ഉടമ്പടികളും ഭാവി തീരുമാനങ്ങളും; കാലാവസ്ഥാ ഉച്ചകോടികൾ ചൂട് കുറയ്ക്കുമോ?

ഡോ. സി ജോർജ്ജ് തോമസ്
Published on Dec 22, 2025, 02:53 PM | 12 min read
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് അനേകം അന്താരാഷ്ട ഉടമ്പടികളുണ്ട്. ഉടമ്പടികളിൽ ഒപ്പുവെച്ച കക്ഷികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവികാര്യങ്ങൾ തീരുമാനിക്കുന്നതിനുമായി കൃത്യമായ ഇടവേളകളിൽ നടത്തുന്ന കോൺഫറൻസിന് പറയുന്ന പേരാണ് ‘കോൺഫറൻസ് ഓഫ് ദി പാർട്ടീസ്’ അഥവാ COP. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷന്റെ (United Nations Framework Convention on Climate Change, UNFCC) കോൺഫറൻസ് എല്ലാ വർഷവും ഉണ്ടാകാറുണ്ട്. ഈ വർഷത്തെ UNFCC യുടെ 30 മത് കോൺഫറൻസ് ബ്രസീലിലെ ബേലം എന്ന സ്ഥലത്ത് നവംബർ 10 മുതൽ 21 വരെയായിരുന്നു. 2015 ലെ പാരീസ് കരാറിന് ശേഷം 10 വർഷമായതുകൊണ്ട് “പാരീസ് വാഗ്ദാനം നിറവേറ്റുക” (Delivering on the Paris Promise) എന്ന പ്രമേയം സ്വീകരിച്ചായിരുന്നു പരിപാടികൾ. പക്ഷേ, പാരിസ് കരാർ ഉണ്ടായി ഇത്രയുമായിട്ടും കൊട്ടിഘോഷിക്കാൻമാത്രം കാര്യമായിട്ടൊന്നുമില്ല എന്നതാണ് യാഥാർഥ്യം; ഉടമ്പടിയുടെ 29 വ്യവസ്ഥകളിൽ (articles) ഇനിയും തീർപ്പാക്കാതെ കിടക്കുന്നവയുമുണ്ട്!
പാരീസ് കരാറിൽ നിന്ന് രണ്ടാമതും പിൻവലിയാനുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം ആഗോള ഉടമ്പടികളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിലാണ് COP 30 നടന്നത്. ചരിത്രപരമായി ലോകത്തിലെ ഏറ്റവും വലിയ ഹരിതഗ്രഹ വാതക എമിറ്റർ ആയ യുഎസിന്റെ പിന്മാറ്റം (അന്തരീക്ഷത്തിലെ അധിക കാർബണിന്റെ ഏകദേശം 25 ശതമാനവും യുഎസിന്റെ വകയാണ്) ഉൽസർജനം കുറയ്ക്കൽ, കാലാവസ്ഥാ ധനസഹായം, അന്താരാഷ്ട്ര സഹകരണം എന്നിവയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ട്രംപിന്റെ തീരുമാനം മറ്റ് രാജ്യങ്ങളെ അവരുടെ കാലാവസ്ഥാ പ്രതിബദ്ധതകൾ കുറയ്ക്കാൻ ധൈര്യപ്പെടുത്തിയേക്കും. മാത്രമല്ല, വമ്പന്മാർ ഉത്തരവാദിത്വ രഹിതമായി പെരുമാറുമ്പോൾ, വികസ്വര, ദരിദ്ര രാജ്യങ്ങൾ പരിമിതമായ സ്വന്തം ധനശേഷി ലഘൂകരണത്തിന് (mitigation) പകരം പൊരുത്തപ്പെടലിന് (adaptation) മാറ്റിവെക്കുന്നതാണു കരണീയം എന്ന് തീരുമാനിച്ചാൽ കുറ്റം പറയാൻ കഴിയില്ല. പ്രാദേശികമായി ശരിയാക്കാൻ പറ്റുന്ന കാര്യമല്ല ഹരിത ഗൃഹവാതക എമിഷനും ആഗോള താപനവുമൊക്കെ! കൂടാതെ, യുഎസ് നേതൃത്വത്തിന്റെ അഭാവം അന്താരാഷ്ട്ര കാലാവസ്ഥാ ചർച്ചകളിലെ വിശ്വാസത്തെയും സഹകരണത്തെയും ധനസഹായത്തെയും ദുർബലപ്പെടുത്തുകയും കൂട്ടായ പ്രവർത്തനം കൈവരിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്യും.

സമവായത്തിലൂടെ അംഗീകരിച്ച 29 തീരുമാനങ്ങളിൽ കാലാവസ്ഥാ ധനസഹായം, ന്യായമായ പരിവർത്തനം (just transition), വ്യാപാരം, സാങ്കേതികവിദ്യ, കൂട്ടായ പ്രതിബദ്ധത പുതുക്കൽ, തുടങ്ങിയവയെക്കുറിച്ചുള്ള തീരുമാനങ്ങൾ ഉൾപ്പെടുന്നു. ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുന്നതിന്, ഹരിതഗൃഹവാതക ഉൽസർജനം 2019 ലെ നിലവാരത്തെ അപേക്ഷിച്ച് 2030 ഓടെ 43 ശതമാനമായും 2035 ഓടെ 60 ശതമാനമായും കുറയ്ക്കേണ്ടതുണ്ടെന്നും 2050 ആകുമ്പോഴേക്കും പൂജ്യത്തിലെത്തേണ്ടതുണ്ടെന്നും ‘ആഗോള മുടിറോ’ ഓർമ്മിപ്പിക്കുന്നു. COP 30 ന്റെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന ചില പ്രവണതകൾ പരിശോധിക്കാം.
ധനസഹായത്തിന്റെ ഇപ്പോഴത്തെ അവസ്ഥ
വ്യാവസായികമായി ഉന്നതി പ്രാപിച്ച രാജ്യങ്ങളിൽ നിന്ന് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്ക് സാമ്പത്തിക സഹായം ഒഴുകണമെന്ന ആവശ്യം കാലാവസ്ഥാ ഉച്ചകോടികളിൽ സ്ഥിരം ഉണ്ടാകാറുണ്ട്. ഈ ആവശ്യത്തെ വെറും “സഹായം” അല്ലെങ്കിൽ “ദാനധർമ്മം’ ആയല്ല കാണേണ്ടത്, മറിച്ച് കൊളോണിയൽ ചൂഷണം കൊണ്ടുണ്ടായ പാരിസ്ഥിതിക നാശനഷ്ടങ്ങൾക്ക് ന്യായമായ പരിഹാരമായി, ആ രാജ്യങ്ങളുടെ ഭാവി വികസനത്തിന് ആവശ്യമുള്ള ധനത്തിൽ ഒരു ഭാഗം എന്ന നിലയ്ക്കാണ്. ഈ ആശയം പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 2.2 ൽ പറയുന്ന “വ്യത്യസ്ത ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ പൊതുവായതും എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് കഴിവുകളും” (CBDR-RCNC) എന്ന തത്വത്തെ പ്രതിധ്വനിപ്പിക്കുന്നു.
