ad
Deshabhimani

സൂപ്പർസ്റ്റാറായി 'മസാലദോശ'; ലോകത്തിലെ മികച്ച പാൻകേക്കുകളുടെ പട്ടികയിൽ ആറാം റാങ്ക് !

Masala Dosa

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on May 02, 2026, 07:08 PM | 2 min read

തിരുവനന്തപുരം : ദക്ഷിണേന്ത്യക്കാരുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് മസാലദോശ. എന്നാലിപ്പോൾ ഇന്ത്യയിൽ മാത്രമല്ല ദോശയ്ക്ക് അന്താരാഷ്ട്ര തലത്തിലും വലിയ അംഗീകാരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ലോകത്തിലെ മികച്ച 50 പാൻകേക്കുകളുടെ പട്ടികയിൽ നമ്മുടെ മസാലദോശയുമുണ്ട്.


മസാലദോശ മാത്രമല്ല ദോശയുടെ വിവിധ രൂപങ്ങൾ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 4.3 സ്റ്റാർ റേറ്റിംഗോടെ പട്ടികയിൽ ആറാം സ്ഥാനത്തുള്ള മസാലദോശ തന്നെയാണ് മുൻപന്തിയിൽ. ദോശ 4.2 റേറ്റിംഗോടെ 15ാം സ്ഥാനത്തുണ്ട്. പേപ്പർ ദോശ 4.1 റേറ്റിംഗോടെ 35ാം സ്ഥാനത്തും ഇടംപിടിച്ചു.


അരിയും ഉഴുന്നും ചേർത്ത് അരച്ച മാവ് നേരത്തെ തയ്യാറാക്കി വച്ചാൽ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതും, രുചിയുള്ളതുമായ ഒരു വിഭവമാണ് ദോശ. ചമ്മന്തിയുടേയും സാമ്പാറിന്റെയും അകമ്പടിയോടെയെത്തുന്ന നേരിയ പുളിയുള്ള ഈ ദക്ഷിണേന്ത്യൻ വിഭവം അതിന്റെ മൊരിഞ്ഞ ഘടനകൊണ്ടും വൈവിധ്യങ്ങൾ കൊണ്ടും പേരുകേട്ടതാണ്. മസാലക്കൂട്ടുകൾ നിറച്ച ക്ലാസിക് മസാല ദോശ മുതൽ പനീർ ദോശയും ചിക്കൻ ദോശയും വരെയുണ്ട് വിപണിയിലിപ്പോൾ. ഇന്ത്യയുടെ അതിരുകൾക്കപ്പുറം വലിയൊരു ആരാധകവൃന്ദത്തെ തന്നെ ദോശ സ്വന്തമാക്കിയിട്ടുണ്ട്.


ലോകത്തിന്റെ പല ഭാഗങ്ങളിലും പാൻകേക്കുകൾ മധുരമുള്ളതാണ്. സാധാരണ പാൻകേക്കുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി പുളിപ്പിച്ച മാവ് കൊണ്ട് തയ്യാറാക്കുന്നതും രുചിക്കൂട്ടുകൾ നിറഞ്ഞതുമായ ദോശ അതിന്റെ സവിശേഷമായ രുചിയിലൂടെ വേറിട്ടുനിൽക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഭക്ഷണവൈവിധ്യത്തെ സംബന്ധിച്ചിടത്തോളം ദോശക്ക് കിട്ടിയ അം​ഗീകാരം അഭിമാനകരമാണ്.


ടേസ്റ്റ് അറ്റ്‌ലസിന്റെ 2026ലെ പട്ടികയിൽ 4.4 റേറ്റിംഗോടെ ലാത്വിയയുടെ 'കാർട്ടുപെലു പാൻകുക്കാസ്' (Kartupelu pankukas) ആണ് ഒന്നാം സ്ഥാനത്ത്. ഫ്രാൻസിൽ നിന്നുള്ള 'ക്രേപ്സ് സുക്രീസ്' (Crepes sucrees) ഇതേ റേറ്റിംഗോടെ രണ്ടാം സ്ഥാനം പങ്കിടുന്നു. 4.3 റേറ്റിംഗ് നേടിയ ഫ്രാൻസിന്റെ തന്നെ ക്ലാസിക് 'ക്രേപ്സ്' (Crepes) മൂന്നാം സ്ഥാനത്തും, പ്രശസ്തമായ 'നൂട്ടെല്ല ക്രേപ്സ്' (Nutella crepes) നാലാം സ്ഥാനത്തുമുണ്ട്. ചൈനയുടെ ജനപ്രിയ വിഭവമായ 'ജിയാൻബിംഗ്' (Jianbing) 4.3 റേറ്റിംഗോടെ അഞ്ചാം സ്ഥാനത്തുണ്ട്.


അതേസമയം ദോശ, ദോശയായി നിൽക്കട്ടെ പാൻകേക്ക് ആക്കേണ്ട എന്നൊക്കെയുള്ള ദോശ ആരാധകരുടെ പരാതികൾ നീളുകയാണ്. ദോശയെ പാൻകേക്കുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന രീതിയിലുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ തുടരുകയാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home