തോൽക്കുന്നത് നിങ്ങളല്ല; കരിയറിലെ നിരാശ വെറുമൊരു വ്യക്തിപരമായ പ്രശ്നമല്ലെന്ന് പഠനം


എൻ എ ബക്കർ
Published on May 31, 2026, 02:28 PM | 3 min read
കരിയറിലുണ്ടാകുന്ന നിരാശകളെ പെട്ടെന്ന് 'തുടച്ചുമാറ്റി' മുന്നോട്ടു പോകാൻ ശ്രമിക്കുന്നത് ഗുരുതരമായ മാനസിക പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് പുതിയ മനഃശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു. മാറിയ ലോക സാഹചര്യങ്ങളും മാറുന്ന തൊഴിൽ സംസ്കാരവും തിരിച്ചറിഞ്ഞ് വേണം സ്വയം വിലയിരുത്താനും മനസിലാക്കാനും.
തൊഴിലിടങ്ങളിലെ നിരാശകളെക്കുറിച്ച് ഒരു ദശാബ്ദത്തിലേറെയായി നടന്ന ആഴത്തിലുള്ള ഗവേഷണങ്ങൾ വിരൽ ചൂണ്ടുന്നത് കോർപ്പറേറ്റ് വ്യവസ്ഥിതികൾ നിർമ്മിക്കുന്ന അപ്രായോഗിക ലക്ഷ്യങ്ങളുടെ തകര്‍ച്ചയുടെ ഇരകളാകുന്നത് വ്യക്തികളാണ് എന്നാണ്. ലക്ഷ്യങ്ങളുടെ ഭാരം 'വ്യക്തിപരമായ പരാജയമായി' ചുമക്കേണ്ടി വരുന്നത് അവയെ പൂര്‍ത്തീകരിക്കാനായി പ്രയത്നിക്കുന്നവരാണ്. ഈ നിരാശ എന്നത് വെറുമൊരു നെഗറ്റീവ് വികാരമല്ല, മറിച്ച് നമ്മൾ തിരുത്തേണ്ട ചിന്തകളെക്കുറിച്ചുള്ള മനസിന്റെ ശക്തമായൊരു 'സിഗ്നൽ' ആണ്. ഈ സിഗ്നലിനെ എങ്ങനെ തിരിച്ചറിയാം എന്ന് പഠിക്കുകയും വേണം. എല്ലാം മടുത്ത് ഉപേക്ഷിക്കയോ സമ്മര്‍ദ്ദങ്ങളിൽ ജീവിച്ച് സ്വയം തേഞ്ഞുമാഞ്ഞു പോവുകയോ അല്ല വേണ്ടത്. നിരാശകളെ തന്നെയും നിരീക്ഷിക്കയും തിരിച്ചറിയുകയും വേണം.
മനസ്സിൽ ജീവിച്ചുതീർക്കുന്നവര്‍
വ്യക്തി പ്രൊമോഷനോ പുതിയ ജോലിയോ പ്രതീക്ഷിച്ചിരിക്കുമ്പോൾ, ആ തീരുമാനം വരുന്നതിന് വളരെ മുൻപ് തന്നെ നമ്മുടെ മനസ്സ് ആ പദവിയിൽ ജീവിച്ചു തുടങ്ങിയിരിക്കും. എന്നാൽ ആ പ്രതീക്ഷ യാഥാർത്ഥ്യമാകാതെ വരുമ്പോൾ, യഥാർത്ഥത്തിൽ ജീവിച്ചിട്ടില്ലാത്ത അതേ ഭാവിയെ ഓർത്ത് മനസ്സ് കഠിനമായി ദുഃഖിക്കുന്നു. യാഥാർത്ഥ്യവും പ്രതീക്ഷയും തമ്മിലുള്ള അകലം കൂടുന്തോറും നിരാശയുടെ ആഘാതവും കൂടും.
'സാരമില്ല, ഇതങ്ങ് മറന്നേക്ക്, അടുത്ത തവണ നോക്കാം...' ജോലിസ്ഥലത്തോ ജീവിതത്തിലോ വലിയൊരു പ്രതീക്ഷ തകരുമ്പോൾ സുഹൃത്തുക്കളും സഹപ്രവർത്തകരും നമുക്ക് തരുന്ന സ്ഥിരം ഉപദേശമാണിത്. ഇത്തരത്തിൽ സ്വയം തുടച്ചു മാറ്റി കടന്നുപോകലല്ല അഭികാമ്യം. ആത്മപരിശോധന എന്നാൽ സ്വന്തത്തെ കുറിച്ചുള്ള ആലോചനയും അല്ല. അത് സ്വന്തത്തിൽ നിന്ന് മാറി നിന്ന് വസ്തുനിഷ്ഠ സാഹചര്യങ്ങളുടെ പിൻബലത്തിൽ നമ്മുടെ വ്യക്തിത്വത്തെ പഠിക്കലും കൂടിയാണ്. സ്വന്തത്തിന്റെ പരിധിയിലും സ്വയം നിരൂപിച്ചു വെച്ച ശരിതെറ്റുകളുടെ കള്ളികളിലും മാത്രം ഉറച്ചു പോയവര്‍ക്ക് ഇത് കഠിന പരീക്ഷണമാവും. സ്വന്തത്തിൽ നിന്നും മാറിനിന്നുള്ള പരീക്ഷ പുതിയ വെളിച്ചങ്ങൾ നൽകും.