കാലാവസ്ഥാ ധനസഹായത്തിനുള്ള പുതിയ കൂട്ടായ അളവ് ലക്ഷ്യം: പാരീസ് കരാറിന്റെ ആർട്ടിക്കിൾ 9.1 പ്രകാരം, കഴിഞ്ഞവർഷം ബാക്കുവിൽ (COP29) അംഗീകരിച്ച ‘കാലാവസ്ഥാ ധനസഹായത്തിനുള്ള പുതിയ കൂട്ടായ അളവ് ലക്ഷ്യം’ (New Collective Quantified Goal on Climate Finance, NCQG) എങ്ങനെ നിറവേറ്റുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ COP 30-ലും ഉണ്ടായി. 2009-ൽ (COP15) പൊതു ധനകാര്യ ലക്ഷ്യം പ്രതിവർഷം 100 ശതകോടി യുഎസ് ഡോളറായി (2020-വരെ)നിശ്ചയിച്ചിരുന്നു; ആ ലക്ഷ്യം, പക്ഷേ, 2022 ൽ മാത്രമാണ് കൈവരിക്കാനായത്. COP29 ൽ, 2035 ഓടെ പ്രതിവർഷം 300 ശതകോടി ഡോളറിന്റെ NCQG കക്ഷികൾ സമ്മതിച്ചു. അതോടൊപ്പം പ്രതിവർഷം കുറഞ്ഞത് 1300 ശതകോടി യുഎസ് ഡോളറെങ്കിലും സമാഹരിക്കുന്നതിനായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. COP30 ൽ ഈ ആഹ്വാനം ഒന്ന് കൂടി ആവർത്തിക്കുകയും “1300 ശതകോടി ഡോളറിലേക്കുള്ള ബാക്കു മുതൽ ബെലെം വരെയുള്ള റോഡ് മാപ്പ്” (Baku to Belem Roadmap to 1.3T) എന്നു പേരിട്ട് ഈ ശ്രമങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇങ്ങിനെയുള്ള ‘ആഹ്വാനങ്ങൾ’ കൊണ്ടുമാത്രം എന്തെങ്കിലും നടക്കുമോ എന്നത് കൂട്ടായി ചിന്തിക്കേണ്ട കാര്യമാണ്.
പൊരുത്തപ്പെടലിന്റെ ധനസഹായം മൂന്നിരട്ടിയാക്കും: കാലാവസ്ഥാ പ്രത്യാഘാതങ്ങളെ, ഉദാഹരണത്തിന്, വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന റോഡുകൾ നിർമ്മിക്കുക, വരൾച്ചക്കാലത്ത് ജലസംഭരണം മെച്ചപ്പെടുത്തുക, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് രാജ്യങ്ങളെ സഹായിക്കുന്നത്തിനുള്ള ഫണ്ടിനു പറയുന്ന പേരാണ് ‘അഡാപ്റ്റേഷൻ ഫിനാൻസ്’. 2035 ആകുമ്പോഴേക്കും അഡാപ്റ്റേഷൻ ഫിനാൻസ് മൂന്നിരട്ടിയായി വർദ്ധിക്കണമെന്നും, പ്രതിവർഷം ഏകദേശം 40 ശതകോടി ഡോളറിൽ നിന്ന് 120 ശതകോടി ഡോളറായി മാറണമെന്നും COP 30-ൽ, രാജ്യങ്ങൾ സൂചിപ്പിച്ചു. വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ കാലാവസ്ഥാ ആഘാതങ്ങളെ നേരിടാൻ ദുർബല രാജ്യങ്ങളെ സഹായിക്കുന്നതിന് ഫണ്ട് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ദിശ ഇത് സജ്ജമാക്കുന്നു.
നാശവും നഷ്ടവും അതിനുള്ള ഫണ്ടും: ഐക്യരാഷ്ട്രസഭയ്ക്ക് കീഴിൽ നാശ–നഷ്ടത്തിന് (loss and damage) ഔദ്യോഗിക നിർവചനം ഇല്ലെങ്കിലും, അന്താരാഷ്ട്ര കാലാവസ്ഥാ ചർച്ചകളിൽ ഈ പദം ഉപയോഗിക്കുന്നത് ആളുകൾക്ക് പൊരുത്തപ്പെടാൻ കഴിയുന്നതിനപ്പുറമുള്ള കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങളെയാണ്. സമുദ്രനിരപ്പ് ഉയരുന്നത് മൂലം തീരം കടലെടുക്കുന്നത്, കടുത്ത വെള്ളപ്പൊക്കത്തിൽ വീടുകളുടെ നഷ്ടം, ജീവഹാനി, അടിസ്ഥാന സൗകര്യങ്ങൾക്കും കെട്ടിടങ്ങൾക്കുമുണ്ടാകുന്ന കേടുപാടുകൾ, വസ്തുവകകളുടെയും വിളകളുടെയും നഷ്ടം, ആവാസവ്യവസ്ഥയുടെ തകർച്ച എന്നിങ്ങനെയുള്ള ആഘാതങ്ങളുടെ ഒരു ശ്രേണിയെ നാശ-നഷ്ടങ്ങൾ സൂചിപ്പിക്കുന്നു.
നാശവും നഷ്ടവും പൊതുവേ ദുർബല സമൂഹങ്ങളെയാണ് കൂടുതൽ ദോഷകരമായി ബാധിക്കുക; അതായത് ഈ പ്രശ്നം കാലാവസ്ഥാ നീതിയുടെ (climate justice) പ്രശ്നം കൂടിയാണ്. ഈ വിഷയം യുഎൻ കാലാവസ്ഥാ ചർച്ചകൾക്കകത്തും പുറത്തും എപ്പോഴും തർക്കങ്ങൾ നിറഞ്ഞതായിരുന്നു, പ്രത്യേകിച്ചും, കാലാവസ്ഥാ പ്രതിസന്ധിക്ക് ഏറ്റവും കുറവ് സംഭാവന നൽകിയ, എന്നാൽ അതിന്റെ ആഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന, വികസ്വര രാജ്യങ്ങളുടെ നാശവും നഷ്ടവും പരിഹരിക്കുന്നതിന് വികസിത രാജ്യങ്ങൾ എത്ര പണം നൽകണം എന്ന കാര്യത്തിൽ.
