സൂംബ പകരുന്ന ആത്മവിശ്വാസം

ഡോ. പ്രിയ ദേവദത്ത്
Published on Jul 06, 2025, 01:00 AM | 2 min read
മികച്ച കാർഡിയോ വാസ്കുലർ വ്യായാമങ്ങളിൽ ഒന്നാണ് സൂംബ. നൃത്തവും സംഗീതവും ഒരുമിച്ചുള്ള ഒരു ഫിറ്റ്നസ് വ്യായാമമാണിത്. ആനന്ദകരമായ സംഗീതത്തിന്റെ അകമ്പടിയോടെ ചെയ്യുന്ന സൂംബ വ്യായാമം കുട്ടികൾക്ക് ഏറെ ആരോഗ്യകരവും ആസ്വാദ്യകരവുമാണ്. വേഗത്തിൽ നീങ്ങാനും രസകരമാക്കാനും (to move fast and have fun) എന്നർഥം വരുന്ന കൊളംബിയൻ സ്പാനിഷ് നാടോടി പദത്തിൽനിന്നാണ് "സൂംബ " എന്ന പദമുണ്ടായത്. സൈക്ലിങ്, വേഗത്തിലുള്ള നടപ്പ്, ഓട്ടം, പടി കയറൽ തുടങ്ങി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന കാർഡിയാക് വ്യായാമങ്ങളുടെ കൂട്ടത്തിലാണ് ഇത് ഉൾപ്പെടുക.
സവിശേഷതകൾ
മറ്റ് വ്യായാമമുറകളിൽനിന്ന് വ്യത്യസ്തമായി ചടുലവും ലളിതവും ആവർത്തന സ്വഭാവമുള്ളതുമായ ചുവടുവയ്‌പുകളാണ് സൂംബയിലുള്ളത്. കുട്ടികൾക്ക് മടുപ്പുളവാക്കില്ല എന്നത് പ്രത്യേകത.ഒരു ഉപകരണത്തിന്റെ സഹായവും ആവശ്യമില്ലെന്നതും മറ്റൊരു സവിശേഷത. ഹൃദയാരോഗ്യത്തെ കണക്കിലെടുത്താണ് സൂംബയിലെ താളത്തിന്റെ ക്രമീകരണം. ഉയർന്ന താളത്തിലും പതിഞ്ഞ താളത്തിലും മാറി മാറിയെത്തുന്ന സംഗീതം കുട്ടികൾക്ക് ആനന്ദം പകരും. നൃത്തം വശമില്ലാത്തവർക്കും അനായാസം വഴങ്ങും. കൈ കാൽപേശികൾ, വയർ, ഇടുപ്പ് ഇവയ്ക്കെല്ലാം സൂംബ വ്യായാമമേകും.
ഒരു വ്യായാമവും ഇല്ലാതെ സ്കൂളിൽ മുഴുവൻ സമയവും ഇരുന്ന് പഠിക്കുന്ന കുട്ടിക്ക് അലസത കൂടി ആകുമ്പോൾ ജീവിതശൈലി രോഗങ്ങൾ വളരെ നേരത്തേ തന്നെ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.അലസത അമിതവണ്ണത്തിനുമിടയാക്കും. ഇവിടെയാണ് സൂംബയുടെ പ്രസക്തി. സൂംബയിലെ നൃത്താധിഷ്ഠിതമായ ചലനങ്ങൾ ഹൃദയമിടിപ്പ് ആരോഗ്യകരമായി കൂട്ടി രക്തചംക്രമണം മെച്ചപ്പെടുത്തും.
ഫൈൻമോട്ടോർ സ്കിൽ
കണ്ണുകൾ, കൈകൾ, വിരലുകൾ എന്നിവ ഉപയോഗിച്ചുള്ള ചെറിയ പേശികളുടെ ചലന ഏകോപനമാണ് ഫൈൻ മോട്ടോർ സ്കിൽ. ബുദ്ധിശക്തിയുടെ വളർച്ചയ്ക്ക് ഫൈൻ മോട്ടോർ സ്കിൽ സഹായകമാണ്. ഇത് കുട്ടികളുടെ പേശികൾക്കും അസ്ഥിക്കും ബലമേകും. സൂംബയിലെ നൃത്തവും പാട്ടും ആഹ്ലാദം പകരുന്ന എൻഡോർഫിൻ ഹോർമോണുകളെ സ്വതന്ത്രമാക്കാറുണ്ട്. ഇത് സമ്മർദം കുറയാനും വിഷാദമകലാനും ആഹ്ലാദം നിറയാനും കാരണമാകും. മാത്രമല്ല കുട്ടികളിലെ ചിന്ത, ഓർമ, ഏകാഗ്രത ഇവയെ മെച്ചപ്പെടുത്തും. മൂഡ് നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം തീരുമാനം എടുക്കാനുള്ള കഴിവിനെ ഉയർത്തും. ചടുലമായ ചുവടുകൾ സന്തോഷം പകരുന്ന സെറോടോണിൻ ഹോർമോണിന്റെ അളവ് ഉയർത്തുന്നു. ഏകാഗ്രതയും ഓർമശക്തിയും വർധിപ്പിക്കുന്നതടക്കം കുട്ടികളിലെ ശാരീരിക -മാനസിക ആരോഗ്യം ഉയർത്തും. ലഹരി വസ്‌തുക്കളിലേക്കും മറ്റുമുള്ള ആകർഷണം തടയും. ആത്മവിശ്വാസവും നേതൃപാടവുമൊക്കെ വർധിക്കാനും സഹായകമാകും.









0 comments