Deshabhimani

എൽ-നിനോയ്ക്ക് പകരം ലാ-നിന വരും, അടുത്ത വർഷം മൺസൂൺ കനക്കുമെന്ന് എഐ പ്രവചനം

 El Niño vs La Niña
വെബ് ഡെസ്ക്

Published on Nov 21, 2026, 02:19 PM | 2 min read

ഹൈദരബാദ്:മൺസൂൺ അട്ടിമറിച്ച എൽ നിനോ പ്രതിഭാസം 2027 മാര്‍ച്ച് വരെ തുടരും. എന്നാൽ തൊട്ടു പിന്നാലെ ഇതിന് വിപരീതമായ ലാ നിന പ്രതിഭാസത്തിന് സാധ്യത വർധിച്ചതായി പഠനം. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) ആണ് പ്രതീക്ഷ പകരുന്ന കണ്ടെത്തൽ അവതരിപ്പിക്കുന്നത്.


ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന എൽ നിനോ (El Niño) പ്രതിഭാസം 2027 മാർച്ച് വരെ തുടരുകയും തുടർന്ന് ഏപ്രിൽ-ജൂൺ മാസങ്ങളിൽ സമുദ്രതാപനില സാധാരണ നിലയിലേക്ക് (ENSO-neutral) താഴുകയും ചെയ്യും. ഇത് 2027-ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവിൽ തണുത്ത പ്രതിഭാസമായ 'ലാ നിന' (La Niña) രൂപപ്പെടാൻ സാധ്യതയേറ്റും എന്നാണ് കണ്ടെത്തിൽ. ഇതോടൊപ്പം ഇന്ത്യൻ മഹാസമുദ്രത്തിൽ വ്യാപകമായ സമുദ്ര ഉഷ്ണതരംഗങ്ങൾ (Marine Heatwaves) അനുഭവപ്പെടുന്നതായുള്ള ആശങ്കയും ഗേവേഷകര്‍ പങ്കുവെക്കുന്നു.


ഭൗമശാസ്ത്ര മന്ത്രാലയത്തിന് (MoES) കീഴിൽ പ്രവർത്തിക്കുന്ന ഇൻകോയിസ് വികസിപ്പിച്ചെടുത്ത നിർമ്മിത ബുദ്ധി അധിഷ്ഠിത കാലാവസ്ഥാ മോഡൽ ഉപയോഗിച്ചാണ് പുതിയ പ്രവചനം നടത്തിയിരിക്കുന്നത്. എൽ നിനോ, ലാ നിന സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുള്ള പ്രധാന അളവുകോലായ 'നിനോ 3.4 സൂചിക' (Niño 3.4 index) വിശകലനം ചെയ്തതിൽ നിന്നും 2026 നവംബർ മുതൽ 2027 മാർച്ച് വരെ എൽ നിനോ തുടരാൻ 87 മുതൽ 100 ശതമാനം വരെ സാധ്യതയുണ്ടെന്ന് കണ്ടെത്തി. എൽ നിനോ പ്രതിഭാസത്തിന്റെ ഫലമായി ബംഗാൾ ഉൾക്കടലിൽ തിരമാലകളുടെ ഉയരം (Significant Wave Heights) വർധിക്കാനും അറബിക്കടലിൽ കുറയാനും സാധ്യതയുണ്ട്.


കടലിന് ചൂട് ഏറുന്നു

ചെറുതല്ല ആശങ്ക


2026 ഒക്ടോബറിൽ മധ്യ-കിഴക്കൻ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില 3 ഡിഗ്രി സെൽഷ്യസിലധികം ഉയർന്നു. സമുദ്രത്തിന്റെ അടിത്തട്ടിലെ താപനില പലയിടങ്ങളിലും 4 ഡിഗ്രി സെൽഷ്യസിന് മുകളിലാണെന്നത് എൽ നിനോ ഇപ്പോഴും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്. 2027 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സമുദ്രം സാധാരണ നിലയിലേക്കെത്തും. ജൂൺ-ഓഗസ്റ്റ് മാസങ്ങളോടെ ലാ നിന രൂപപ്പെടാനുള്ള സാധ്യത വർധിക്കും. എൽ നിനോ ഇന്ത്യൻ മൺസൂണിനെ ദുർബലപ്പെടുത്തുമ്പോൾ, ലാ നിന സാധാരണയായി രാജ്യത്ത് മികച്ച മഴ ലഭിക്കാൻ അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്.

ninoഎൽ നിനോ, ലാ നിനോ - ഫയൽ ചിത്രം


എന്താണ് എൽ നിനോയും ലാ നിനയും


പസഫിക് സമുദ്രത്തിലെ താപനിലയിലും കാറ്റിന്റെ ഗതിയിലുമുണ്ടാകുന്ന മാറ്റങ്ങളെയാണ് 'എൻസോ' (ENSO - El Niño-Southern Oscillation) എന്ന് വിളിക്കുന്നത്. കിഴക്കൻ പസഫിക് സമുദ്രത്തിലെ ജലം അസാധാരണമായി ചൂടുപിടിക്കുന്ന അവസ്ഥയാണ് എൽ നിനോ. ഇത് ഇന്ത്യയിൽ മഴ കുറയാൻ കാരണമാകുന്നു.


ഇതിന് നേർവിപരീതമായി, പസഫിക് സമുദ്രത്തിലെ ജലം തണുക്കുകയും ശക്തമായ കാറ്റ് ഇന്ത്യൻ മൺസൂണിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് ലാ നിന.


2026-ലെ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം 2027-ലെ ലാ നിന പ്രവചനം കാർഷിക മേഖലയ്ക്കും ജലസംഭരണികൾ നിറയുന്നതിനും വലിയ പ്രതീക്ഷ നൽകുന്നുണ്ട്. 'ഇന്ത്യൻ ഓഷ്യൻ ഡൈപോൾ' പോലുള്ള പ്രാദേശിക ഘടകങ്ങളെക്കൂടി ആശ്രയിച്ചായിരിക്കും മൺസൂണിന്റെ അന്തിമ ഗതിയെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home