COP 30 നടന്ന 12 ദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം 55, 000 പേർ ബേലമിൽ തടിച്ചുകൂടി; കോടിക്കണക്കിന് തുക ചിലവാക്കി സമ്മേളനങ്ങൾ, പ്രകടനങ്ങൾ, പ്രതിഷേധങ്ങൾ ഇവയൊക്കെ നടത്തി ആഘോഷിച്ചു എന്നതൊഴിച്ചാൽ പാരിസ് കരാർ കൊണ്ട് ആഗോള താപനം, കാലാവസ്ഥാ മാറ്റം എന്നിവയൊക്കെ കുറയുന്നുണ്ടോയെന്ന് ഗൗരവമായി വിലയിരുത്തേണ്ട സമയം കഴിഞ്ഞു.
പാരീസ് ഉടമ്പടി പ്രകാരം, നാശവും നഷ്ടവും “ഒഴിവാക്കുകയും, കുറയ്ക്കുകയും, പരിഹരിക്കുകയും” (avert, minimize, and address) വേണം (ആർട്ടിക്കിൾ 8). കാലാവസ്ഥാ പ്രവർത്തനത്തിന്റെ നാല് തൂണുകളായ ലഘൂകരണം (mitigation), പൊരുത്തപ്പെടൽ (adaptation), പ്രതിരോധശേഷി (resilience) , നാശവും നഷ്ടവും പരിഹരിക്കൽ (addressing loss and damage) എന്നിവ ഈ സമീപനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ആഘാതങ്ങളെയും തടയാനോ, പൊരുത്തപ്പെടാനോ, പ്രതിരോധശേഷി തീർക്കാനോ കഴിഞ്ഞുവെന്ന് വരില്ല. ഇവിടെയാണ് നാലാമത്തെ തൂണായ, നാശവും നഷ്ടവും പരിഹരിക്കൽ, പ്രസക്തമാകുന്നത്.
വളരെക്കാലത്തെ പരിശ്രമത്തിനൊടുവിൽ നാശവും നഷ്ടവും പരിഹരിക്കുന്നതിന് 2022 ൽ ഒരു അന്താരാഷ്ട്ര നാശ-നഷ്ട ഫണ്ട് (loss and damage fund) സ്ഥാപിച്ചെങ്കിലും, ദീർഘകാല ധനസഹായ പ്രതിബദ്ധതകളുടെ ആവശ്യം പരിഹരിക്കപ്പെട്ടിരുന്നില്ല. ‘ഫണ്ട് ഫോർ റെസ്‌പോണ്ടിംഗ് ടു ലോസ് ആൻഡ് ഡാമേജ്’ (Fund for Responding to Loss and Damage (FRLD)എന്ന പേരിൽ 2023 മുതൽ, ഫിലിപ്പീൻസിനെ ആതിഥേയ രാജ്യമായി സ്വീകരിച്ചുകൊണ്ട് പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 2025 ഏപ്രിൽവരെ, FRLD-യിലേക്കുള്ള പ്രതിജ്ഞകൾ ആകെ 768.4 ദശലക്ഷം ഡോളർ ആണ്. പ്രതീക്ഷിച്ചതിനെക്കാൾ വളരെ കുറവാണങ്കിലും ഈ തുക ഒരു തുടക്കമായി കാണാം. 2030 വരെ കാലാവസ്ഥാ സംബന്ധമായ നാശനഷ്ടങ്ങൾക്ക് ദുർബല രാജ്യങ്ങൾക്ക് ആവശ്യമായി വന്നേക്കാവുന്ന മതിപ്പുമായി (580 ശതകോടി ഡോളർ) താരതമ്യം ചെയ്താൽ ഇത് വളരെ കുറവാണ്.
നാശ–നഷ്ടഫണ്ടിനെക്കുറിച്ച് COP30-ൽ ചർച്ചകൾ നടന്നെങ്കിലും, ചില അവ്യക്തമായ വാചാടോപങ്ങൾ ഒഴികെ, കാര്യമായൊന്നും പുറത്തുവന്നില്ല. ഫണ്ടിന്റെ വിഭവ സമാഹരണത്തിനായി ഒരു നികത്തൽ ചക്രം (replenishment cycle) സ്ഥാപിക്കാനുള്ള FRLD ബോർഡിന്റെ തീരുമാനത്തെ ‘ആഗോള മുടിറോ’ സ്വാഗതം ചെയ്തിട്ടുണ്ട്. അതോടൊപ്പം, ‘നാശനഷ്ടങ്ങൾക്ക് പ്രതിവിധി കണ്ടെത്തുന്നതിനുള്ള ഫണ്ട്’ (FRLD), ആഗോള പരിസ്ഥിതി സൗകര്യം (Global Environmental Facility, ഹരിത കാലാവസ്ഥാ ഫണ്ട് (Green Climate Fund) എന്നിവയുടെ വിജയകരമായ നികത്തൽ സമ്മേളനം പ്രോത്സാഹിപ്പിക്കുന്നു.
ഗ്ലോബൽ ഇംപ്ലിമെന്റേഷൻ ആക്സിലറേറ്റർ
അടിയന്തരസാഹചര്യം, വെല്ലുവിളികൾ, വിടവുകൾ, എന്നിവ കണക്കിലെടുത്ത്, നടപ്പാക്കൽ, ഐക്യദാർഢ്യം, അന്താരാഷ്ട്ര സഹകരണം എന്നിവ ത്വരിതപ്പെടുത്തി, താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസ് പരിധിയിൽ നിലനിർത്തുന്നതിനും, ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള നടപടികളും (NDCs) ദേശീയ പൊരുത്തപ്പെടൽ പദ്ധതികളും (NAPs) നടപ്പിലാക്കുന്നതിന് രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനും, അവയുടെ നടത്തിപ്പ് ത്വരിതപ്പെടുത്തുന്നതിനുള്ള സംരംഭമായി ‘ഗ്ലോബൽ ഇംപ്ലിമെന്റേഷൻ ആക്സിലറേറ്റർ’ ആരംഭിക്കാൻ തീരുമാനിച്ചു.
