ad
Deshabhimani

ഭക്ഷണത്തിലെ ഓസ്കറിൽ ഇന്ത്യൻ വിപ്ലവം; നാടൻ രുചികളെ ലോക ശ്രദ്ധയിലെത്തിച്ച തമിഴ്നാട്ടുകാരൻ

chef vijaya kumar

ഷെഫ് വിജയകുമാര്‍ PHOTO CREDIT: X

വെബ് ഡെസ്ക്

Published on Jun 28, 2025, 01:00 PM | 2 min read

പാശ്ചാത്യ വിഭവങ്ങൾ അടക്കിവാണിരുന്ന ഭക്ഷണത്തിലെ ഓസ്കർ അവാർഡുകളിൽ ഇന്ത്യൻ രുചികളുടെ നിശബ്ദ വിപ്ലവം നടക്കുകയാണ്. ഭക്ഷണത്തിലെ ഓസ്കര്‍ എന്നറിയപ്പെടുന്ന ജെയിംസ് ബിയേർഡ് അവാർഡ് നേടിയെടുത്തിരിക്കുകയാണ് തമിഴ്നാട്ടിൽനിന്നുള്ള ഷെഫ് വിജയകുമാര്‍. മികച്ച ഷെഫിനുള്ള 2025 ലെ പുരസ്കാരം (ജെബി-ന്യൂയോർക്ക്) നേടിയതിലൂടെ ഈ തമിഴ്നാട്ടുകാരൻ ആ​ഗോളതലത്തിൽ ദക്ഷിണേന്ത്യൻ രുചികളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഷെഫ് വിജയകുമാറിന്റെ നേട്ടം വ്യക്തിപരമായ അംഗീകാരം മാത്രമല്ല അത് സാംസ്കാരിക പരിവർത്തനത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.


തമിഴ് പാചകരീതിയ്ക്കൊപ്പം ശ്രീലങ്കൻ തമിഴ്, ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ രുചിക്കൂട്ടുകളുമാണ് വിജയകുമാർ ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടും ഇന്ത്യൻ വിഭവങ്ങളെയും സംസ്കാരത്തെയും അം​ഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ തെളിവാണ് വിജയകുമാറിന്റെ നേട്ടം. തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപമുള്ള അരസാംപെട്ടി എന്ന ഉൾനാടൻ ഗ്രാമത്തിലാണ് ഈ നാൽപ്പത്തിനാലുകരാന്റെ ജനനം. കാർഷിക ​ഗ്രാമത്തിൽ ജനിച്ചു വളർന്നതിന്റെ ഓർമയും അമ്മയുടേയും മുത്തശ്ശിയുടേയും സ്നഹം നിറഞ്ഞ രുചിക്കൂട്ടുകളുമാണ് വിജയകുമാറിനെ പാചകത്തിലേക്ക് അടുപ്പിച്ചത്.


"ഞാൻ വളർന്നുവന്ന, എന്റെ ആത്മാവുതൊട്ട ഭക്ഷണം വളരെ കരുതലോടെ പാകം ചെയ്ത് ഇപ്പോൾ ലോക വേദിയിലെത്തിയിരിക്കുന്നു. ദരിദ്രന്റെ ഭക്ഷണം, ധനികന്റെ ഭക്ഷണം, അങ്ങനെ ഒന്നില്ല. എല്ലാം ഭക്ഷണമാണ്. അത് ശക്തമാണ്. അത്താഴ മേശയ്ക്ക് ചുറ്റും പരസ്പരം ഒത്തുചേരാൻ കഴിയുന്നതാണ് യഥാർഥ ആഡംബരം" എന്നാണ് ജെബി പുരസ്കാരദാന ചടങ്ങിൽ വിജയകുമാർ പറഞ്ഞത്. ആ പുരസ്കാര ദാന ചടങ്ങ് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന വികാര നിർഭരമായ നിമിഷമായിരുന്നു.


"തമിഴ്നാട്ടുകാരനായ ഇരുണ്ടനിറമുള്ള ഒരു യുവാവിന് ഇങ്ങനെയൊരു വേദിയിലെത്താൻ കഴിയുമെന്ന് ഞാൻ പാചകത്തിൽ കരിയര്‍ ആരംഭിച്ചപ്പോൾ കരുതിയിരുന്നില്ല"- വിജയകുമാർ പറഞ്ഞു. തന്റെ സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള ആദരസൂചകമായി മുണ്ടും കുർത്തയും ധരിച്ചാണ് അദ്ദേഹം പുരസ്കാര വേദിയിലെത്തിയത്.


