Deshabhimani

കേന്ദ്രത്തിലെ മെറ്റ ശരിയല്ല; രാഹുലിന്റെ പോസ്റ്റുകൾ നീക്കരുതെന്ന് മെറ്റയോട് കോൺ​ഗ്രസ്

VD MODI
വെബ് ഡെസ്ക്

Published on Nov 21, 2026, 02:26 PM | 2 min read

തിരുവനന്തപുരം: സ്വന്തം പാർടി നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് നിയന്ത്രണം വന്നപ്പോൾ കോൺഗ്രസിന് പൊള്ളി. പ്രതിഷേധവുമായി തെരുവിലിറങ്ങി. മെറ്റയ്ക്ക് ഏഴുദിവസത്തെ അന്ത്യശാസനവും നൽകി. എന്നാൽ ആവിഷ്കാരസ്വാതന്ത്ര്യത്തിനായി ദേശീയതലത്തിൽ പ്രക്ഷോഭം നയിക്കുന്ന കോൺഗ്രസ്, കേരളത്തിൽ അതേ കത്രികവെക്കലിന്റെ നടത്തിപ്പുകാരായി മാറുകയാണ്. അധികാരത്തിലെത്തി വെറും ആറുമാസത്തിനിടെ സതീശൻ സർക്കാരിന്റെ നടപടികളെത്തുടർന്ന് നീക്കിയത് 15,627 ഉള്ളടക്കങ്ങളാണ്. പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താൻ മോദി സർക്കാർ മെറ്റയെ ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന കോൺഗ്രസാണ് കേരളത്തിൽ അതേ സംവിധാനത്തിലൂടെ സമൂഹമാധ്യമ ഉള്ളടക്കങ്ങൾ നീക്കാൻ നടപടി സ്വീകരിച്ചത്.


യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ്, ദേശീയ ചുമതലക്കാരൻ മനീഷ് ശർമ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതും പോസ്റ്റുകൾ നീക്കിയതുമാണ് പുതിയ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയത്. ബിജെപിയുടെ നിർദേശപ്രകാരമാണ് ഈ നടപടിയെന്ന് ആരോപിച്ച് നവംബർ 20ന് ഹൈദരാബാദിലെ മെറ്റ ഓഫീസ് വളപ്പിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചുകയറി. തെലങ്കാന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജക്കിഡി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ ഇരുപതിലേറെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെയും ഗുരുഗ്രാമിലെയും മെറ്റ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധം അരങ്ങേറി.


മെറ്റയെ ബിജെപിയുടെ 'മകൻ' എന്ന് വിശേഷിപ്പിച്ചാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ഇന്ത്യ മോദിയുടെ സ്വകാര്യസ്വത്തല്ലെന്നും സമൂഹമാധ്യമങ്ങൾ ബിജെപിയുടെ നിർദേശമനുസരിച്ചല്ല, ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും സംഘടന പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കും നേരത്തേ നിയന്ത്രണമുണ്ടായിട്ടുണ്ട്. ആ​ഗസ്തിൽ യൂത്ത് കോൺഗ്രസിന്റെയും ആം ആദ്മി പാർടിയുടെയും പോസ്റ്റുകൾ തുടർച്ചയായി നീക്കിയതിനെക്കുറിച്ച് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെട്ട ഒരു റീലും നേരത്തേ മെറ്റ തടഞ്ഞിരുന്നു.


എന്നാൽ അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഈ ആവേശം കോൺഗ്രസ് ഭരിക്കുന്ന കേരളത്തിന്റെ അതിർത്തിയിലെത്തുമ്പോൾ അപ്രത്യക്ഷമാകുന്നു. മുഖ്യമന്ത്രി വി ഡി സതീശനെയും യുഡിഎഫ് സർക്കാരിനെയും കുറിച്ചുള്ള ഉള്ളടക്കങ്ങൾ അപ്രത്യക്ഷമാകുന്ന സംഭവങ്ങൾ അധികാരത്തിലെത്തിയത് മുതൽ തുടരുകയാണ്. സർക്കാരിനെ വിമർശിക്കുന്ന വാർത്തയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ ചിത്രം നൽകിയാൽപോലും അത് നീക്കം ചെയ്യപ്പെടുന്ന സ്ഥിതിയിലേക്ക് എത്തി. സതീശന്റെ ചിത്രം ഉൾപ്പെട്ട 26 വാർത്താ കാർഡുകൾ ഇൻസ്റ്റഗ്രാമിൽനിന്ന് നീക്കിയതായി റിപ്പോർട്ടർ ടിവി വെളിപ്പെടുത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കി നിഴൽരൂപം ഉപയോഗിച്ച് വാർത്താ കാർഡുകൾ തയ്യാറാക്കേണ്ടിവന്നു. ദേശാഭിമാനിയുടെയും നോ ക്യാപ് അടക്കമുള്ള മാധ്യമങ്ങളുടെയും ഉള്ളടക്കങ്ങൾക്കും നിയന്ത്രണമുണ്ടായി.


വിമർശിക്കുന്ന വാർത്താ കാർഡുകൾ മാത്രമായിരുന്നില്ല നീക്കിയത്. മുഖ്യമന്ത്രിയെ ഉദ്ധരിച്ച് കൊടുക്കുന്ന ഉള്ളടക്കങ്ങളുൾപ്പെടെ നീക്കുന്ന സ്ഥിതിയുണ്ടായി.


പോസ്റ്റുകൾ നീക്കുന്നതിൽ സർക്കാരിനോ പൊലീസിനോ പങ്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മുൻ നിലപാട്. മെറ്റ തന്റെ നിർദേശത്തിനായി കാത്തിരിക്കുകയാണോ എന്നായിരുന്നു മാധ്യമപ്രവർത്തകരോട് സതീശന്റെ പരിഹാസം.


വിമർശനങ്ങളെ ഭയക്കുന്ന നരേന്ദ്ര മോദിയുടെ കേരള പതിപ്പാണ് വി ഡി സതീശൻ. ചോദ്യങ്ങളെയും വിമർശനങ്ങളെയും അസഹിഷ്ണുതയോടെ നേരിടുന്ന മോദിയുടെയും സതീശന്റെയും സമീപനങ്ങളിൽ പ്രകടമായ സാമ്യമുണ്ട്. കേന്ദ്രത്തിൽ മോദിക്കെതിരെയും കേരളത്തിൽ സതീശനെതിരെയും ഉയരുന്ന ശബ്ദങ്ങൾ അപ്രത്യക്ഷമാവുന്നത് യാദൃശ്ചികമല്ല. അവിടെ മോദിയുടെ നടപടികൾ ജനാധിപത്യവിരുദ്ധമാണെന്ന് ആക്ഷേപിക്കുന്ന കോൺഗ്രസ്, കേരളത്തിൽ സ്വന്തം മുഖ്യമന്ത്രി അതേ മാതൃക പിന്തുടരുന്നതിനെക്കുറിച്ച് മൗനത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home