“ന്യായമായ പരിവർത്തനത്തിനുള്ള ” പുതിയ സംവിധാനം
COP 30 ഉച്ചകോടിയുടെ അനന്തരഫലങ്ങളിലൊന്ന് നീതിയുക്തമായ ഒരു പരിവർത്തന സംവിധാനത്തിന്റെ സൃഷ്ടിയായിരുന്നു. കാലാവസ്ഥാ പ്രവർത്തനങ്ങൾ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് (SDGs) അനുസൃതമായി, ‘ആരെയും പിന്നിലാക്കരുത്’, പ്രതേകിച്ച്, ഫോസിൽ ഇന്ധനങ്ങളെയോ കാർബൺ-ഇന്റൻസീവ് മേഖലകളെയോ ആശ്രയിച്ച് ഉപജീവനം നടത്തുന്ന സമൂഹങ്ങളും തൊഴിലാളികളും, എന്ന ആശയത്തെയാണ് ന്യായമായ പരിവർത്തനം (just transition) എന്ന് വിളിക്കുന്നത്. വികസ്വര രാജ്യങ്ങൾക്ക് അവരുടെ സമ്പദ്‌വ്യവസ്ഥയെ ശുദ്ധവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ രീതിയിൽ വളർത്തുന്നതിന് ആവശ്യമായ പിന്തുണ നൽകുക എന്നതും ഇതിനർത്ഥമാണ്. സഹായം ഏകോപിപ്പിക്കുന്നതിനും മികച്ച രീതികൾ പങ്കിടുന്നതിനും വിഭവങ്ങൾ സമാഹരിക്കുന്നതിനും പുരോഗതി ട്രാക്ക് ചെയ്യുന്നതിനുമുള്ള ഒരു വേദിയായി പുതിയ ബെലെം ആക്ഷൻ മെക്കാനിസം (Belem Action Mechanism, BAM) പ്രവർത്തിക്കും.
ഉഷ്ണമേഖലാ വനങ്ങൾക്കുള്ള ധനസഹായം
കോൺഫറൻസിൽ ബ്രസീൽ ഔദ്യോഗികമായി ‘ട്രോപ്പിക്കൽ ഫോറസ്റ്റ്സ് ഫോറെവർ ഫെസിലിറ്റി’ (TFFF) എന്ന പദ്ധതി അവതരിപ്പിച്ചു. ഉഷ്ണമേഖലാരാജ്യങ്ങളിലെ വനവിസ്തൃതി നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും ഫണ്ട് സ്വരൂപിക്കുകയാണ് TFFF ലക്ഷ്യമിടുന്നത്. പൊതു, സ്വകാര്യമേഖലകളിൽ നിന്ന് 125 ശതകോടി ഡോളർ മൂലധനം സമാഹരിക്കുകയാണ് ലക്ഷ്യം (പൊതുമേഖലയിൽ നിന്ന് 25 ശതകോടി ഡോളറും സ്വകാര്യനിക്ഷേപകരിൽ നിന്ന് 100 ശതകോടി ഡോളറും), ഇത് ആഗോള ബോണ്ട് വിപണിയിൽ നിക്ഷേപിക്കുകയും നിക്ഷേപകർക്കും വനസംരക്ഷണത്തിനും വരുമാനം സൃഷ്ടിക്കുകയും ചെയ്യും. ബ്രസീൽ ഗവൺമെന്റ് COP28-ൽ TFFF ആദ്യമായി അവതരിപ്പിക്കുകയും അതിനുശേഷം മറ്റ് രാജ്യങ്ങളിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും പിന്തുണ ഉറപ്പാക്കുകയുമാണ് ചെയ്തത്. COP30-ൽ ധനസഹായം വാഗ്ദാനം ചെയ്യാൻ മറ്റ് രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഫണ്ടിലേക്ക് ബ്രസീൽ 1 ശതകോടി ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിക്ഷേപഫണ്ടിൽ നിന്നുള്ള ലാഭം ഓരോ ഹെക്ടറിലുമുള്ള വനത്തിന് ഒരു നിശ്ചിത നിരക്കിൽ ഉഷ്ണമേഖലാ രാജ്യങ്ങൾക്ക് തിരികെ നൽകുന്നു; വനങ്ങളെ ഉപഗ്രഹ നിരീക്ഷണത്തിലൂടെ ട്രാക്ക് ചെയ്യുകയും പരിശോധിക്കുകയും ചെയ്യുന്നു. രൂപകൽപ്പന പ്രകാരം, ഈ ധനസഹായത്തിൽ കുറഞ്ഞത് 20 ശതമാനമെങ്കിലും തദ്ദേശീയ ജനങ്ങളിലേക്കും പ്രാദേശിക സമൂഹങ്ങളിലേക്കും നേരിട്ട് ഒഴുകും. ഇത് സഹായമല്ല, മറിച്ച് നിക്ഷേപകർക്ക് ആകർഷകമായ വരുമാനം സൃഷ്ടിക്കുന്നതിനൊപ്പം ഉഷ്ണമേഖലാ വനരാജ്യങ്ങൾക്ക് സ്ഥിരവും നിലനിൽക്കുന്നതുമായ വരുമാനം നൽകുന്ന ഒരു വിപണി അധിഷ്ഠിത തന്ത്രമാണ്. ഈ രീതിയിൽ, പരിസ്ഥിതിസംരക്ഷണ സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു അടിസ്ഥാന മാറ്റത്തെ TFFF പ്രതിനിധീകരിക്കുന്നു.