വിജയകുമാറിനെ പോലെയൊരാൾക്ക് ഈ നേട്ടങ്ങൾ കൈവരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. തമിഴ്നാട്ടിലെ കാർഷിക ​ഗ്രാമത്തിൽ വളരെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും പാചക ലോകത്തിന്റെ നെറുകയിലേക്കെത്താൻ യാത്ര ചെയ്ത പാതകളൊന്നും സു​ഗമവുമായിരുന്നില്ല. സ്വന്തം കഴിവിൽ വിശ്വസിച്ച് ആത്മാർഥമായി പരിശ്രമിച്ചാൽ വലിയ നേട്ടങ്ങൾ കൈവരിക്കാമെന്ന് ലോകമെമ്പാടുമുള്ള യുവാക്കൾക്ക് തെളിയിച്ചു കൊടുക്കുന്ന പ്രതീക്ഷയാണ് ഇന്ന് വിജയകുമാർ.


വളരെ പ്രയാസമേറിയതായുരുന്നു വിജയകുമാറിന്റെ കരിയറിലെ ആദ്യകാലഘട്ടം. ചെന്നൈ പോലൊരു ന​ഗരത്തിൽ എൻജിനിയറിങ് പഠിക്കാൻ പണമില്ലാത്തതിനാൽ അദ്ദേഹം പാചക പഠനം തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയിലെ 'താജ് കണ്ണമാര' ഹോട്ടലിലാണ് കരിയര്‍ ആരംഭിക്കുന്നത്. തുടർന്ന് ക്രൂസ് ഷിപ്പുകളിലും ജോലി ചെയ്തു. ഒടുവിൽ അങ്ങനെ അമേരിക്കയിൽ എത്തിപ്പെട്ടു. സാൻ ഫ്രാൻസിസ്കോയിലെ 'ദോശ'യിൽ ജോലി ചെയ്തു.


2021-ൽ ന്യൂയോർക്കിലെ റെസ്റ്റോറന്റ് ഗ്രൂപ്പായ അൺഅപ്പൊളോജെറ്റിക് ഫുഡ്‌സിലെ റോണി മജുംദാർ, ചിന്തൻ പാണ്ഡ്യ എന്നിവരുമായി സഹകരിച്ച് 'സെമ്മ' - എന്ന റെസ്റ്റോറന്റ് തുറന്നതാണ് വഴിത്തിരിവായത്. 'പാചകത്തിലൂടെ ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും വിളമ്പുക' എന്നതായിരുന്നു മൂന്നുപേരുടേയും ലക്ഷ്യം. മൈക്കലിൻ സ്റ്റാർ നേടുന്ന, ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ മാത്രം വിളമ്പുന്ന ന്യൂയോർക്കിലെ ആദ്യ റസ്റ്റോറന്റാണ് 'സെമ്മ'. ന്യൂയോർക്ക് ടൈംസിന്റെ മികച്ച 100 റെസ്റ്റോറന്റുകളുടെ പട്ടികയിൽ ഒന്നാമതായും ഇടം പിടിച്ചിട്ടുണ്ട്.


ഓരോ സീസൺ അനുസരിച്ച്, തികച്ചും പ്രാദേശികമായ, പൂർണമായും പുതുക്കി നിർമിച്ച യഥാർത്ഥ ഗ്രാമീണ ഭക്ഷണം തയാറാക്കി അവതരിപ്പിക്കുന്നതാണ് വിജയ കുമാറിന്റെ ശക്തി. അമ്മയേയും മുത്തശിയേയും പോലെ പാചകം ചെയ്ത് ഭക്ഷണം വിളമ്പുക എന്നതാണ് ലക്ഷ്യം. ആ ലാളിത്യത്തിന്റെ ആഘോഷമാണ് 'സെമ്മ' എന്ന് വിജയകുമാർ പറയുന്നു.


വിദേശരാജ്യങ്ങളിൽ ഇന്ത്യൻ രുചികളെന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന ക്ലീഷേകളെ 'സെമ്മ'യുടെ മെനു മറികടക്കുകയാണ്. കുരുമുളക് രസം, പുളിയൊതര, വാഴപ്പൂ വട, ദോശ തുടങ്ങി തികച്ചും ദക്ഷിണേന്ത്യൻ വിഭവങ്ങളാണ് മെനു കാർഡിൽ ഇടം പിടിച്ചിട്ടുള്ളത്. ഗ്രാമീണ ശൈലിയിലുള്ള തമിഴ് ഭക്ഷണം ന്യൂയോർക്കിലെ പ്രശസ്തമായ റസ്റ്റോറന്റുകളിലും വേദികളിലും എത്തിക്കണമെന്നാണ് വിജയകുമാറിന്റെ ആ​ഗ്രഹം. വിജയകുമാർ വിളമ്പുന്നത് രുചികൾ മാത്രമല്ല, അഭിമാനവും കൂടിയാണ്. അതൊരു നിശബ്ദ വിപ്ലവമാണെന്നതിൽ സംശയമില്ല.





























deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home