജീവൻ അപകടത്തിലായ അവസ്ഥയിൽ എത്തിയ ശേഷമാകും ചികിത്സക്കായി എത്തുന്നത്. കേരളത്തിലെ പ്രധാന ആശുപത്രികളിൽ എല്ലാം തന്നെ കുട്ടികളിലെ പ്രമേഹം തിരിച്ചറിയാനുള്ള പരിശോധനകൾ ലഭ്യമാണ്. ഈ രോഗത്തിന്റെ വിദഗ്‌ധ ചികിത്സയ്ക്കായി പീഡിയാട്രിക് എൻഡോക്രിനോളജി സ്‌പെഷ്യലിറ്റി വിഭാഗമുള്ള ഹോസ്പിറ്റലുകൾ കേരളത്തിലുണ്ട്.


കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ചികിത്സ ആയത് കൊണ്ടുതന്നെ രക്ഷിതാക്കളുടെയും, അധ്യാപകരുടെയും, കുട്ടികളുടെയും, സമൂഹത്തിൻ്റെയും സജീവമായ ഇടപെടൽ ആവശ്യമായി വരുന്നു. ദിവസേന നാലോ അഞ്ചോ ആറോ തവണ വരെ ഇൻസുലിൻ ഇൻജക്ഷനുകളും എട്ടോ പത്തോ തവണ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചുള്ള ഷുഗർ പരിശോധനയും ഈ കുട്ടികൾക്ക് ആവശ്യമായിവരുന്നു.


നൂതന ചികിത്സാ സംവിധാനമായ ഇൻസുലിൻ പമ്പുകൾ, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റർ എന്നിവ താരതമ്യേന ചിലവേറിയതാണ്. ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന 'മിഠായി പദ്ധതി' യിലൂടെ രോഗികൾക്ക് ഇവ നൽകുന്നുണ്ടെങ്കിലും സാമൂഹിക സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ കൂടുതൽ രോഗികളിലേക്ക് ഈ ചികിത്സാ സംവിധാനങ്ങൾ എത്തേണ്ടതുണ്ട്.


കേരളത്തിൻ്റെ ഉയർന്ന ആരോഗ്യ സാക്ഷര സാഹചര്യത്തിൽ കുട്ടികളിലെ ഷുഗർ ലെവൽ മോണിറ്റർ ചെയ്യാനും, സമീകൃത ആഹാരം, കൃത്യമായ ഭക്ഷണ സമയങ്ങൾ, മരുന്നുകൾ, പ്രഥമ ശുശ്രൂഷ എന്നിവ കൃത്യമായി ഉറപ്പു വരുത്താനും എളുപ്പം കഴിയും. സ്കൂളുകൾ ഇത്തരത്തിലുള്ള കുട്ടികളുടെ അവസ്ഥയെ പറ്റി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, കൃത്യമായി മരുന്നും, ആഹാരവും കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.


രോഗാവസ്ഥയുള്ള കുട്ടികളോട് സമൂഹം കാണിക്കുന്ന വേർതിരിവ് അവരുടെ സാമൂഹിക ജീവിതത്തെയും മാനസിക ആരോഗ്യത്തെയും ബാധിക്കും. ഇതേ അവസ്ഥയിലുള്ള മറ്റ് കുട്ടികളെയും, രക്ഷിതാക്കളുടെയും കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത് കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ്. ടൈപ്പ് 2 പ്രമേഹം ജീവിത ശൈലിയുമായി ബന്ധപ്പെട്ടതായത് കൊണ്ടുതന്നെ ഇതിനെ നിയന്ത്രിക്കുന്നത് സാധ്യമാണ് എന്ന് മാത്രമല്ല കേരളത്തിലെ സാചര്യത്തിൽ ആവശ്യവുമാണ്.


സ്കൂളുകളിൽ കുട്ടികൾക്ക് മതിയായ ശാരീരിക വ്യായാമം നൽകുന്ന കളികൾ ഉറപ്പ് വരുത്താൻ കഴിയും, പോഷകാഹാരം ഉറപ്പു വരുത്തുന്ന ഉച്ച ഭക്ഷണം, സ്ക്രീൻ സമയം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ, ഫാസ്റ്റ് ഫുഡിന് നിയന്ത്രണം, പബ്ലിക് ഹെൽത്ത് ക്യാമ്പയിനുകൾ എന്നിവയും കുട്ടികളിലെ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ ആവശ്യമാണ്.


നേരത്തെയുള്ള രോഗനിർണയം, ആരോഗ്യമുള്ള ജീവിതശൈലീ, മെച്ചപ്പെട്ട തുടർ ചികിത്സ ഉറപ്പ് വരുത്തൽ എന്നിവ വഴി ലോകത്തിന് മുന്നിൽ മാതൃകയാകാൻ നമുക്ക് സാധിക്കും.


(കൊച്ചി അമൃത ആശുപത്രിയിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് വിഭാ​ഗം ക്ലിനിക്കൽ പ്രൊഫസറാണ് ലേഖിക)




deshabhimani section

Related News

View More
0 comments
Sort by

Home