കോൺഫറൻസിന്റെ അവസാന ദിവസം (നവംബർ 21) COP 30 ന്റെ തീരുമാനങ്ങൾ അംഗീകരിച്ചുകൊണ്ട് ഒരു രേഖ ഇറക്കുകയുണ്ടായി. ഇതിന് നൽകിയിരിക്കുന്ന പേര് ബ്രസീലിൽ പ്രചാരത്തിലുള്ള ‘കൂട്ടായ ശ്രമങ്ങൾ’ എന്നർത്ഥം വരുന്ന ‘മുടിറോ’ (Mutirão) എന്ന പദം ഉൾപ്പെടുത്തിയാണ്, “ആഗോള മുടിറോ: കാലാവസ്ഥാ മാറ്റത്തിനെതിരായ ആഗോള മുന്നേറ്റത്തിൽ മനുഷ്യരാശിയെ ഒന്നിപ്പിക്കുക” (Global Mutirão: Uniting humanity in a global mobilization against climate change)
ഫോസിൽ ഇന്ധനങ്ങളും സമവായവും
ആഗോളതാപനത്തിൽ ഫോസിൽ ഇന്ധനങ്ങൾക്ക് പ്രധാന പങ്കുണ്ടെങ്കിലും, മിക്കവാറും COP തീരുമാനങ്ങളിൽ നിന്നും അവ ഒഴിവാക്കപ്പെടുകയാണ്. 2023ലെ COP28 ന്റെ തീരുമാനങ്ങളിൽ മാത്രമാണ് “ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ക്രമേണ മാറുക” (transition away from fossil fuels) എന്ന അവ്യക്തമായ ലക്ഷ്യം പരാമർശിച്ചത്. പ്രധാനമായും സൗദി അറേബ്യയുടെ സമ്മർദ്ദം കാരണം ഇത് COP29 യിൽ കടന്നുവന്നതേയില്ല. എന്നാൽ COP30 ൽ 80 ലധികം രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിനുള്ള തീരുമാനം ആവശ്യപ്പെട്ടു. പക്ഷേ, സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിൽ എണ്ണ ഉൽപ്പാദകരാജ്യങ്ങൾ COP30 യുടെ അന്തിമ പ്രസ്താവനയിൽ “ഫോസിൽ ഇന്ധനങ്ങൾ” എന്ന പദം പരാമർശിക്കുന്നതിനെ പോലും ശക്തമായി എതിർത്തു! ഫോസിൽ ഇന്ധനങ്ങൾ നിർത്തലാക്കാനുള്ള പ്രതിബദ്ധത ഏറ്റെടുക്കാതെ പാരീസ് ഉടമ്പടിയുടെ ലക്ഷ്യം കൈവരിക്കുക അസാധ്യമായിരിക്കും.
നിർബന്ധ റിപ്പോർട്ടുകൾക്ക് എന്താണ് സംഭവിക്കുന്നത്?
പാരിസ് ഉടമ്പടിയുടെ പുരോഗതി വിലയിരുത്തുന്നതിന് നിശ്ചിതമായ ചില റിപ്പോർട്ടുകൾ സമയപരിധിക്കുള്ളിൽ സമർപ്പിക്കേണ്ടതുണ്ട്. അവ കൃത്യമായി നല്കിയില്ലെങ്കിൽ ഉടമ്പടി ലക്ഷ്യങ്ങൾ എവിടെയെത്തി എന്നു പറയാനാകില്ല. 2025 ഫെബ്രുവരിക്ക് മുമ്പ് ‘പാർട്ടികൾ’ കൊടുക്കേണ്ടിയിരുന്ന പുതുക്കിയ NDC കളും (NDC 3.0) 2024 ഡിസംബറിന് മുമ്പ് കൊടുക്കേണ്ടിയിരുന്ന BTR ഉം എത്ര രാജ്യങ്ങൾ ഗൌരവത്തിൽ എടുത്തു, കൊടുത്തു എന്നു നോക്കിയാൽ തന്നെ പാരിസ് ഉടമ്പടി എങ്ങോട്ടാണ് പോകുന്നതെന്ന് പിടികിട്ടും! ഈ വർഷം നല്കേണ്ടിയിരുന്ന നാല് പ്രധാനപ്പെട്ട റിപ്പോർട്ടുകൾക്ക് എന്തു സംഭവിച്ചുവെന്ന് നോക്കാം.
1. ദേശീയമായി നിശ്ചയിച്ച നടപടികൾ (NDCs)
പാരിസ് ഉടമ്പടിയുടെ മർമ്മമാണ് നെറ്റ് സീറോയിലേക്ക് എത്തുന്നതിന് ഓരോ രാജ്യവും അംഗീകരിച്ച് മുമ്പോട്ടുവെക്കുന്ന ‘ദേശീയമായി നിശ്ചയിച്ച നടപടികൾ’ (Nationally Determined Contributions, NDCs). ഉടമ്പടിയുടെ ആർട്ടിക്കിൾ 3 പ്രകാരം NDC എന്നറിയപ്പെടുന്ന ആക്ഷൻ പ്ലാനുകൾ ഓരോ രാജ്യവും അഞ്ചു വർഷം കൂടുമ്പോൾ പുതുക്കി നല്കേണ്ട ഒന്നാണ്. ഓരോ രാജ്യത്തിനും അഞ്ചു വർഷംകൊണ്ട് കൈവരിക്കാൻ ഉദ്ദേശിക്കുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട ഹൃസ്വകാലനടപടികൾ (അഞ്ചു വർഷത്തേക്ക്) മുൻകൂട്ടി ദേശീയമായി നിർണ്ണയിച്ച് തയ്യാറാക്കാനും, നടപ്പിലാക്കാനും ചുമതലയുണ്ട്. ഇങ്ങിനെ നിർണ്ണയിക്കപ്പെട്ട നടപടികൾ ഹരിതഗൃഹവാതക ഉൽസർജനം കുറയ്ക്കുന്നതിനും കാലാവസ്ഥാ ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനുമുള്ള ഒരു പ്രവർത്തനപദ്ധതിയാണ്. NDCകൾ തയ്യാറാക്കുന്നതും നടപ്പിൽവരുത്തുന്നതും വ്യത്യസ്‌ത ‘ദേശീയ സാഹചര്യങ്ങളുടെ’ വെളിച്ചത്തിൽ ‘പൊതുവായ, എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് ശേഷികളും’(CBDR-RCNC) പ്രതിഫലിപ്പിച്ചുകൊണ്ടാവണം.