വിജയങ്ങൾ കെണിയാകുമ്പോൾ
തൊഴിലിടങ്ങളിലെ ഏറ്റവും വലിയ ചതിക്കുഴികളിലൊന്നാണ് വിജയങ്ങൾ തീര്‍ക്കുന്ന കെണി. ഉദാഹരണത്തിന്, ഒരു വർഷം നിങ്ങൾ നിശ്ചയിക്കപ്പെട്ട ടാർഗറ്റിനേക്കാൾ 10% കൂടുതൽ വിജയം കൈവരിച്ചുവെന്ന് കരുതുക. അടുത്ത വർഷം നിങ്ങളുടെ ജോലിഭാരം കുറയ്ക്കാൻ കോര്‍പ്പറേറ്റ് ലോകം തയ്യാറാകില്ല. പകരം, നിങ്ങളുടെ പുതിയ ലക്ഷ്യം വീണ്ടും ഉയർത്തപ്പെടും. ഇങ്ങനെ, മുൻ വർഷത്തെ മികച്ച വിജയം കാരണം അടുത്ത വർഷം പരാജയപ്പെടാനുള്ള സാധ്യതയും, അതുവഴിയുണ്ടാകുന്ന നിരാശയും ഇരട്ടിയാകുന്നു.
സമൂഹത്തിലും ഇതേ പാറ്റേൺ കാണാം. എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി പണം ചെലവഴിക്കുന്ന ഒരു സുഹൃത്ത്, ഒരു തവണ അതിന് സാധിക്കാതെ വരുമ്പോൾ ആളുകൾ അവരെ കുറ്റപ്പെടുത്തുന്നു. ഇവിടെ നിരാശയുണ്ടാകുന്നത് ആ വ്യക്തിയുടെ തെറ്റുകൊണ്ടല്ല, മറിച്ച് മറ്റുള്ളവർ വെച്ചുപുലർത്തിയ ഉയർന്ന പ്രതീക്ഷകൾ കൊണ്ടാണ്. വ്യക്തി എന്ന നിലയ്ക്കല്ല വിലയിരുത്തപ്പെടുന്നത്. ഇതരര്‍ക്ക് മേൽ പുലര്‍ത്തുന്ന പ്രയോജന ബോധത്താലാണ്.
'ഐകിയ ഇഫക്റ്റും' വ്യക്തിത്വവും
നമ്മൾ സ്വയം കഠിനാധ്വാനം ചെയ്ത് കൂട്ടിച്ചേർക്കുന്ന ഫർണിച്ചറുകളോട് നമുക്ക് കൂടുതൽ വൈകാരിക അടുപ്പം തോന്നും എന്ന മനഃശാസ്ത്ര തത്വമാണ് 'ഐകിയ ഇഫക്റ്റ്'. ഇതേ രീതിയിലാണ് മനുഷ്യർ ജോലിയെയും സമീപിക്കുന്നത്. സ്വന്തം സമയവും ഊർജ്ജവും ഐഡന്റിറ്റിയും നൽകി കെട്ടിപ്പടുക്കുന്ന പ്രൊജക്ടുകൾ പരാജയപ്പെടുമ്പോൾ അല്ലെങ്കിൽ വഴി തെറ്റിക്കപ്പെടുമ്പോൾ അത് ജീവനക്കാരെ വ്യക്തിപരമായി തകർക്കുന്നു.
ഇത്തരം നിരാശകൾ കൃത്യമായി പരിശോധിക്കപ്പെടാതെ പോയാൽ, അത് ജീവനക്കാരിൽ കടുത്ത നിസ്സംഗത ഉണ്ടാക്കും. പിന്നീട് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനോ റിസ്ക് എടുക്കാനോ ഉള്ള ഭയമായി ഇത് മാറും. മിക്ക സ്ഥലങ്ങളിലും നേരിടുന്ന വെല്ലുവിളിയാണ്. പലപ്പോഴും ഇത്തര സാഹചര്യങ്ങളുടെ ഗുണഭോക്താക്കളും തൊഴിലിടങ്ങളിലെ മാറിമറിയുന്ന സാഹചര്യങ്ങളും വ്യക്തികളെ തളര്‍ത്തും. വിശേഷിച്ചും നിങ്ങൾ ചെയ്ത കര്‍മ്മങ്ങൾ എവിടെയും തിരിച്ചറിയപ്പെടാതെ പോകുമ്പോൾ. ഇതിനെ മറികടക്കാൻ സ്വയം തിരിച്ചറിയേണ്ടത് ആവശ്യമാണ്. നിരാശയ്ക്ക് വഴിപ്പെട്ടാൽ തകരും.