നിലവിലുള്ള NDC 2.0, 2030 ലക്ഷ്യം വെച്ചുള്ളതാണ്. 2035 ഓടെ കാലാവസ്ഥാ ലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തി ഓരോ രാജ്യത്തിനും എന്തു ചെയ്യാൻ കഴിയും എന്നാണ് NDC യുടെ മൂന്നാമാത്തെ പതിപ്പിൽ പറയുക. മുൻ പതിപ്പിനെ അപേക്ഷിച്ച് കൂടുതൽ ഉയർന്ന പ്രതിബദ്ധതകൾ പ്രതിഫലിപ്പിച്ചുകൊണ്ടാവണം NDC പുതുക്കേണ്ടത്. യഥാർത്ഥത്തിൽ 2025 ഫെബ്രുവരിയിൽതന്നെ എല്ലാ രാജ്യങ്ങളും NDC 3.0 നല്കേണ്ടതായിരുന്നു. അത് പീന്നീട് സെപ്റ്റംബർ ആയി നീട്ടിക്കൊടുത്തു. പാരിസ് ഉടമ്പടിയുടെ 195 പാർട്ടികളിൽ 122 പേർ മാത്രമാണ് ഇതേവരെ NDC കൾ കൊടുത്തത്. ഇതേവരെ NDC കൾ കൊടുത്ത രാജ്യങ്ങളെ അഭിനന്ദിക്കുകയും ബാക്കിയുള്ളവരോട് ഉടനെ കൊടുക്കണം എന്നൊരു അഭ്യർഥനയും മാത്രമാണ് ‘ആഗോള മുടിറോ’ യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പാരീസ് ഉടമ്പടിയിലെ കക്ഷികളായ രാജ്യങ്ങൾക്ക് NDC പ്രക്രിയ നിർബന്ധമാണെങ്കിലും, ഒരു കക്ഷി അവരുടെ NDC പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ പിഴ ചുമത്താനുള്ള വകുപ്പൊന്നുമില്ല! രാജ്യങ്ങൾക്ക് അവരുടെ NDC-കൾ നിർണ്ണയിക്കാൻ പൂർണ്ണ വിവേചനാധികാരമുണ്ട്. ഉദാഹരണത്തിന്, 2035-ൽ 2005 ലെ നിലവാരത്തേക്കാൾ മൊത്തം ഹരിതഗൃഹവാതക ഉദ്‌വമനം 61-66 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യം യുഎസ് NDC യുടെ ഭാഗമായി നല്കിയിരുന്നു. അവർ പാരിസ് കരാറിൽ നിന്നു തന്നെ പിന്മാറാൻ തീരുമാനിച്ച സ്ഥിതിക്ക് ഈ വാഗ്ദാനത്തിന് അർത്ഥമില്ലാതായി. യുഎസിന്റെ ഉഴപ്പൻ നയമായിരിക്കാം മറ്റു രാജ്യങ്ങൾ NDC-കൾ വൈകിക്കുന്നതിന് കാരണമെന്ന് തോന്നുന്നു. ഇന്ത്യ NDC 3.0 ഇതുവരെ കൊടുത്തിട്ടില്ല.
ഇതുവരെ കൊടുത്ത NDC പ്രതിബദ്ധതകൾ ഉൽസർജനം കുറയ്ക്കുന്നതിലും നടപടികൾ സമാഹരിക്കുന്നതിലും ചെറിയ പുരോഗതി മാത്രമേ കാണിക്കുന്നുളളു; 2035 ആകുമ്പോഴേക്കും ആഗോള താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താൻ ആവശ്യമായ ഉൽസരജനം കുറയ്ക്കുന്നതിന്റെ 15 ശതമാനത്തിൽ താഴെ മാത്രമേ അവ മൊത്തത്തിൽ നൽകുന്നുള്ളൂ. ഇങ്ങിനെ പോയാൽ ലോകം 2.3-2.8 ഡിഗ്രി സെൽഷ്യസ് താപനത്തിന് വഴിയൊരുക്കുമെന്നാണ് NDC വിശകലനം നല്കുന്ന സൂചന.
2. ദീർഘകാല ഹരിതഗൃഹവാതക ലഘൂകരണ തന്ത്രങ്ങൾ
പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 4(19) പ്രകാരം എല്ലാ പാർട്ടികൾക്കും അവരുടെ ‘പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് കഴിവുകളും’ കണക്കിലെടുത്ത്, ഉടമ്പടിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഉൽസർജനം കുറക്കുന്നതിന് ‘ദീർഘകാല ഹരിതഗൃഹവാതക ലഘൂകരണ തന്ത്രങ്ങൾ’ (long-term low greenhouse gas emission development strategies , LT-LEDS) രൂപീകരിക്കുകയും സമർപ്പിക്കുകയും വേണം. ഓരോ രാജ്യത്തിന്റെയും ദേശീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത്, ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെയോ അതിനടുത്തോ അസ്സൽ ഉൽസർജനത്തിലേക്ക് (net zero) ന്യായമായ പരിവർത്തനം വിഭാവനം ചെയ്യണം. ഇതേവരെ 80 കക്ഷികൾ മാത്രമാണ് LT-LEDS തയ്യാറാക്കി അറിയിച്ചിട്ടുള്ളത്. ഇന്ത്യ 2022 ൽ LT-LEDS സമർപ്പിച്ചിട്ടുണ്ട്,

3. ദേശീയ പൊരുത്തപ്പെടൽ പദ്ധതികൾ
ദേശീയ പൊരുത്തപ്പെടൽ പദ്ധതികൾ (National Adaptation Plans (NAP), നയങ്ങൾ, ആസൂത്രണ പ്രക്രിയകൾ എന്നിവ ഉൾപ്പെടെ, ഇതേവരെ 71 കക്ഷികൾ മാത്രമേ സമർപ്പിച്ചിട്ടുള്ളൂ. ദേശീയ പൊരുത്തപ്പെടൽ പദ്ധതി സമർപ്പിച്ചിട്ടില്ലാത്ത കക്ഷികളോട് 2025 അവസാനത്തോടെ അങ്ങനെ ചെയ്യാൻ ആവശ്യപ്പെടുകയും 2030ഓടെ അവ നടപ്പിലാക്കുന്നതിൽ താത്പര്യമെടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയും NAP കൊടുത്തിട്ടില്ല.
4. ദ്വിവത്സര സുതാര്യതാ റിപ്പോർട്ട്
പല രാജ്യങ്ങളും മുടക്കം വരുത്തിയ മറ്റൊരു റിപ്പോർട്ട് പഴയ ദ്വിവത്സര അപ്‌ഡേറ്റ് റിപ്പോർട്ടിന് (Biennial Update Report, BUR) പകരമുള്ള പുതിയ ഫോർമാറ്റിലുള്ള ദ്വിവത്സര സുതാര്യതാ റിപ്പോർട്ട് (Biennial Transparency Report, BTR) ആണ്. NDC കൾ നടപ്പാക്കുന്നതിലെ പുരോഗതി നിരീക്ഷിക്കുന്നതിന് രണ്ടുവർഷം കൂടുമ്പോൾ നല്കേണ്ട BTR നിർണായകമാണ്. ഇവ പാരീസ് കരാർ നടപ്പിലാക്കുന്നതിൽ കക്ഷികൾ സ്വീകരിച്ച നടപടികളും കൈവരിച്ച പുരോഗതിയും അവശേഷിക്കുന്ന വിടവുകളും പ്രകടമാക്കുന്നു. 2024 ഡിസംബറിൽ നല്കേണ്ടിയിയിരുന്ന ആദ്യ BTR ഇതുവരെ 119 കക്ഷികൾ മാത്രമേ സമർപ്പിച്ചിട്ടുളളു. ഇന്ത്യ 2024 ഡിസംബറിൽ പഴയ ഫോർമാറ്റിൽ BUR 4 കൊടുത്ത് രക്ഷപ്പെട്ട് നിൽക്കുകയാണ്! പക്ഷേ, BTR 1 കൊടുത്തിട്ടില്ല. ഇതുപോര, പുതിയ ക്രമം പാലിച്ച്കൊണ്ട് BTR തന്നെ കൊടുക്കണം.
ഇന്ത്യ എന്തുകൊണ്ട് റിപ്പോർട്ടുകൾ വൈക്കിക്കുന്നു?
ഇന്ത്യ 2035-ലേക്കുള്ള പുതുക്കിയ NDC 3.0 സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തിയത് നിരീക്ഷകരെ അമ്പരപ്പിക്കുന്നുണ്ട് (സമയപരിധികൾ പാലിക്കാത്ത 76 രാജ്യങ്ങൾ കൂടിയുണ്ട്). വികസിതരാജ്യങ്ങളിൽ നിന്ന് സുതാര്യവും വിശ്വസനീയവുമായ കാലാവസ്ഥാ ധനസഹായം ഇല്ലാതെയുള്ള പുതിയ NDC പ്രതിബദ്ധതകൾ പൊള്ളയായിരിക്കുമെന്ന് COP30-ൽ ഇന്ത്യ ഊന്നിപ്പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുക്കാതെ 2035 ലേക്ക് NDC പുതുക്കി നല്കുന്നതിൽ കാര്യമില്ല എന്നാണ് ഇന്ത്യയുടെ നിലപാട്. പ്രത്യേകിച്ച് ധനകാര്യ, സാങ്കേതിക കൈമാറ്റത്തിന് സമ്പന്ന രാജ്യങ്ങൾ അവരുടെ ബാധ്യതകൾ നിറവേറ്റുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ. കാലേകൂട്ടി 2024 ഡിസംബറിൽ തന്നെ ജോ ബൈഡന്റെ കീഴിൽ യു.എസ് NDC 3.0 സമർപ്പിച്ചുവെങ്കിലും ഡൊണാൾഡ് ട്രംപ് പാരീസ് കരാറിൽ നിന്ന് പിന്മാറിയതുകൊണ്ട് ഫലത്തിൽ ഗുണമില്ലാതെയായി എന്നതും ഓർമ്മിക്കണം.
ഇന്ത്യ ഇതിന് മുമ്പ് പുതുക്കി നല്കിയ NDC 2.0 യിൽ 8 ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിൽ അളക്കാവുന്ന ലക്ഷ്യങ്ങൾ മൂന്നെണ്ണമായിരുന്നു. ലക്ഷ്യം 3 പ്രകാരം ഹരിതഗൃഹ ഉൽസർജന തീവ്രത 2005ലെ നിലവാരത്തിൽ നിന്ന് 2030 ഓടെ GDP യുടെ 45 ശതമാനം വരെ കുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഇതിനകം 36 ശതമാനം കുറച്ച് കഴിഞ്ഞു. മറ്റൊരു ലക്ഷ്യം (ലക്ഷ്യം 4). ഫോസിൽ ഇതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള സഞ്ചിത ഇലക്ട്രിക് പവർ സ്ഥാപിത ശേഷിയുടെ ലക്ഷ്യം 2030-ഓടെ 50 ശതമാനം ആയി ഉയർത്തുമെന്നതായിരുന്നു. ഇക്കാര്യത്തിൽ വൻ നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. സൗരോർജ്ജം, കാറ്റ്, ജലവൈദ്യുതി, ബയോഗ്യാസ്, ആണവോർജ്ജം എന്നീ സ്രോതസ്സുകൾ 2025 ജൂണിൽ ഇന്ത്യയുടെ മൊത്തം സ്ഥാപിത വൈദ്യുതി ശേഷിയുടെ (484.8 GW), 50 ശതമാനത്തിൽ കൂടുതൽ നേടിയതായി പ്രഖ്യാപിച്ചിട്ടുണ്ട് (242.8 GW).
ഇന്ത്യയുടെ മറ്റൊരു NDC ലക്ഷ്യം അധിക വനാവരണത്തിലൂടെയും പുതുതായി മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിലൂടെയും 2030-ഓടെ 2.5 മുതൽ 3 ശതകോടി ടൺ വരെ അധിക കാർബൺ സിങ്ക് സൃഷ്ടിക്കും എന്നായിരുന്നു (ലക്ഷ്യം 5). ഇന്ത്യ ഇതിനകം 2.29 ശതകോടി ടൺ സൃഷ്ടിച്ചു എന്ന് ഡേറ്റ സഹിതം അവകാശപ്പെട്ടിട്ടുണ്ട്. കൃത്യമായി അളന്നു കാണിക്കാനാകില്ലങ്കിലും ലക്ഷ്യം 1 നും പ്രാധാന്യമുണ്ട്. പാരമ്പര്യങ്ങളെയും, സംരക്ഷണം, മിതത്വം എന്നീ മൂല്യങ്ങളെയും അടിസ്ഥാനമാക്കി ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ജീവിതരീതി, ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’ (Lifestyle for Environment, LIFE) എന്ന ബഹുജനപ്രസ്ഥാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ, കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിനുള്ള താക്കോലായി മുന്നോട്ട് വയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമെന്നതായിരുന്നു അത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യ ‘ഗ്രീൻ ക്രെഡിറ്റ്’ എന്ന പദ്ധതി കൊണ്ടുവന്നത്.
എന്തായാലും, 2025 ഡിസംബറിൽ പുതുക്കിയ NDCകളും, ദ്വിവത്സര സുതാര്യതാ റിപ്പോർട്ടും (Biennial Transparency Report, BTR) നല്കുമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യ 2028 ൽ നടക്കേണ്ട COP33 ന് ആതിഥ്യമരുളാൻ ശ്രമിക്കുന്നത് കൊണ്ട് വാക്ക് പാലിച്ച്, മാതൃകയാകും എന്നാണ് കരുതപ്പെടുന്നത്. ഇതിന് വേറൊരു വശം കൂടിയുണ്ട്; ഇത്തരം റിപ്പോർട്ടുകൾ, ദേശീയ പൊരുത്തപ്പെടൽ പദ്ധതികൾ (NAPs) ഉൾപ്പെടെ, സമയബന്ധിതമായി നൽകിയില്ലെങ്കിൽ ആഗോള സാമ്പത്തിക സഹായം ലഭിക്കുന്നതിന് തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്.