നിരാശയുണ്ടാകുമ്പോൾ സാധാരണയായി മനുഷ്യർ രണ്ട് വഴികളാണ് തെരഞ്ഞെടുക്കാറുള്ളത്. ഒന്നുകിൽ "ഞാൻ ഒന്നിനും കൊള്ളാത്തതാണ്" എന്ന് പറഞ്ഞ് സ്വയം കുറ്റപ്പെടുത്തുക (Internal Blame). അല്ലെങ്കിൽ "മറ്റുള്ളവര്‍ക്ക് എന്റെ വില അറിയില്ല, തിരിച്ചറിയുന്നില്ല" എന്ന് പറഞ്ഞ് മറ്റുള്ളവരോട് ദേഷ്യപ്പെടുക (External Blame). എന്നാൽ പഠനങ്ങൾ പറയുന്നത് ഈ രണ്ട് സമീപനങ്ങളും തെറ്റാണെന്നാണ്. അപകടങ്ങളിലേക്കാണ് ഇത് നയിക്കുക. വസ്തുതകളെയും കൂട്ടുകാരെയും സഹപ്രവര്‍ത്തകരെയും തിരിച്ചറിയുന്നതിൽ ഇത് നമ്മളെ പരിമിതപ്പെടുത്തും. അന്തരീക്ഷം കൂടുതൽ ഇരുണ്ടതാവും. ഇങ്ങനെ മൊത്തം അന്തരീക്ഷത്തെ നിറം കെടുത്തുന്നവരുണ്ട്.
യഥാർത്ഥ ലക്ഷ്യങ്ങൾ നിശ്ചയിക്കുക
ഒരു പ്രൊജക്റ്റ് തുടങ്ങുമ്പോൾ തന്നെ അതിന്റെ 'ഏറ്റവും മികച്ച റിസൾട്ട്' മാത്രം പ്രതീക്ഷിക്കാതെ, വരാൻ സാധ്യതയുള്ള 'യാഥാർത്ഥ്യബോധമുള്ള റിസൾട്ട്' എന്തായിരിക്കുമെന്ന് മുൻകൂട്ടി നിശ്ചയിക്കുക. ഇത് ഏത് ഉത്തരവാദിത്തം ഏൽക്കുമ്പോഴും പ്രധാനമാണ്. മാനസിക പ്രയാസങ്ങളെ ഒളിച്ചുവെക്കാതെ തുറന്നു സംസാരിക്കാൻ സാധിക്കുന്ന അന്തരീക്ഷം (Psychologically Safe Workplace) സ്ഥാപനങ്ങളിൽ ഉണ്ടാകണം. ബുദ്ധിമുട്ടുകൾ തുറന്നു പറയുന്നത് നിരാശയുടെ തീവ്രത കുറയ്ക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് വ്യക്തകളെ ആശ്രയിച്ച് നടപ്പാക്കാവുന്നതല്ല.
നിരാശയെ ഇന്ധനമാക്കുക എന്നത് ഒരു മറികടക്കൽ തന്ത്രമാണ്. നിരാശ എന്നത് നമ്മൾ യഥാർത്ഥത്തിൽ എന്താണ് ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കിത്തരുന്ന ഒരു മാപിനിയാണ്. നമ്മുടെ പ്രതീക്ഷകൾ എവിടെ നിന്നാണ് രൂപപ്പെടുന്നത് എന്ന് പുനഃപരിശോധിക്കാനുള്ള അവസരമായി ഇതിനെ കാണണം.
നിരാശകളെ പെട്ടെന്ന് മറികടന്ന് ഓടാൻ ശ്രമിക്കുന്നതിലല്ല, മറിച്ച് ആ വികാരത്തെ ഉൾക്കൊണ്ട്, അതിന് പിന്നിലെ കാരണങ്ങളെ അപഗ്രഥിക്കുന്നതിലാണ് യഥാർത്ഥ മാനസിക കരുത്ത് (Resilience) അടങ്ങിയിരിക്കുന്നത്. തോൽവികളെ വ്യവസ്ഥിതിയുടെ കണ്ണിലൂടെ കൂടി കാണാൻ പഠിക്കുമ്പോൾ മാത്രമാണ് കരിയറിലെ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും തൊഴിൽ ചെയ്യുന്നവര്‍ക്ക് മോചനം സാധ്യമാകുന്നത്.










0 comments