കാലാവസ്ഥാ ധനസഹായത്തിന്റെ രാഷ്ട്രീയം
കാലാവസ്ഥാ ധനസഹായം യഥാർത്ഥത്തിൽ അർഹതയുള്ള രാജ്യങ്ങൾക്ക് കിട്ടുന്നുണ്ടോ? താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര ധനപ്രവാഹങ്ങളിൽ ഭൂരിഭാഗവും വായ്പകളായാണ് വിതരണം ചെയ്യുന്നത്. പലപ്പോഴും വിപണിയെക്കാൾ ഉയർന്ന വിലയുള്ളതോ സ്വീകർത്താക്കളുടെ ധനവിനിയോഗം പരിമിതപ്പെടുത്തുന്ന വ്യവസ്ഥകളോടെയോ ആണ് ഇവ വിതരണം ചെയ്യുന്നത്.
മറ്റൊരു നിർണായക ആശങ്ക ധനസഹായം ഏതൊക്കെ പദ്ധതികളിലേക്ക് പോകുന്നു എന്നതാണ്. നിക്ഷേപം പൊതുവേ ലഘൂകരണ പദ്ധതികളിലേക്കാണ്(mitigation projects), പ്രത്യേകിച്ച് വലിയ തോതിലുള്ള പുനരുപയോഗ ഊർജ്ജ നിലയങ്ങൾ, ഗതാഗത വൈദ്യുതീകരണം (ഉദാ. ഇലക്ട്രിക് വാഹനങ്ങൾ) എന്നിവ. ഇതിനു വിപരീതമായി, പൊരുത്തപ്പെടൽ പദ്ധതികൾക്കും (adaptation projects), നാശവും നഷ്ടവും (loss and damage) അഭിമുഖീകരിക്കുന്നതിനും അന്താരാഷ്ട്ര ധനസഹായത്തിന്റെ വളരെ ചെറിയ ഒരു പങ്ക് മാത്രമേ ലഭിക്കുന്നുള്ളു. പൊരുത്തപ്പെടൽ പദ്ധതികളിൽ പലപ്പോഴും ധനപരമായ ലാഭം കുറവായിരിക്കും, ചിലപ്പോൾ ലാഭമേ ഉണ്ടാവില്ല! പ്രതിരോധശേഷിയുള്ള ഭവന നിർമ്മാണം, ശുചിത്വവും ജല സംവിധാനങ്ങളും, ആവാസവ്യവസ്ഥാ പുനഃസ്ഥാപനം, ചെറുകിട കർഷകർക്കുള്ള പിന്തുണയും സംരക്ഷണവും, തീരദേശ പ്രതിരോധം, തീവ്രമായ കാലാവസ്ഥാ സംഭവങ്ങളെ നേരിടാൻ ആളുകളെ സഹായിക്കുന്ന കമ്മ്യൂണിറ്റി തലത്തിലുള്ള നടപടികൾ, എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. ഈ ഇടപെടലുകൾ പലപ്പോഴും പ്രവചനാതീതമായിരിക്കും, അതുപോലെ തന്നെ, വ്യാപാരം ചെയ്യാവുന്ന പണമൊഴുക്ക് സൃഷ്ടിക്കാനുള്ള സാധ്യത കുറവുമായിരിക്കും. ചുരുക്കത്തിൽ, പ്രവചനാതീതമായ വരുമാനം വാഗ്ദാനം ചെയ്യുന്നതും കടം വഴി ധനസഹായം നൽകുന്നതുമായ പദ്ധതികൾക്ക് നിക്ഷേപപ്രവാഹങ്ങൾ തുടർന്നും അനുകൂലമായി തുടരുന്നു. ഈ പ്രവണത മൂന്നാംലോക രാജ്യങ്ങൾ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്.
കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതിൽ ലോകസമൂഹം ഇപ്പോഴും വാഗ്ദാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും ഘട്ടം വിട്ട് നിർണായകമായ നടപ്പിലാക്കലിലേക്കു കടന്നിട്ടില്ല. ഇക്കഴിഞ്ഞ COP30 ആഗോള കാലാവസ്ഥാചർച്ചകളിലെ വലിയ വിരോധാഭാസം തുറന്നുകാട്ടുന്നു. യഥാർത്ഥത്തിൽ, ഉൽസർജനം കുറയ്ക്കൽ, ഫോസിൽ ഇന്ധനങ്ങളെ ഉപേക്ഷിക്കൽ, കാലാവസ്ഥാ ധനസഹായം ഉറപ്പാക്കൽ, നാശ-നഷ്ടങ്ങൾക്ക് നീതിയുക്തമായ പരിഹാരം കണ്ടെത്തൽ എന്നിവയിൽ വ്യക്തമായ പുരോഗതി ഇല്ലാതെ പാരീസ് കരാറിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനാവില്ല. ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾ ചില മേഖലകളിൽ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും, സുതാര്യവും പ്രവചനയോഗ്യവുമായ അന്താരാഷ്ട്ര ധനസഹായത്തിന്റെ അഭാവം അവരുടെ പ്രതിബദ്ധതകളെ പരിമിതപ്പെടുത്തുന്നു. പാരിസ് കരാറിന്റെ വിജയം രേഖകളിലും തീരുമാനങ്ങളിലുമല്ല, മറിച്ച് രാജ്യങ്ങൾ ഈ തീരുമാനങ്ങളെ പ്രവർത്തനക്ഷമമായ നയങ്ങളായി മാറ്റുന്ന വേഗത്തിലും ഉത്തരവാദിത്തത്തിലും ആണ്. കൂട്ടായ ആഗോള പ്രവർത്തനങ്ങളിലൂടെ മാത്രമെ പാരീസ് ലക്ഷ്യങ്ങളെ യാഥാർഥ്യമാക്കാനും ഭാവിതലമുറകൾക്ക് സുരക്ഷിതമായ ഭൂമി ഉറപ്പുവരുത്താനും കഴിയുകയുള്ളൂ.
(ശാസ്ത്ര പോർട്ടലായ ലൂക്കയിൽ പ്രസിദ്ധീകരിച്ചത്)










0 comments